
പറങ്കിക്കിളികള്

യാസര്‍ അറഫാത്ത്
ഒന്‍പത്
‘അല്ലെങ്കിലും എത്ര നാടുകളുണ്ട്…നമ്മുടെ ഈ കൊച്ചു ഗ്രാമത്തെയല്ലേ തെരഞ്ഞെടുത്തിരിക്കുന്നത്…’ നേതാവ് പ്രസംഗിക്കുകയായിരുന്നു. ആവേശം മൂത്ത് അണികള്‍ കൈയ്യടിച്ചു. ‘നഗരത്തിലെ മാലിന്യം തള്ളാന്‍ നമ്മള് ഒരിടം ഒരുക്കിക്കൊടുക്കുന്നു. പ്രതിഫലമായി നമുക്കവിടെ ജോലി ലഭിക്കുന്നു. പണം ലഭിക്കുന്നു. ‘
ചെമ്മിനിയില് അക്കാലത്ത് ഒരൊറ്റ നേതാവേ ഉണ്ടായിരുന്നുള്ളൂ. ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയും. അവര്‍ പറയുന്നതാണ് നാടിന്റെ രാഷ്ട്രീയം. നേതാവിന്റെ ഒച്ചയാണ് നാടിന്റെ വേദപുസ്തകം. നേതാവ് പറഞ്ഞതില്‍ കാര്യമുണ്ട്. ആര്‍ക്കും വേണ്ടാതെ കിടക്കുന്ന കുന്നിന് ചെരിവില്‍ നഗരത്തിലെ മാലിന്യങ്ങള്‍ കൊണ്ടു വന്നു തള്ളൂന്നു. സംസ്കരിക്കുന്നു. അതില്‍ ആര്‍ക്ക് ദോഷം?
ചെമ്മിനിയിലേക്കുള്ള നിരത്തിലൂടെ മാലിന്യ വണ്ടികള്‍ ഒഴുകിയെത്തി. ചെമ്മിനിക്കുന്നിന്റെ താഴ്വരയില് നഗരത്തില്‍ നിന്നു കൊണ്ടു വന്ന ദുര്‍ഗന്ധങ്ങള്‍ പുളഞ്ഞു. ആദ്യമെല്ലാം ആ ഗന്ധത്തെ നാട്ടുകാര്‍ അവഗണിച്ചു. നേതാവിന്റെ വാചകം മാത്രമായിരുന്നു നാട്ടുമനസ്സിനുള്ളില് നിറഞ്ഞു കത്തിയത്. .
‘ഇത് നമ്മുടെ അഭിമാനമാണ്…നമ്മുടെ ഗ്രാമത്തില്‍ മാത്രമാണ് വലിയ വലിയ സാറന്മാരുടെ മാലിന്യങ്ങള്‍ തള്ളുന്നത്….അങ്ങനെ നമ്മുടെ നാട് ലോകം മുഴുവന്‍ അറിയപ്പെടാന്‍ പോകുന്നു…’
കുന്നിന് താഴ്വാരത്തില്‍ പുതിയ വിത്തുകള്‍ മുളച്ചു. ചെടികളായി. ചെടികള്‍ മരങ്ങളായി. മരക്കൊമ്പുകളില്‍ കഴുകനും പരുന്തും കാവലിരുന്നു.
മാലിന്യവണ്ടികളുടെ എണ്ണം പെരുകി. എന്നാല്‍ അളവു കൂടുന്നതിനൊപ്പം അവയെല്ലാം വേണ്ട വിധം സംസ്കരിക്കപ്പെടാതെയായി. മാലിന്യത്തിന്റെ മറ്റൊരു മല അവിടെ ഉയര്‍ന്നു വന്നു. കാറ്റിലൂടെ ചെമ്മിനി മുഴുവനും നാറ്റം പരന്നു. നാറ്റത്തെ മറികടക്കാന്‍ നാടുമുഴുവനും സുഗന്ധക്കുപ്പികള്‍ വിതരണം ചെയ്തു. എന്നിട്ടും നാറ്റത്തിന്റെ കാഠിന്യം കുറഞ്ഞില്ല.
നേതാവിന്റെ കാലം കഴിഞ്ഞുപോയിരുന്നു… ചെമ്മിനിയില് പുതിയ നേതാക്കന്മാര് തളിര്‍ത്തു വന്നു. പുതിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വന്നു. അവരില്‍ ചിലര്‍ മാലിന്യത്തിനെതിരെ സംസാരിക്കാന്‍ തുടങ്ങി. ‘നഗരത്തിന്റെ വേസ്റ്റ് കുട്ടകളല്ല ഗ്രാമങ്ങള്‍..’ ഇടിമുഴക്കങ്ങളുണ്ടായി. ചക്രവാളങ്ങളില്‍ മുദ്രാവാക്യങ്ങള്‍ പൂത്തു. ജനങ്ങള്‍ മുദ്രാവാക്യങ്ങളിലേക്ക് കൂട്ടംകൂട്ടമായി ആകര്‍ഷിച്ചു കൊണ്ടിരിക്കെ പിന്തിരിപ്പന് മൂരാച്ചികള്‍ ഇടപെട്ടു.
‘മാലിന്യം പുണ്യകരമാണ്…അതിനെതിരെ സംസാരിക്കരുതേ…നമ്മുടെ നേതാവിന്റെ സ്വപ്നത്തിനെതിരെ സംസാരിക്കരുതേ…’ അങ്ങനെ ചെമ്മിനിയിലെ ജനങ്ങള്‍ രണ്ടു പക്ഷമായി.
പത്ത്
ഇരിപ്പിടങ്ങളെല്ലാം കഴുകിത്തുടച്ച് ഡ്രൈവറുടെ അരികിലെ ആരാധനാമൂര്‍ത്തികള്‍ക്കു മുന്നില്‍ ചന്ദനത്തിരി കത്തിച്ചു വച്ച് ബസ്സിന്റെ മുന്‍വാതില്‍ കാവല്ക്കാരന് നെടുവീര്‍പ്പിട്ടു. തന്റെ ശരീരത്തില്‍ പാകപ്പിഴകള്‍ വന്നു തുടങ്ങിയിരിക്കുന്നു. പഴയ പോലെ ഉന്മേഷമില്ല. താളമില്ല. ശരീരത്തില്‍ അങ്ങിങ്ങ് വേദനയുണ്ട്…ഇതേ പാതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് എത്ര വര്ഷങ്ങളായിക്കാണും…
ആറു മണിയുടെ യാത്രയാണ്. ഒരു ദിവസം തുടങ്ങുകയാണ്. ചെമ്മിനിയില് നിന്ന് പുറപ്പെടുന്ന ആദ്യ ട്രിപ്പ്. ഒരു സ്ത്രീ മാത്രമാണ് അതില്‍ യാത്ര ചെയ്യാനായി ഉണ്ടായിരുന്നത്. വര്‍ഷങ്ങളായി അതാണ് ശീലം. ഓരോ ദിവസവും ചെമ്മിനിയിലേക്കുള്ള അവസാന ബസ്സില്‍ ജീവനക്കാര്‍ക്കൊപ്പം വന്നിറങ്ങുകയും ആറു മണിയുടെ ആദ്യ യാത്രയില്‍ തന്നെ പുറപ്പെട്ടു പോകുകയും ചെയ്യുന്ന സ്ത്രീ…അവര്‍ക്ക് മാത്രം പ്രായമാകുന്നില്ല. തൊലിമിനുപ്പിനായി എന്തോ ലേപനം പുരട്ടുന്നുണ്ടെന്ന പോലെ അവരുടെ ചര്മത്തിലെവിടെയും ചുളിവുകളില്ലായിരുന്നു. കവിളുകളില്‍ ഇപ്പോഴും പതിനാറുകാരിയുടെ ഇളം ചുവപ്പു നിറം തെളിഞ്ഞു കാണാം.

എന്നാല്‍ ബസ് ജീവനക്കാരുടെ മുടിയെല്ലാം വെളുത്തു കഴിഞ്ഞിരുന്നു. ചര്മങ്ങളില് ചുളിവുകള്‍ പടര്‍ന്നു. വളയത്തില്‍ കൈയോടിക്കുമ്പോള് ഡ്രൈവറുടെ വിരലുകള്‍ ഇടക്കിടെ വിറച്ചു. കണ്ടക്ടറാകട്ടെ ടിക്കറ്റുകള്‍ പലപ്പോഴും തെറ്റായി മുറിച്ചു. ഇനി അധിക കാലം ആ നിലയില്‍ തന്നെ മുന്നോട്ടു പോയേക്കില്ല. കഴിഞ്ഞ മൂന്നു ദശകങ്ങള്‍ കൊണ്ട് ആകെയുണ്ടായ മാറ്റം ബസിന്റേതാണ്. രണ്ടു വണ്ടികള്‍ കണ്ടം ചെയ്തു കഴിഞ്ഞു. എന്നാല്‍ ആ പേരും റൂട്ടും മാത്രം ബസുടമകള്‍ നിലനിര്‍ത്തി.
ചെമ്മിനിയിലേക്കുള്ള നിരത്തിന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. പാതയോരങ്ങളില്‍ വീടുവച്ചവര് സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറില്ലാത്തിനാല് അടുത്തെങ്ങും അതിന്റെ വീതിയേറാനും പോകുന്നില്ല . ഒരേ സമയം ഇരുവശത്തു നിന്നും വലിയ വാഹനങ്ങള്‍ വന്നാല്‍ നിരത്ത് നിശ്ചലമാകും.
ബസ് അങ്ങാടിയില്‍ നിന്ന് ചലിച്ചു തുടങ്ങിയതേ ഉള്ളൂ. അപ്പോള്‍ ഒരു വലിയ ലോറിയുടെ അലര്‍ച്ച എതിരേ വരികയുണ്ടായി. ഈ നേരം ഇത്തരം വാഹനങ്ങളൊന്നും വരാറില്ലല്ലോ എന്ന് ബസ് ജീവനക്കാര്‍ ചിന്തിച്ചു. മുന്‍വാതില്‍ തുറന്ന് പുറത്തിറങ്ങിയ കിളിയുടെ സഹായത്തോടെ ഏറെ ക്ലേശിച്ച് ഡ്രൈവര്‍ ബസ് ഒരു വിധം മുന്നോട്ടു നീക്കി.
‘ലോറി നിറയെ കട്ടയും കമ്പികളുമാ…കുറച്ച് ബംഗാളികളും….’
കണ്ടക്ടര്‍ ഡ്രൈവറെ നോക്കി പറയുകയുണ്ടായി.
കനത്ത ഒച്ചയോടെ ലോറി ചെമ്മിനിയങ്ങാടിയില് നിശ്ചലമായി. അതോടെ ബംഗാളിപ്പയ്യന്മാര് ഓരോന്നായി അതില്‍ നിന്നും ചാടിയിറങ്ങി. ലോറിയുടെ പിറകിലെ പാളികള്‍ തുറന്ന് ആസ്ബസ്റ്റോസ് ഷീറ്റുകളും കമ്പികളും അവര്‍ പുറത്തേക്കിറക്കി. അതിനു ശേഷം സിമന്റു കൊണ്ടു നിര്‍മിച്ച ദ്വാരമുള്ള കട്ടകള്‍ വളരെ സൂക്ഷിച്ച് നിലത്തിറക്കി. അപ്പുവൈദ്യരുടെ കടയോട് ചേര്‍ന്ന് അവയെല്ലാം അടുക്കി വച്ചു.
