
ഉടൽ മാറ്റം

വിഷ്ണു സുജാത മോഹൻ
ഉടലിൽ നിഗൂഢതകളുടെ
ഒരു കടലൊളിഞ്ഞിരിപ്പുണ്ട്.
സാധ്യതകളുടെ കപ്പൽപ്പോരാളി ഞാൻ
ചുഴികളിൽ മുങ്ങിപ്പോയ പഴയ നിധികൾ തേടിയിറങ്ങുന്നു.
കടലു മുറിച്ചുകടക്കും പോലെ
ഞാൻ ഉടലുമുറിച്ചു കടക്കുന്നു.
വഴി നീളെ നീണ്ട ചാട്ടകളുടെ പൂശ്
ചാട്ട കൊണ്ടെൻ്റെ പൊറം പൊളിയുന്നു
ഒപ്പം കടക്കുന്ന
കടൽക്കുതിരകളിലൊന്ന്
പൊളിവായിൽ ചിറകുവച്ച് ശ്രദ്ധയോടെ തുന്നുന്നു.
വേദനിപ്പിക്കാതെ മുറി തുന്നുന്ന സൂത്രം
അവയെ ആരായിരിക്കും പഠിപ്പിച്ചിരിക്കുക
ഉടലിൽ സാധ്യതകളുടെഒരു
കടലൊളിഞ്ഞിരിപ്പുണ്ട്
ഉള്ളിലെ ഉണ്മയിൽ
ഉയിരുചേർത്ത്കടലു കടക്കുന്നവരേ,
ശ്രദ്ധയോടെ നിങ്ങൾ ഉടലുമുറിക്കൂ.
വേദനിപ്പിക്കാതെ മുറി തുന്നുന്ന
കടൽക്കുതിരകൾ
നിങ്ങളേയുമത് പഠിപ്പിക്കും.