
പറങ്കിക്കിളികള്

യാസര്‍ അറഫാത്ത്
അഞ്ച്
‘അതാ…പറഞ്ഞത്…ആള്ക്കാര്ടെ സ്വഭാവം…ഒന്നിനേം വിശ്വസിക്കാന്‍ കൊള്ളത്തില്ല…’
വര്‍ക്കി മെംബര്‍ ഒന്നു കിതച്ചു. വിയര്‍ക്കാന്‍ തുടങ്ങിയ ശരീരത്തിലേക്ക് തല ചെരിച്ച് ഊതാന്‍ തുടങ്ങി. ആള്‍ക്കൂട്ടത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഇപ്പോള്‍ താനൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് ആല്‍മേഡ തല ചൊറിഞ്ഞു.
‘ഒരു കരിഞ്ഞ മണം വരുന്നുണ്ടല്ലോ…’ പൊടുന്നനെ മൂക്കിലേക്കിടിച്ചു കയറിയ ഗന്ധത്തില്‍ അവന് അസ്വസ്ഥനായി.
‘ചെവി വട്ടം പിടിച്ച് നോക്ക്…ആരൊക്കെയോ കരയുന്നതും കേള്‍ക്കുന്നില്ലേ…’
‘ശരിയാണ്…എന്തൊരു കരച്ചിലാണ്…എവിടെ നിന്നാണിത്…നമുക്കവിടെ വരെ ചെന്നു നോക്കിയാലോ?’
അവന്റെ മുഖം വിവര്‍ണമായി.
‘കുറച്ചപ്പുറം ഒരു കുന്നുണ്ട്..കൊലക്കുന്ന് എന്നാണ് അതിന്റെ പേര്…അവിടെ നിന്നാണ് ആ ശബ്ദം കേള്‍ക്കുന്നത്…’
‘കൊലക്കുന്നോ?’ ആല്‍മേഡ ഒന്നു ഞെട്ടിയെന്നു തോന്നിച്ചു.
‘അതെ..ആളുകളെ കൊലക്കു കൊടുക്കുന്ന സ്ഥലം…പോളേട്ടന്റെ ശുചീകരണ സ്ഥലം… ‘
അവന്റെ കണ്ണുകള്‍ തുറിച്ചുന്തി. ‘അങ്ങനെയുള്ള സ്ഥലങ്ങളെക്കുറിച്ച് ചരിത്രപുസ്തകങ്ങളില്‍ എമ്പാടും കേട്ടിട്ടുണ്ട്…അതെല്ലാം പക്ഷേ, അവസാനിച്ചില്ലേ…’
‘ചരിത്രത്തിലെ നിലവിളികള്‍.’
രണ്ടു പേര്ക്കിടയില് പിന്നീട് നിശബ്ദത പരന്നു. വെയിലിനു ചൂടേറി വന്നു. മെംബര്‍ പതുക്കെ പാലത്തിന്റെ കൈവരിയില്‍ നിന്നെഴുന്നേറ്റു. പിന്നീട് ആ കഥ വളരെ ചുരുക്കി പറഞ്ഞു കൊടുത്തു.
‘പോളേട്ടന്റേതായിരുന്നു ഇക്കാണായ നിലങ്ങളെല്ലാം. കടുങ്ങോഞ്ചിറ, അഴിയിലം, ചെമ്മിനി, കാരാട്…തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇയാളുടെ അനുമതിയില്ലാതെ ഒന്നും സാധ്യമായിരുന്നില്ല. രാജാക്കന്മാരെക്കാളും വലിയ രാജാവ്… ‘
ആല്‍മേഡ തന്റെ ചെവികള്‍ കൂടുതല്‍ വിടര്‍ത്തി.