രണ്ടു ദിവസം മുന്നേയാണ് വൈദ്യരുടെ അടുക്കല്‍ നിന്ന് സിനിമക്കാര്‍ സെറ്റടിക്കാനുള്ള അനുമതി വാങ്ങിയത്. അങ്ങാടിയിലെ പ്രധാന കടകളും കടകള്‍ക്കു പിറകിലെ ഒഴിഞ്ഞ സ്ഥലവുമെല്ലാം അയാളുടേതാണ്.
സ്ഥലവും കെട്ടിടവും വിട്ടു നല്‍കുന്നതിനായി വൈദ്യര് ഒരുപാധിയേ മുന്നോട്ടു വച്ചിരുന്നുള്ളൂ. സിനിമയില്‍ തനിക്കൊരു റോളു തരണം. അടുത്ത തലമുറക്ക് ഓര്‍ക്കാന്‍ പാകത്തില്‍ വ്യത്യസ്തമായതെന്തെങ്കിലും താനിതു വരെ ചെയ്തിട്ടില്ലെന്ന ഖേദത്തില്‍ കഴിയുകയായിരുന്നു വൈദ്യരപ്പോള്‍. ചില മുറുമുറുപ്പുകള്‍ ഉയര്‍ത്തിയെങ്കിലും ഒടുക്കം സിനിമക്കാര്‍ അത് സമ്മതിക്കുകയായിരുന്നു.
ഒരു ചായക്കട, ഒരു ക്ലബ്, ഒരു സ്കൂള്‍…എന്നിവയാണ് അങ്ങാടിയിലും പരിസരത്തുമൊക്കെയായി നിര്‍മിക്കേണ്ടത്. കഴിഞ്ഞ ദിവസം ചിലരെല്ലാം വന്ന് അളവെടുക്കുകയും കുറ്റിയടിക്കുകയുമൊക്കെ ചെയ്തിരുന്നു.
സെറ്റിന്റെ പണി ആരംഭിച്ചതോടെയാണ് ചെമ്മിനിക്കാര് അത് ഗൗരവമായി കണ്ടത്.
പതിനൊന്ന്
കമ്മാരന് കുട്ടി കട തുറക്കാനായി അങ്ങാടിയിലെത്തിയപ്പോള്‍ ഒന്നു ഞെട്ടിയെന്നത് നേരാണ്. ആ നേരം പൊതുവെ അവിടെ ആരുമുണ്ടാവാറില്ല. അയാള്‍ കടയുടെ ഷട്ടര്‍ ഉയര്‍ത്തുമ്പോഴാണ് ചെമ്മിനിയിലേക്ക് വെളിച്ചത്തിന്റെ ആദ്യകിരണങ്ങള്‍ പതിക്കാറുള്ളത്. കടയുടെ പിറകിലെ പഞ്ഞിമരത്തില്‍ അപ്പോഴേക്കും കിളികള്‍ ചിലച്ചുതുടങ്ങിയിരിക്കും. പിന്നെയും ഏറെ കഴിഞ്ഞാണ് ജനമെത്തുക. പൊതുവെ വൈകി വെളിച്ചമെത്തുന്ന ഇടം എന്നാണ് അയല്നാട്ടുകാരൊക്കെ ചെമ്മിനിയെക്കുറിച്ച് പറയാറുള്ളത്.
മറുനാടന്‍ തൊഴിലാളികളുടെ ഒച്ചയും ബഹളവുമാണെങ്ങും. ചിലര്‍ ഇരുന്ന് ബീഡി പുകയ്ക്കുന്നു. ചിലര്‍ എന്തൊക്കെയോ തട്ടുകയും മുട്ടുകയും ചെയ്യുന്നു. കയറു വലിച്ചു കെട്ടുന്നു. അവര്‍ക്കിടയില്‍ മുടി നീട്ടിയ ഒരാള്‍ നിര്‍ദേശങ്ങള്‍ നല്കുന്നു. അപ്പോഴാണ് കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ കടയില്‍ നിന്ന് ചായ കുടിച്ചുപോയ സിനിമാക്കാരെക്കുറിച്ച് കമ്മാരന് ഓര്‍ക്കുന്നത്. സിനിമ ചിത്രീകരിക്കാനാവശ്യമായ താല്‍ക്കാലിക കെട്ടിടങ്ങളും മറ്റും ഉടന്‍ തയ്യാറാക്കുമെന്ന് അവര്‍ പറയുന്നത് കേട്ടിരുന്നു.
കടയുടെ ഷട്ടര്‍ ഉയര്‍ത്തി കമ്മാരന്കുട്ടി വേഗത്തില്‍ സമാവാറ് ചൂടാക്കാന്‍ വച്ചു. മേശയും ഇരിപ്പിടങ്ങളും ധൃതിയില്‍ തുടച്ചെന്നു വരുത്തി. രാവിലെത്തന്നെ നല്ലൊരു കച്ചവടത്തിനുള്ള സാധ്യതയാണ് മുന്നില്‍ തെളിയുന്നത്.
അയാള്‍ പ്രതീക്ഷിച്ചതു പോലെ സമാവാറ് തിളച്ചപ്പോഴേക്കും ബംഗാളിപ്പണിക്കാര്‍ കൂട്ടമായി കടയിലേക്ക് വരാന്‍ തുടങ്ങി. വളരെ കുറച്ചുപേര്‍ക്കു മാത്രമേ ഇരിപ്പിടങ്ങള്‍ തികയുമായിരുന്നുള്ളൂ. അതിനാല്‍ ചിലര്‍ പുറത്തു നിന്നു. കമ്മാരന് കുട്ടി തിടുക്കപ്പെട്ട് ചായപകര്ന്നു. ഗ്ലാസ് തികയാതെ വന്നതിനാല്‍ ആദ്യം ചായ കുടിച്ചവരുടെ ഗ്ലാസ് കാലിയാകാന്‍ കാത്തിരുന്നു.
‘അതേയ് ചേട്ടാ…എല്ലാര്ടേം കണക്കൊന്നു എഴ്തി വെച്ചേക്കണം…ഇനിപ്പൊ കുറച്ച് ദിവസം ഞങ്ങളിവിടെ ഇണ്ടാവും…അവസാനം ഒന്നിച്ചങ്ങട് തരാം…’
നേരത്തേ തൊഴിലാളികള്‍ക്ക് നിര്‍ദേശം കൊടുത്തു കൊണ്ടിരുന്ന മുടിനീട്ടിയ ആള് പൊടുന്നനെ കടയിലേക്ക് കയറി വന്നു. കമ്മാരന് കുട്ടിക്ക് അതുകേട്ട് ദേഷ്യം വന്നു. എങ്കിലും ചുണ്ടോളം വന്ന കടുത്ത വാക്കുകളെ പെട്ടെന്നു തന്നെ നിയന്ത്രിച്ച് അയാള്‍ ഇത്രയും പറഞ്ഞൊപ്പിച്ചു.
‘പാല് കേന്ദ്രം സൗജന്യായിട്ട് തര്ണില്യ…പഞ്ചാര സംസ്ഥാനം ഓസിന് കൊട്ക്ക്ണ്ല്യ…വയനാടന്‍ മലനിരകളില്‍ നിന്ന് ചായപ്പൊടി വെറ്തെ കൊണ്ടോന്ന് തര്ണ്ല്യ…ഇത്രേം പേര്‍ക്ക് പിന്നെ ഞാനെങ്ങനെ ചായ കൊടുക്കും?’
അതുകേട്ടതോടെ മുടിനീട്ടിയ ആളുടെ മുഖഭാവങ്ങള്‍ മാറിമറിഞ്ഞു. അയാള്‍ അയഞ്ഞ പാന്റിന്റെ പിന്‍കീശയില്‍ കൈയ്യിട്ട് അഞ്ഞൂറിന്റെ രണ്ടു നോട്ടുകള്‍ പുറത്തെടുത്തു.
‘തല്ക്കാലം അഡ്വാന്‍സായി ഇതിവിടിരിക്കട്ടെ…എന്നാലും കണക്കെല്ലാം കൃത്യായിരിക്കണം…എഴ്തിവച്ചോളൂ…’
‘ദിപ്പം അഡ്വാന്‍സ് എന്ന് പറയാന്‍ മാത്രൊന്നൂല്യ…ബാക്കി കൊണ്ടോയ്ക്കോളീ…’
എന്നാല്‍ മുടിനീട്ടിയ അയാള്‍ അതുകേള്‍ക്കാന്‍ നില്‍ക്കാതെ മറഞ്ഞുപോയിരുന്നു.
പിന്നീട് ഏതാനും നാളുകള്‍ അങ്ങാടിയില്‍ സിനിമാസെറ്റടിക്കാന് വന്നവരുടെ ബഹളമായിരുന്നു. കിളികളേക്കാള്‍ നേരത്തേയുണര്‍ന്ന് പണിക്കാര് പണിതുടങ്ങും. അതുകാണാന്‍ പുലരിക്കുളിരിനെയും വകഞ്ഞുമാറ്റി ജനമെത്താന് തുടങ്ങി. ശാന്തമായിരുന്ന ചെമ്മിനിയുടെ പ്രഭാതങ്ങള്‍ അതോടെ ശബ്ദങ്ങളുടേതു മാത്രമായി.
ശരിക്കും വലഞ്ഞത് ബസ് ജീവനക്കാരായിരുന്നു. ചെമ്മിനിയുടെ ശീതനിദ്രയെ വിശ്വസിച്ച് പകര്‍ന്നാടിയ വികാരങ്ങള്‍ക്ക് അറുതി വന്നു. പെണ്ണിന്റെ മണങ്ങളെ ഒളിപ്പിക്കാന്‍ ഇടമില്ലാതാകുന്നു…മൂന്നു പതിറ്റാണ്ടിന്റെ ശീലമാണ് അവര്‍ക്ക് പാടെ ത്യജിക്കേണ്ടി വന്നത്.
ദിവസത്തിലെ അവസാന യാത്ര രാമനാട്ടുകര വരെയാക്കി ബസ്സുകാര് ചുരുക്കി.
പന്ത്രണ്ട്
‘മെംബര്‍ ഒന്നും വിചാരിക്കര്ത്…അന്ന് ലേശം പരിഹാസമൊക്കെ പറഞ്ഞൂന്ന് ശെരിയാ…അതൊന്നും മനസ്സില്‍ കൊണ്ട് നടക്ക്ണ ആളല്ല മെംബറെന്ന് എല്ലാര്ക്കും അറിയാം…’
അതിരാവിലെ വീട്ടുപടിക്കലേക്ക് കയറി വന്ന താമര വാസുവിനെ കണ്ട് വര്‍ക്കി മെംബര്‍ അമ്പരന്നു. വര്‍ഷങ്ങളായി മിണ്ടാട്ടമില്ലാത്ത ആളാണ്. എന്തെങ്കിലും പറഞ്ഞാല്‍ തന്നെ അത് തന്നെ പരിഹസിക്കാന്‍ വേണ്ടി മാത്രമായിരിക്കും. മഞ്ഞുരുക്കാന്‍ ഇപ്പോള്‍ പ്രത്യേക സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും ഉടുമുണ്ടിന്റെ ഒരറ്റം കക്ഷത്ത് വച്ചുള്ള നില്പ് കണ്ടപ്പോള്‍ ഉള്ളിലേക്ക് കയറിയിരിക്കാന്‍ പറഞ്ഞു.
