
പൂച്ച്

വിഷ്ണു രാമകൃഷ്ണന്
ഒരു ഞായറാഴ്ച ദിവസമാണ് ആ പൂച്ച ഞങ്ങളുടെ വീട്ടിലേക്ക് കേറി വരുന്നത്. ഉച്ചനേരം. മരണ വിശപ്പും സഹിച്ച് തിന്നാനുണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു ഞങ്ങള്‍ നാലുപേരും. ജിതിനാണ് ആദ്യം അതിനെ കണ്ടത്. ‘ ദേ ഒരു പൂച്ച’ എന്ന് കാറിവിളിച്ച് അവന്, ഉള്ളി അരിയുന്ന എന്റെയും അരി കഴുകിക്കൊണ്ടിരുന്ന റോജിന്റെയും ശ്രദ്ധയെ അങ്ങോട്ടേക്ക് പായിച്ചു. പൂച്ചയാണെന്നറിഞ്ഞിട്ടും ഞങ്ങളെല്ലാം ഒരു അത്ഭുതജീവിയെ നോക്കുന്നപോലെ അതിനെ കുറേനേരം നോക്കിനിന്നു. താമസം തുടങ്ങിയിട്ട് നാള് കുറേയായെങ്കിലും കാക്കയെയല്ലാതെ വേറൊരു ജീവിയേയും ചുറ്റുവട്ടത്തെങ്ങും ഞങ്ങള്‍ കണ്ടിരുന്നില്ല. ഫോണില്‍ കുത്തിക്കൊണ്ടിരുന്ന സിറിള്‍ എലിശബ്ദമുണ്ടാക്കിക്കൊണ്ട് അതിന്റെയടുത്തേക്ക് ചെന്നു. മുട്ടുകുത്തിയിരുന്ന് അതിനെ തലോടി. രണ്ടുവട്ടം ദയനീയമായി കരഞ്ഞതല്ലാതെ അത് പേടിച്ചോടാനൊന്നും നോക്കിയില്ല.
‘നല്ല എണക്കള്ള പൂച്ചയാന്ന് തോന്നുന്നു.’ സിറിള്‍ പറഞ്ഞു.
ജിതിന് വേഗംതന്നെ കുറച്ച് തേങ്ങ ചിരവി തിന്നാനിട്ടുകൊടുത്തു. പൂച്ചയുടെ ആര്‍ത്തിപിടിച്ചുള്ള തീറ്റയില്‍ നിന്ന് കണ്ണെടുത്ത് അവന് ഇങ്ങനെ പറഞ്ഞു :
‘എന്റെ വീട്ടില്ള്ള പൂച്ചേടെ ഏകദേശ ഛായേണ്ട്… ഇതിനേറ്റും കൊറച്ച് തടീണ്ട് ഞങ്ങടേന്. പിന്നെ ഇളംമഞ്ഞീം വെള്ളേം കൂടിക്കലര്‍ന്ന നെറാ… ഇതിന്റെ പോലെ ഫുള്ള് മഞ്ഞച്ചിട്ടല്ല!’
റോജിന്‍ വീണ്ടും അരി കഴുകുന്നത് നിര്‍ത്തി ജിതിന്റെ അടുത്തേക്ക് ചെന്നു.
‘നീയിതിനെ ഓയെല്ലെക്സില് ഇടാമ്പൂവാണോ..? നിറമങ്ങനെ… വലുപ്പമിങ്ങനെ… എന്തൊരു വെറുപ്പിക്കലാടാ..!’
‘അതറിഞ്ഞൂടേ ? ഇവന് വെറുപ്പിക്കലിന്റെ ഉസ്താദാണ്… എക്സാമിന് രണ്ടു വരിയില്‍ ഉത്തരമെഴുതാന്‍ പറഞ്ഞപ്പൊ രണ്ട് പേജ് എഴുതിയവനാ… ഡീറ്റെയ്ലിങ്ങിന്റെ അപാരതീരം!’
ജിതിനെ കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത ഞാന്‍ അതും മുതലെടുത്ത് അവനിട്ട് ഉഗ്രനൊരു കൊട്ടുകൊടുത്തു. പഞ്ചപ്പാവവും ശുദ്ധനും ഉറ്റസുഹൃത്തുമായതുകൊണ്ട് ( 5 വര്‍ഷം നീണ്ട സൗഹൃദം! അതുവരെയും ആത്മബന്ധമുള്ള ഒരു സുഹൃത്തും എനിക്കുണ്ടായിരുന്നില്ല!) എന്തു പറഞ്ഞാലും മിണ്ടാതെ നിന്ന് ചിരിക്കുകയോ തലകുലുക്കുകയോ മാത്രമേ അവന് ചെയ്യൂ എന്ന ധൈര്യമായിരുന്നു അപ്പോഴെനിക്ക്. പക്ഷേ അവന്റെ ശ്രദ്ധ മുഴുവന്‍ പൂച്ചയിലായിരുന്നു. ഇട്ടുകൊടുത്ത തേങ്ങാക്കൊത്ത് മുഴുവന്‍ തിന്നുതീര്‍ത്ത് മതിയായില്ലെന്ന മട്ടില്‍ അത് നിലം നക്കിക്കൊണ്ടിരിക്കുകയായിരുന്നു. പൂച്ചയെ നോക്കിക്കൊണ്ട് അവന് പറഞ്ഞു :
‘നമുക്കിതിനെ വളര്ത്ത്യാലോ ? വെറുതെ ടൈംമ്പാസിന്… ഇപ്പോഴത്തെ ഈ ബോറടി മാറിക്കിട്ടും!’

അപ്പോള്‍ പൂച്ച പതുക്കനെ കരഞ്ഞു. റോജിന്‍ ചൂടായി :
‘അത് വേണ്ട! ഇതിനേക്കൊണ്ട് ഇപ്പൊ ഒരുപകാരൂല്ല. ഇതിന് പിടിക്കാനായിട്ട് ഒരെലിപോലും ഇവടില്ല. പിന്നെന്തിനാ?’
എനിക്ക് ജിതിനെ സപ്പോര്‍ട്ട് ചെയ്യണമെന്നുണ്ടായിരുന്നു. റോജിന്റെ വായിലിരിക്കണത് മുഴുവന്‍ കേള്‍ക്കേണ്ടി വരുമെന്ന് പേടിച്ച് മിണ്ടാതെ നിന്നു.
