
പറങ്കിക്കിളികള്

യാസര്‍ അറഫാത്ത്
ഒന്ന്
രാവണയാറ്…പത്ത് തലേള്ള ഒര് പിശാശ് തന്നെ…അതങ്ങനെ ഒഴ്കിത്തൊടങ്ങ്യാ…പൊരേം പറമ്പുമൊക്കെ എട്ത്തൊര് പാച്ചില്ണ്ട്…’
ചൊറി കയറിയ വലതുകാലിന്റെ പെരുവിരല്‍ കൊണ്ട് വര്‍ക്കി മെംബര്‍ നിലത്തുരച്ചു. വീണ്ടും കാല് ചെരിപ്പിനുള്ളില്‍ തിരുകി.
‘ഇവടെക്കെ കുഴിച്ചു നോക്ക്യാ ഇപ്പഴും ചത്പ്പാ…നദിയൊഴ്കിയേന്റെ പാട്കളാ അതൊക്കെ…’ വര്‍ക്കി മെംബര്‍ ആവേശത്തോടെ തുടരുകയായിരുന്നു. സാധാരണ നിലയില്‍ അത്രയൊന്നും ആവേശഭരിതനാകുന്ന ആളല്ല മെംബര്‍. വീര്‍ത്ത മുഖവും ഉടവു തട്ടാത്ത ചുണ്ടുകളുമാണ് എല്ലായ്പ്പോഴും അയാള്‍.
പൊടുന്നനെ ഒരു ഇരു ചക്രവാഹനം മെംബറുടെ നീട്ടിപ്പിടിച്ച കൈകളെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ കടന്നുപോയി. അയാള്‍ പക്ഷേ, ഞെട്ടിയില്ല.
‘ചത്പ്പിന് മേളില് മണ്ണിട്ടാ ഈ റോഡൊക്കെ ഒണ്ടാക്കീത്…’
‘അതേയ്…നമ്മടെ തടീടെ കാര്യം നമ്മള് തന്നെ നോക്കണം. കഥയും ചരിത്രവുമൊക്കെ നമുക്ക് റോഡ് മുറിച്ചു കടന്നതിനു ശേഷവും പറയാലോ…’
വളരെ നേരത്തിനു ശേഷമാണ് ചെറുപ്പക്കാരന് വായ തുറക്കുന്നത്. അതുകൊണ്ടു തന്നെ അതിനല്പം മുഴക്കം കൂടുതലുണ്ടായിരുന്നു. മെംബര്‍ അല്പമൊന്നു പകച്ചു.
നിരത്തിന്റെ ഇങ്ങേക്കരയില്‍ അവരങ്ങനെ നില്ക്കാന് തുടങ്ങിയിട്ട് ഏറെ നേരമായിരുന്നു.
‘പതിയെപ്പതിയെ പറഞ്ഞാല്‍ മതി…ഇനിയും ഏറെ നടക്കാനുണ്ടെന്നല്ലേ പറഞ്ഞത്…’ ചെറുപ്പക്കാരന് മെംബറുടെ മുഖത്തേക്ക് നോക്കി. നര വീണ പുരികങ്ങള്്. മുടികൊഴിഞ്ഞ ശിരസ്സ്, ഉറച്ച കൈത്തണ്ടകള്‍. വാക്കിന്റെ വാതില്‍ പോലെ ധൃതികൂട്ടുന്ന കണ്പീലികള്…
‘ചുരുക്കിപ്പറഞ്ഞാ രാവണാറ് മെര്ങ്ങി ണ്ടായ കരേണ് ഇത്…ആ പേരില്‍ തന്നെയിണ്ട് അതിന്റെ ചരിത്രം…’
പിന്നെയും ഒരു വാഹനം അവരെ ഏതാണ്ട് ഉരുമ്മിപ്പോയി.
‘ഭൂതവും ഭാവിയുമൊക്കെ പിന്നെയും പറയാം…ഇപ്പൊ നാലുപാടും നോക്കി നടന്നോളു…കാറ്റ് പോയാ പറഞ്ഞിട്ട് കാര്യണ്ടാവില്ല…’
ചെറുപ്പക്കാരന് മെംബറെ ശാസിക്കുന്ന രീതിയില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലേക്കുള്ള തിരക്കേറിയ പാതയായിരുന്നു അത്.