‘പോളേട്ടന് ഒരൂസം ഒര് നെയമങ്ങട്ടിറക്കി…കൃഷി ചെയ്യുന്നവന്മാര് മാത്രം ഇന്നാട്ടില് ജീവിച്ചാ മതി…മറ്റുള്ളവന്മാരൊന്നും എന്റെ ഭൂമിയില്‍ വേണ്ട. മരപ്പണിക്കാരെയും കല്‍പ്പണിക്കാരെയും വൈദ്യന്മാരെയുമെല്ലാം അയാളുടെ കിങ്കരന്മാര് പിടിച്ചു കൊണ്ടു പോയി. കൊലക്കുന്നിനു മുകളിലൊരുക്കിയ പ്രത്യേക അറയില്‍ അവരെ കുടുംബ സമേതം തീയിട്ടു…ആ എല്ലുകള്‍ പൊട്ടുന്ന ഒച്ചയാണ്…ആ കൂട്ട നിലവിളിയാണ്…ചെറുപ്പക്കാരാ നിങ്ങളുടെ കേള്‍വിയെ ഇപ്പോള്‍ അലങ്കരിച്ചത്.’
‘നമുക്ക് എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കണം…എനിക്കിത് കേള്‍ക്കാന്‍ വയ്യ…’
‘ചരിത്രത്തില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല…’
വര്‍ക്കി മെംബര്‍ പിന്നീടൊന്നും പറഞ്ഞില്ല.
ആറ്
'സിനിമാക്കാരൊക്കെ അതിന്റെ ഗമേ തന്നെ വരണം...അപ്പഴേ നാലാള് നോക്കൂ...സിനിമാ സ്റ്റൈലില്‍ അങ്ങാടിയേല്‍ ബ്രേക്കിട്ട് നിര്‍ത്തുന്ന കാറ്...നിലം മുട്ടിയൊച്ചയുണ്ടാക്കുന്ന ബൂട്ടുകള്‍...'
'നമ്മള് ആളുകളെയും സ്ഥലത്തെയും കാണാനാണ് വന്നത്. ആളുകള്‍ നമ്മളെ കാണാനല്ല...' ആല്‍മേഡയുടെ മറുപടിയില്‍ വര്‍ക്കി മെംബര്‍ അല്പം നിരാശനായതായി തോന്നിച്ചു.
'പിന്നെ രണ്ടു കോടീടെ പ്രൊജക്ടാണെന്ന് ഇടക്കിടെ തള്ളിക്കോണം...കോടിയെന്നൊക്കെ പറയുമ്പോഴാ നാട്ടുകാരുടെ അട്ത്തേന്നൊരു സഹകരണമൊക്കെ ഒണ്ടാവൂ...' മെംബര്‍ ഓര്‍മ്മിപ്പിച്ചു.
അവര്‍ ചെമ്മിനിയങ്ങാടിയിലേക്ക് എത്തിച്ചേരുകയായിരുന്നു. വിണ്ടു കീറിയ വയലുകള്‍ക്കിടയിലൂടെയാണ് നിരത്ത് നീളുന്നത്. വയല്ക്കരയില് ഒറ്റപ്പെട്ട മരങ്ങളില്‍ മണ്ണു പടര്‍ന്നിരുന്നു. എന്നിട്ടും അവയ്ക്കെന്തോ ചാരുതയുള്ളതു പോലെ ആല്മേഡക്കു തോന്നി.

ചുവന്ന നിറത്തിലുള്ള കെട്ടിടമാണ് അവന്റെ കണ്ണില്‍ ആദ്യം തെളിഞ്ഞത്. അതില്‍ നിന്ന് പതിയെ അവന് ചെറിയൊരു അങ്ങാടിയെ നിര്‍മിച്ചെടുത്തു. കുടിലുകള്‍ പോലുള്ള ചെറിയ കടകള്‍്. ചായക്കടക്കാരന് ഏതോ കിനാവിലെന്ന വണ്ണം വിദൂരതയിലേക്ക് നോക്കി നില്ക്കുന്നു. പഴക്കുലകളില്‍ തഴുകി കോട്ടുവാ വിടുന്ന പച്ചക്കറിക്കച്ചവടക്കാരന്, അരിച്ചാക്കില്‍ ആസനമമര്‍ത്തി എന്തോ കടലാസിലേക്ക് കണ്ണിറക്കി വച്ചിരിക്കുന്ന മസാലക്കടക്കാരന്…ഇത്തരമൊരു നിശ്ചലത അവന് പ്രതീക്ഷിച്ചിരുന്നില്ല. ഈ നിശ്ചലതകള്‍ക്കിടയില്‍ നിന്നാണ് ഒരു ചലച്ചിത്രം നിര്‍മിക്കാനെന്ന് അവനോര്‍ത്തു. .
‘കാരണോരെ…ഒര് ചായ കുടിച്ചാലോ…?’