‘എന്തായാലും ഇവര്‍ രണ്ടുപേരും എന്നെ സപ്പോട്ട് ചെയ്യും! അവരുടെ മുഖം കണ്ടാത്തന്നെ അറിയാം…’
ആ ഡയലോഗ് കൂടി വന്നതോടെ എന്റെ നാവിറങ്ങിപ്പോയി. സിറിളാണെങ്കില് അതൊന്നും ശ്രദ്ധിക്കാതെ പൂച്ചയുടെ പല പോസിലുള്ള ഫോട്ടോസ് എടുത്തു കൊണ്ടിരുന്നു. ഞങ്ങള്‍ പണികളിലേക്ക് തിരിച്ചുപോയി. പൂച്ച വീടിന്റെ അകത്തെല്ലാം തപ്പിനടന്നു. ഇടക്കിടെ ഞങ്ങള്‍ ഓരോരുത്തരുടേയും മുഖത്ത് നോക്കി വെറുതെ കരഞ്ഞു. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് അത് ഞങ്ങളുടെ കാലില്‍ നക്കാന്‍ തുടങ്ങിയത്. ഉടനെ റോജിന്‍ അതിനെ പിടിച്ച് പുറത്തേക്കാക്കി വാതിലടച്ചു.
***
‘എന്നാലും അതെങ്ങോട്ട് പോയാവോ..?’
ജിതിന്റെ സങ്കടപ്പെട്ടുള്ള ചോദ്യമാണ് വീണ്ടും ഞങ്ങളെ പൂച്ചയുടെ ആലോചനയിലേക്കെത്തിച്ചത്. രാത്രി റോജിനറിയാതെ ഞാനും ജിതിനും കൂടി വീടിന്റെ ചുറ്റുവട്ടത്തൊക്കെ അതിനെ തിരക്കി നടന്നു. പക്ഷെ കണ്ടില്ല. നാളെ രാവിലെ വരുമെന്ന് വിചാരിച്ചു. വന്നില്ല. പതിവുപോലെ റോജിനും സിറിളും ജോലിക്കും ഞങ്ങള്‍ രണ്ടും കോച്ചിംഗ് ക്ലാസിനും പോയി. വൈകീട്ട് തിരിച്ചുവരുന്നതിനിടയില്‍ സംസാരിച്ചത് മുഴുവന്‍ പഠിക്കുന്ന കാര്യങ്ങളായതുകൊണ്ട് പൂച്ചയെപ്പറ്റി ഓര്‍ത്തേയില്ല. വീടിന്റെ മുമ്പിലെത്തിയതും ജിതിന് ‘ദേ ഇരിക്കുന്നു’ എന്നു പറഞ്ഞ് ഒച്ചപ്പാടുണ്ടാക്കി. എന്താണെന്ന് നോക്കിയപ്പോഴുണ്ട് ആ പൂച്ച! രണ്ടാമതും അധികാരം കിട്ടിയ രാജാവിനെപ്പോലെ അത് വീടിന്റെ ചവിട്ടുപടിയില്‍ ഒരൊന്നൊന്നര ഇരിപ്പിരിക്കുന്നു. ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ അത് വളരെ ദയനീയമായി കരഞ്ഞു.
‘ഇതിന് എന്തേലും തിന്നാന്‍ വാങ്ങായിരുന്നൂലേ..?’
ജിതിന് പറഞ്ഞത് ശരിയാണെന്ന് കണ്ണുംപൂട്ടി സമ്മതിച്ചു. ‘ഇവടീള്ള എന്തെങ്കിലും കൊടുക്കാ’മെന്ന് ഞാനവനെ ആശ്വസിപ്പിച്ച് അകത്തേക്ക് കേറ്റി. പിന്നാലെ പമ്മിപ്പതുങ്ങി പൂച്ചയും. ഒരു കൂസലുമില്ലാതെ അത് അകത്തെല്ലാം ചുറ്റിനടന്നു. കാണുന്ന സാധനങ്ങളെല്ലാം കുറേനേരം മണപ്പിച്ച് നോക്കി. കൊക്കുവടയുടേയും കൊള്ളി വറത്തതിന്റെയുമൊക്കെ പാക്കറ്റ് പൊളിക്കുന്ന ശബ്ദം കേട്ടതോടെ കറങ്ങിനടത്തം നിര്‍ത്തി പൂച്ച ഞങ്ങളുടെ അടുത്തുതന്നെ പറ്റിക്കൂടി നിന്നു. ഇട്ടുകൊടുക്കുന്നതെല്ലാം വേഗം വേഗം തിന്നു.
‘നാളെ ക്ലാസ് കഴിഞ്ഞ് വരുമ്പൊ എര്ച്യോ മീനോ വാങ്ങാം… അപ്പൊ ചെല്പ്പൊ ഇത് എല്ലാ ദിവസൂം വന്നേക്കും. ഇക്കാര്യം അവര്‍ രണ്ടാളും അറിയണ്ട…’
പൂച്ചയെ തലോടിക്കൊണ്ടിരിക്കുന്നതിനിടയില് ജിതിന് പറഞ്ഞു. ഞാന്‍ ചിരിച്ചുകൊണ്ട് അവനൊരു തംസ്അപ്പ് കൊടുത്തു.
പറഞ്ഞ പോലെത്തന്നെ സംഭവിച്ചു. ചിക്കനും മീനുമൊക്കെ കിട്ടിക്കണ്ടപ്പോള് അത് ഡെയ്ലി വരാന്‍ തുടങ്ങി. പക്ഷേ ഒരു കാര്യത്തില്‍ ആ പൂച്ചയെ സമ്മതിച്ചേ പറ്റൂ. ടൈമിങ്! കൃത്യമായ സമയം പാലിച്ചുകൊണ്ടാണ് അതിന്റെ വരവും പോക്കും. ഞങ്ങള്‍ വന്ന് അഞ്ച് മിനിറ്റ് കഴിയുമ്പോഴോ വരുന്നതിനു മുമ്പോ ഒക്കെ അത് വീടിന്റെ മുന്നില്‍ ഹാജരായിട്ടുണ്ടാകും. പിന്നെ കുറേനേരത്തേക്ക് ഞങ്ങളുടെ ഊട്ടലിനും ഉറക്കലിനും കളിപ്പിക്കലിനുമൊക്കെ നിന്നുതരും. പോകാന്‍ നേരത്ത് ഞങ്ങളുടെ കാലില്‍ നക്കുകയും രണ്ട് ഉണ്ടാക്കിക്കരച്ചില്‍ കരയുകയും ചെയ്യും. റോജിനിലും സിറിളിലും പൊടിക്കുപോലും സംശയമുണ്ടാകാത്ത വിധം സ്മൂത്ത് ആയിട്ടാണ് കാര്യങ്ങള്‍ പോയ്ക്കൊണ്ടിരുന്നത്. സിറിളിന് ജോലിയില്‍ പ്രൊമോഷന് കിട്ടിയതിനെത്തുടര്‍ന്ന് അവന്റെ വക വന്‍ ചെലവ് നടത്തുന്ന രാത്രിയിലാണ് ആ പൂച്ച ഞങ്ങളുടെയും മുഴുത്ത ശത്രുവായിത്തീര്‍ന്നത്.