‘ചെറ്പ്പക്കാരാ..പേരെന്നന്നാ പറഞ്ഞത്…?’ വര്‍ക്കി മെംബര്‍ വീണ്ടും തിരിഞ്ഞു നിന്നു.
‘എന്തും വിളിക്കാം…മൃഗങ്ങളുടെയോ പക്ഷികളുടെയോ?’
‘എന്നാല്‍ ആല്‍മേഡ എന്നു വിളിക്കും…’
”പറങ്കിപ്പേര്…കൊള്ളാം…ഫുട്ബോളില്‍ പോര്‍ച്ചുഗലാണ് എന്റെ ഫേവറിറ്റ്…ലൂയിസ് ഫിഗോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ….’
തെല്ലൊരു നേരത്തേക്ക് നിരത്തിലെ തിരക്കുകള്‍ കുറഞ്ഞു. ആ വേളയില്‍ അവര്‍ റോഡ് മുറിച്ചു കടന്നു. ഒരു വലിയ നദിയെ നീന്തിക്കടന്നതു പോലെയാണ് ചെറുപ്പക്കാരന് തോന്നിയത്. വസ്ത്രങ്ങളിലെല്ലാം നനവു തട്ടിയിട്ടുണ്ടെന്ന പോലെ ഒരു തരം അസ്വസ്ഥത ഏതാനും നിമിഷത്തേക്ക് അവനെ ചൂഴ്ന്നു.
‘ഇനിയങ്ങോട്ട് ചെറിയ വഴികളാണ്…’
വര്‍ക്കി മെംബര്‍ റോഡില്‍ നിന്ന് താഴേക്കിറങ്ങിക്കഴിഞ്ഞിരുന്നു. ഒരാള്‍ക്കു മാത്രം കടന്നുപോകാവുന്ന വീതികുറഞ്ഞൊരു പാത. ഇരുവശവും ഉയര്‍ന്ന മതിലുകള്‍. മതിലുകള്‍ക്കുള്ളില്‍ വീടുകള്‍. വീടുകളില്‍ നിന്ന് പതുങ്ങിയ ശബ്ദങ്ങള്‍. കാല്‍നടയെ ദുഷ്കരമാക്കും വിധം വഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അല്പദൂരം മുന്നോട്ടു പോയപ്പോള്‍ വിശാലമായ വയലുകള്‍ തെളിഞ്ഞു വന്നു.
‘അതു കണ്ടോ…നെഹ്റുവദ്ദേം കൊടുത്ത കാശിനെക്കൊണ്ട് പട്ത്ത ഇസ്കൂളാ…’
വര്‍ക്കി മെംബര്‍ പൊടുന്നനെ ഇടതുവശത്തേക്ക് വിരല്‍ ചൂണ്ടി. അപ്പോള്‍ മാത്രമാണ് അവിടെ അങ്ങനെയൊരു വിദ്യാലയം ഉണ്ടെന്ന് ചെറുപ്പക്കാരന് ശ്രദ്ധിച്ചത്. ഓടുപാകിയ ഇളം മഞ്ഞനിറത്തിലുള്ള നീളന്‍ കെട്ടിടം…
‘സാധാരണ സ്കൂളൊന്നുമല്ല…സ്വാതന്ത്ര്യ സമരത്തിലൊക്കെ പങ്കെട്ത്ത ഒരാളാണിത് നിര്‍മിച്ചത്. വല്യ വല്യ നേതാക്കമ്മാരെല്ലാം ഇവിടെ വന്നു പോയിട്ടൊണ്ട്…’
ചെറുപ്പക്കാരന് അലസമായി നോക്കി.
‘ഇവിടെ ആരും സാറേ മാഷേ എന്നൊന്നും വിളിക്കത്തില്ല..ചേട്ടനും ചേച്ചിയുമൊക്കെയാണ്…’
‘ഊം..’
വയലിനു കുറുകെ പുതുതായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഫുട്പാത്തിലേക്ക് അവര്‍ കയറി. ഇളം തണുപ്പുള്ള കാറ്റ്. വെയിലു മൂത്തിട്ടില്ല. എതിരെ സൈക്കിളില്‍ ഒരു ചെറുപ്പക്കാരന് വന്നു. അവര്‍ വളരെ ശ്രമപ്പെട്ട് വഴികൊടുത്തു.