വര്‍ക്കി മെംബര്‍ക്ക് അതില്‍ വലിയ താല്പര്യം തോന്നിയില്ല.
‘ഇനി എനിക്ക് പോവാമല്ലോ…പറഞ്ഞ സ്ഥലത്ത് എത്തിച്ചു തന്നില്ലേ…?’
‘പോരാ…ഒരു കാര്യം കൂടെയുണ്ട്…’ ആല്‍മേഡ ചായക്കടയുടെ ഉള്ളിലേക്ക് മെംബറെ പിടിച്ചു വലിച്ചു. ദിവാസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് കടക്കാരന് പൊടുന്നനെ മൂക്കു പൊത്തി. മെംബര്‍ക്ക് അതു കണ്ടപ്പോള്‍ അരിശം വന്നു.
‘അന്ന് ഞാനത് വക മാറ്റിയതോണ്ട് അങ്ങാടീലൊര് കെണറൊണ്ടായി…അതോണ്ട് നെനക്കും നെന്റെ കൂട്ടക്കാര്‍ക്കും ചായയടിച്ച് കഴിയാനൊര് മാര്‍ഗായി…’
‘പഴേ കഥ്യൊക്കെ ഇബ്ടെ ആരേലും വെളമ്പ്യോ…മൂക്കൊന്ന് ചൊറിഞ്ഞെയ്നാപ്പം…’
‘ശരിക്ക് പറഞ്ഞാല്‍ ഇത് സിനിമാ ഷൂട്ടിങ്ങിന് പറ്റിയ ഇടമൊന്നുമല്ല. പിന്നെ കാശ് മുടക്കുന്നവരില്‍ പെട്ട ഒരാളുടെ താല്പര്യമാണ്..അതുകൊണ്ടാണ് കഷ്ടപ്പെട്ട് ഞാനിവിടെ വരെ വന്നതു തന്നെ…’ ആല്‍മേഡ പെട്ടെന്ന് ഇടപെട്ടതു കൊണ്ട് ചായക്കടക്കാരനും മെംബറിനുമിടയില് തര്‍ക്കം ഉരുകി.
‘സിനിമാ ഷൂട്ടിങ്ങോ?’ ചായക്കടക്കാരന് പൊടുന്നനെ ആവേശഭരിതനായി.
‘ങ്ങളെക്കണ്ടാ സിനിമാക്കാരനാന്ന് തോന്നൂലല്ലോ…’ അയാളുടെ ആവേശത്തെ ആല്‍മേഡ അത്ര ഗൗനിച്ചില്ല.
‘രണ്ട് കോടീടെ പ്രൊജക്ട് എന്നൊക്കെ പറഞ്ഞാല്‍ സിനിമേടെ കാര്യത്തില്‍ ഒന്നും അല്ല…’ ചായക്കടക്കാരന്റെ കണ്ണു തള്ളി നെറ്റിയോളമെത്തി. കോടികളുടെ കണക്ക് അയാള്‍ ലോട്ടറിക്കച്ചവടക്കാരുടെ അടുത്തു നിന്നു മാത്രമേ ഇതിനു മുമ്പ് കേട്ടിട്ടുള്ളൂ.
‘താന്‍ ചായയെടുത്താ മതി…ഇവടെ തലയിടലൊന്നും വേണ്ട…’ വര്‍ക്കി മെംബര്‍ പൊടുന്നനെ മുരണ്ടു. അതോടെ സമാവാറില് നിന്ന് ചായഗ്ലാസിലേക്ക് ചുടുവെള്ളമൊഴുകി.
‘മുഴുവന്‍ സീനും ഇവിടെ നിന്നു വേണമെന്നാണ് തീരുമാനം. അതാവുമ്പോ പരമാവധി ചെലവും കുറക്കാം..’
‘ഇവിടെ കുറച്ചപ്പുറം കാരാട്ടുമ്മല്‍ പണ്ടൊര് സിനിമേന്റെ ഷൂട്ടിങ് ണ്ടായിനി…മോഹന്‍ ലാലൊക്കൊ സ്റ്റാറാവ്ണേനു മുമ്പാ…ഞാനത് കണ്ട്ട്ട്ണ്ട്…’
ചായക്കടക്കാരന് തന്റെ വാക്കുകളില്‍ വീണ്ടും പൊടിയിട്ടു. വര്‍ക്കി മെംബര്‍ വീണ്ടും പരുഷമായി അയാളെ നോക്കി. ചായയില്‍ സ്പൂണുകൊണ്ടിളക്കി അയാള്‍ ചിരിക്കുക മാത്രം ചെയ്തു.