വര്‍ക്കി പഞ്ചായത്തിന്റെ ഉപാധ്യക്ഷനായിരിക്കുന്ന കാലത്ത് പ്രതിപക്ഷ നേതാവിന്റെ റോളിലായിരുന്നു വാസു. ഒരു താര്‍ക്കികന്റെ കൗശലം എപ്പോഴും അയാള്‍ കൂടെ കൊണ്ടു നടക്കാറുണ്ടെന്ന് തോന്നിക്കും. ഏതു സാഹചര്യത്തിനും പാകമാകുന്ന ഭാവങ്ങള്‍ ആ മുഖത്തുണ്ട്. ഫണ്ട് വക മാറ്റിയതിന്റെ പേരില്‍ തന്നെ ഏറ്റവുമധികം വേട്ടയാടിയതും അയാളാണെന്ന് വര്‍ക്കി അന്നേരം ഓര്‍ത്തു. കക്കൂസു വര്‍ക്കിയെന്ന പേര് നാടാകെ പരത്തിയതില്‍ വാസുവിന് വലിയൊരു പങ്കുണ്ട്. അതേ ആള് ഇപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ തിരഞ്ഞു വന്നതിലെ വിസ്മയമാണ് മെംബറുടെ മുഖത്ത് കുറേ നേരത്തേക്ക് തങ്ങി നിന്നത്.
‘അതൊക്കെ രാഷ്ട്രീയമല്ലേ…ആരോപണ പ്രത്യാരോപണമില്ലാതെ രാഷ്ട്രീയക്കാര്‍ക്ക് ജീവിക്കാന്‍ പറ്റോ? വര്ക്ക്യേട്ടന് അതൊക്കെ മനസ്സിലാകുമല്ലോ…’
വാസു തന്നെക്കൊണ്ട് എന്തോ സംസാരിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് വര്‍ക്കി മെംബര്‍ക്ക് മനസ്സിലായി. എന്നാല്‍ തന്റെ വായില്‍ നിന്നൊരു വാക്കു പോലും ഇറ്റുവീഴില്ലെന്ന് അയാളുറച്ചു. വാസുവിന്റെ വരവിനു പിന്നില്‍ എന്തോ നിഗൂഢമായ താല്പര്യങ്ങളുണ്ട്….
‘വര്ക്ക്യേട്ടന് ആളൊരു കലാകാരനാന്ന് ഇപ്പളാ ഞങ്ങളൊക്കെ അറീണത്….’
വര്‍ക്കി വാസുവിനെ തറപ്പിച്ചൊന്നു നോക്കി. വെളുക്കാന്‍ നേരം തന്നെ വന്ന് ആളെ മക്കാറാക്കുന്നോ? വര്‍ക്കിച്ചേട്ടന്റെ നോട്ടത്തിലെ വശപ്പിശകിനെ മനസ്സിലാക്കി വാസു പെട്ടെന്നു തന്നെ വിഷയത്തിലേക്കു കടന്നു.
‘വര്ക്ക്യേട്ടന് സിനിമാക്കാരുമായൊക്കെ നല്ല ബന്ധമാണല്ലേ…’
വാസു മുഖം അപ്പോള്‍ വിനയംകൊണ്ട് കൂമ്പിനിന്നു.
‘ചെമ്മിനിയിലേക്ക് ആദ്യമായിട്ടാ സിനിമാക്കാര് വരുന്നത്…പണ്ടൊരിക്കെ ഞാന്‍ ചെറുപ്പമായിര്ന്ന കാലത്ത് കാരാട്ടുമ്മല്‍ ഷൂട്ടിങ്ങ് നടന്നതോര്മയിണ്ട്…അന്നതൊക്കെ വല്യ സംഭവായിനി…’
വര്‍ക്കി മെംബര്‍ ഒന്നും മിണ്ടിയില്ല. ഒരു തണുപ്പന്‍ മട്ടിലിരുന്നതേയുള്ളൂ.
‘മോന്റെ കുട്ടി-ആതിര മോള്- നന്നായി പാടും. സംഗീതം പഠിക്ക്ണ്ണ്ട്…പിന്നെ ഡാന്‍സും കളിക്കും…സിനിമേല് ഒരവസരം ഉണ്ടാക്കിക്കൊടുക്കണം…വര്ക്കിച്ചേട്ടന് വിചാരിച്ചാ അതൊക്കെ എളുപ്പം നടക്കും’
വാസുവിന്റെ ഉദ്ദേശ്യമെല്ലാം താമര പോലെ വിടര്‍ന്നു. വര്‍ക്കി മെംബര്‍ കുലുങ്ങിയില്ല. ചെറിയ തലയാട്ടലില്‍ തന്റെ വാക്കുകളെയെല്ലാം അയാള്‍ മറച്ചുപിടിച്ചു.
‘വര്ക്ക്യേട്ടന് ഒന്നും മനസ്സില്‍ വക്കരുത്…’ വാസുവിന്റെ മറ്റൊരു ഭാവം കൂടി അയാള്‍ക്ക് കാണാനായി. അയാള്‍ മെംബറുടെ കാലില്‍ വീണു.
‘സിനിമാക്കാര്‍ക്ക് സ്ഥലം കാണിച്ചു കൊട്ത്തത് ഞാനാ…അതിനപ്പുറം എനിക്കവരുമായി വല്യ എടപാടൊന്നുമില്ല…’
ഒടുവില്‍ വര്‍ക്കി മെംബര്‍ പരുത്ത ഒച്ചയില്‍ പറഞ്ഞു.
പതിമൂന്ന്
പ്രാധാന്യമേറിയ ഒരാഘോഷം നടക്കുന്നുണ്ടെന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. പല നിറത്തിലുള്ള വര്ണ്ണക്കടലാസുകള്, കുരുത്തോല കൊണ്ടുള്ള തോരണങ്ങള്‍, മാലയായി തൂക്കിയിട്ട ചെറിയ വൈദ്യുതി വിളക്കുകള്‍…ചെമ്മിനിയമ്പലത്തിലെ ഉല്‍സവത്തിനു പോലും അങ്ങാടി ഇത്ര അലങ്കരിക്കപ്പെട്ടിട്ടില്ല. അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നു വരെ ആളുകള്‍ കൂട്ടമായി എത്തിയിട്ടുണ്ട്. പുത്തന്‍ വസ്ത്രവും അണിഞ്ഞുകൊണ്ടാണ് ചെമ്മിനിക്കാര് അധികവും കൂടിയിരിക്കുന്നത്. നാട്ടുകാരില്‍ ചിലര്‍ക്ക് ക്യാമറയില്‍ മുഖം കാണിക്കാന്‍ അവസരമുണ്ടാകുമെന്നുള്ള പ്രചാരണമാണ് ഇതിനെല്ലാം കാരണം. സിനിമാക്കാരുടെ കണ്ണിലുടക്കി ഷൂട്ടിങ്ങിനെങ്ങാനും വിളിച്ചാലോ? ആയതിനാല്‍ അവരുടെ കണ്ണില്‍ തട്ടുന്ന അലങ്കാരങ്ങള്‍ തന്നെ അണിയണം.
ഡയമണ്ട് ക്ലബിന്റെ വാര്‍ഷികാഘോഷ ചിത്രീകരണമാണ് ആദ്യം നടക്കാന്‍ പോകുന്നത്. പെരുത്ത വയറുള്ള സംവിധായകന് തന്റെ സഹായിയെയും കൂട്ടി സജ്ജീകരണങ്ങളെല്ലാം വിലയിരുത്തി. അപ്പോഴേക്കും ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ ബസ് അങ്ങാടിയെ ലക്ഷ്യമാക്കി വന്നു.
‘ആ ബസ്സൊരു സംഭവമാണ്…ലക്ഷക്കണക്കിന് ഉറുപ്പ്യേണ് അതിന് വാടക…’ ബഡായി ഭാര്ഗവന് ബസിനെ നോക്കി ഭക്ത്യാദര പൂര്‍വം മൊഴിഞ്ഞു. ചിലപ്പോഴൊക്കെ ആളുകള്‍ അയാളെ മൂരി ഭാര്ഗവന് എന്നു വിളിക്കാറുണ്ട്. വാക്കുകളെക്കൊണ്ട് മുക്രയിടാന്‍ അയാള്‍ക്കുള്ള കഴിവിനെ ഓര്‍ത്താണ് ആ പേരു വീണത്. അറിയാവുന്നതും അല്ലാത്തതുമായ കാര്യങ്ങളെക്കൊണ്ട് അയാള്‍ എല്ലായ്പ്പോഴും തള്ളിമറിക്കും.
‘അതിന്റുള്ളില് കരണ്ട് ണ്ടാക്കാന്ള്ള സൗകര്യം വരെയിണ്ട്…’
‘ഹമ്പമ്പോ…’ നീലന് ബ്രോക്കര്‍ എരിവു കയറ്റി.
‘ഷൂട്ടു ചെയ്യണ ക്യാമറയ്ക്ക് തന്നെ ഒരൂസം അയിമ്പതിനായിരം ഉറ്പ്പിക വാടക കൊട്ക്കണം…’ ഭാര്ഗവന് ഹരം പിടിച്ചു.
‘തന്ന്യോ..’ നീലന് ബ്രോക്കര്‍ ബഡായി മുതലാളിയെ വീണ്ടും പ്രോല്‍സാഹിപ്പിച്ചു. എന്നാല്‍ അപ്പോഴേക്കും മറ്റൊരു വാഹനം ആരവങ്ങള്‍ക്കിടയിലേക്ക് തള്ളിവന്നു.
‘നടന്മാരാ…’ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ ഒരൂഹം പറഞ്ഞു. അതോടെ ആരവങ്ങള്‍ പെരുകി. വിസിലടികള്‍ ഉയര്‍ന്നു. കാണികളില്‍ ചിലര്‍ വാഹനത്തിനടുത്തേക്ക് പായാന്‍ ശ്രമിച്ചെങ്കിലും പ്രൊഡക്ഷന്‍ ബോയിസ് അവരെ തടഞ്ഞു.
‘അയാളെ ഞാനൊരു സിനിമേല് കണ്ടിട്ട്ണ്ട്…മമ്മൂക്കക്കൊപ്പരം…’
‘ആണോ…എന്നാ ഒര് സെല്ഫിട്ക്കണം…’
വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയവരെയെല്ലാം ആള്‍ക്കൂട്ടം തിരിച്ചറിയാന്‍ തുനിഞ്ഞു. പലരെയും അവര്‍ക്ക് വേണ്ടത്ര പരിചയമുണ്ടായിരുന്നില്ല.
‘ഇതൊക്കെ ഏതോ കാട്ടാക്കൂസ് ടീമാണ്…ഒറിജിനല്‍ നടമ്മാര് ഓരെ വണ്ടീ തന്ന്യേ വരൂ…മമ്മൂട്ടിയ്ക്കും ലാലേട്ടനുമൊക്കെ സൊന്തം ബസ്സ് വരെയിണ്ട്…’
പച്ചക്കുന്നന് ആളുകളുടെ ആവേശത്തിലേക്ക് ഇടങ്കോലിട്ടു. സ്ഥലത്തെ പ്രധാന ബുദ്ധിജീവിയാണ് പച്ചക്കുന്നന്. ഏതു നേരവും അങ്ങാടിയിലെ കെട്ടിനു മുകളില്‍ ഇരുന്നു നാട്ടുകാരെ നിരീക്ഷിക്കുകയാണ് മൂപ്പരുടെ വിനോദം. ആരുമായും തര്‍ക്കിക്കുകയും ചെയ്യും.