‘നടക്കാനൊണ്ടാക്കിയതാണ്…ചക്രമുരുട്ടാനല്ല…’ വര്‍ക്കി മെംബറുടെ മുരള്‍ച്ച സൈക്കിളുകാരന് കേട്ടില്ല.
നടപ്പാതയുടെ അറ്റത്ത് ചെറിയൊരു തോടുണ്ടായിരുന്നു. ഒഴുക്കു പാടെ നിലച്ചു കിടക്കുന്നു. അതിനു മുകളില്‍ മനോഹരമായൊരു പാലം. വര്‍ക്കി മെംബര്‍ പാലത്തിന്റെ കൈവരിയില്‍ ഇരുന്നു.
‘കണ്ടോ..തോടു മുഴ്വോനും കുപ്പിയും ചണ്ടിയുമാ…’
‘ആളെ പറഞ്ഞിട്ടെന്തു കാര്യം..? ഇത്ര മനോഹരമായൊരു ഇടം കണ്ടാല്‍ ആരാണ് ഒന്ന് മിനുങ്ങാതെ പോവുക… ‘
‘ആള്കള്…ഹും..’
‘കാരണവര്‍ക്ക് ആളുകളോട് എന്തോ ദ്വേഷ്യം ഉള്ളതു പോലെ…’ ചെറുപ്പക്കാരന് വെറുതെ ഒരു വാക്കു പറഞ്ഞു.
‘ആല്മേഡാ…ആള്കള്ടെ സ്വഭാവം…’ വര്‍ക്കി മെംബറുടെ മുഖം പൊടുന്നനെ ഇരുണ്ടു. അയാളുടെ ശരീരം വിറക്കുന്നത് ചെറുപ്പക്കാരന് ഭീതിയോടെ നോക്കി നിന്നു.

രണ്ട്
ചെമ്മിനി പഞ്ചായത്തിലെ ഉപാധ്യക്ഷനായിരുന്നു വര്‍ക്കി. അക്കാലത്തു മാത്രം നടപ്പില്‍ വന്ന പെണ്ണു സംവരണം ഇല്ലായിരുന്നെങ്കില്‍ വര്‍ക്കി മെംബര്‍ പ്രസിഡന്റു തന്നെയായേനെ. കണ്ണിലെ കറുത്ത ഗോളത്തിന്റെ പേരെന്താണെന്ന് ചോദിച്ചാല്‍ ഏതൊരു ചെമ്മിനിക്കാരനും വര്ക്കിച്ചന് എന്നു പറയുന്ന കാലം.
ഉപാധ്യക്ഷനാണെങ്കിലും റോഡു വെട്ടല്‍, ഇടവഴി വികസനം, ശൗചാലയ നിര്‍മാണം തുടങ്ങി നാടിന്റെ സകല കാര്യങ്ങളും ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്ന കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു വര്‍ക്കി. ആ നിലയില്‍ വര്‍ക്കിച്ചനും കൂട്ടരും നടത്തിയ ഒരിടപെടലാണ് അയാളുടെ പേരിനെ എന്നെന്നേക്കുമായി വികലമാക്കിത്തീര്‍ത്തത്.
ചെമ്മിനിക്കോളനിയിലെ ഏതാനും കുടുംബങ്ങള്‍ക്ക് കക്കൂസു നിര്‍മിക്കാന്‍ മുകളില്‍ നിന്നനുവദിച്ച ഫണ്ട് വര്‍ക്കി മെംബറും കമ്മിറ്റിയും വക മാറ്റിയതായിരുന്നു പ്രശ്നം. നേരു പറഞ്ഞാല്‍ അതില്‍ നിന്നൊരു നയാപ്പൈസ മെംബറോ കമ്മിറ്റിക്കാരോ കുടുംബത്തിലേക്ക് കൊണ്ടു പോയിട്ടില്ല. സര്‍ക്കാറിന്റെ സഹായത്തിനു കാത്തു നില്‍ക്കാതെ തന്നെ കോളനിക്കാര്‍ വീടും തെണ്ടാസുകളുമെല്ലാം നേരത്തേ മിനുക്കിയെടുത്തിരുന്നു. ഈയൊരു കാഴ്ചയുടെ പുറത്താണ് വര്‍ക്കിച്ചായനും വികസനക്കമ്മിറ്റിക്കാരും മറ്റൊരു തീരുമാനമെടുത്തത്. എന്നിട്ടും പത്രപ്രമുഖരുടെ പ്രാദേശിക കോളങ്ങളില്‍ ഒരു തീട്ടപ്പുഴുവായി ആ വാര്‍ത്ത നുരഞ്ഞു.
