
ക്ഷണിക്കപ്പെടാത്തവർ

യഹിയാ മുഹമ്മദ്
ക്ഷണിക്കപ്പെടാതെ
വരുന്ന ചില വസന്തങ്ങളുണ്ട്
അവ പൂക്കുമ്പോഴേക്കും
ഇലകൾ കരിഞ്ഞു തുടങ്ങും
വേരുകൾ മേൽപ്പോട്ട്
വളർന്ന്
ഭൂമിയെ പ്രാകിക്കൊണ്ടേയിരിക്കും
എങ്കിലും
കാറ്റിനവയെ
തഴുകിത്തലോടാതിരിക്കാനാവില്ലല്ലോ!
ഒരിക്കലെങ്കിലും
പൂത്തു പോയതിന്റെ വ്യഥയിൽ
ചില്ലകൾ ആടിയുലഞ്ഞു നോക്കും
വേരുകൾ കടപിഴുതു നോക്കും
എത്ര മുക്കിയാലും
അടർന്നു വീഴാത്ത വിധം
അള്ളിപ്പിടിച്ചിട്ടുണ്ടാവും
ചില്ലകളിൽ
എത്ര കുലുക്കിയാലും
വീഴാത്ത ചില പൂക്കൾ
ചില്ലകൾക്കും വേരിനും വേണ്ടാത്ത പൂക്കളിൽ വെയിൽത്തുമ്പികൾ പരാഗണത്തിനെത്തുന്നു അസ്വസ്ഥതയുടെ ഉടൽ രൂപങ്ങളിൽ
നോവിന്റെ ചിത്രങ്ങൾ
മെനയുന്നു
ആരുമറിയാതെ
കിനാവിന്റെയോരത്ത്
തപസ്സിരിക്കുന്നു.
‘കാലമാടൻ
കാലം തെറ്റി വന്നവൻ അസുരവിത്ത്’
ശാപത്തിന്റെ കറുത്ത ചരടിലവരെ ബന്ധിച്ചിടുന്നു…..
പഴികേട്ട് ഉണങ്ങിയ ഇതളുകളിൽ ഒരു കണ്ണുനീർ ചാലിന്റെ
കറ കാണും
ഒലിച്ചിറങ്ങുന്ന
ബീജത്തുള്ളികളിൽ
നിലനിൽപ്പിന്റെ ഭൂമി കാണാതെ
പ്രതീക്ഷയുടെ
ആകാശത്തേക്ക് ചേക്കേറുന്നുണ്ട്
പിഴച്ചു പോയ കുറെ ആത്മാക്കൾ…
ഇതളുകൾ ഞെരിച്ച് പിഴുതെറിയപ്പെട്ട എത്രയോ ചുവന്ന പൂക്കൾ
കിനാക്കളിൽനക്ഷത്രങ്ങളുടെ ആകാശത്തെയും നിറച്ച്
ചില്ലകളുടെ നെഞ്ചോടു ചേർത്തുള്ള താരാട്ടും കൊതിച്ച്
മണ്ണടിഞ്ഞു പോയിട്ടുണ്ടാവും,