
പ്രോക്സി കാമുകന്

വി എസ് അജിത്ത്
തോട്ടിപ്പണിക്കാരന് കോവിന്ദന് ട്രെയിനേജ് ഉദ്യോഗത്തിന്റെ
ഇടവേളകളില്‍ എഞ്ചിനിയര്‍ സാറിന്റെ വീട്ടില്‍ ചില്ലറ മരാമത്തുപണികള്‍
ചെയ്യാനിടയായ കാലത്ത് നടന്ന കഥയാണ് പറയാന്‍ പോകുന്നത്.
ഒരു മൂച്ചിന് കല്യാണം കഴിക്കുകയും രണ്ടാമത്തെ മൂച്ചിന് ക്ടായെ
ഉണ്ടാക്കുകയും ചെയ്തപ്പോഴാണ് ‘ ചൊക്കന് ആപ്പൂരിയ പോലെ ‘എന്ന
പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് കോവിന്ദന് അറിയുന്നത്. പശൂന്റെ ക്ടായെപ്പോലെ
പൊക്കിള്‍ക്കൊടി കണ്ടിച്ച് ചന്തീംതട്ടി വിട്ടുകൊടുത്താല്‍ വല്ലടത്തും പോയി
പ്ലാവിലയോ പുല്ലോ തിന്നുകൊള്ളുമെന്നാണ് കോവിന്ദന് നിരീച്ചത്. ചെറുക്കന്
വയറ്റിക്കിടന്ന് വലുതായ ശേഷം പ്രസവിച്ചാല്‍ തള്ള ചത്തുപോവുമെന്നും
പ്രസവിച്ച ഉടനെ വലുതാവാന്‍ പെണ്ണുമ്പിള്ള മത്സ്യഗന്ധിയല്ലെന്നും
ആയതിനാല്‍ മനുഷ്യന്മാരുടെ ക്ടാകള് പ്രിമെച്വര്‍ ആയിട്ടാണ്
ജനിക്കുന്നതെന്നും അവരെ വളര്‍ത്താന്‍ തന്തേം തള്ളേം പത്ത് വര്‍ഷം മൂക്കു
കൊണ്ട് ‘ക്ഷ’ വരക്കേണ്ടി വരുമെന്നും തങ്കപ്പന് സാറ് കഴിഞ്ഞയാഴ്ചയാണ്
പറഞ്ഞു തന്നത്. ഈ പ്രിമെച്വര്‍ സ്വഭാവം വലുതായാലും വിട്ടു പോകത്തില്ലെന്ന
രഹസ്യം കെട്ടിയോള്‍ക്ക് മാത്രമറിയാം. അതിലവര്‍ക്കൊരു കൊയപ്പൂല്യ! ചെക്ക്
ലിസ്റ്റില്‍ പറഞ്ഞ സാമാനങ്ങള്‍ കിട്ടിയാല്‍ മതി.

കുഞ്ഞുടുപ്പ് – 7
ജോണ്‍സന്റെ ബേബിസോപ്പ് – 3
അയാള്ടെ തന്നെ പൗഡര്‍- 1
ജെ & ജെ ബേബി ഓയില്‍- 2
പാമ്പേഴ്സ് ദിവസവും – 4
etc
etc
.
അമേരിക്കക്കാരന്റെ ‘മണിപ്പഞ്ഞി’ (മൂലാധാരവും സ്വാധിഷ്ഠാനവുമാണ് കവര്‍
ചെയ്യുന്നതെങ്കിലും പേര് മണിപൂരകത്തിനിരിക്കട്ടേ!) യില്ലാതെ ഇന്ത്യന്‍
പുള്ളകള്‍ക്ക് മുള്ളാന്‍ പറ്റാത്ത കാലമാണല്ലോ!
ചെക്ക് ലിസ്റ്റ് എന്ന കട്ടിളൈ ശാസനം കണ്ട് പേടിച്ചതോടെയാണ് ഡ്യൂട്ടിഫുള്‍
ഹസ്ബന്റ് ആയ കോവിന്ദന് എക്സ്ട്രാ ഇന്‍കത്തിന് ഇടവേളകള്‍
ദുരിതപൂര്‍ണ്ണമാക്കാന്‍ തീരുമാനിച്ചത് എന്നു പറയാനാണ് ഇത്രയും
വളച്ചുകെട്ടിയത്.