പ്രതിപക്ഷം കൊമ്പുകുലുക്കിയെഴുന്നേറ്റു. അതുവരെ താങ്ങിനിന്ന ജനക്കൂട്ടവും പാര്‍ട്ടിയും മെംബറെ പൊടുന്നനെ കൈയ്യൊഴിഞ്ഞു.
നടവഴികള്‍ കക്കൂസു വര്‍ക്കിയെന്ന് നീട്ടി വിളിച്ചു. അയാളെ കാണുന്ന മാത്രയില്‍ മൂക്കുപൊത്തി കാറ്റ് ചതഞ്ഞ ചിരി ചിരിച്ചു.
‘പറഞ്ഞതെന്താണെന്നു വച്ചാ..ആള്‍ക്കാരെ നമ്പര്ത്..’
മുറുകി നില്ക്കുന്ന മുഖത്തേക്ക് നോക്കി ചെറുപ്പക്കാരന് നെടുവീര്‍പ്പിട്ടു
ബസ് സ്റ്റാന്‍ഡില്‍ ചെമ്മിനിയിലേക്കുള്ള ബസ് കാത്തു നില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരാളെ പരിചയപ്പെടുന്നത്. ബസ് വരാന്‍ നേരം വൈകിയതിനാല്‍ ഇനിയെന്തു വഴി എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് പ്രത്യേകിച്ച് ഒരാകുലതയുമില്ലാതെ ഒരാള്‍ മുന്നില്‍ നില്‍ക്കുന്നത് കണ്ടത്. ഭാഗ്യത്തിന് അയാളും തനിക്ക് പോകേണ്ട സ്ഥലത്തേക്കു തന്നെയായിരുന്നു.
മൂന്ന്
ചെമ്മിനിക്കൊമ്പന് എന്നായിരുന്നു പേര്. ചെമ്മിനിയിലേക്ക് ആദ്യമായി ഓട്ടം തുടങ്ങിയ പൊതുവാഹനം. ഒരു കൊമ്പന്റെ എടുപ്പുണ്ടെന്ന് ആര്‍ക്കും തോന്നുമായിരുന്നു. കരിമ്പിന് തോട്ടത്തില്‍ മേയുന്ന ആനയുടെ ചിന്നംവിളിയോടെ അത് ചെമ്മിനിയുടെ നിരത്തിലൂടെ ഉരുണ്ടു.
ഒരുപക്ഷേ, ആ പേരു നല്കിയ കൗതുകം മാത്രമായിരുന്നു വര്‍ക്കിയെ ചെമ്മിനിയിലേക്ക് എത്തിച്ചത്. കൃഷിയെല്ലാം നശിച്ച് അപ്പനും മകനും രണ്ടു വഴിയായി പിരിഞ്ഞതില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. മുത്തപ്പന് പുഴയിലെ വനാന്തരങ്ങളില്‍ നിന്ന് വര്‍ക്കി ബസ്സു കയറി. സാമൂതിരിയുടെ നഗരത്തിലാണ് അവന് എത്തിപ്പെട്ടത്. ചെറിയ ചെറിയ ജോലികള്‍ ലഭിച്ചതിനാല്‍ അവിടെ കുറച്ചു നാള് തുടരാനായി. ഒന്നു രണ്ടു മാസം ജോലി ചെയ്തപ്പോഴേക്കും മാറ്റം വേണമെന്നൊരു തോന്നല്‍ അവനെ വലംവയ്ക്കാന്‍ തുടങ്ങി. നഗരത്തില്‍ തൊഴിലുണ്ട്. ഭക്ഷണമുണ്ട്. പക്ഷേ, സ്വസ്ഥജീവിതം മാത്രമില്ല. വാഹനങ്ങളുടെയും ആള്‍ക്കൂട്ടത്തിന്റെയും ഇരമ്പല്‍ അത്രമേല്‍ അരോചകമാണ്. ഈ വിചാരവുമായി മാനാഞ്ചിറക്കു ചുറ്റും തിരിഞ്ഞു നടക്കുമ്പോഴാണ് അവന് ആ ബസ് കാണുന്നത്. ആര്‍ക്കാണ് ഒരു മാറ്റമൊക്കെ ഇഷ്ടമില്ലാത്തത്?
