
രമേശന് നായര്‍ എടമനാണ്

യഹിയാ മുഹമ്മദ്
തറവാട്ടിന്റെ
തെക്കേപറമ്പിലെ
നാട്ടുമാവിന് ചോട്ടിലായിരുന്നു
രമേശന് നായരുടെയും
ഞങ്ങളുടെയും കുട്ടിക്കാലം
ഞങ്ങളൊക്കെ
മാവിനു കല്ലെറിയുമ്പോള്‍
രമേശന് മാത്രം
ഒരു ഭാഗത്ത് മാറി നില്ക്കും
അവന് എടമനായിരുന്നു
ഞങ്ങളെല്ലാം വലമന്മാരും
എടമന്‍ നായര്‍
തൊത്തക്കയ്യന്
തീട്ടക്കയ്യന്
എന്നൊക്കെയാണ്
ഞങ്ങള്‍ക്കിടയിലെ
അവന്റെ വിളിപ്പേര്
മാഷന്മാര്ക്കിടയിലും
വീട്ടുകാര്‍ക്കിടയിലും
ഇച്ചിച്ചി നായരെന്ന
രഹസ്യപ്പേരും നിലവിലുണ്ട്
ചന്തി കഴുകുന്ന കൈ ആയത് കൊണ്ട്
ഇടത് കൈ കൊണ്ട്
നല്ല കാര്യങ്ങളൊന്നും ചെയ്യരുതെന്ന്
അനിത ടീച്ചര്‍..
അതു തന്നെയാണ് വീട്ടിലെ നിലപാടും
ഞങ്ങളെല്ലാവരും
വലതുകൈ കൊണ്ട്
തീവണ്ടി വേഗത്തില്‍
നോട്ടെഴുതുമ്പോള്‍
രമേഷന് നായര്‍
ഗട്ടര്റോഡില് പെട്ട പെട്ടിഓട്ടോ പോലെ
ഞരങ്ങി ഞരങ്ങി
ഇഴഞ്ഞു നീങ്ങി
ടീച്ചറില്ലാത്തപ്പോള്‍
അവന്
ഇടതു കൈകൊണ്ട്
നോട്ടില്‍ റോക്കറ്റു പായിച്ചു
പ്രസവാവധിക്ക് പോയ
അനിത ടീച്ചര്‍ക്ക് പകരം
വന്നത്
വലതുകാലിന് മുടന്തുള്ള
ഹസന് മാഷായിരുന്നു.

മാഷ്
ആദ്യ ദിവസം ക്ലാസില്‍
മാര്‍ക്സിനെക്കുറിച്ച് കഥ പറഞ്ഞു.
ബ്ലാക്ക് ബോര്‍ഡില്‍
ഇടതു കൈ കൊണ്ട്
കവിതയെഴുതി.
അന്ന് ഇടതു കൈ
ഒരു ആവേശമായി
ഞങ്ങളെല്ലാവരും രമേശന് നായരെ നോക്കി.
അവന് വലതു കൈ പോക്കറ്റിലിട്ട്
ഇടതു കൈകാറ്റുപോലെ വീശീ വീശി വീട്ടിലേക്ക് നടന്നു.
ഇടതു കൈ കൊണ്ട്
മാവിനെറിഞ്ഞു
ഇടതു കൊണ്ടു തന്നെ നോട്ടുമെഴുതി.
‘തീട്ടക്കൈ കൊണ്ടാണോ!’
അമ്മാവന് കറുത്തിരുണ്ടു.
ആ രാത്രി കാറ്റും കോളും
ഇടിവെട്ടുമായി.
അന്നു മുതല്‍
അവന് വലതു കൈ കൊണ്ട്
ചന്തി കഴുകി
ഇടതുകൈ കൊണ്ട്
ചോറു തിന്നു.
ഇടതായാലും വലതായാലും
കൈ കൈ തന്നെയെന്ന വന്‍
മിന്നലായി
ഇടിക്കു മുന്നേ ഒരു മിന്നല്‍
വീട്ടിലേക്കൊളിച്ചു കടന്നു..