‘മെംബറെ തന്നെ കണ്ടുമുട്ടിയതു കൊണ്ടൊരു കാര്യായി…’ ചെറുപ്പക്കാരന് ചായഗ്ലാസില്‍ ചുണ്ടോടു ചേര്‍ത്തു പറഞ്ഞു.
‘പകല്‍ മുഴുവനും നടക്കേണ്ടി വരും…എന്നാലേ നാടിനെക്കുറിച്ചൊര് ഐഡിയ ലഭിക്കത്തുള്ളൂ..’
‘അന്നത്തെ ആ സിനിമേല് അഭിനയിച്ച ഒര്ത്തന് ഇപ്പൊ ഇബടന്നങ്ങട്ട് എറങ്ങിയതേ ഉള്ളൂ…’
ചായക്കടക്കാരന് പിന്നെയും ഒച്ചവെച്ചു.
ഏഴ്
'ന്നട്ട്..'
കണ്ണുകളിലെല്ലാം ചൂട്ടു തെളിഞ്ഞു. കുറെ നെഞ്ചുകള്‍ ഒരേ താളത്തില്‍ മിടിച്ചു. നാവുകള്‍ എരുവ് വലിച്ചു. റീബന്‍ രസത്തിലങ്ങനെ ഇളിച്ചു. സാധാരണ തന്റെ വാക്കുകള്‍ക്കൊന്നും ചെവി തരാത്ത പയ്യന്മാരാണ്. സ്നേഹത്തോടെ ഒന്ന് ചിരിച്ചാല്‍ പോലും മറുത്തൊന്നു പ്രതികരിക്കാത്തവരാണ്. ഇപ്പോഴിങ്ങനെ പൂച്ചക്കുട്ടികളെപ്പോലെ തനിക്കു ചുറ്റും ചിണുങ്ങി നില്ക്കാന് ഒരൊറ്റ കഥ മാത്രമാണ് കാരണമായിരിക്കുന്നത്. അതിന്റെ പരിണാമഗുപ്തിക്കാണ് വായില്‍ വെള്ളമൂറും മട്ടില്‍ അവരിങ്ങനെ ഇരിക്കുന്നത്.
വാട്ടര്‍ അതോറിറ്റിക്കാരന് രാജന്റെ കല്യാണത്തിനാണ് നാടകീയമായ സംഭവങ്ങള്‍ക്കെല്ലാം തുടക്കമാവുന്നത്. രാജനാണെങ്കില്‍ നാടു നീളെ പരിചയക്കാരാണ്. അത്രയും വലിയ കല്യാണം ചെമ്മിനിയില് അടുത്ത കാലത്തൊന്നും നടന്നിട്ടില്ല. തലേന്ന് ഗാനമേളയുണ്ടായിരുന്നു. അടിപൊളി നടനങ്ങളുണ്ടായിരുന്നു. റീബനടക്കം നാട്ടിലെ കലാകാരന്മാര്ക്കെല്ലാം ഗാനമേളയില്‍ അവസരമുണ്ടായിരുന്നു.
ഉച്ചക്ക് ബിരിയാണി തന്നെയായിരുന്നു. വലിയ തീറ്റപ്രിയരാണ് ചെമ്മിനിക്കാര്. ബിരിയാണിയെന്നു കേട്ടാല്‍ പിന്നെ പറയുകയും വേണ്ട. കുടുംബത്തിലെ ഒരംഗം പോലുമൊഴിയാതെ കല്യാണത്തിനെത്തും. ഇല വയ്ക്കുന്നിടത്തേക്ക് ഇടിച്ചു കയറും. രാജന്റെ കല്യാണത്തിന് വച്ച ബിരിയാണി തികയാതെ വന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.