കൃത്രിമ വെളിച്ചങ്ങള്ക്കുള്ളിലായിരുന്നു അപ്പോള്‍ നഗരം. വര്‍ക്കി ബസിലേക്ക് പാഞ്ഞു കയറി. ബസില്‍ തിരക്കുണ്ടായിരുന്നെങ്കിലും കുറച്ചുദൂരം കഴിഞ്ഞപ്പോഴേക്കും ഇരിക്കാന്‍ സ്ഥലം കിട്ടി. ആകപ്പാടെ വിയര്‍പ്പു മണക്കുന്നൊരു ശരീരമായിരുന്നു ബസ്. ആരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ആള്‍ത്തിരക്കിനിടയിലൂടെ നീണ്ടു വന്ന കൈയ്യില്‍ പണം കൊടുത്ത് സ്ഥലം പറഞ്ഞു.
വളരെ സാവധാനം സഞ്ചരിക്കുന്നൊരു ബസായിരുന്നു അത്. എല്ലാ സ്റ്റോപ്പിലും ആളുകള്‍ ഇറങ്ങാനുണ്ടായിരുന്നു.
‘രാമനാട്ടുകര…’
‘രാമനാട്ടുകര..’
ബസ്സു ജീവനക്കാര്‍ അലറിവിളിക്കുന്നതു കേട്ടു. അധികം വൈകാതെ ബസ് നിശ്ചലമാകുകയും ചെയ്തു. അതിനെത്തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി.
‘ഇത് അവസാനത്തെ സ്റ്റോപ്പാണോ?…’ വലിയ ഉല്കണ്ഠകളൊന്നുമില്ലാതെയാണ് വര്‍ക്കി ചോദിച്ചത്.
‘രാമനാട്ടുകരയിലേക്കാണോ ടിക്കറ്റെടുത്തത്..?’
‘ ഇതിന്റെ ഓട്ടം എവിടെയാണ് അവസാനിക്കുന്നത്..അതുവരെ ഞാനുമുണ്ടാകും…’ വര്‍ക്കിയുടെ മറുപടി കണ്ടക്ടറുടെ മുഖത്തെ അല്പം വികൃതമാക്കി. രാമനാട്ടുകരയില്‍ നിന്ന് ചെമ്മിനിയിലേക്ക് ഈ സമയം ആരും ഉണ്ടാകാറില്ല. എട്ടുമണിക്കു മുന്നേ ഉറങ്ങുന്നതാണ് ചെമ്മിനിയങ്ങാടിയുടെ ശീലം. അത് അവര്‍ക്കൊരു സൗകര്യമായിരുന്നു. അതുകൊണ്ടാണ് എല്ലാ ദിവസവും ചുണ്ടില്‍ ചായം തേച്ച ഒരു സ്ത്രീ നഗരത്തില്‍ നിന്നും കയറുന്നത്. ബസിലെ ശൃംഗാരവും അങ്ങാടിയിലെ ബസു ജീവനക്കാരുടെ ഒറ്റമുറിയിലെ വാസവും കഴിഞ്ഞ് ചെമ്മിനിയില് നിന്നുള്ള ആദ്യത്തെ ട്രിപ്പില്‍ തന്നെ ആ സ്ത്രീ മടങ്ങിപ്പോവും. നാട്ടിലാരും നാളിതുവരെ ഈ സംഗതി അറിഞ്ഞിട്ടില്ല. ഒരുപക്ഷേ, ആദ്യമായിട്ടാണ് ഒരാള്‍ ഇതറിയാന്‍ പോകുന്നത്. കണ്ടക്ടര്‍ തന്റെ നെറ്റിയിലെ ചുളിവു നേരെയാക്കാന്‍ ശ്രമിച്ചു.
‘അവിടെ എവിടേക്കാണ്…?’ അതിനു മറുപടി പറയുന്നതിനു പകരം മറ്റൊരു ചോദ്യത്തിലേക്കാണ് അവന് കണ്ടക്ടറെ കൊണ്ടുപോയത്.
‘വലിയ സ്ഥലമാണോ ചെമ്മിനി? അവിടെ വാടകക്ക് താമസിക്കാന്‍ മുറി വല്ലതും കിട്ടുമോ?’