ചിക്കന്‍ പൊരിച്ചത്, ബീഫ് ഡ്രൈ ഫ്രൈ, നെയ്ച്ചോറ്, ഫ്രൈഡ് റൈസ്… എല്ലാം വാങ്ങിവെച്ച് തിന്നാന്‍ വെയ്റ്റ് ചെയ്തിരിക്കായിരുന്നു.
എന്നിട്ട്?
അടുക്കളേന്ന് ഭക്ഷണസാധനങ്ങളുടെ ഭയങ്കര സ്മെല്ലും തട്ടലും മുട്ടലുമൊക്കെ ഉണ്ടായപ്പോഴാണ് ചെന്നുനോക്കിയത്. കിലുക്കം സിനിമേല് രേവതിയുടെ കഥാപാത്രം പറഞ്ഞ ഡയലോഗാണ് എനിക്ക് ഓര്മ വന്നത്: കുറച്ച് ബാക്കീണ്ട്! ‘ഇനിയുള്ളത് നിങ്ങള്‍ തന്നെ തിന്നോ’ എന്നുപറഞ്ഞ് പൂച്ച പരക്കം പാഞ്ഞു. ഒരു ഭാഗത്ത് മിക്സ്ചര്‍ പരുവത്തിലായിക്കിടക്കുന്ന ഫ്രൈഡ് റൈസും നെയ്ച്ചോറും, ഉറുമ്പരിച്ച് തുടങ്ങിയ എല്ലിന്തുണ്ടങ്ങള് മറ്റൊരിടത്ത്. അതിലേക്ക് നോക്കി എല്ലാവരും പ്ലിംഗ് അടിച്ച് നിന്നു. റോജിന്‍ ദേഷ്യം സഹിക്കാനാവാതെ കൈ ചുമരിലിടിക്കുകയും ‘ഫക്ക്’ എന്ന് മൂന്നാലുവട്ടം അലറുകയും ചെയ്തു. ‘മഹേഷിന്റെ പ്രതികാരം’ സിനിമയില്‍ മഹേഷും ക്രിസ്പിനും തമ്മിലുള്ള ആ നോട്ടം (ജിംസണ് എന്ന കഥാപാത്രം ഗള്‍ഫിലേക്ക് പോയെന്നറിയുമ്പോള്‍) യഥാക്രമം അവനും ഞാനും അനുകരിച്ചു. അതേപ്പറ്റി പിന്നെ സംസാരമൊന്നുമുണ്ടായില്ല. വേണ്ടാതെ വെച്ചിരുന്ന അഞ്ചാറ് കഷണം ബ്രെഡ് വീതിച്ചെടുത്ത് കട്ടന്ചായക്കൊപ്പം കഴിച്ചു. വിശപ്പ് കുറച്ചങ്ങോട്ട് സൈഡായി. കിടക്കാന്‍ നേരം ജിതിന് വന്ന് എന്നെ മാറ്റിനിര്‍ത്തി രഹസ്യമായി ഇങ്ങനെ പറഞ്ഞു :
‘എടാ… ആ പൂച്ചയെ വീട്ടീക്കേറ്റീതും തിന്നാന്‍ കൊടുത്തതുമൊക്കെ അവന്മാരോട് പറഞ്ഞാലോ..?’
‘എന്തിന് ?’
‘അവര്‍ക്ക് ഡൗട്ട് അടിച്ചാലോ ? അന്ന് ഓടിച്ചു വിട്ട പൂച്ച വീണ്ടും വീട്ടിക്കേറി ഫുഡൊക്കെ കട്ടുതിന്നാന് ഒരു സാധ്യതയുമില്ലല്ലോ എന്നൊക്കെ ചിന്തിച്ചാലോ..?’
‘ആ… ചിന്തിച്ചോട്ടെ ! നീ ഇപ്പൊ മിണ്ടാതെ കിടന്നൊറങ്ങാന്‍ നോക്ക്… മര്യാദക്ക് അടുക്കളേടെ ജനല അടച്ചിരുന്നേല്‍ ഇങ്ങനൊന്നും ഉണ്ടാവില്ലായിരുന്നു!’
എനിക്ക് നല്ല പേടിയുണ്ടായിരുന്നു, അവന് കള്ളത്തരങ്ങള്‍ പൊളിച്ചാലോ എന്നോര്‍ത്ത്. അവന്റെ സ്വഭാവം വെച്ച് തൊണ്ണൂറ് ശതമാനവും അതിന് സാധ്യതയുണ്ട്. ഞങ്ങളുടെ രണ്ടുപേരുടേയും സമാധാനത്തിന് വേണ്ടി ഞാന്‍ ബുദ്ധിപരമായ ഒരു നീക്കം നടത്തി :
‘പറ്റീത് പറ്റി… ഇനി അതിനെ വീട്ട്യേ കേറ്റാതിരുന്നാ പോരേ..?’
കുറച്ച് കഴിഞ്ഞ് അവന് ‘ഓക്കെ’ പറഞ്ഞു. ‘ഗുഡ് നൈറ്റ്’ കൂടി പറഞ്ഞപ്പോള്‍ പൊടിയ്ക്ക് ആശ്വാസം!
***
ദിവസങ്ങള്‍ പിടിതരാതെ പല വഴിക്ക് ഓടിപ്പോയി. ഒരു ദിവസം ക്ലാസ് കഴിഞ്ഞെത്തി വാതില്‍ തുറന്നപ്പോള്‍ ദേണ്ടേ ഇരിക്കുന്നു ആ പൂച്ച! തൊട്ടടുത്ത് കൊന്ന് രണ്ട് കഷണമാക്കിയിട്ടിരിക്കുന്ന ഒരു പാമ്പും. എന്റെ വയറു കത്തി. അതിനിടയില്‍ ഒടുക്കത്തെ മൂത്രമൊഴിക്കാന്‍ മുട്ടലും!