ചെമ്മിനിയമ്പലത്തില് വച്ചായിരുന്നു രാജന്റെ വിവാഹം. അതുവരെ അവന് പറഞ്ഞു നടന്നിരുന്ന ആദര്‍ശങ്ങള്‍ വെള്ളത്തില്‍ വരച്ച വരപോലെ മാഞ്ഞുപോകുന്നത് കണ്ട് ചിലര്‍ മൂക്കത്ത് വിരല്‍ വച്ചു. ആചാരങ്ങള്‍ക്കെതിരെ വെടിപൊട്ടിച്ച ആളാണ്. ചെമ്മിനിയമ്പലത്തിനെക്കുറിച്ചു തന്നെ എന്തെല്ലാം പറഞ്ഞിരിക്കുന്നു. വായനശാലയുടെ മാസികയില്‍ ലേഖനമെഴുതിയതിനുണ്ടായ പൊല്ലാപ്പുകളൊന്നും നാട്ടുകാര്‍ മറന്നിട്ടില്ല. ചടങ്ങു കഴിഞ്ഞാല്‍ പൊട്ടിക്കാനിരിക്കുന്ന ചിലതിന്റെയെല്ലാം താളത്തെയോര്ത്ത് പക്ഷേ, ജനമതെല്ലാം സഹിച്ചു കളഞ്ഞു.
കല്യാണപ്പെണ്ണിന് അകമ്പടി വന്ന ബസ്സിലായിരുന്നു മഞ്ഞസാരിയുടുത്ത ഒരാളെ റീബന്‍ കണ്ടത്. കണ്ട മാത്രയില്‍ തന്നെ അയാളുടെ ഉള്ളില്‍ ഒരു തുലാവര്‍ഷ ഇടി വെട്ടി. കാലമെത്ര മാറിയിട്ടും തങ്ങള്‍ക്കു മാത്രം പരസ്പരം തിരിച്ചറിയാനുതകുന്ന ചിഹ്നങ്ങള്‍ അവരിലുണ്ടായിരുന്നു. ഒന്നൊന്നര ദശാബ്ദം മുമ്പ് കുന്നിന് മുകളിലെ ഒരു കരിവീട്ടി മരത്തിന്റെ ചുവട്ടില്‍ നിന്ന് പിരിഞ്ഞതാണ്…. ഓര്‍മയുടെ കല്ലു കടിച്ച് അയാളുടെ ചുണ്ടുകള്‍ പൊട്ടി.
പിന്നെ നടന്നതെല്ലാം ഒരു പൈങ്കിളിക്കഥ.
നമ്പറുകളുടെ കൈമാറ്റം.
നിത്യേനയുള്ള തേനൊലിപ്പുകള്. രണ്ടു മക്കളുടെ തന്തയാണെന്ന് റീബനും രണ്ട് പെണ്‍കുട്ടികളുടെ തള്ളയാണെന്ന് അവളും മറന്നു.
കുറുകിക്കുറുകി ഒരു ദിനം രണ്ടുപേരുമങ്ങു പറന്നു. ഏത് കൂട്ടിലേക്കാണ് രണ്ടു പേരും ചെന്നെത്തിയതെന്ന് കാറ്റോ കടലോ അറിഞ്ഞില്ല. അന്വേഷണങ്ങളായി. ഒരു മാസമങ്ങനെ പറുദീസയിലൂടെ കടന്നുപോയി. കഴുത്തിലെ സ്വര്‍ണമാല ആവിയായി. കൈത്തണ്ടകളിലെ വളകള്‍ ഉരുകിത്തീര്‍ന്നു. അതോടെ അവനും അവള്‍ക്കും തിരിച്ചുപോക്കിനെക്കുറിച്ചൊരു ആലോചനയുണ്ടായി.
ഫറോക്കിലെ പൊലീസ് സ്റ്റേഷനിലാണ് അവര്‍ പിന്നെ കീഴടങ്ങിയത്. അവളെ കൂട്ടാന്‍ ഭര്‍ത്താവ് വന്നു. പെണ്‍കുട്ടികള്‍ക്ക് തള്ളയില്ലാതെ പൊറുക്കാനാവില്ലല്ലോ. അയാള്‍ വിശാല മനസ്കനായ ഒരച്ഛനായി. അയാളെ കണ്ട മാത്രയില്‍ തന്നെ റീബന്‍ ആ പാദങ്ങളിലേക്ക് മൂക്കു കുത്തി വീണു.