ബിവറേജില്‍ ക്യു നിന്ന് കുപ്പി വാങ്ങുക, കരയിലിട്ടാലും ചാവാത്ത ‘ചേറി’നെ
കായലിന്ന് പിടിച്ച് ഉപ്പും ചാമ്പലും ചേര്‍ത്ത് ചവിട്ടിപ്പിടിച്ച് തലകണ്ടിച്ച്
തൊലിയുരിയുക, സാറ് ഇതെല്ലാം കൂടി വലിച്ചു വാരി കേറ്റീട്ട് വാള്
വയ്ക്കുമ്പോള്‍ ആയത് കോരി മാറ്റുക, തൊണ്ണൂറു വയസ്സായ മൂപ്പില്സിന്റെ
(സാറിന്റെ തന്തപ്പടി ) മരണഭയം മാറ്റാന്‍ മൂര്‍ഖന്‍പാമ്പ് ഒളിച്ചിരിക്കാന്‍
സാധ്യതയുള്ള പോച്ചകളൊക്കെ ചെത്തിമാറ്റി മുറ്റം ക്ലീന്ഷേവാക്കുക
ഇത്യാദിയാണ് മരാമത്ത് പണികള്‍ .
മദ്യപിക്കുന്ന സ്ത്രീകള്‍ പൊതുവേ ബനവലന്റ് ആന്റി (Benevolent aunty)
മാരല്ലെങ്കിലും കുടിയന്മാരായ ആണുങ്ങള് ബനവലന്റ് ബ്രോസ് ആണ് എന്ന
വസ്തുത എടുത്തു പറയാതെ വയ്യ. ആയതിനാല്‍ കുപ്പീടെ മൂട്ടില് മിച്ചം വരണ
ഇച്ചിരിപ്പോരം ചാരായം കോവിന്ദന് ചൂപ്പാന് കൊടുക്കും. അങ്ങനെയാണ്
കണ്ണടച്ച് തുറക്കണതിന് മുമ്പ് കോവിന്ദനും എഞ്ചിനീയര്‍ സാറും ഗ്ലാസ്സ് മേറ്റ്സ് (Glass mates) ആയിത്തീര്‍ന്നത്.
കോവിന്ദനേക്കാള് അഞ്ചോണം കുറവേ ഉണ്ടിട്ടുള്ളുവെങ്കിലും എഞ്ചിനിയര്‍
സാര്‍ ജഗജില്ലാടിയാണ്. നിലവില്‍ ആക്ടീവ് ആയി 40 കാമുകിമാരുണ്ട്.
പെര്‍മ്യൂട്ടേഷന്‍-കോംബിനേഷന്‍ (Permutation – Combination) സങ്കല്‍പ്പമനുസരിച്ച് 150 വരെ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് സാറ് പറയുന്നത്. 110 വേക്കന്‍സി
ഇനീം ഉണ്ടെന്നര്‍ത്ഥം.
”എങ്ങനെയാണ് സാറേ ഇത്രേം കാമുകിമാരെ ഡീല്‍ ചെയ്യണത് ?”
കുപ്പീടെ അടീന്ന് ഒന്നര വടിച്ചെടുത്ത് അടിച്ച ശേഷം കോവിന്ദന് ചോദിച്ചു.
” അതിനൊരു അല്ഗൊരിതമുണ്ട് (Algorithm) . നിനക്ക് മനസ്സിലാകത്തില്ല”
”അതുപോട്ടെ, ഓരോരുത്തരോടും സാറ് എന്തരാണ് കുനുകുനാ
സംസാരിക്കണത്?”
”അത് ചീള് കേസ്. സാധാരണ പെണ്ണുങ്ങളെ വളയ്ക്കാന്‍ 3 ചോദ്യങ്ങള്‍ പഠിച്ചാല്‍
മതി”
- രാവിലെ എന്തര് തിന്നു?
- ഉച്ചയ്ക്ക് എന്തര് തിന്നു?
- രാത്രി എന്തരാണ് തിന്നാമ്പോണത്?
‘ എന്നിട്ട്?”
”ഇതുവച്ച് എത്ര വേണേലും കേറിക്കേറി പോവാം. നവരസങ്ങള്‍ വരെ
വരുത്താം”
”അതെങ്ങനെ?”