‘ഇതെങ്ങനാഡാ ഉള്ളില്‍ കേറീത്..?’
ജിതിന്റെ ചോദ്യം കേട്ടിട്ടും ഞാന്‍ കേള്‍ക്കാത്ത പോലെ നിന്നു. പൂച്ച നീണ്ട ഒരു കോട്ടുവായിട്ടു. എന്നിട്ട് ഭയങ്കര ഗൗരവത്തില്‍ ഞങ്ങളെ നോക്കി ‘ ങ്യാവ്… ങ്യാവ്’ എന്ന് രണ്ടുവട്ടം കരഞ്ഞു.
‘പോവുമ്പൊ നമ്മള് ജനലീം വാതില്വൊക്കെ അടച്ചതല്ലേ..?’
‘ആ… ഞാനല്ലേ അടച്ചത്..!’
അത് പറയുമ്പോള്‍ ജിതിന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു.
പാമ്പിന്റെ ശരീരത്തില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റാത്ത നിറത്തിലുള്ള ദ്രാവകം ഒലിച്ച് പുറത്തേക്കൊഴുകുന്നു. അതിലേക്ക് തന്നെ നോക്കി നിന്നപ്പോള്‍ എനിക്ക് ഓക്കാനം വന്നു. ക്ലാസ് തീരാന്‍ വൈകിയതുകൊണ്ട് ഉച്ചയ്ക്കൊന്നും കഴിക്കാഞ്ഞതിന്റെ ക്ഷീണം വേറെ.
‘എന്നാലും എങ്ങനാടാ പാമ്പ് ഇതിന്റുള്ളിലെത്തീത്..?’
ഞാന്‍ ആദ്യത്തെ സംശയക്കുരു പൊട്ടിച്ചു.
‘സംഗതി ഇത്രേള്ളൂ… പൊറത്ത് എവിടെന്നോ ഒരു പാമ്പിനെ പിടിച്ച് കൊന്ന് വീടിന്റകത്ത് കൊണ്ടിട്ടു. എന്തിനാന്നാ ? നമ്മടെ വീടിന് ചുറ്റും നിറയെ പാമ്പുകളാണെന്ന് വരുത്തിത്തീര്‍ക്കാനും ഇപ്പോഴത്തെ ഈ രക്ഷപ്പെടല്‍ താല്‍ക്കാലികം മാത്രമാണെന്നും കാണിക്കാന്‍…’
‘ഒലക്കേടെ മൂടാണ്… അവന്റെ കോപ്പിലോരോ ഫൈന്‍ഡിംഗ്സ്!’ ഞാന്‍ ചൂടായി.
ഞങ്ങള്‍ മുറ്റത്തേക്കിറങ്ങിയ ഗ്യാപ്പില്‍ പൂച്ച പുറത്തേക്ക് ഓടിപ്പോയി.
‘പുച്ഛിക്കടാ പുച്ഛിക്ക്… ഉള്ള കാര്യം പറഞ്ഞാ അത് ഫാന്റസീം കോപ്പും… ഉണ്ടാവാന്‍ പോണ കാര്യാ ഞാന്‍ പറഞ്ഞേ. പഴേ പോലെ വീട്ടില്‍ കേറിക്കൂടാനുള്ള പൂച്ചേടെ അടവായിത്. അന്ന് കട്ടുതിന്നേനുള്ള പ്രായശ്ചിത്തം! അയ്യോ പാവമെന്ന സിമ്പതി നമ്മടേന്ന് കിട്ടുല്ലോ!? അപ്പൊ വീട്ടില്‍ കേറാം, രക്ഷകന്റെ റോളിടാം… നീ വേണേ വിശ്വസിച്ചാ മതി!’
‘ശരി, അതെന്തേലുമാവട്ടെ! എന്റെ ഡൗട്ട് അതെങ്ങനെ വീടിന്റകത്ത് കേറീന്നാ..?’
ജിതിന് കുറച്ചു നേരം മുകളിലേക്ക് നോക്കി ചിന്തിക്കുന്ന ഗെറ്റപ്പില്‍ നിന്നു.
‘എന്റെ അറിവില്‍ അടഞ്ഞ് കിടക്കുന്ന വീടിന്റകത്ത് കേറാന്‍ കഴിവുള്ളവര്‍ രണ്ടു പേരേയുള്ളൂ: കള്ളനും പ്രേതവും. ആ പൂച്ച കള്ളനാണെന്ന് ഓള്‍റെഡി തെളിഞ്ഞു കഴിഞ്ഞു. ഇനി പ്രേതങ്ങാനുമായിരിക്കോ ?’
ചെവിക്കല്ല് പൊട്ടുന്ന തരത്തിലുള്ള രണ്ട് തെറി അവന് കൊടുത്ത് ഞാന്‍ വീടിന്റകത്തേക്ക് കേറി. ബാക്കിയുള്ള രണ്ടുപേര്‍ വരുന്നതിന് മുമ്പായി വീടിന്റകം ഞങ്ങള്‍ തുടച്ച് വൃത്തിയാക്കിയിട്ടു. പ്രതീക്ഷിച്ച പോലെ അവര്‍ക്ക് ഒരു സംശയവുമുണ്ടായില്ല. പറയാനും പോയില്ല. കാര്യങ്ങള്‍ രഹസ്യമാക്കി വെക്കാനുള്ള കഴിവ് അതിനകം ജിതിന് നേടിയെടുത്തിരുന്നു. എന്റെ ട്രെയിനിംഗിന്റെ ഒരു ഗുണമേ..! പക്ഷേ ഒളിപ്പിക്കാന്‍ പറ്റാത്ത രഹസ്യങ്ങള്‍ പുറകേ വരുന്നുണ്ടെന്നതായിരുന്നു സത്യം!
***
ഓരോ ദിവസം കഴിയുംതോറും പല സൈസിലുള്ള കുരിശുപണികളാണ് വന്നു കൊണ്ടിരുന്നത്. പൂച്ച കഴിഞ്ഞപ്പോള്‍ ഈച്ച! അഞ്ചായി, പിന്നെ പത്തായി, ഇരുപതായി, അമ്പതായി… എണ്ണാന്‍ പറ്റാത്തത്രയും ഈച്ചകള്‍ വീടിന്റെ അടുക്കളയിലും കിടപ്പുമുറികളിലുമൊക്കെ അരിച്ചു നടന്നു, പറന്ന് കളിച്ചു. പുല്‍ത്തൈലം വെച്ചൊരു പരീക്ഷണം നടത്തി. അറിയാവുന്ന ചില പൊടിക്കൈകള്‍ പയറ്റിനോക്കി. അതും പോരാഞ്ഞ് ഗൂഗിളിനോടും സഹായം തിരക്കി. നോ രക്ഷ!