‘പച്ചക്കുന്നന് പറഞ്ഞത് ശരിയാ…സിനിമാന്നൊക്ക പറഞ്ഞാ കോടികള്‍ മൊടക്കീട്ട്ള്ള ഏര്‍പ്പാടാ…മ്മളെപ്പോലത്തെ ഓണംകേറാ മൂലേല് വന്നിട്ടല്ല സിനിമ പിടിക്കല്‍…’
ആള്‍ക്കൂട്ടത്തില്‍ പൊടുന്നനെ പച്ചക്കുന്നന് പക്ഷത്തിനും ആളുണ്ടായി.
‘ഞാനിപ്പം അതൊന്ന്വല്ല നോക്കണത്…ഒരു പെണ്ണ് വന്ന് ഡേന്‍സ് കളിയ്ക്ക്യൂന്നൊക്കെ കേട്ടീന്യല്ലോ…’
റീബന്‍ വളരെ മാദകമായൊന്നു ചിരിച്ചു.
‘അനക്ക്ണ്ടോ കാറ്റ്…ബോംബോന്നൊക്കെ വന്ന് ഓളിവിടെ ആടാന്‍ കെടക്കാണല്ലോ…കിനാവു കാണുമ്പളും കുറച്ച് യുക്തിബോധമൊക്കെ വേണം…’ പച്ചക്കുന്നന് റീബന്റെ ആവേശത്തെ നിര്‍ദ്ദയം തല്ലിക്കെടുത്തി.
പതിനാല്
ചെമ്മിനിക്കുന്നിന്റെ താഴ്വരയിലെ സമരപ്പന്തലില്‍ ആളൊഴിഞ്ഞു. വളരെ ശക്തമായി മുന്നോട്ടുപോയിരുന്ന സമരമായിരുന്നു. ചെമ്മിനിയിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരും ഒന്നിച്ചു നിന്നു. ജനങ്ങള്‍ ഭിന്നതകളെല്ലാം മറന്നു. പത്രങ്ങളിലെ പ്രാദേശിക കോളങ്ങളില്‍ ഇടയ്ക്കെല്ലാം ആ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു.
മാലിന്യകേന്ദ്രം അടച്ചുപൂട്ടുക..
മുമ്പും ചെമ്മിനിയില് ഇത്തരം സമരങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അവയെല്ലാം വളരെ പെട്ടെന്നു തന്നെ ദുര്‍ബലമാകുകയായിരുന്നു. ഇത്തവണ പക്ഷേ, ലക്ഷ്യം നേടിയേ അടങ്ങൂ എന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിച്ചത്.
ദുര്‍ഗന്ധ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ മാത്രം ചെമ്മിനി അറിയപ്പെടുന്നതിലെ അപകര്‍ഷതയാണ് പെട്ടെന്നുള്ളൊരു മുന്നേറ്റത്തിന് കാരണമായത്. ചെമ്മിനിയിലെ പെണ്ണുങ്ങളെ പുറംനാട്ടുകാര്‍ ആരും കല്യാണം കഴിക്കാതെയായി. ചെമ്മിനിയിലേക്ക് പെണ്ണുങ്ങളെ പറഞ്ഞയക്കാതെയുമായി.
ചെറുപ്പക്കാരാണ് സമരത്തിന് മുന്‍കൈയ്യെടുത്തത്. വളരെ സമാധാനപരമായ നീക്കമായിരുന്നു അവര്‍ നടത്തിയത്. സാമൂഹിക മാധ്യമങ്ങളുടെ തണലില്‍ മുദ്രാവാക്യങ്ങള്‍ നാടുനീളെ പറന്നു. അത്രയേറെ ആവേശത്തോടെ ജനം സമരപ്പന്തലിലേക്ക് ഒഴുകിയെത്തി.
സിനിമാ ചിത്രീകരണം ആരംഭിച്ചതോടെ പന്തലില്‍ അനക്കങ്ങള്‍ കുറഞ്ഞു. എല്ലാവരും സിനിമാക്കാരുടെ പിറകെയായി. കഫക്കൂറുള്ള വയസ്സന് ശബ്ദങ്ങള്‍ മാത്രം ചുമയ്ക്കുന്നതു പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
പതിനഞ്ച്
വാര്യര്‍ സാറിന്റെ വീട്ടിലേക്ക് വൈദ്യുതിയെത്തിയ നാളിനെക്കുറിച്ച് ഇപ്പോഴും നാട്ടുകാര്‍ പറഞ്ഞു നടക്കുന്നൊരു കഥയുണ്ട്. ലുബ്ധന്മാരുടെ രസികത്തരം പറഞ്ഞു വരുമ്പോഴാണ് അത് നാവിന് തുമ്പില്‍ വിരിഞ്ഞുവരിക. ചെമ്മിനിയിലെ വലിയ പിശുക്കന്മാരില് ഒരാളാണ് സാര്‍.
കുഞ്ഞുണ്ണിക്കുറുപ്പും സംഘവും ഏറെ പണിപ്പെട്ടാണ് വൈദ്യുതി വലിക്കാനുള്ള കാലുകള്‍ സ്ഥാപിച്ചത്. ചെമ്മിനിയില് അക്കാലത്ത് കുറഞ്ഞ വീടുകളില്‍ മാത്രമാണ് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന പങ്കകളും വിളക്കുകളും ഉള്ളത്. കുഞ്ഞുണ്ണിക്കുറുപ്പെന്നാല് നാട്ടുകാരുടെ കണ്ണില്‍ വൈദ്യുതി വകുപ്പു തന്നെയാണ്. ചെമ്മിനിയിലും പരിസരങ്ങളിലും അത്യാവശ്യം നിലയും വിലയുമൊക്കെയുള്ള ആളാണ്.
നാലഞ്ചു ദിവസം പ്രയത്നിച്ചിട്ടാണ് കുറുപ്പിനും സംഘത്തിനും വാര്യര്‍ സാറിന്റെ വീട്ടിലേക്കു കമ്പി വലിക്കാനുള്ള കാലുകള്‍ സ്ഥാപിക്കാനായത്. പാറയും ഉറച്ച മണ്ണും അവരുടെ പേശികളെ ഏറെ വെല്ലുവിളിച്ചു. എന്നാല്‍, ചുമരിലെ വിളക്ക് വൈദ്യുതിയാല് ആദ്യമായി പ്രകാശിച്ചതിന്റെ സന്തോഷമൊന്നും വാര്യര്‍ സാര്‍ പ്രകടിപ്പിച്ചില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവെ കുറുപ്പിനൊരു കൈമടക്ക് പതിവുണ്ട്. കോഴിയുള്ള വീട്ടില്‍ നിന്നാണെങ്കില്‍ മൂന്നു കോഴി, താറാവു വളര്‍ത്തുന്ന ഇടത്തു നിന്നാണെങ്കില്‍ രണ്ടു താറാവ്…ഇതെല്ലാം കുറുപ്പു തന്നെ സ്വയമെടുത്തു കൊള്ളും. ഇതൊന്നുമില്ലാത്തവരാണെങ്കില്, കുടവയറും കാട്ടി മുറ്റത്തു നില്ക്കുന്ന കുറുപ്പിന്റെ കൈയ്യിലേക്ക് നോട്ടുകള്‍ വല്ലതും നീട്ടിനല്‍കണം.
‘കുറുപ്പേ…ഇരിക്ക്യാ…’ വാര്യര്‍ സാര്‍ അയാളെ ക്ഷണിച്ചു. അതിനര്‍ഥം കൂടെയുള്ളവര്‍ക്കൊന്നും ക്ഷണമില്ലെന്നാണ്. ശ്രേണി ഇത്തിരി താഴ്ന്നവരുമായൊന്നും സാര്‍ ലോഹ്യത്തിന് നില്‍ക്കാറില്ല. അത് മനസ്സിലാക്കിയ കുറുപ്പ് കൂടെയുള്ളവരെയെല്ലാം പറഞ്ഞു വിട്ടു. പിന്നെ കാണാം വാര്യര്‍ കാണാതെ അയാള്‍ അവരോട് കണ്ണിറുക്കി.
കുഞ്ഞുണ്ണിക്കുറുപ്പ് കൈയ്യും മോന്തയുമെല്ലാം കഴുകി വരാന്തയിലെ ചാരുപടിയിലേക്ക് കയറിയിരുന്നു. വാര്യര്‍ സാര്‍ ഒരു പഴയ പാത്രം അയാളുടെ നേരെ നീട്ടി. നെല്ലിക്കാ വലിപ്പമുള്ള ഉണ്ണിയപ്പമാണ്. മൂന്നെണ്ണമുണ്ട്. കുറുപ്പ് സാറെ സംശയത്തോടെ നോക്കി.
‘സംശയിക്കാനൊന്നൂല്യ…വയറ് നെറയെ കഴിച്ചോളൂ…’
വൈദ്യുതിയേറ്റതു പോലെ കുഞ്ഞുണ്ണിക്കുറുപ്പ് ദയനീയമായി വാര്യരെ നോക്കി. ഒരു ചെമ്പു നിറയെ ചോറു തിന്നാലും തീരാത്ത വിശപ്പുണ്ട്. ഒറ്റയിരുപ്പിന് രണ്ടു കോഴിയും ഒന്നൊന്നര കിലോ മട്ടനും വരെ തട്ടുന്ന തന്നോടാണ് ഇയാള്‍ ഇപ്പറയുന്നത്.
കുറുപ്പ് വേണ്ട എന്നു പറഞ്ഞില്ല. ഉണ്ണിയപ്പം പൊതിഞ്ഞെടുത്ത് കൈയ്യില്‍ കരുതി. നേരെ അങ്ങാടിയിലേക്കാണ് നടന്നത്. ചെമ്മിനിയിലെ പരദൂഷണക്കമ്മിറ്റിക്കാരുടെ മേശപ്പുറത്തേക്ക് അതങ്ങ് ഇട്ടുകൊടുത്തു. തന്റെ സര്‍വീസ് ജീവിതത്തിനിടയില്‍ ആദ്യമായി അപമാനിക്കപ്പെട്ട നിമിഷം അയാള്‍ അവര്‍ക്കൊപ്പം ആഘോഷിച്ചു. അതോടെ വാര്യര്‍ സാറുടെ പിശുക്കിനും ഖ്യാതിയായി.
അല്ഭുതകരമെന്നു പറയട്ടെ, പെന്ഷന് പറ്റിയതിനു ശേഷം ഇത്തരമൊരു വേഷം കുറുപ്പിന് വീണ്ടും അഭിനയിക്കേണ്ടി വന്നു. പിന്മടക്കമില്ലാത്ത ഓര്‍മകളാണ് ജീവിതമെന്ന പ്രയോഗം തെറ്റാണെന്ന് അയാള്‍ക്ക് അപ്പോള്‍ തോന്നുകയും ചെയ്തു. കാലം പിന്നെയും അവസരം നല്കുന്ന ഭാഗ്യവാന്മാരുടെ കൂട്ടത്തിലാണ് താനും പെടുകയെന്ന് അയാള്‍ സന്തോഷത്തോടെ ഓര്‍ത്തു.