”ഉച്ചയ്ക്ക് കപ്പേം മീനും തിന്നൂന്ന് അവള് പറഞ്ഞെന്നിരിക്കട്ടേ;
ച്ചിരി മീഞ്ചാറ് മോതിരവിരലില്‍ മുക്കി നാക്കില്‍ തേച്ച് തന്നോട്ടേന്ന് ഞാന്‍
ചോദിക്കും. അപ്പോ ‘പോ അവിടെന്ന് ‘ എന്ന് അവള് മൊഴിയും ..
‘ശൃംഗാര’മായില്ലേ?”
ഓര്‍മ്മിപ്പിച്ച സ്ഥിതിക്ക് കോവിന്ദന് കായല്‍ മീന്‍ പൊരിച്ചതിന്റെ പൊടി
നഖത്തിന്റെ എടേല് എടുത്ത് നക്കി.
”ചിലപ്പം ഞാനിതുവരെ ഒന്നും കഴിച്ചില്ല.. പട്ടിണിയാ ന്ന് കാച്ചും (കരുണം)
അല്ലെങ്കി മെഡിക്കല്‍ കോളേജില്‍ 46 പാവപ്പെട്ട രോഗികള്‍ക്ക് ബിരിയാണി
കൊടുത്ത കഥ പറയും (വീരം)
വായിലും ആസനത്തിലും ആപ്പുകേറ്റി ശ്വാസംമുട്ടിച്ച്കൊന്ന്
മരിച്ചിനിവിളയിലിട്ട് പന്നിയെ വെട്ടി പോര്ക്ക്തോരന് വച്ച കഥയെടുത്ത് ചാമ്പും(
രൗദ്രം)
ഇവിടെ ചോറും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറും
എന്നൊരടിയടിക്കും ( ഹാസ്യം )
ചേര്ത്തലേന്ന് താറാവ് റോസ്റ്റ് തിന്ന് ഫുഡ് പോയിസണടിച്ച് 3 ദിവസം
ഛര്‍ദ്ദിയും തൂറ്റലുമായി കിടന്ന സംഭവം പറയും (ഭയാനകം )
ഭാര്യവീട്ടില്‍ വിരുന്നിന് പോയപ്പം വെന്ത് വകയ്ക്ക് കൊള്ളാതായ
സേമിയാപ്പായസം ഒരു ചരുവം കുടിപ്പിച്ച ‘ബീഭത്സം’ എടുത്തിടും.
എന്റെ അമ്മ 47 വര്‍ഷമായി മീന്‍കറി വച്ചിട്ട് ഒരു ദിവസം പോലും ഉപ്പ്
കൂടിപ്പോകാതിരിക്കണില്ലല്ലോന്ന് ‘അത്ഭുത’പ്പെടും.”
‘ശാന്തം’ കോവിന്ദന്റെ വക :
” നല്ല പൂപോലുള്ള വാള അവിച്ച് അതീന്ന് ഒരു നെടുവരിയന്‍ പീസെടുത്ത്
ഇടത്തേ കവിളില്‍ വച്ചിട്ട് വെണ്ണപോലെ വെന്ത നൂറുമുട്ടന് മരിച്ചിനി ചാറില്‍
മുക്കി വലത്തേ കവിളിലും വച്ചിട്ട് 5 മിനിട്ട് കണ്ണടച്ച് മിണ്ടാതെ ഇരിക്കണം ..
എന്റെ സാറേ… ”
അങ്ങനെയിരിക്കവേയാണ് എഞ്ചിനിയര്‍ സാറിന് ഒരു ഇന്റര്‍നാഷണല്‍
റോമിംഗ് കാമുകിയെ കിട്ടിയത്. തന്തപ്പടി മലയാളിയാണെങ്കിലും
ഫിന്‍ലന്‍ഡിലാണ് സ്ഥിരതാമസം. ഹാപ്പിനസ്സ് ഇന്‍ഡക്സി (Happiness Index)ല്‍ ഒന്നാം
റാങ്കുള്ള ഫിന്‍ലന്‍ഡ് കാരിക്ക് 150 ആം റാങ്കില്‍ കെടന്ന് നട്ടംതിരിയുന്ന
ഇന്ത്യാക്കാരനെ പ്രേമിക്കാന്‍ എന്തരിന്റെ കുരുവോ എന്തോ?!
പുള്ളിക്കാരത്തിക്ക് ഹാപ്പിനസ്സ് മാത്രമല്ല ഐ.ക്യു. വും ലോകവിവരവും
നര്‍മ്മബോധവും വായനയും എല്ലാം ഇത്തിരി കൂടുതലാണ്. എഞ്ചിനിയര്‍ സാര്‍
പതിവുപേലെ
”എന്തരു തിന്നു?”