പെട്ടെന്ന് എന്താണ് ഈച്ചകള്‍ വരാന്‍ കാരണമെന്ന് ആലോചിച്ചിട്ട് ഞങ്ങള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഏതാണ്ട് രണ്ടാഴ്ചയോളം ഞങ്ങളുടെ സൈ്വര്യം കെടുത്തി അവ വീടിനുള്ളില്‍ സൈ്വരവിഹാരം നടത്തി. രാത്രിയാകുമ്പോള്‍ വീടിന്റെ പുറത്തു നിന്ന് ആ പൂച്ചയുടെ ഒരുമാതിരി വൃത്തികെട്ട കരച്ചില് ഉയരും. അസാധ്യ പേടിത്തൊണ്ടനായ ജിതിന് ജനല്‍ തുറന്ന് കുറെ തെറി വിളിച്ച് അതിനെ ഓടിപ്പിച്ച് വിടാന്‍ നോക്കും. അതുണ്ടോ പോകുന്നു! ശരിക്ക് ഉറങ്ങാന്‍ പറ്റാതെ കുറേ ദിവസങ്ങള്‍ അങ്ങനെ പോയിക്കിട്ടി. രാത്രിയിലുള്ള പി.എസ്.സി. പഠിത്തം കുറച്ചു ദിവസത്തേക്ക് വഴിമുട്ടി. അതേത്തുടര്‍ന്ന് ഞെട്ടിക്കുന്ന ഒരു തീരുമാനം അവന് പ്രഖ്യാപിച്ചു :
‘ഒരു മാസംകൂടി കഴിഞ്ഞാ എല്‍.ഡി. റാങ്ക്ലിസ്റ്റ് വരും. ആ ലിസ്റ്റില്‍ പെട്ടില്ലേല്‍ പീയെസി പഠിത്തം എന്നേക്കുമായി അവസാനിപ്പിച്ച് ഞാന്‍ നാട്ടിലേക്ക് വണ്ടി കേറും. ഏതേലും നല്ലൊരു ബാങ്ക് കോച്ചിംഗ് സെന്ററില്‍ ചേരും.’
‘ഓ… നിനക്കെന്തുമാവാല്ലോ! ബീക്കോംകാരനല്ലേ. ചരിത്രം പഠിച്ച് ചടച്ച് ഒരു വഴീമില്ലാണ്ടായപ്പഴാ ഞാന്‍ പീയെസീല്ക്ക് ചാടീത്.’
പലതും പറഞ്ഞു നോക്കിയെങ്കിലും അവന് തീരുമാനത്തില്‍ നിന്ന് പിന്തിരിയാന് തയ്യാറായില്ല. അവന് അവനിഷ്ടമുള്ളതുപോലെ ചെയ്തോട്ടെയെന്ന് ഞാനും വിചാരിച്ചു.
പിന്നെ ഞങ്ങളുടെ സ്വസ്ഥത കളയാന്‍ വന്നത് ഉറുമ്പുകളായിരുന്നു. ചുവപ്പു നിറമുള്ള ചെറിയ ഉറുമ്പുകള്‍. ആദ്യമൊന്നും ഞങ്ങളവയെ മൈന്‍ഡ് ആക്കിയില്ല. ഇത്തിരി പോന്ന ജീവിയല്ലേ, ഉപദ്രവിക്കാന്‍ വരില്ലെന്നാണ് ഞങ്ങള്‍ ആദ്യം വിചാരിച്ചത്. അത് വെറുതെയാണെന്ന് വേഗം മനസിലായി. ഒരുദിവസം റോജിന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മൂന്നാല് ഉറുമ്പുകള്‍ അവനെ മരണക്കടി കടിച്ചു. ഉറക്കവും ജോലിക്ക് പോക്കും ഇല്ലാതാക്കിയതിന്റെ ദേഷ്യത്തില്‍ പിറ്റേന്ന് അവന് വീട്ടിലുള്ള സകല ഉറുമ്പുകളെയും കണ്ടുപിടിച്ച് കൊന്നു. ഒരു ഉറുമ്പ് പോലും രക്ഷപ്പെട്ടിട്ടില്ലെന്ന് സിറിള്‍ ഉറപ്പുവരുത്തി. കണ്ണില്‍ പെടാതെ നടന്നിരുന്ന കുറെയെണ്ണത്തെ അവനും കൊന്നു. സിറിള്‍ പിന്നെ അങ്ങനെയാണ്, ഒപ്പമുള്ളവന് ചെയ്യുന്നതെന്തോ അത് അതേപടി ചെയ്തുവെക്കും. നിഷ്കളങ്കതയുടെ നിറകുടങ്ങളായ ഞാനും ജിതിനും ആ ക്രൂരതക്ക് മൗനാനുവാദം കൊടുത്ത് മാറിനിന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍ ആ വീട്ടിലുള്ള പൊറുതി ഞങ്ങള്‍ക്കെല്ലാവര്‍ക്കും മടുത്തു തുടങ്ങിയിരുന്നു. പെട്ടെന്ന് എന്തെങ്കിലുമൊരു ജോലി സെറ്റായിരുന്നെങ്കില്‍ ഇവിടന്ന് രക്ഷപ്പെടാമായിരുന്നുവെന്ന ചിന്തയിലായിരുന്നു ഞാനും ജിതിനും. നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു നടക്കുകയാണ് റോജിനും സിറിളും. ഇപ്പൊ കുറച്ചു നാളായി ഞായറാഴ്ച ദിവസം ഞങ്ങളാരും വീട്ടില്‍ നില്‍ക്കാറില്ല. നാട്ടിലേക്ക് പോകാറാണ് പതിവ്. അവര്‍ രണ്ടാളും മിക്ക ശനിയാഴ്ചകളിലും ലീവാക്കും. ഞങ്ങള്‍ ഉച്ചവരെ ക്ലാസിലിരുന്ന് അതിനുശേഷം കിട്ടുന്ന വണ്ടിക്ക് വിടും. വേറൊന്നും കൊണ്ടല്ല, ആ പൂച്ചയെ പേടിച്ചിട്ടാണ്. ഒരു ദിവസം രാത്രി ഉറങ്ങിക്കിടന്നിരുന്ന സിറിളിന്റെ കൈയും മുഖവുമൊക്കെ അത് മാന്തിക്കീറി. ഏതിലൂടെയാണ് പൂച്ച അകത്തേക്കെത്തിയതെന്ന് കണ്ടെത്താനായില്ല. സിറിള്‍ അതിനെ ഒരു മിന്നായം പോലെയേ കണ്ടുള്ളൂ. പിന്നെയൊരിക്കല്‍ റോജിനെ അത് കടിക്കാന്‍ നോക്കി. പകല്സമയത്തായതുകൊണ്ട് കണ്ടപാടേ അവന് അതിനെ ചവിട്ടിയോടിച്ചു. കുറേ നാളത്തേക്ക് ഉപദ്രവമൊന്നുണ്ടായില്ല.