ചെമ്മിനിയിലും പരിസരങ്ങളിലുമായി സിനിമാ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. നാടുമുഴുവന്‍ അതു കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടും കുഞ്ഞുണ്ണിക്കുറുപ്പിന് അതിലൊരു താല്പര്യവുമുണ്ടായിരുന്നില്ല. പശുക്കള്‍ക്ക് പുല്ലരിഞ്ഞും തൊഴുത്തു വൃത്തിയാക്കിയും ഇടക്ക് തെങ്ങിന് തടം തുരന്നും കാലം കഴിക്കുകയായിരുന്നു അയാള്‍. കാലിത്തീറ്റ വാങ്ങാന്‍ അങ്ങാടിയിലേക്കിറങ്ങിയ കുറുപ്പിനെ സംവിധായകന് അപ്രതീക്ഷിതമായി പിടികൂടുകയായിരുന്നു. സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യമായ ഭാവങ്ങള്‍ സംവിധായകന് അയാളില്‍ കണ്ടെത്തി.
‘സിനിമയൊന്നും കാണണ പതിവില്ല…’ കുഞ്ഞുണ്ണിക്കുറുപ്പ് ആദ്യം തന്നെ തന്റെ വൈമനസ്യം പ്രകടിപ്പിച്ചു. ചെമ്മിനിക്കാരാണ് അതുകേട്ട് ഞെട്ടിയത്. സിനിമയില്‍ ഒരവസരം കിട്ടുമെന്ന് കരുതി അഞ്ചാറു ദിവസമായി കാത്തിരിക്കുകയാണ് പലരും. ഇപ്പോ വിളിക്കും ഇപ്പോ വിളിക്കും എന്നു കരുതി മൂത്രമൊഴിക്കുന്നതു തന്നെ മാറ്റിവച്ച ആളുകളുണ്ട്. അതിനിടയിലാണ് താലത്തില്‍ കൊണ്ടുകൊടുത്ത മാതിരി ഒരു ചാന്‍സ് കിട്ടിയിട്ടും വേണ്ടെന്ന് ഒരാള്‍ പറയുന്നത്.
‘കടലിന്റെ ആഴമറിയാന്‍ വെള്ളത്തിലിറങ്ങേണ്ട ആവശ്യമുണ്ടോ?’ സംവിധായകന് അവസാനമായി അത്രകൂടി പറഞ്ഞപ്പോള്‍ കുറുപ്പിന് ഒരു ചാഞ്ചാട്ടമുണ്ടായി.
‘ജീവിതത്തില്‍ ഒരു വേഷമേ ഞാന്‍ ആടിയിട്ടുള്ളൂ…’
സംവിധായകന് കഥയില്‍ അയാള്‍ക്കുള്ള സ്ഥാനം പറഞ്ഞുകൊടുത്തു. നാടിനു വെളിച്ചമെത്തിക്കാന്‍ ഇരുപത്തിയെട്ടു വര്‍ഷത്തോളം പണിയെടുത്തവനാണ്. അതേ വേഷം തന്നെയാണ് ഇപ്പോള്‍ തന്നോട് ഏറ്റെടുക്കാന്‍ പറയുന്നത്. തന്റെ ഔദ്യോഗിക കാലയളവിലെ രസകരമായൊരു വിഷയത്തെ ഓര്‍ക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത്.

‘ഇതാവുമ്പോള്‍ എനിക്ക് അഭിനയിക്കേണ്ടി വരില്ല. ഞാനായി നിന്നു കൊടുത്താല്‍ മതി…’ കുറുപ്പിന് ഹരം കയറി.
‘എന്നാല്‍ ചേട്ടന്റെ ജീവിതത്തിലെ ഒരു തകര്‍പ്പന്‍ സംഭവം പറ…നമുക്കതു പോലെ സിനിമയില്‍ ചേര്‍ക്കാം…’
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം വാര്യര്‍ സാറുടെ ഉണ്ണിയപ്പങ്ങളെക്കുറിച്ച് കുഞ്ഞുണ്ണിക്കുറുപ്പ് ഓര്‍ത്തു.
പതിനാറ്
സിനിമയുടെ കഥയെന്തെന്നോ എന്താണ് അതിലെ പ്രധാന ആശയമെന്തെന്നോ നാട്ടുകാര്‍ക്ക് മനസ്സിലായില്ല. അവര്‍ അങ്ങനെ ഷൂട്ടിങ് കാണുന്നുവെന്നു മാത്രം. ആക്ഷന്‍, കട്ട് എന്നിങ്ങനെ ചിലര്‍ പറയുന്നുണ്ട്. അതനുസരിച്ച് നടിക്കാന്‍ വന്നവര്‍ ചലിക്കുന്നു. പറയുന്നു. ക്യാമറയില്‍ അതെല്ലാം ഒപ്പിയെടുക്കുന്നു. അതുപോലൊരു അവസരം തങ്ങള്‍ക്കും തരുമെന്നാണ് സിനിമാക്കാര് അവരോട് പറഞ്ഞിട്ടുള്ളത്. അതിനാല്‍ തന്നെ ചെമ്മിനിക്കാരെല്ലാം വലിയ പ്രതീക്ഷയിലായിരുന്നു.
എന്നാല്‍ സിനിമാചിത്രീകരണത്തിന്റെ പത്തു ദിവസങ്ങള്‍ പിന്നിട്ടിട്ടും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തക്ക വിധം അവരുടെ ക്യാമറ വികസിച്ചില്ല. അതില്‍, നാട്ടുകാര്‍ക്ക് ചെറുതല്ലാത്ത രോഷമുണ്ട്. പുതിയ വസ്ത്രങ്ങളെല്ലാം ഇട്ടുതീര്ന്നു. സാധാരണ വേഷങ്ങളിലേക്ക് തന്നെ പലര്‍ക്കും മടങ്ങേണ്ടി വന്നു.
‘നാള് കൊറേയായി കാത്തു നിക്ക്ണ്…’ കാണികളില്‍ നിന്ന് ഇടയ്ക്കൊക്കെ മുരളലുകള്‍ ഉയര്‍ന്നു. ചെമ്മിനിയിലെ നാടകവേദികളില്‍ നിറഞ്ഞാടിയിരുന്ന രാജീവന്റെ മുഖത്താണ് ഏറെ നിരാശ പ്രകടമായത്. നാടിന്റെ കലാകാരനായാണ് അയാള്‍ അറിയപ്പെടുന്നത്. സിനിമാക്കാര് കൂടാരം കെട്ടിയ നാള് മുതല്‍ അയാള്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുന്നുണ്ട്. രാജീവന്റെ അച്ഛന് പണ്ട് കാരാട്ട് ചലച്ചിത്രചിത്രീകരണം നടന്ന നാളില്‍ അതില്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. പേമഴയില്‍ തകര്‍ന്നുവീണ സ്കൂളിനെ നോക്കി വിലപിക്കുന്ന സിനിമയിലെ അയാളുടെ ദൃശ്യം വീട്ടുചുമരില്‍ ഇപ്പോഴും തൂങ്ങിക്കിടക്കുന്നുണ്ട്. സിനിമയിലെ തന്റെ അനുഭവം വര്‍ഷങ്ങളോളം അയാള്‍ പറഞ്ഞു നടന്നിട്ടുണ്ട്. കേള്‍ക്കാന്‍ കാതുകള്‍ ലഭിക്കാതെയായപ്പോള്‍ കല്ലിനോടും മരത്തോടും വരെ അയാളിതു പറഞ്ഞു.
ചെമ്മിനിയങ്ങാടിയില് സിനിമാക്കാര് വരുന്നുണ്ടെന്ന് കേട്ട മാത്രയില്‍ തന്നെ രാജീവന് അവരെ അന്വേഷിച്ചു പോയിരുന്നു. പണ്ട് സിനിമയില്‍ അഭിനയിച്ചൊരു അച്ഛന്റെ പേരിലാണ് അയാള്‍ തുടങ്ങിയത്. പഞ്ചായത്ത് കലോല്‍സവത്തിലും സ്കൂള്‍ മേളകളിലും കിട്ടിയ കടലാസുകള്‍ അയാള്‍ സംവിധായകന്റെ മുന്നില്‍ നിരത്തുകയും ചെയ്തിരുന്നു. ‘നോക്കാം…ചില സീനുകളില്‍ എക്സ്ട്രാ ആളുകള്‍ വേണ്ടി വരും…’ പൂച്ചക്കണ്ണുള്ള സംവിധായകന് രാജീവനെ തീര്‍ത്തും നിരാശനാക്കിയില്ല.
‘എക്സ്ട്രാസ് ആയി വന്ന ആളുകള്‍ പിന്നീട് സൂപ്പര്‍ സ്റ്റാറുകള്‍ വരെ ആയിട്ടുണ്ട്…’
അങ്ങനെയെങ്കില്‍ അങ്ങനെ എന്നു കരുതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്…ദിവസം പത്തുകഴിഞ്ഞിട്ടും ഒരു ചായക്കാരന്റെ റോളു പോലും തരുന്ന മട്ടില്ല. രാമനാട്ടുകരയിലെ സൗന്ദര്യ വര്‍ധക സ്ഥലങ്ങളിലെല്ലാം പോയി ഇല്ലാത്ത കാശും കളഞ്ഞു. രാജീവന് നഖം കടിച്ചു തുപ്പി.
‘ഇന്നുകൂടി നോക്കും…ഇല്ലെങ്കി മ്പള് മ്പളെ പണിക്കങ്ങട് പോവും…അത്ര തന്നെ…ഈനെക്കാളും വല്യ സിനിമാക്കാരൊക്കെ മ്പള് കണ്ടീന്…’
ജനവികാരം സിനിമാക്കാര് മനസ്സിലാക്കി. ഇനിയും അവരുടെ ക്ഷമ പരീക്ഷിച്ചാല്‍ അത് തങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കും. ഷൂട്ടിങ് നടക്കുകയുമില്ല. പക്ഷേ, എല്ലാവരും ഒരുമിച്ചെടുക്കുന്ന സീന്‍ ഇപ്പോള്‍ സാധ്യവുമല്ല. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് ആ സീന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
‘ഇനി കുറച്ചുനേരം എല്ലാവര്ക്കും താരങ്ങളൊത്ത് പടങ്ങളെടുക്കാം…’ പ്രൊഡക്ഷന്‍ കണ്ട്രോളര് അതിനിടയിലൊരു ബുദ്ധി പ്രയോഗിച്ചു. കേള്‍ക്കേണ്ട താമസം കയറു ചാടിക്കടന്ന് ആളുകള്‍ സെറ്റിലേക്ക് കുതിച്ചു.
നായികയൊത്ത് പടമെടുക്കാനാണ് ഏറെപ്പേരും ആഗ്രഹിച്ചിരുന്നതെങ്കിലും അന്ന് അവള്‍ക്ക് ചിത്രീകരണ വേളയില്ലായിരുന്നു. അത് ചിലരില്‍ നിരാശ പടര്‍ത്തി. അപ്രശസ്തയാണെങ്കിലും കാണാന്‍ ചന്തമുള്ളവളായിരുന്നു. കുറച്ചു ദിവസങ്ങളായി അവള് ചെമ്മിനിയങ്ങാടിയെ പ്രഭാപൂരിതമാക്കുന്നുണ്ട്.
‘അത് വളപ്പുള്ളി ലൈലേണെടോ…വേറേം കൊറേ സിനിമേല്ണ്ട്…’
‘ആ തള്ളയ്ക്കൊപ്പം പടമെട്ക്കാനോ…’
‘ഒര് ഹിന്ദിക്കാരത്തി ഡേന്‍സ് കളിക്കാന്‍ വരൂന്ന് പറഞ്ഞീന്യല്ലോ…?’