‘എട്ടുമണിക്കു തന്നെ പാതിരാത്രിയുടെ പ്രതീതിയാണ്…സന്ധ്യ കഴിഞ്ഞാല്‍ തന്നെ ഏകദേശം കടകളെല്ലാം പൂട്ടും…താമസിക്കാന്‍ സ്ഥലം കിട്ടാനൊക്കെ പാടാണ്…’
വര്‍ക്കി അല്പനേരത്തേക്ക് ഒന്നും പറഞ്ഞില്ല. മുന്നിലെ സീറ്റിലിരിക്കുകയായിരുന്ന സ്ത്രീയുടെ അരികിലേക്ക് ബസിലെ കിളി ചേര്‍ന്നിരിക്കുന്നത് അവന് കണ്ടു. ഇരുന്ന പാടെ അയാളുടെ കൈ അവളുടെ തോളില്‍ ചുറ്റുകയും ചെയ്തു.
‘ബസിന്റെ പേരു കണ്ടപ്പോള്‍ കയറിയതാ..എനിക്കാണെങ്കില്‍ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ല…തല്ക്കാലം ഈ രാത്രി വെളുപ്പിക്കാന്‍ ഒരിടം കിട്ടിയാല്‍ മതി…’ ഒരു സ്വപ്നത്തില്‍ നിന്നുണര്ന്നതുപോലെ വര്‍ക്കി പറഞ്ഞു.
‘ചെമ്മിനിയങ്ങാടിയിലെ പീടികകള്‍ക്ക് വരാന്തകള്‍ പോലുമില്ല…അതിനാല്‍ തെണ്ടിത്തിരിഞ്ഞെത്തുന്നവര്ക്ക് അവിടെയൊരു സൗകര്യവും ലഭിച്ചേക്കില്ല…’ കണ്ടക്ടര്‍ തലചൊറിഞ്ഞു. അല്പനേരത്തെ നിശബ്ദതക്കു ശേഷം വീണ്ടും തുടര്‍ന്നു.
‘നിങ്ങള്‍ക്കിനി തിരിച്ചുപോവാനും എളുപ്പമല്ല…അത്രയും ദൂരം നടക്കേണ്ടി വരും…അതും വെളിച്ചമൊന്നുമില്ലാത്ത വഴികളിലൂടെ…’
വര്‍ക്കി അതിന് മറുപടിയൊന്നും പറഞ്ഞില്ല. മുന്നിലെ ഇരിപ്പിടത്തില്‍ കിളി സ്ത്രീയെ അമര്‍ത്തി ചുംബിക്കുന്നതു കണ്ടു.
‘പിറകിലെ സീറ്റ് കണ്ടോ? അതില്‍ ഒരുവിധം നിവര്‍ന്നു കിടക്കാം…ഒറ്റ രാത്രിക്കല്ലേ…പിന്നെ രാവിലത്തെ കാര്യത്തിന്…ഞങ്ങള്‍ മൂന്നുപേരും താമസിക്കുന്ന ഒരു ചെറിയ മുറിയുണ്ട്…അവിടെ കാര്യങ്ങള്‍ സാധിക്കുകയുമാവാം..’
കണ്ടക്ടറുടെ ഔദാര്യം വര്‍ക്കിയുടെ മുഖത്ത് ആശ്വാസമായി വിരിഞ്ഞു. അവന് നന്ദിയോടെ അയാളെ നോക്കി.
‘പിന്നെയൊരു കാര്യം….നേരം പുലരുന്നതു വരെ നീ ബസ്സില്‍ നി് പുറത്തിറങ്ങരുത്. ഞങ്ങള്‍ക്ക് ചില സ്വകാര്യ ഇടപാടുകളുണ്ട്..’
ബസ് നിശ്ചലമായി. ഡ്രൈവര്‍ മൂരിനിവര്‍ന്ന് കോട്ടുവാ വിട്ടു. പിറകിലേക്ക് തിരിഞ്ഞ് വെള്ളക്കുപ്പിയെടുത്ത് അതില്‍ നിന്ന പകുതിയോളം കുടിച്ചു. കുപ്പി യാഥാസ്ഥാനത്തു തന്നെ തിരികെ വച്ച് അയാള്‍ എഴുന്നേറ്റു. അയാള്‍ക്കു പിറകെ കിളിയും പെണ്ണും ഇറങ്ങി നടന്നു.