പൂച്ചയുടെ ശല്യം ഇനി ജന്മത്ത് ഉണ്ടാകില്ലെന്ന് വിചാരിച്ച് ‘ഹാവൂ’ വിട്ടിരിക്കുമ്പോഴാണ് വീണ്ടും വന്നത്! കണ്ടപാടേ സിറിള്‍ അതിനെ കല്ലെറിഞ്ഞ് ഓടിച്ചു. ഇനി വന്നാല്‍ കൊന്നുകളയാമെന്ന് അവരിരുവരും പ്ലാനിട്ടു. അതില്പിന്നെ പൂച്ച വീടിന്റെ പരിസരത്തേക്കെങ്ങും അടുത്തില്ല. ഇനി സുഖമായിട്ടൊന്ന് ഉറങ്ങാനും സ്വസ്ഥമായിരുന്ന് പഠിക്കാനും പറ്റുമെന്ന് വിചാരിച്ച എനിക്ക് തെറ്റി. രണ്ടും നടന്നില്ല. മൂന്നാല് ദിവസം വീട്ടില്‍ പോയി നില്‍ക്കാനുള്ള മൈന്‍ഡ് ഉണ്ടായി. ഇത്ര കാലമായിട്ടും ‘നല്ല’ ഒരു ജോലി ആവാത്തതിന്റെ കലിപ്പിലാണ് വീട്ടുകാര്‍. അങ്ങോട്ട് പോയാല്‍ അവരുടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കേണ്ടി വരും, ഉള്ള സമാധാനവും പോയിക്കിട്ടും! പോകേണ്ടെന്ന് വെച്ചു. റോജിനും ഞാനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അതുമിതുമൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ അവന് സീരിയസായി ഒരു കാര്യം പറഞ്ഞു:
‘പിന്നീല്ലെഡാ… ഞാനും സിറിളും ഒരു കാര്യം ഇങ്ങനെ ആലോചിച്ചു. വീട് മാറിയാലോന്ന്! ടൗണിനടുത്ത് എവിടേലും ഒരു വീടെടുക്കാം. അടുത്തടുത്ത് വീടുകളൂണ്ടാവും. അതല്ലേ നല്ലത് ?’
‘പെട്ടെന്ന് വീട് മാറണതെന്തിനാ ? നമ്മള് വന്നിട്ട് അത്ര നാളൊന്നും…’
എന്നെ കംപ്ലീറ്റ് ആക്കാന്‍ വിടാതെ റോജിന്‍ ഇടക്കുകയറി :
‘നിന്റെ ഓഞ്ഞ ചോദ്യങ്ങളാദ്യം നിര്‍ത്ത്… എന്നിട്ട് ഞാന്‍ പറയണ കേള്‍ക്ക്. ഇനീം ഇവിടെ നിന്നാ ആ പൂച്ചേടെ കടീം മാന്തും കിട്ടി നമ്മളൊക്കെ ചാവും! നിനക്കതിനോട് കരുണീം സ്നേഹോക്കീ ണ്ടാവും… പക്ഷേ എനിക്കതില്ല! അതോണ്ട് ഞാന്‍ വീട് മാറാന്‍ തീരുമാനിച്ചു!’
വീട് മാറുന്നതിനെപ്പറ്റി ആലോചിച്ച് ഞാനാകെ ഞെട്ടി തരിപ്പായി. ഇതുവരെ കിട്ടിക്കൊണ്ടിരുന്ന സ്വസ്ഥതയും സന്തോഷവും പഠിക്കാനുള്ള മൂഡുമൊക്കെ വീട് മാറുന്നതോടെ പോയിക്കിട്ടും! അതുകൊണ്ട് സംഗതി നൈസായിട്ട് ഡീല്‍ ചെയ്ത് ഒഴിവാക്കണം. സിറിള്‍ എന്തായാലും റോജിന്റെ കൂടെ നില്‍ക്കുമെന്ന് ഉറപ്പാണ്. പിന്നെയുള്ളത് ജിതിനാണ്. അവനെ എങ്ങനെയെങ്കിലും പറഞ്ഞ് മനസിലാക്കി കൂടെ നിര്‍ത്താം. ജോലി സെറ്റാകുന്നതുവരെ ഇവിടെത്തന്നെ നിന്നേ പറ്റൂ. ഇപ്പോഴത്തെ പ്രശ്നം ഈസിയായി പരിഹരിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.
വൈകുന്നേരം വീടിന്റെ ഉമ്മറത്ത് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴുണ്ട് മതിലും ചാടി പമ്മിപ്പതുങ്ങി വരുന്നു, ആ പൂച്ച! ഇനി മുന്നില്‍ പെട്ടാല്‍ ഉറപ്പായും കൊല്ലുമെന്ന് തീരുമാനിച്ച് നടന്നിരുന്ന റോജിന്‍ അതിനെ കണ്ടതും കുതറിയെഴുന്നേറ്റു. അവന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ച് പൂച്ച അനങ്ങാതെ നിന്നു. റോജിന്‍ അടുത്ത് കിടന്നിരുന്ന കല്ലെടുക്കാന്‍ കുനിഞ്ഞതും പൂച്ച മതിലില്‍ പൊത്തിപ്പിടിച്ച് കേറി എങ്ങോട്ടോ പാഞ്ഞു. കൈയിലെ കല്ല് അവന് മതിലിനിട്ട് എറിഞ്ഞു.
‘വിട്ടേക്കെഡാ… അതിനി നമ്മളെ ഉപദ്രവിക്കാനൊന്നും വരത്തില്ല…’
‘ ആണോ..!? പോവാന്‍ നേരത്ത് നിന്നോടങ്ങനെ പറഞ്ഞോ!? എന്തുവാടേ… കുറച്ച് വെളിവോടെയൊക്കെ സംസാരിക്ക്! ഈ പ്രശ്നം നമ്മളെക്കൊണ്ട് പരിഹരിക്കാന്‍ പറ്റില്ലെന്ന് അറിയാവുന്നോണ്ടാ വീട് മാറാംന്ന് ഞാന്‍ പറഞ്ഞേ…’
‘വീട് മാറാണ്ടെത്തന്നെ പ്രശ്നം സിംപിളായി ഒഴിവാക്കാന്‍ പറ്റും!’