‘അനക്ക്ണ്ടാ കാറ്റ്…ഇമ്മാതിരി ഒണക്കല് മുക്കില്‍ വന്ന് ഹിന്ദിക്കാരിപ്പിള്ളേര് വന്ന് തുള്ള്കല്ലേ…?’
‘മാഡം ഒര് സെല്ഫിയെട്ക്കട്ടെ…’
അഞ്ചാറു സിനിമയില്‍ അഭിനയിച്ചെങ്കിലും തന്റെ പേരുപോലും ആര്‍ക്കുമറിയില്ല. കൂടെച്ചേര്ന്നൊരു പടമെടുക്കാന്‍ തന്നെയിതു വരെ ആരും വിളിച്ചിട്ടില്ല. പക്ഷേ, ഇപ്പോഴിതാ തന്നെ ഒരു നാടു മുഴുവനും സെല്‍ഫിയെടുക്കാന്‍ ക്ഷണിക്കുന്നു. മധ്യവയസ്സു പിന്നിട്ട താരം രോമാഞ്ചത്തോടെ എല്ലാത്തിനും നിന്നു കൊടുത്തു.
‘ഞാന്‍ പറഞ്ഞില്ലേ…ഇതൊക്കെ കാട്ടാക്കൂസ് നടമ്മാരാ…ആദ്യായിട്ടാവും ഓരെ കൂടെ ആള്‍ക്കാരൊക്കെ ചേര്‍ന്ന് പടമെടുക്കുന്നത്…’
പച്ചക്കുന്നന് ആളെ മക്കാറാക്കുന്ന മട്ടിലുള്ള വിഖ്യാതമായി ആ ഇളിയൊന്നു ഇളിച്ചു. എന്നാല്‍ ആ സമയം ആരും പച്ചക്കുന്നന്റെ വാക്കുകള്‍ ഗൗനിച്ചില്ല. എല്ലാവരും നടന്മാര്ക്കൊപ്പം പടമെടുക്കാനുള്ള ഓട്ടത്തിലായിരുന്നു.
അന്ന് ചെമ്മിനിക്കാരുടെ മൊബൈല്‍ സ്റ്റാറ്റസു മുഴുക്കെ ചായം തേച്ച മനുഷ്യര്‍ക്കൊപ്പമുള്ള പടങ്ങളായിരുന്നു
പതിനേഴ്
‘വെറ്തെ ക്ഷമ പരീക്ഷിക്കരുത്…’ മന്ദാരമാണ് പറയുന്നത്. മന്ദാരം മാത്രമാണ് പറഞ്ഞത്. അത്രയും പേരുണ്ടായിട്ടും അവരുടെയൊന്നും നാവ് അനങ്ങിയിരുന്നില്ല. കൂട്ടംകൂടി പിറുപിറുക്കുമെന്ന് മാത്രം. പളപളപ്പും പത്രാസുമുള്ളവരുടെ മുന്നില്‍ എക്കാലവും ചെമ്മിനിക്കാരുടെ വാക്കുകള്‍ കുനിഞ്ഞു നിന്നിട്ടേയുള്ളൂ. മന്ദാരത്തിന്റെ വാക്കുകള്‍ക്ക് എന്തെങ്കിലും ചലനമുണ്ടാക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്നേ തെക്കു നിന്നെങ്ങാണ്ടോ വന്ന ചില പെണ്ണുങ്ങളെയും കൂട്ടി അങ്ങാടിയിലിട്ട് ബ്രാ പച്ചയ്ക്ക് കത്തിച്ച ആളാണ്. ചെമ്മിനിയിലെ ആണുങ്ങള് കാലുറയില്‍ കയറും മുമ്പേ, ബെല്‍ബോട്ടം പാന്റും അയഞ്ഞ കുപ്പായവുമിട്ട് ലോകത്തെ അമ്പരപ്പിച്ച മന്ദാരത്തിടമ്പാണ്. ചെമ്മിനിയിലാദ്യമായി ഇരുചക്ര വണ്ടിയില്‍ ഒറ്റക്ക് സഞ്ചരിച്ച വീരാംഗനയാണ്…
സിനിമാ ചിത്രീകരണം തുടങ്ങി പതിനാലാം ദിനമാണ് മന്ദാരം ഒച്ച വക്കുന്നത്. എല്ലാവര്ക്കും അവസരമുണ്ട് കാത്തുനില്ക്കൂ എന്നൊക്കെ പറയുകയല്ലാതെ ഒന്നും നടക്കുന്നില്ല. കുഞ്ഞുണ്ണിക്കുറുപ്പിന് മാത്രമാണ് ഇതുവരെ ഒരവസരം ലഭിച്ചത്. ദിവസവും ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ സംവിധായകന് ആളുകളോട് ഒരുങ്ങി നില്ക്കാന് പറയും. കൃത്യമായ സമയത്തെക്കുറിച്ച് മാത്രം പറയുന്നില്ലതാനും. നാട്ടുകാരെ മൊത്തം ഒരു ഫ്രെയിമിനകത്ത് ഉള്‍പ്പെടുത്തിയേ തങ്ങള്‍ മടങ്ങൂവെന്നൊരു വാഗ്ദാനവും നല്‍കും. എന്നാല്‍, ലോട്ടറിക്കാരുടെ പരസ്യവാചകം പോലെ നാളെ നാളെ…എന്നു നീളുകയാണ്. പറഞ്ഞു പറഞ്ഞു അവസാനം സിനിമക്കാര്‍ മുങ്ങുമോ എന്നാണ് നാട്ടുകാരുടെ ഭയം.
മന്ദാര മാലയുടെ താക്കീതിന് ഫലമുണ്ടായി.
‘എല്ലാവരും വരൂ…’ സംവിധായകന് ജനത്തിനു നേരെ കൈവീശി. പിന്നീട് അയാള്‍ ഏതാനും ദൂരം കിഴക്കോട്ടു നടന്നു. ക്യാമറ അവിടേക്ക് തിരിച്ചുവെക്കാന്‍ അയാള്‍ അതിന്റെ ഓപ്പറേറ്റര്‍ക്ക് നിര്‍ദേശം നല്കി.
‘ഇവിടന്ന് ഒരു ജാഥയായിട്ട് വരണം…മുഖങ്ങളെല്ലാം വ്യക്തമായിരിക്കുകയും വേണം…’
കാണികള്‍ ഇളകി മറിഞ്ഞു. തങ്ങള്‍ കാത്തിരുന്ന നിമിഷം ഇതാ അടുത്തുവരുന്നു.
‘എല്ലാരും ഒരു മെഴുകുതിരി കത്തിച്ചുപിടിക്കണം…മെഴുകുതിരിയൊക്കെ ഞങ്ങള്‍ തരും…ഉല്‍സവ പ്രതീതിയുണര്‍ത്തും വിധം ഒരു ജാഥയായിട്ട് തന്നെ വരിക…ഓരോരുത്തരായി വരിനിന്നാട്ടെ..’
തിരക്കേറി. ബഹളമായി. പൊടിപാറി. കലാസംവിധായകന്‍ ആളുകളെ ഓരോന്നായി അണിനിരത്തി. മന്ദാരത്തെപ്പോലെ അല്പം കളറുള്ളവരെയെല്ലാം ജാഥയുടെ മുന്നില്‍ തന്നെ നിര്‍ത്തി.
‘എല്ലാവര്ക്കും അവസരമുണ്ട്…ആരും തിരക്കു കൂട്ടരുത്…’
രാജീവന് ഏറ്റവും അവസാനമാണ് ആ ജാഥയില്‍ വന്നുനിന്നത്. ഒറ്റയ്ക്കുള്ള ഒരു സീനായിരുന്നു അയാള്‍ പ്രതീക്ഷിച്ചിരുന്നത്. ഇനി അത് ലഭ്യമായേക്കില്ലെന്ന് അയാള്‍ക്ക് ഏറെക്കുറെ ഉറപ്പായി.
‘ഇനിയൊരു കൂട്ടയോട്ടമാണെങ്കില് അങ്ങനെ…കൂട്ടത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയവര്‍ പില്ക്കാലത്ത് ഏറെ പ്രശസ്തരായിട്ടുണ്ടല്ലോ…എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങള്‍…’ രാജീവന്റെ ഉള്ളില്‍ നിന്നൊരാള്‍ പറഞ്ഞുകൊണ്ടിരുന്നു.
പതിനെട്ട്
ശീലത്തിന് ഒരു മാറ്റവുമില്ല. തോര്‍ത്തുകൊണ്ട് തലയ്ക്കു ചുറ്റും ഒരു കെട്ടുണ്ടായിരിക്കും. അതിനുള്ളിലാണ് ബീഡി തിരുകിവക്കുക. ചെമ്മിനിയില് ഇപ്പോഴും ബീഡി വലിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വം മനുഷ്യനാണയാള്‍. കൂടെ വലി തുടങ്ങിയവരും ശേഷം പിറന്നവരുമെല്ലാം സിഗരറ്റിലേക്കും മറ്റു മുന്തിയ ഇനങ്ങളിലേക്കുമൊക്കെ മാറി.
തലക്കെട്ടിനുള്ളില്‍ തിരുകിവച്ച ബീഡിയെടുത്ത് കത്തിച്ച് കൊറ്റന്‍ പതിവു യാത്രക്കൊരുങ്ങി. നല്ല നിലാവുണ്ട്. നേരിയ മഞ്ഞുണ്ട്. ഞരമ്പുകളാാകെ കിരുകിരുക്കുന്നുണ്ട്. കഴിഞ്ഞ നാല്പതു വര്‍ഷമായി തുടരുന്ന യാത്രയാണത്. മോഷണത്തിനോ ആരെയെങ്കിലും പിടിച്ചുപറിക്കാനോ അല്ല അസമയത്തുള്ള ആ യാത്ര. എന്നാല്‍ പിന്നെ വല്ല ധ്യാനവുമിരിക്കാനാണോ എന്ന് ചോദിച്ചാല്‍ അതുമല്ല കാര്യം.
രാത്രിയിലുള്ള ഇറങ്ങിനടത്തത്തിനിടയിലാണ് അയാള്‍ നാട്ടിലെ പെണ്ണുങ്ങളുടെ ശരീരത്തിന്റെ അളവെടുക്കുക. അരഭാഗം ഇത്ര ഇഞ്ച്, നെഞ്ചിടം ഇത്രയിത്ര സെന്റിമീറ്റര്‍, ചുണ്ടില്‍ ഇത്ര ലിറ്റര്‍ ചോര…അയാളുടെ ഉള്ളില്‍ ഒരു മാപിനിയുണ്ട്. ഏതിരുട്ടിലും അത് പ്രവര്‍ത്തിക്കും. അടയ്ക്കാന്‍ മറന്നുപോയ ജനലിനുള്ളിലൂടെയോ അടച്ചിട്ടും മാറാത്ത വിടവിനുള്ളിലൂടെയോ അയാളുടെ കണ്ണുകള്‍ പാഞ്ഞുചെല്ലും.