‘അവളെ ഞാന്‍ രക്ഷിക്കുകയായിരുന്നു കാരന്നോരേ…അന്നവളെ ഞാന്‍ കൊണ്ടുപോയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും റെയില്‍പാളത്തിലോ കടല്‍ക്കരയിലോ കാണാമായിരുന്നു…’ അവള്‍ക്ക് എന്തിന്റെ കുറവാണ് ഉണ്ടായിരുന്നതെന്നോ ജീവത്യാഗത്തെക്കുറിച്ച് അവള് ചിന്തിക്കാന്‍ കാരണമെന്തെന്നോ ഭര്‍ത്താവിന് കണക്കുകൂട്ടാനായില്ല. ഏതായാലും തനിക്കവളെ തിരിച്ചു കിട്ടിയല്ലോ. അയാള്‍ കാലില്‍ കിടക്കുന്ന ആളെ പിടിച്ചെഴുന്നേല്പിച്ചു. ‘നിങ്ങളെ എനിക്കറിയില്ല. പക്ഷേ, നിങ്ങള്‍ നല്ലവനാണ്. ഒരു ജീവന് രക്ഷിച്ചില്ലേ…ഒരു മാസം സ്നേഹം കൊടുത്ത് എന്റെ ഭാര്യയെ പോറ്റിയില്ലേ…’
സത്യത്തില്‍ അപ്പോള്‍ ഞെട്ടിയത് റീബനാണ്.
‘നിങ്ങള്‍ ഇടക്കിടെ വീട്ടില്‍ വരണം…ഇനിയും അവള്‍ക്ക് സ്നേഹം കൊടുക്കണം…അതിന്റെ കുറവുകൊണ്ട് അവളെങ്ങാനും വല്ല കടുംകൈ ചെയ്തുപോയാല്‍…എന്റെ മക്കളുടെ കാര്യം നോക്കാന്‍ പിന്നെ ആരാണുള്ളത്…’
ഭാര്യയെയും കൂട്ടി മടങ്ങുമ്പോള്‍ അയാള്‍ ക്ഷണിക്കുന്നത് കേട്ട് റീബന്റെ കണ്ണുകള്‍ നിറഞ്ഞുപോയി.
‘അയാളുള്ളപ്പോ ഞാനവിടെ പോയിട്ടില്ല…അതു സത്യമാ…’
റീബന്‍ പിന്നിലേക്ക് മലര്‍ന്ന് കോട്ടുവായിട്ടു. ഇനിയും കഥ തുടരാന്‍ തന്നെയാണ് ഭാവമെന്ന് ചുറ്റുമുള്ളവര്‍ക്ക് തോന്നി. റീബന്‍ ചേട്ടന് അങ്ങനെയാണ്. പറയാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്തുകയില്ല.
സൈലന്സറില്ലെന്നു തോന്നിക്കുന്ന ഒരു ബൈക്ക് അപ്പോള്‍ അങ്ങാടിയെ ലക്ഷ്യമാക്കി ഇരച്ചു വന്നു. ചായക്കടക്കു മുന്നില്‍ തന്നെ വണ്ടി നിര്‍ത്തി. രണ്ടു പേര് ഹെല്‍മറ്റൂരി ബൈക്കില്‍ നിന്നിറങ്ങി.
‘പിന്നിലുള്ളാള് സിനിമാക്കാരനാ…ഇന്നലെ മ്പളെ കക്കൂസു് മെംബറ്ടെ കൂടെ ഇവിടെയൊക്കെ ചുറ്റി നടക്കുന്നത് കണ്ടിരുന്നു..’ അതോടെ എല്ലാവരുടെയും ശ്രദ്ധ ബൈക്കില്‍ വന്നിറങ്ങിയവരുടെ നേരെയായി. അതിലൊരാളുടെ തല പൂര്‍ണമായും വടിച്ചിരുന്നു.
‘മൈഥിലി കപൂറിന് ഡാന്‍സ് കളിക്കാനുള്ള സ്ഥലം ഇവിടെയാണ് കണ്ടിരിക്കുന്നത്…’ മൊട്ടത്തലയനോട് മറ്റെയാള്‍ പറഞ്ഞുകൊടുക്കുന്നതു കേട്ടു.