‘എങ്ങനെ..?’
ഞാന്‍ അവന്റെ അടുത്തേക്ക് പമ്മിപ്പമ്മി ചെന്നു.
‘പൂച്ചയെ കൊന്നിട്ട് വെറുതെ പാപം വാങ്ങിവെക്കണ്ട… അതോണ്ട് അതിനെ നമുക്ക് ദൂരെ എവിടേലും കൊണ്ട് കളയാം…’
ഞാന്‍ അവന്റെ മറുപടിക്ക് വാലാട്ടി നിന്നു.
‘കൊന്നശേഷം കിട്ടുന്ന പാപമൊക്കെ നീ തന്നെ വാങ്ങിവെച്ചോ. ബുദ്ധിമുട്ടാണേ ആര്‍ക്കേലും മറിച്ചുവിറ്റോ! അപ്പൊ പ്രശ്നം സോള്‍വാകും. ങേ..?’
അതു കേട്ട് ഞാന്‍ പ്ലിംഗായി നിന്നു.
‘ഡേയ്… ഒന്നാമത് നമ്മള് താമസിക്കുന്നത് അത്യാവശ്യം നല്ലൊരു റെസിഡന്‍ഷ്യല്‍ ഏരിയേലാണ്. ഇവിടെ എവടേലും കാടുപിടിച്ച് കിടക്കുന്ന സ്ഥലമുണ്ടോന്നും അറിയില്ല. നിന്റെ ഐഡിയ റിസ്ക്കുള്ളതാ. അതുകൊണ്ട് നടക്കില്ല. കൊല്ലുന്നതാ ബുദ്ധി!’
ഞാനാകെ ടെന്‍ഷനടിച്ചു; റോജിന്‍ പറഞ്ഞതുപോലൊരു സ്ഥലം അടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ വേഗം കണ്ടെത്തണമല്ലോയെന്നോര്ത്ത്.
ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ റോജിന്‍ ഭയങ്കര സന്തോഷത്തിലായിരുന്നു.
‘മക്കളേ… ടൗണിനടുത്ത് ഒരു പൊളി വീട് ഒത്തുവന്നിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ പറഞ്ഞൊറപ്പിക്കണം. നിങ്ങക്ക് ഓക്കെയാണേല് സെറ്റാക്കാം..!’
ഊഹിച്ച പോലെ സിറിളും ജിതിനും റോജിന്റെ മൂടുതാങ്ങികളായി. ഞാന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ജിതിന് രഹസ്യമായി അടുത്തെത്തി.
‘നിനക്കെന്താടാ ഇവിടന്ന് മാറിനിക്കാന്‍ താല്പര്യമില്ലാത്തേ..? ആ കാലന്പൂച്ചേടെ കടീം മാന്തും കൊണ്ട് നമ്മളൊക്കെ ചത്തോട്ടെന്നാണോ നിന്റെ മൈന്‍ഡില്‍…’
അവന് വളരെ കൂള്‍ ആയിട്ടാണ് സംസാരിച്ചത്. അതുകൊണ്ട് എനിക്ക് കാര്യം പറയാന്‍ നല്ല ധൈര്യം കിട്ടി.
‘അങ്ങനല്ലഡാ… നിനക്കറിയാല്ലോ അടുത്ത മാസത്തെ എല്‍.ഡി. എക്സാമിന് നല്ല രീതിക്ക് പ്രിപെയര്‍ ചെയ്യാ ഞാന്ന്ന്. ഇനി കുറച്ച് ഭാഗങ്ങള്‍ കൂട്യേ പഠിച്ച് തീര്ക്കാള്ളൂ. കഴിഞ്ഞ തവണത്തെ റാങ്ക് ലിസ്റ്റിലോ പെട്ടില്ല. ഇത്തവണത്തേതില്‍ എന്തായാലും വരണം.’
അവന് എല്ലാം കേട്ട് മിണ്ടാതെ നിന്നു. അവനായതുകൊണ്ട് ബാക്കി കൂടി ഞാന്‍ പറഞ്ഞു :
‘വീട്ടുകാരുടെ തെറി കേള്‍ക്കാതിരിക്കാന്‍ വേണ്ട്യാ വീട്ടില്‍ പോലും ഇപ്പൊ പോവാതിരിക്കുന്നേ… ഇവിടന്ന് മാറുങ്കൂടി ചെയ്താ ഞാനാകെ മൂഞ്ചിപ്പോവും… നല്ല ഫ്ളോയില്‍ പഠിച്ച് വര്വാ…’
‘പിന്നെ ഇതെന്താക്കാനാ..?’
‘ഇവിടന്ന് ഒരരക്കിലോമീറ്റര്‍ മുന്നോട്ട് പോയാ കാടുപിടിച്ച സ്ഥലത്തെത്തും. ആളനക്കമൊന്നുമില്ല. പൂച്ചേനെ അവിടെ കൊണ്ടോയ്ക്കളയാം… ഒരു രാത്രിയത്തെ കാര്യേള്ളൂ.’
‘ഓക്കെ… സെറ്റ്! പക്ഷേഡാ, ഒരു കാര്യണ്ട്, പൂച്ച മണം പിടിച്ച് ഇങ്ങോട്ട് തന്നെ തിരിച്ച് വന്നാലോ..?’
അതൊരു പ്രശ്നമാണ്. ആലോചിച്ചപ്പോള്‍ പണി പാളാന്‍ സാധ്യതയുണ്ടെന്ന് മനസിലായി. എന്റെ പ്ലാനിനെ അടിമുടി പൊളിക്കാന്‍ ജിതിന് ഒരു തെളിവ് കൂടി പുറത്തേക്കിട്ടു:
‘ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ലേ എന്റെ വീട്ടിലൊരു പൂച്ചീണ്ടാര്ന്ന കാര്യം?! ഭയങ്കര സ്നേഹായിരുന്നു അതിനോടെല്ലാര്ക്കും. വീട്ടീന്നേ പോവാറില്ല. ഒരു ദിവസം അതിന്റെ ഇടത്തേ കാല് എങ്ങനെയോ മുറിഞ്ഞു. എന്തൊക്കെ ചെയ്തട്ടും മുറിവൊണങ്ങുന്നില്ല. എന്നാപ്പിന്നെ ഡോക്ടറെ കാണിക്കാം ന്നായി. അങ്ങനെ ഞാനും അച്ഛനും ചേട്ടനും കൂടി ഹോസ്പിറ്റലീ കൊണ്ടുപോയി. കാറിലാണ്. സ്ഥലത്തെത്തണവരെ ആശാന് ഒരു കുഴപ്പോണ്ടാക്കീല്ലാ.