എന്ന ചോദ്യം എടുത്തിട്ടെങ്കിലും പുള്ളിക്കാരത്തി ഇംപ്രസ്ഡ് ആയില്ലെന്നു
മാത്രമല്ല
”Korvapuusti, Lohikeitto, Spaghetti Aio Olio paperoncino ”
എന്നിത്യാദി ഉത്തരങ്ങള്‍ സാറിന് ദഹിച്ചതുമില്ല .
ഇനി എന്തര് പറയട്ടെന്ന് അന്ധാളിച്ചിരിക്കുമ്പോള്‍ പുള്ളിക്കാരത്തി തന്നെ
ഉപായം പറഞ്ഞു.
”ബ്രിജേഷ് നമുക്ക് പോയട്രിയോ ജോക്സോ ഒക്കെ സംസാരിച്ചാലോ?”
അങ്ങനെയാണ് കോവിന്ദന് അര്‍ദ്ധരാത്രി അടിയന്തിര വിളി വന്നത്.
”ഡേയ് നീ മാന്‍ഹോളിന്റെ സൈഡില്‍ എന്തരോ രായസം വായിക്കണത്
കാണാമല്ലോ, ഒരു പ്രണയകവിത പറഞ്ഞു താടേ.. പുതിയൊരു കേസ്കെട്ട് വന്ന്
ചാടിയിട്ടുണ്ട്. മലയാളം വേണ്ട ”
തീട്ടം വാരുന്നിടത്ത് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിക്ക്
പരിണാമസിദ്ധാന്തമനുസരിച്ച് കൊഴിഞ്ഞു പോകുമോ എന്ന് ഭയപ്പെട്ടിരുന്ന
തലച്ചോറിന്റെ അറകളെ കോവിന്ദന് കുലുക്കിത്തട്ടി.
” I want to do with you what Spring does with the Cherry trees ”
” No one saw us this evening hand in hand”
എന്നിങ്ങനെ രണ്ട് പാബ്ളോ എടുത്ത് നെരൂദിച്ചു.
സാറ് അന്ധാളിച്ചും പുള്ളിക്കാരി സന്തോഷിച്ചും പോയെന്ന് പിന്നീട് അറിഞ്ഞു.
ഡിമാന്റ് കൂടിയതനുസരിച്ച് കവാഫി (C. P. Cavafy) യുടെ ഇത്താക്ക(Ithaka)യും
മുരാക്കാമിയുടെ (Murakami) യുടെ ‘100 % പെര്‍ഫക്ട് ഗേളും’ ഉം ഒക്കെ മുറപോലെ
സപ്ലൈ ചെയ്തു.

രണ്ടാഴ്ച കൊണ്ട് കോവിന്ദന്റ് സ്റ്റോക്ക് തീര്‍ന്നതും പുള്ളിക്കാരത്തിക്ക്
കവിതയുടെ പഞ്ചാര തിന്ന് മടുത്തതും ഒരുമിച്ചായിരുന്നു. ഇനി കുറച്ച് മെയില്‍
ജോക്സിന്റെ (Male Jocks) ഇഞ്ചി കടിച്ച് രസിച്ചാലോന്ന് ഒരിത്. നോണ്‍-വെജ്
കഥകളുടെ വന്‍ റിസര്വോയറാണല്ലോ കോവിന്ദന് . ഒരു വ്യാഴവട്ടക്കാലത്തേക്ക്
വേണ്ട സ്റ്റോക്ക് ഉണ്ട്. പിന്നത്തെ രണ്ടാഴ്ച അതായി. ഫിന്‍ലന്‍ഡ് സുന്ദരി ഫ്ളാറ്റ്!
രാജകുമാരിയുടെ പരീക്ഷയില്‍ കാളിദാസ ബ്രിജേഷ് വിജയിച്ചിരിക്കുന്നു.
സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാതായ പുള്ളിക്കാരി വിമാനം ചാര്‍ട്ടര്‍
ചെയ്ത് കൊച്ചിയിലിറങ്ങി പഞ്ചനക്ഷത്ര ഹോട്ടലില്‍ ദേവതാവിഗ്രഹമായി
വീണു. പൂജയും പുണ്യാഹവും കഴിഞ്ഞ് പുമാന് ഗ്ലെന്ഫിഡിക്കിന്റെ (Glenfiddih ) കഴുത്ത് ഞെരിച്ച് മടമടാ നാല് നില്പ്പനടിച്ചതോടെയാണ് ഇരിക്കണ കൊമ്പ്
മുറിക്കുന്ന സീന്‍ ക്രൊണോളജി തെറ്റിച്ച് അരങ്ങേറിയത്.