‘അപ്പോ പറഞ്ഞതു പോലെ…’ കണ്ടക്ടര്‍ തന്റെ ബാഗ് കക്ഷത്തില്‍ ഇറുക്കി വച്ച് ബസിന്റെ സൈഡ് കര്‍ട്ടനുകള്‍ താഴ്ത്തി പതുക്കെ പുറത്തേക്ക് ഇറങ്ങി നടന്നു. പുറത്തു നിന്നും അപ്പോള്‍ മനോഹരമായ ശബ്ദത്തില്‍ സ്ത്രീയുടെ ചിരി കേട്ടു.
ഇരുട്ടിന് പിന്നീട് പെണ്‍ചിരിയുടെ താളമായിരുന്നു.
നാല്
വര്‍ക്കി പിന്നീട് തിരിച്ചു പോയില്ല. അടുത്ത രാത്രിയില്‍ ചെമ്മിനിക്കൊമ്പന് ഓട്ടം അവസാനിപ്പിക്കുമ്പോഴേക്കും അന്തിയുറങ്ങാന്‍ അവനൊരു ഇടം ലഭിച്ചിരുന്നു.
ചെമ്മിനി മലയുടെ താഴ്വരയില് കല്ലുവെട്ടുതൊഴിലാളികള്ക്കായി ഒരുക്കിയ താല്‍ക്കാലിക വിശ്രമസ്ഥലത്തിലായിരുന്നു അത്.
താഴ്വരയില് മണ്ണെടുപ്പിന്റെയും കല്ലുവെട്ടലിന്റെയും കാലം തുടങ്ങിക്കഴിഞ്ഞിരുന്നു. ചെമ്മിനിയിലെ കല്ലും മണ്ണും തേടി പുറമേ നിന്ന് ലോറികള്‍ വന്നു. അവയുടെ ചക്രങ്ങളുരുണ്ടുണ്ടായ പൊടിയില്‍ വഴിവക്കിലെ ഇലകളുടെയും ശിഖരങ്ങളുടെയും നിറം മാറാന്‍ തുടങ്ങി.
കല്ലുവെട്ടല്‍ കാലം തുടങ്ങിയതോടെ ചെമ്മിനിയില് നിന്ന് പുറമേക്ക് തൊഴില്‍ തേടിപ്പോകുന്നവരുടെ എണ്ണം കുറഞ്ഞു. വര്‍ക്കിയും കല്ലുവെട്ടലിന്റെ കലയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കാഴ്ചയില്‍ നിന്നു വ്യത്യസ്തമാണ് വര്‍ക്കിയെന്ന് വളരെ പെട്ടെന്നു തന്നെ ആളുകള്‍ക്ക് ബോധ്യപ്പെട്ടു. വര്‍ക്കിയുടെ നീണ്ടു മെലിഞ്ഞ കൈകളില്‍ പാറകള്‍ എളുപ്പം മെരുങ്ങി. അതിരാവിലെ കല്ലുവെട്ടു കുഴിയിലേക്ക് ഇറങ്ങുകയും തളര്ച്ചയൊട്ടുമില്ലാതെ അധ്വാനിക്കുകയും ചെയ്തു. സാധാരണയില്‍ കവിഞ്ഞ് ഭക്ഷണം കഴിച്ചു.
ചെമ്മിനിയില് എന്തിനു വന്നുവെന്നോ എങ്ങനെയെത്തിപ്പെട്ടെന്നോ വര്‍ക്കി ആരോടും പറഞ്ഞില്ല. ചിലര്‍ അതേപ്പറ്റി അന്വേഷിച്ചെങ്കിലും സമര്‍ഥമായൊരു ചിരിയിലൂടെ അവന് എല്ലാത്തിനെയും ഒതുക്കിക്കളഞ്ഞു. നാടിന് വളരെ വേണ്ടപ്പെട്ടവനായി വര്‍ക്കി പെട്ടെന്ന് മാറി. കല്യാണപ്പുരകള്‍, മരണവീടുകള്‍, വായനശാല തുടങ്ങി എല്ലാ സ്ഥലത്തും അവന് എത്തിപ്പെട്ടു. ആവശ്യപ്പെടുന്നവര്‍ക്ക് എല്ലാ സഹായങ്ങളും അവന് നല്കി.
വര്‍ക്കി ചെമ്മിനിപ്പഞ്ചായത്തംഗമായതില് ഒരല്ഭുതവും ഇല്ലായിരുന്നു.