
തൊടൽ

യഹിയാ മുഹമ്മദ്
ഉച്ചമയക്കത്തിൻ്റെ
ആലസ്യത്തിൽ കിടക്കുമ്പോഴാവും
ദൈവം
ആദമിൻ്റെ വാരിയെല്ലിൽ
ഒന്നെടുത്ത്
ഹവ്വയെ രൂപപ്പെടുത്തിയത്
ഉറക്കച്ചടവിൻ്റെ
പാതി വെളിവിലാവും
ആദം ഹവ്വയെ
ആദ്യം കണ്ടത്
കോരപ്പുഴപ്പാലത്തിന് മുകളിലൂടെ സുസൂക്ഷ്മം
ഇഴഞ്ഞു നീങ്ങുന്ന
ട്രെയിനുപോലെ
ശ്രദ്ധാലുവായിട്ടാവും
ആദ്യം
ആദം
കയ്യൊന്നു നീട്ടിയത് –
തൊടാൻ
ആദ്യ സ്പർശനം
ഒരു ചുംബനമാവും
അതിവേഗം പാഞ്ഞു വരുന്ന രണ്ട് ഗോളങ്ങൾ കൂട്ടിയിടിക്കുന്നതിൻ്റെ
ആഘാതത്തിൽ
രൂപപ്പെടുന്ന വൈദ്യുതി തരംഗത്തിൽ
ഒരു മിന്നൽ സ്ഫുരിച്ചു കാണും.
മേഘാവൃതമായ
ആ കറുത്ത പകലിൽ
ഒരു പേമാരി പെയ്തു കാണും
അന്നുവരെ തരിശായിക്കിടന്ന ഇവിടം
പച്ചപ്പു പൊതിഞ്ഞു കാണും
അരുവിയും പുഴകളും
കളകളാരവം മുഴക്കി ഒഴുകിക്കാണും
മാനുകൾ അന്തിച്ചു നിന്നു കാണും
മയിലുകൾ നൃത്തംചവിട്ടുകയും
കുയിലും പാട്ടു പാടുകയും
ചെയ്തു കാണും
ആദ്യ ചുംബനം ഇരുട്ടുള്ള പകലും
വെളിച്ചമുള്ള രാത്രികളും
സൃഷ്ടിച്ചു കാണും
ഒരാണും പെണ്ണുമെന്നത്
ലവൽ ക്രോസും കാവൽക്കാരനുമില്ലാത്ത
റെയിൽപ്പാളം പോലെ
ഭയപ്പെടണം
അവരുമിണ്ടുമ്പോൾ
കാടുകൾക്ക് തീപിടിക്കും
ചുറ്റുപാടുകൾ
കാട്ടുതീ കണ്ട
വനപാലകൻമാരെപ്പോലെ
ജാഗരൂകരാവും
അവരെങ്ങാനുമൊന്ന്
തൊട്ടു പോയാൽ
സന്ധി സംഭാഷണത്തിന്
ഒരു ദൂതനെപ്പോലു മയക്കാത്ത
രണ്ട് ശത്രുരാജ്യങ്ങൾ തമ്മിൽ
യുദ്ധത്തിന്
കോപ്പുകൂട്ടുന്നതായി
നമ്മൾ കരുതണം