” ബ്രിജേഷ്.. സര്‍ദാര്‍ജി ഒട്ടകത്തിനേം കൊണ്ട് മരുഭൂമിയിലൂടെ പോയ ആ
ജോക്ക് ഒന്നൂടൊന്ന് പറയാമോ?”
പുള്ളിക്കാരത്തി 25 മില്ലി ഗ്ലെന്‍ഫിഡിക്ക് , ഓണ്‍ ദ റോക്സ് (on the rocks ) കയ്യില്‍
പിടിച്ച് കറക്കി കറക്കി കാതരയായി.
എഞ്ചിനിയര്‍ സാര്‍ ബാത്ത്റൂമില്‍ കയറി ടാപ്പ് തുറന്ന് ബി.ജി.എം ഓണാക്കിയിട്ട്
ഫോണെടുത്ത് കുത്തി
” ഡേയ് കോവിന്ദാ നീ ആ സര്ദാര്ജിടേം ഒട്ടകത്തിന്റേം വിറ്റ് പെട്ടെന്നൊന്ന്
പറഞ്ഞേ… വേഗം വേണം… ആഗ്നസ് വന്നിട്ടുണ്ട് ”
എന്ന് പറഞ്ഞിട്ട് തിരിഞ്ഞുനോക്കിയതും തൊട്ടുപുറകില്‍ ലവള്!
പിന്നെ എന്തരായോ എന്തോ! മൂന്നീസം കഴിഞ്ഞ് എഞ്ചിനീയര്‍ സര്
കോവിന്ദന്റെ മാന്‍ഹോളില്‍ പാഞ്ഞടിച്ചെത്തി.
”എല്ലാം കുളമായി. കവിതേം തമാശേം നീയാ പറഞ്ഞ് തന്നതെന്ന് അവള് കണ്ടു
പിടിച്ചു. പിന്നെയങ്ങ് ക്ഷമിച്ച് .പക്ഷേ ഒരു കണ്ടിഷന്‍ .. ഗ്രാന്റ് ഹയാറ്റ്
ഹോട്ടലില്‍ അവള് 10 ദിവസം കൂടി കാണും . ഒരു ദിവസം രാവിലെ മുതല്‍
വൈകീട്ട് വരെ നമ്മള് മൂന്നുപേരും കൂടി തമാശേക്കെ പറഞ്ഞ് സ്മാള്‍ ഒക്കെ
അടിച്ച് ഇരിക്കണം എന്ന് ഒരേ നിര്‍ബന്ധം! എനിക്ക് നിന്റെ സഹായം വേണം”
”ഞാനെന്തര് ചെയ്യാന്‍?”
”നീ നാളെ ലീവെടുത്ത് ഉച്ചയ്ക്ക് കൃത്യം 1.30 ന് ഹോട്ടലിലെത്തണം. അപ്പം
ഞാനും ആഗ്നസും ഒരുമിച്ച്
‘നല്ല ആളു തന്നെ 10 മണിക്ക് വരാന്നു പറഞ്ഞിട്ട് ഇപ്പഴാണോ വരുന്നത് ‘
എന്ന് ചോദിക്കും.
‘പെട്ടെന്നൊരു തിരക്കായിപ്പോയീന്ന് നീ പറയണം’
ഞങ്ങള്‍ ഇരിക്കാന്‍ പറയും. നീ പറയണം മൂലക്കുരുവാണ് ഇരിക്കാന്‍
പറ്റത്തില്ലാന്ന്.
‘എന്തായാലും വന്നതേ താമസിച്ചു ഇനി ലഞ്ചും ഡിന്നറും കഴിഞ്ഞ് രാത്രി
പോയാല്‍ മതി’
എന്ന് ഞാനും ആഗ്നസും പറയും . അപ്പോ നീ
‘കൊച്ചിനു സുഖമില്ല മരുന്നു വാങ്ങണമെന്ന് ‘
പറഞ്ഞിട്ട് പത്ത് മിനിട്ടുകൊണ്ട് വല്ലതും നക്കീട്ട് പെട്ടന്നങ്ങ് പോണം.’