ചെമ്മിനിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഏതാണ്ടെല്ലാ പെണ്ണുങ്ങളെക്കുറിച്ചും അയാള്‍ക്കറിയാം. അവരുടെ ആ ഭാഗത്ത് ചൊറിയുണ്ട്. ഇന്ന ഭാഗത്ത് മറുകുണ്ട്, മുളകുപോലൊരു മുറിവടയാളമുണ്ട്…നാലു പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍ പോലും അയാള്‍ പിടിക്കപ്പെട്ടിട്ടില്ല എന്നത് അതിശയകരമായൊരു വസ്തുതയാണ്. സോപ്പു തേച്ചുള്ള കുളിക്കിടയില്‍, ശയനമുറിയിലെ പ്രകടനത്തിനിടയില്‍ ഏതോ സുഷിരത്തിലൂടെ രണ്ടു കണ്ണുകള്‍ തങ്ങളെ പൊതിയുന്നുണ്ടെന്ന് ചെമ്മിനിക്കാര് ഭയപ്പെട്ടിരുന്നു. പതിയെ ഉള്ള കാലടി ശബ്ദം, നേര്‍ത്ത ചുമ, ബീഡിപ്പുകയുടെ മണം…ഇങ്ങനെ ചെറിയ ചെറിയ ലക്ഷണങ്ങള്‍ കിട്ടിത്തുടങ്ങിയാല്‍ ആളുകള്‍ തങ്ങളുടെ പ്രക്രിയകളെ പാതിനിര്‍ത്തി നെടുവീര്‍പ്പിടാറുണ്ട്. എന്നാല്‍ പുറത്തിറങ്ങി നോക്കിയാലോ വെളിച്ചമെറിഞ്ഞാലോ ആരെയും കാണുകയുമില്ല. ഇതു ചെയുന്നതാരാണെന്ന് എല്ലാവര്ക്കും അറിയാം. എല്ലാവരും പരസ്പരം ആളുടെ പേര് പറയുകയും ചെയ്യും. എന്നാല്‍ തെളിവു ശേഖരിക്കാനാകാതെ ആളെ പിടിക്കുന്നതെങ്ങനെ?
വട്ടന്‍ വിനിയുടെ പറമ്പിനടുത്ത് എത്തിയപ്പോഴാണ് വഴിവക്കിലെ മാവിന്‍കൊമ്പ് ഇളകുന്നത് ശ്രദ്ധയില്‍ പെട്ടത്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ കൊമ്പ് ഇളകാന്‍ കാരണമെന്താണ്? സാധാരണയായി ഇത്തരം കാര്യങ്ങളെക്കുറിച്ച് കൊറ്റന്‍ ആലോചിക്കാറില്ല. യക്ഷി, മറുത, പ്രേതം…തുടങ്ങിയവയെ എത്ര തവണ കണ്ടിരിക്കുന്നു. അപ്പോഴൊന്നും അവയെ തെല്ലും ശ്രദ്ധിക്കാതെ കടന്നുപോകാറാണ് പതിവ്. പക്ഷേ, അപ്പോള്‍ എന്തുകൊണ്ടോ അതൊന്ന് അറിയണമെന്ന് അയാള്‍ക്ക് തോന്നി.
മാവിന് കൊമ്പിലേക്ക് ഒരാള്‍ വലിഞ്ഞുകയറുന്നു. അയാളുടെ കൈയ്യില്‍ നീളന്‍ കയറുമുണ്ട്. അതോടെ, കൊറ്റന്‍ സംഗതി ഏറെക്കുറെ മനസ്സിലായി. തന്റെ രാത്രിസഞ്ചാരത്തിനിടയില്‍ അങ്ങനെ എത്ര ആത്മഹത്യാശ്രമങ്ങള്‍ കണ്ടിരിക്കുന്നു. അപ്പോഴൊന്നും അവരെ നിരുല്‍സാഹപ്പെടുത്തിയിട്ടില്ല. അവരെ അവരുടെ പാട്ടിനു വിടുകയാണ് പതിവ്.
‘എടോ പെണ്ണ്ങ്ങടെ കൊടവും കൊടച്ചക്രവുമൊക്കെ ശരിക്കും കണ്ടിട്ടുണ്ടോ?’ അപ്രതീക്ഷിതമായാണ് മാവിലേക്ക് വലിഞ്ഞുകയറുന്ന ചെറുപ്പക്കാരന് ആ ഒച്ച കേട്ടത്. അവന് ഒരു നിമിഷം ഞെട്ടിയെന്നത് നേരാണ്. നിലാവിലൂടെ ചുറ്റും കണ്ണോടിച്ചു. താഴെ ബീഡിയും വലിച്ചു നില്ക്കുന്ന ആളിനെ അവന് കണ്ടു.
‘ഇല്ല…’ ചെറുപ്പക്കാരന് വിഷാദച്ചുവയുള്ള സ്വരത്തില്‍ മറുപടി പറഞ്ഞു.
‘അതൊരിക്കെ കണ്ടാ പിന്നെ നീയിപ്പണിക്ക് നിക്കൂല…’ കൊറ്റന്‍ കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു. ‘വേണമെങ്കി വാ…താഴെയിറങ്ങ്…’
അതുകൂടെ കേട്ടതോടെ ചെറുപ്പക്കാരന്റെ കൈയ്യില്‍ നിന്ന് കയര്‍ താഴേക്ക് ഊര്‍ന്നുവീണു. അതിനെത്തുടര്‍ന്ന് ചെറുപ്പക്കാരന് താഴെക്കിറങ്ങാന് തുടങ്ങി.
കൊറ്റന്‍ ബീഡിപ്പുക നിരന്തരം തുപ്പി. നിലാവേറ്റ് തനിക്കു മുന്നില്‍ നില്ക്കുന്ന ചെറുപ്പക്കാരനെ അയാള്‍ തറഞ്ഞു നോക്കി. മുമ്പെവിടെയും കണ്ടിട്ടില്ല. എങ്കിലും നാടേതെന്നോ വീടേതെന്നോ അയാള്‍ ചോദിച്ചില്ല. ചെറുപ്പക്കാരനും എന്തോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, വിറച്ചുകളിച്ചതല്ലാതെ ചുണ്ടില്‍ നിന്ന് ഒരക്ഷരവും പുറത്തു വന്നില്ല.
‘നടക്ക്…’
കൊറ്റന്‍ മുന്നിലും അവന് പിറകിലുമായി നടന്നു. നിരത്തിന് ഇരുവശവും കൊയ്ത്തൊഴിഞ്ഞ വയലുകളായിരുന്നു. വയലിന് മുലകൊടുക്കുന്ന നിലാവ്. മഞ്ഞുപൊഴിയുന്ന മനോഹരമായ ശബ്ദം. ആരും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. വഴി വളയുന്നിടത്ത് കൊറ്റന്‍ സംശയിച്ചു നിന്നു.
‘അവടെ രണ്ടു കിളികളുണ്ട്…എപ്പോഴും ജനലും വാതിലും തുറന്നാ കെടപ്പ്…’ ഭകൊറ്റന് പറയുന്നതു കേട്ട് ചെറുപ്പക്കാരന്റെ ഉള്ളില്‍ കൊതിയൂറി. അവന്റെ സിരകളില്‍ ചുടുചോര പാഞ്ഞു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച കാര്യമേ അവന് മറന്നു.
‘കണ്മുനയാല് കടുകു വറക്കുന്ന പെണ്ണിനെ കണ്ടാലടങ്ങുമോ പുരുഷന്…എന്ന് പണ്ട് മ്പളെ നമ്പ്യാര്‍ പണ്ടൊര് കവിത എഴ്തീട്ട്ണ്ട്’
കൊറ്റന്‍ പിറുപിറുത്തു.
‘ഇതുവഴി നടക്കാം…’
നടക്കാന്‍ മാത്രമുള്ള ഒരു വഴിയായിരുന്നു അത്. മുല്ല പൂത്ത മണം തങ്ങിനില്ക്കുന്നു. ചെറുപ്പക്കാരന് മൂക്കുവിടര്‍ത്തി ആ ഗന്ധം ആവോളം നുകര്‍ന്നു.
‘എടോ…എന്റെ കണ്ണിലൂടെയാണ് ഈ നാട്ടിലെ പെണ്ണുങ്ങള് വളര്‍ന്നത്. പുഷ്പിച്ചത്. കൊഴിഞ്ഞു വീണത്…പത്തു നാല്പത് കൊല്ലായിട്ട്ള്ള കാര്യാണ്…’
കൊറ്റന്‍ മീശ പിരിച്ചു. ചെറുപ്പക്കാരന് അയാള്‍ക്കു മുന്നില്‍ വിനയം നടിച്ചു. അല്പം കൂടെ മുന്നോട്ടുപോയപ്പോള്‍ രണ്ട് ഒറ്റപ്പെട്ട വീടുകള്‍ കണ്ടു.
‘കച്ചവടം ചെയ്യാനിത്തിരി ഭൂമിയാണ് അവര്‍ ചോദിച്ചത്. എന്നിട്ടെന്തായി?’
പൊടുന്നനെ ആരോ പതുങ്ങിയ ശബ്ദത്തില്‍ സംസാരിക്കുന്നതു കേട്ടു. കൊറ്റന്‍ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി. ചെറുപ്പക്കാരന് അയാളെയും.
‘മൂന്നടി മണ്ണ് മാത്രമാണ് ആ കുള്ളന്‍ ചോദിച്ചത്. മൂന്നാമത്തെ ചവിട്ട് ആശാന്റെ തലമണ്ടയ്ക്കു തന്നെയായി..’
‘ഓ…അത് മ്പളെ മെമ്പറാ…ഫിറ്റായിക്കാണും…വല്ലപ്പോഴുമേ ഒന്ന് സേവിക്കൂ…സേവിക്കുമ്പോഴൊക്കെ ഫിറ്റാകുകയും ചെയ്യും…’
കുറച്ചപ്പുറമുള്ള വീടിന്റെ തുറന്ന ജനലയിലേക്ക് കൊറ്റന്‍ ചൂണ്ടുവിരല്‍ നീട്ടി. ‘തല്ക്കാലം ആദ്യം അവിടന്ന് തൊടങ്ങാം…അവിടെയുമുണ്ട് കിളികള്‍…’
അവര്‍ വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ പതിഞ്ഞിരുന്നു.
വര്‍ക്കി മെംബര്‍ ഒരു നാടകത്തിലെന്നോണം ചുവരുകളോട് സംസാരിക്കുന്നു. മൂലക്കുരുവിന്റെ നീറ്റല്‍ പോലെ അയാളെ കാര്യമായതെന്തോ അലട്ടുന്നുണ്ടെന്ന് തോന്നിച്ചു. എവിടെയും ഇരിക്കുന്നില്ല. നില്ക്കുന്നുമില്ല.
‘വിരുന്നുകാരായി വന്നവര്‍ നയത്തില്‍ രാജാക്കന്മാരാകുന്നു…’ മെംബര്‍ പൊടുന്നനെ മൂക്കുപൊത്തുന്നതു കണ്ടു. ‘ആരാണിപ്പോള്‍ എനിക്കെതിരെ ദുര്‍ഗന്ധങ്ങളെ അഴിച്ചുവിടുന്നത്. ആരാണ് എന്നെ ഇപ്പോള്‍ കക്കൂസ് വര്‍ക്കിയെന്ന് വിളിക്കുന്നത്…?’
കൊറ്റന്‍ ചുണ്ടില്‍ ചിരിപൊട്ടിയെങ്കിലും അയാളത് ശ്രമപ്പെട്ട് അമര്‍ത്തി. ‘വെള്ളമടിച്ച് പൂസായാപ്പിന്നെ ഇയാളെ വീട്ടുകാര്‍ പോലും തിരിഞ്ഞു നോക്കൂല…’ കൊറ്റന്‍ ചെറുപ്പക്കാരന്റെ ചെവിയില്‍ പിറുപിറുത്തു.
