
പ്രണയസമ്മാനം

വി.ടി. ജയദേവൻ
ഒന്ന്
ആദ്യത്തെപ്രണയ ദിനത്തില്‍
ആകാശം തന്നെ
സമ്മാനം കൊടുത്തത്
വലിയ കഷ്ടമായി.
ഇനിയൊരു നക്ഷത്രത്തെയോ
ഒരു മഴവില്ലിനെയോ
സമ്മാനം കൊടുക്കുന്നതില്‍
എന്തു പ്രസക്തി!
രണ്ട്
ഇനി മുതില്‍ പ്രണയദിനത്തിന്
ജീവനുള്ള എന്തെങ്കിലും
സമ്മാനം കൈമാറണമെന്ന്
ആ കാമുകനും കാമുകിയും
ഒത്തൊരുമിച്ച് തീരുമാനിച്ചു.
ഒരു പൂമരത്തിന്റെ
പഴമരത്തിന്റെ
തണല്‍മരത്തിന്റെ
മരുന്നു മരത്തിന്റെ
ആകാശമരത്തിന്റെ
വിത്ത്, തൈ.
മണ്ണുതൊട്ട നിമിഷം മുതല്‍
ഉള്ളു നനഞ്ഞ നിമിഷം മുതല്‍
പുറംമൂടല് തുറന്നു പുറത്തുവരുന്നത്
കുല കുല നീലമഞ്ഞപ്പൂക്കല് മാത്രമല്ല
മറ്റൊരു വിധത്തിലും
ആവിഷ്ക്കരിക്കാനാവാത്ത
അവരുടെ പ്രണയവും.
അതിനി ഈ ലോകത്തെ
കുറച്ചുകൂടി പച്ചയാക്കും,
തണുത്തതാക്കും.