‘അങ്ങനെയൊരു കപൂറുണ്ടോടാ…’ റീബന്‍ മൂപ്പര് ചെറുപ്പക്കാരോട് ഉച്ഛത്തില്‍ ചോദിച്ചു.
ചെറുപ്പക്കാരിലാരോ മൊബൈല്‍ ഫോണെടുത്തു കുത്തിനോക്കി.
സിനിമാക്കാര് അധികമൊന്നും സംസാരിക്കാതെ വീണ്ടും ബൈക്കില്‍ കയറി. നേരെ കിഴക്കോട്ട് പോയി.
‘രണ്ടു കോടീന്റെ പരിവാടീന്നാ കേട്ടത്…’
‘അയിറ്റിങ്ങളെ കണ്ട്ട്ട് രണ്ടുറുപ്പിക പോലും എടുക്കാന്ള്ള വക്പ്പില്ല…’
അങ്ങാടിയില്‍ കുറച്ചുനേരം കൂട്ടച്ചിരിയായി.
എട്ട്
വര്‍ക്കി മെംബറും ചെറുപ്പക്കാരും അങ്ങാടിയെ രണ്ടു തവണ വലം വച്ചു. ആരും ഒന്നും മിണ്ടിയില്ല. മൂന്നു പേരും വലിയ ഗൗരവത്തിലാണ്. ചുറ്റിനടക്കുന്നതിനിടിയിലും അവരെന്തോ ആലോചിക്കുന്നു. അവരുടെ മട്ടും ഭാവവും റീബനും സംഘവും വീക്ഷിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. തികഞ്ഞ അച്ചടക്കത്തോടെ അവര്‍ ആ മൂവര്‍ സംഘത്തെ കുറച്ചു നേരം നിരീക്ഷിച്ചു.
‘രണ്ടുകോടി ഉറുപ്പിക എന്നൊക്കെ പറയുമ്പോ ഒരു പടക്കം പൊട്ടണ വേഗത്തില്‍ തീരും. പിന്നെ ആര്‍ട്ടിസ്റ്റുകളൊക്കെ സഹകരിക്കാമെന്ന പറഞ്ഞതുകൊണ്ടാ…’ ചെറുപ്പക്കാരുടെ ഒച്ച പൊന്തിയ മാത്രയില്‍ റീബന്‍ വികൃതമായൊരു ഏമ്പക്കം വിട്ടു.
‘രണ്ട് കോടി…ഹും…രണ്ട് ഉണ്ടയാണ്…ഉടുത്ത കുപ്പായം കണ്ടാത്തന്നെ അറിയാം എരക്കി ജീവിക്കണ ടീമാണ്ന്ന്…’
മാലപ്പടക്കം പോലെ ചിരികള്‍ പൊട്ടിവിടര്‍ന്നു. എന്നാല്‍ സിനിമക്കാര്‍ അത് കാര്യമാക്കിയില്ല. വര്‍ക്കി മെംബര്‍ എന്തോ പറയാനാഞ്ഞെങ്കിലും തുടയിടുക്കില്‍ പൊടുന്നനെയുണ്ടായ ചൊറിച്ചിലില്‍ അത് വേണ്ടെന്ന് വച്ചു.
‘എന്താണൊരു നാറ്റം..?’
ആല്‍മേഡ പെട്ടെന്ന് മൂക്കുപൊത്തി. ‘ശരിയാ…’ കൂടെ വന്ന ചെറുപ്പാക്കരനും മൂക്കടച്ചു പിടിച്ചു.
‘അവിടെയിരിന്ന് ചെരക്ക്ക്ക്ണ കൊറേയെണ്ണമുണ്ടല്ലോ…അവരുടെ വായേന്നാ…’ വര്‍ക്കി മെംബര്‍ തുടയിടുക്കില്‍ ചൊറിയുന്നതിനിടെ വികൃതമായ സ്വരത്തില്‍ പറഞ്ഞു. അതില്‍ പിന്നീട് ചിരികളെല്ലാം അല്‍ഭുതകരമായി അസ്ഥമിച്ചു.
ചൊറിഞ്ഞുചൊറിഞ്ഞുണ്ടായ ലഹരിയില്‍ മെംബര്‍ പതിയെ തണുത്തു.
‘പത്രമൊന്നും വായിക്കാറില്ലേ…ചെമ്മിനിയിലെ വലിയൊരു വിഷയമാ അത്…’