‘ശരിയാണ്…സിനിമാക്കാര്‍ക്ക് നാടു മുഴുവന്‍ കാണിച്ചുകൊടുത്തതും വേണ്ട ഒത്താശകള്‍ ചെയ്തതും ഞാനായിരുന്നു. ഒരുപക്ഷേ, അവരിവിടെ വന്നില്ലായിരുന്നെങ്കില്‍ ചെമ്മിനി മലയുടെ താഴ്വാരത്തെ സമരം വിജയിക്കുമായിരുന്നു….’
മെംബര്‍ പറഞ്ഞത് വാസ്തവമായിരുന്നു. സിനിമാ ബഹളങ്ങള്‍ക്കിടയില്‍ സമരം ദുര്‍ബലമാകുകയായിരുന്നു. സിനിമാ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് ആളില്ലാതെ സമരപ്പന്തല്‍ പൊളിഞ്ഞു വീണത്. അതിനു ചുറ്റും പുതിയ കമ്പിവേലികള്‍ ഉയര്‍ന്നു വന്നത്. മാലിന്യ വണ്ടികള്‍ കൂട്ടംകൂട്ടമായി പറന്നു വന്നത്…
ഒരു മരച്ചില്ല ഒടിഞ്ഞു വീഴും പോലെ പൊടുന്നനെ വര്‍ക്കി മെംബര്‍ നിലത്തേക്ക് പതിക്കുന്നത് അവര്‍ കണ്ടു. കൊറ്റന്‍ പൊടുന്നനെ മറവു ചാരി പതിയെ അവിടേക്ക് കുതിച്ചു. ഒരല്‍ഭുത ദൃശ്യം പോലെ മെംബര്‍ വീണിടത്ത് ഒരു വിള്ളലുണ്ടായി. ആ വിള്ളലിലേക്ക് മെംബറുടെ ശരീരം താനേ താഴ്ന്നുപോയി.
തന്റെ രാത്രിസഞ്ചാരത്തിനിടയില്‍ കൊറ്റനെ ആദ്യമായി ഭയം തീണ്ടി.
പത്തൊന്‍പത്
‘ദ്പ്പം ആറാം മാസാ…’
അപ്പുവൈദ്യരുടെ മരുന്നു കടയ്ക്കുമുന്നില്‍ വീണ്ടും കാലക്കണക്കിന്റെ വിരലുകള്‍ മടങ്ങി നിവര്‍ന്നു. ചെമ്മിനിയില് ഇപ്പോള്‍ അതൊരു പതിവായിരിക്കുന്നു. സിനിമാചിത്രീകരണം കഴിഞ്ഞുപോയിട്ട് ഏറെ നാളുകള്‍ കഴിഞ്ഞിരുന്നു. വേനല്‍ മായുകയും മരക്കൊമ്പുകളില്‍ തളിരിലകള്‍ ഉയിര്ത്തുതുടങ്ങുകയും ചെയ്തിരുന്നു.
‘എന്തൊക്കൈനി പുകില്…’
ചെമ്മിനിക്കാര്ക്ക് കൗതുകമുണ്ടായിരുന്നു. വെള്ളിത്തിരയില്‍ പുളഞ്ഞാടുന്ന മുഖങ്ങളെ ഓര്‍ത്ത് പലരും രോമാഞ്ചത്തോടെ കാത്തിരിക്കുകയായിരുന്നു.
‘രണ്ടു മാസം കഴിഞ്ഞാല്‍ റിലീസാവും എന്നാണ് പറഞ്ഞീന്യത്…’
‘പെണ്ണ്ങ്ങളെ പള്ള വീര്ക്കണ മാതിരി മാസക്കണക്കും പറഞ്ഞിട്ട് കാത്തിരിക്ക്യാ…’
‘വരും…വരാതിരിക്ക്യൊന്നുണ്ടാവൂല…ഇത്രേം മെനക്കെട്ട് പണിയെട്ത്ത് നേരൂം കാലൂം കളഞ്ഞത് കുട്ടിക്കളിയ്ക്ക് വേണ്ട്യൊന്ന്വല്ലല്ലോ…’
ചെമ്മിനിയുടെ സായാഹ്നങ്ങളില്‍ അതൊരു പതിവുസംഭാഷണമായി. ചായക്കടയില്‍, കല്‍ക്കെട്ടുകളില്‍, തോട്ടിറമ്പില്‍ ബീഡിപ്പുക പോലെ സിനിമാ സംബന്ധിയായ കിനാവുകള്‍ വട്ടമിട്ടു. വെള്ളിത്തിരയില്‍ തങ്ങളുടെ മുഖം എങ്ങനെയായിരിക്കും? അല്പം കൂടെ ചോറുക്കു കൂടില്ലേ? സിനിമയിറങ്ങിയാല്‍ ഈ ചെറിയ നാടിനെയും അതിലെ മനുഷ്യരെയും ലോകം മുഴുവന്‍ കാണും. ചെമ്മിനി പേരെടുക്കും. എന്നിട്ടു വേണം നെഞ്ചു വിരിച്ച് അടുത്ത പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍. ചെമ്മിനി വെറുമൊരു ഉണക്കല്‍ മുക്കല്ല…
‘അല്ലേലും കണ്ണാടീലാണ് എന്റെ ചൊറുക്ക് മുഴ്വോനും കാണുക…’ ലൂസ് വേലായുധനാണ്. നേരില്‍ കാണുന്നതിനേക്കാള്‍ സിനിമയിലാണ് തന്റെ ലാവണ്യം തെളിഞ്ഞുവരികയെന്ന് അയാള്‍ ഈയിടെയായി പറഞ്ഞു നടക്കുന്നുണ്ട്.
‘വേലായുധേട്ടാ…കണ്ണാടീനെ ടോപ്പാക്ക്യാലൊന്നും ചൊറുക്കങ്ങനെ കൂടൂലട്ടോ…മോത്തെ കുണ്ടും കുഴീം ടാറിട്ട് നെകത്തേണ്ടി വരും…’
അങ്ങാടിയിലെ ചെറുപ്പക്കാരെല്ലാം അയാളെ കളിയാക്കുകയും ചെയ്യും. അയാള്‍ക്കാകട്ടെ അതെല്ലാം ആസ്വാദ്യകരവും ആയിരുന്നു.
‘വേലായുധാ എന്താപ്പം അന്റെ സൂക്കേട്…?’ അപ്പുവൈദ്യര്‍ തല പുറത്തേക്കിട്ട് ചോദിച്ചു. വേലായുധന് ചുറ്റുമുള്ളവരെയെല്ലാം നോക്കി ഒന്നു ചിരിച്ചു. പിന്നെ തെല്ലുറക്കെത്തന്നെ പറഞ്ഞു.
‘വായുസ്സോഭം…’
അതുകേട്ട് ഉമ്മറുമാപ്പിള ഉറക്കെ ചിരിച്ചു. അയാളും മരുന്നു വാങ്ങാനെത്തിയതാണ്.
‘മാപ്പളേ വല്ലാതങ്ങട് കളിയാക്കണ്ടട്ടോ…ഉച്ചക്കിറ്ക്കിന്ള്ള മര്ന്നിനല്ലേ ങ്ങള് കാത്ത്നിക്കണത്…’ വേലായുധന് ഒന്നുലഞ്ഞതോടെ ഉമ്മറുമാപ്പിളയുടെ ചുണ്ടിലെ ചിരിവറ്റി.
‘എന്നാ കേട്ടോളീ…വളിവിടണത് ഒരു മോശം കാര്യൊന്ന്വല്ല…അത് പ്രകൃതി ചെയ്യിക്കണതാണ്…പ്രകൃതീല് വേണ്ടത്ര ഓക്സിജന്‍ ല്യാണ്ടാവുമ്പളേ പ്രകൃതി അങ്ങട് തീരുമാനിക്കും…വിടടാ വളി…’
‘പ്രകൃതി തരണതാണെങ്കീ പിന്നെ മര്ന്ന് വാങ്ങണതെന്തിനാ?’ ഉമ്മറുമാപ്പിള പെട്ടെന്ന് ചാടിയെണീറ്റു.
ലൂസ് വേലായുധന് അമര്‍ത്തിയൊന്നു നോക്കി. എന്നിട്ട് വളരെ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു.
‘അദ്പ്പം ആ മണം ങ്ങക്കൊന്നും പിടിക്കൂലല്ലോ…അതോണ്ടാ…’
‘വന്‍കിട മുതലാളിമാര്‍ക്ക് ഒര് തുള്ളി ചോരചിന്താതെ തന്നെ കാര്യം നടത്താന്‍ സാധിക്കും…ഇതൊക്കെ ഒരു പാഠാ…ഇപ്പൊത്തന്നെ നോക്ക്യേ ആ സമരം മുഴ്വോനും ഓര് പൊളിച്ചീലെ…ഒര് സിനിമാഷൂട്ടിങ്ങിന്റെ ചെലവ് മാത്രമേ ഓര്ക്ക്ള്ളൂ…’
ദോഷൈകദൃക്കായ പച്ചക്കുന്നന് അതിനിടയിലേക്ക് ആവശ്യമില്ലാതെ തലയിട്ടു. അതിനാല്‍ തന്നെ രസകരമായൊരു സംഭാഷണം മുറിഞ്ഞതിന്റെ മൂച്ചില്‍ അപ്പുവൈദ്യര്‍ അയാളെ രൂക്ഷമായി നോക്കി.
അപ്പോള്‍ ഗര്‍ജനത്തോടെ ഒരു ലോറി അങ്ങാടിയില്‍ വന്ന് ബ്രേക്കിട്ടു. രൂക്ഷമായ ഗന്ധമായിരുന്നു അതിന്. അത് പതിവില്ലാത്തതാണ്. ചെമ്മിനിക്കുന്നിലേക്കുള്ള മാലിന്യ വണ്ടികള്‍ രാവേറെ ചെന്നതിനു ശേഷം മാത്രമേ അതിലൂടെ കടന്നുപോകാറുള്ളൂ. സാമാന്യമായ ആ മര്യാദയും ലംഘിക്കപ്പെടുകയാണോ?
വാഹനത്തില്‍ നിന്നുള്ള ഗന്ധമേറ്റ് അങ്ങാടിയില്‍ ചിലര്‍ക്ക് തലചുറ്റി. ചിലര്‍ മൂക്കുപൊത്തി ഓടാന്‍ ശ്രമിച്ചു. അതിനിടയിലെപ്പോഴോ ആരോ ലോറിയുടെ നെറ്റിയിലെഴുതിയ കറുത്ത അക്ഷരങ്ങളെ ഞെട്ടലോടെ വായിച്ചു.
*സാവോ ഗബ്രിയേല്‍…
‘ആദ്യം ചിരിച്ചുകൊണ്ട് വരും…പിന്നെ ഒളിഞ്ഞിരുന്ന്…പിന്നെ പകല്‍ വെളിച്ചത്തില്‍…’
പച്ചക്കുന്നന് എന്തോ പറയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അയാള്‍ക്കത് മുഴുമിക്കാനായില്ല. ലോറിയുടെ അലര്ച്ചക്കുള്ളില് അതെല്ലാം അലിഞ്ഞു പോകുകയായിരുന്നു.
---------------------------------
*ഈ പേരിലുള്ള കപ്പലിലാണ് വാസ്കോഡ ഗാമ ആദ്യമായി ഇന്ത്യയിലെത്തിയത്.