ഒരു ദിവസത്തെ ശമ്പളം മുന്‍കൂര്‍ കൊടുത്തിട്ട് സാറ് ചന്തിക്ക്
തീപിടിച്ചപോലെ പാഞ്ഞു.
പറഞ്ഞപോലെ പിറ്റേ ദിവസം ഒന്നരയ്ക്ക് കോവിന്ദന് ഹാജര്‍.
ആഗ്നസ് :” ഇത്രയ്ക്ക് ജാഢ പാടില്ല. ഞങ്ങള്‍ കാത്തിരുന്നു ബോറടിച്ചു”
കോവിന്ദന് :”സോറി മാഡം . ച്ചിരി തിരക്കായിപ്പോയി”
ആഗ്നസ് : ” മാഡമോ .. ഹേയ് നിനക്ക് വട്ടുണ്ടോ? വാട്ടീസ് ദിസ് ബ്രിജേഷ്?!
ആഗ്നസ് ന്ന് വിളി.”
കോവിന്ദന്: ”സോറി ആഗ്നസ് ഓഫീസില്‍ ചെറിയൊരു… ‘
ബ്രിജേഷ് : ”എന്തോന്ന് ഓഫീസ്? ഇന്നൊരു ദിവസം ആഗ്നസിന് വേണ്ടി
ലീവെടുക്കാരുന്നു. ഫിന്‍ലന്‍ഡില്‍ നിന്ന് ഇത്രദൂരം വന്നതല്ലേ?”
കോവിന്ദന്: ”സോറി സര്.. ലീവെടുക്കാന്‍ ചെന്നതായിരുന്നു പക്ഷേ… ”
ആഗ്നസ് : ”സര്? ആര് യു മാഡ്? ബ്രിജേഷ് ! യു ആര് തിക്ക് ഫ്രണ്ട്സ് .. ആറിന്റ്
യു? ദെന്‍ വെയ് ‘ സര്’ ബ്രിജേഷ് ന്ന് വിളിയെടാ കോവിന്ദാ ”
കോവിന്ദന്: ”ബ്രിജേഷേ ക്ഷമീരെടാ.. നേരത്തേ എത്തണമെന്നു തന്നെ
ആയിരുന്നു.. പക്ഷേങ്കില്…”
പിന്നെയെല്ലാം പെട്ടെന്നായിരിരുന്നു. ‘പൈല്‍സ് കാരണം’ കുത്തിരിക്കാതെ
എന്തരോ അണ്ണാക്കിലോട്ട് തള്ളിയിട്ട് കോവിന്ദന് പുറത്തു ചാടി. ബ്രിജേഷും
ആഗ്നസും പോര്‍ട്ടിക്കോ വരെ അനുഗമിച്ചു. സെക്കൂരിറ്റി പിടിച്ചുകൊണ്ട് വന്ന
ആട്ടോറിക്ഷയില്‍ കോവിന്ദന് കേറി. എഞ്ചിനിയര്‍ സാര്‍ കുനിഞ്ഞ് കുമ്പിട്ട്
മുട്ടുകാലില്‍ നിന്ന് മഹാക്ഷേത്ര പരിസരത്തെ കുഷ്ഠരോഗിയായ
പിച്ചക്കാരനെപ്പോലെ ഇപ്രകാരം യാചിച്ചു.
”ആഗ്നസിന്റെ മുമ്പെ വച്ച് മാത്രം സാര്‍ എന്ന് വിളിക്കണ്ട. ബാക്കി സമയം സാര്‍
എന്നേ വിളിക്കാവൂ ”
”അത് പിന്നെ എനിക്കറിഞ്ഞൂടേ സാറേ.. . ധൈര്യായിട്ട് പോയി ആര്മാദീര്
സാറേ.. നമ്മള് നാളേം കാണേണ്ടവരല്ലേ സാറേ ?”
ആട്ടോറിക്ഷേന്നിറങ്ങി അപ്പുണ്ണീടെ തട്ടീന്ന് സിഗററ്റ് കൊളുത്തി
മാന്‍ഹോളിലേക്ക് പുകവിടുമ്പോള് കോവിന്ദന് ചിന്തിച്ചു;
‘ഈ മദാമ്മയ്ക്ക് ആ മൈത്രേയനേയോ മറ്റോ പ്രേമിച്ചാല്‍ പോരായിരുന്നോ?’