കാറേന്ന് പുറത്തോട്ടിറക്കിയതും അത് വാണംവിട്ടപോലൊരോട്ടം! ഒരു ദിവസത്തിന്റെ പകുതിയും അതിനെ തിരയാന്‍ ഞങ്ങള്‍ പാഴാക്കി. ഒരു കാര്യോണ്ടായില്ല. ഒരാഴ്ച കഴിഞ്ഞു. അതിന്റെ നഷ്ടം കുറച്ചീശ്ശെ ഞങ്ങള്‍ മറക്കാന്‍ തുടങ്ങി. ഒരു സന്ധ്യ നേരത്ത് ടീവിക്ക് മുമ്പിലിരിക്കുമ്പോഴുണ്ട് പുറത്തൂന്ന് ദയനീയമായ കരച്ചില് കേള്‍ക്കുന്നു. ആശാനാണ്. മൊത്തത്തില്‍ ശോഷിച്ചൊട്ടിയിരുന്നു. എന്നാലും കാലിലെ മുറിവൊക്കെ പോയി ആള് നല്ല കുട്ടപ്പനായിട്ടുണ്ടാര്ന്നു. ഇപ്പൊ വല്ലപ്പഴും മാത്രേ അതിനെ കാണാറുള്ളൂ. എന്നാലും അത് ജീവിച്ചിരിക്കുന്നുണ്ടെന്നറിയുന്നതന്നെ വലിയ ആശ്വാസാ…’
ഞങ്ങള്‍ കുറേനേരം മുഖത്തോടുമുഖം നോക്കിനിന്നു.
**
കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. ഒരു ദിവസം രാവിലെ ക്ലാസിലേക്ക് പോകാന്‍ റെഡിയായി നില്ക്കുമ്പോള് നാലഞ്ച് ആളുകള്‍ കേറി വന്നു. ഞാനും ജിതിനുമേ ഉണ്ടായിരുന്നുള്ളൂ.
‘നിങ്ങള്‍ പൂച്ചേനെ വളര്‍ത്തുന്നുണ്ടോ ? മഞ്ഞ നെറത്തിലുള്ള ഒന്നിനെ..?’
കൂട്ടത്തിലൊരാള്‍ മുന്നോട്ട് വന്ന് ചോദിച്ചു. അയല്പക്കത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരാണെന്ന് ഞങ്ങള്‍ക്ക് മനസിലായി.
‘ഏയ്… പൂച്ചേനെയൊന്നും വളര്‍ത്തുന്നില്ല. പിന്നെ നിങ്ങളിപ്പൊ പറഞ്ഞ ടൈപ്പ് ഒരു പൂച്ച ഇങ്ങോട്ടും വരാറുണ്ട്.’
എന്റെ പറച്ചില് കേട്ട് വന്നവരൊക്കെ പരസ്പരം നോക്കി കണ്ണിറുക്കലുകള് നടത്തി.
‘ആ പൂച്ചേനെക്കൊണ്ട് വല്ലാത്ത എടങ്ങേറായിരിക്ക്യാ മക്കളേ… ആളില്ലാത്ത നേരത്ത് വീടിന്റകത്ത് കേറി ആഹാരസാധനങ്ങളാക്കെ കട്ടുതിന്ന്വാ… ഉടുക്കാനുള്ള തുണികളൊക്കെ മാന്തിക്കീറി നശിപ്പിക്ക്വാ… മിനിഞ്ഞാന്ന് രണ്ട് കുട്ട്യോള്ടെ കൈയും മുഖോക്കെ മാന്തി തവിടുപൊടിയാക്കി. ഈ റോബിയുടെ വീട്ടില്‍ വെച്ച് ഒരിക്കെ അതിനെ പിടികൂടീതാ, എങ്ങന്യോ രക്ഷപ്പെട്ടു. അല്ലേലതിനെ കൊന്നേനെ..!’
കൂട്ടത്തില്‍ അല്പം പ്രായം കൂടിയ ആള് സംഭവങ്ങളൊക്കെ വിവരിച്ചു കഴിഞ്ഞപ്പോള്‍ നേരത്തെ പറഞ്ഞ റോബി എന്നയാള്‍ മുന്നോട്ട് കേറി നിന്നു :
‘ഇനി കണ്ണീപ്പെട്ടാ ഉറപ്പായും കൊന്നിരിക്കും!’
എല്ലാവരും പോയ്ക്കഴിഞ്ഞപ്പോള്‍ ജിതിന് വിറ തുടങ്ങി.
‘ആ പൂച്ചയെ അവരുടെ മുന്നീത്തന്നെ വേഗം എത്തിക്കണേ ദൈവമേ… അല്ലേല്‍ ഈ പോയവരെല്ലാം കൂടി ഞങ്ങടെ ജീവനെടുക്കും! ജീവിച്ച് കൊതി തീരാത്തവന്റെ ആത്മാര്‍ഥമായ പ്രാര്‍ത്ഥനയാ… കേട്ടേക്കണേ..?!’
‘ഓവറാക്കി ചളമാക്കാതെ വേഗം വാഡേയ്…’
**
ഇനിയും കാത്തിരിക്കാനുള്ള ക്ഷമയൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും പൂച്ചയെ പിടികൂടുക എന്നതു മാത്രമായിരുന്നു പ്രധാന അജണ്ട. എല്ലാ ദിവസവും ഞങ്ങള്‍ വിചാരിക്കും : ഇന്ന് അതെന്തായാലും വരും! പക്ഷേ വരില്ല. പിറ്റേന്നും വിചാരിക്കും. വരും ! അന്നും വന്നില്ല. ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് പൂച്ച വന്നു. ഞങ്ങളുടെ ഉറക്കം പോയി. ഇന്നുതന്നെ കൊണ്ടുകളയാം എന്ന് തീരുമാനിച്ചു. അന്ന് ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഫുഡ് വരുത്തിയാണ് കഴിച്ചത്. ബാക്കിവന്ന് കളയാനായി വെച്ചിരുന്ന പൊറോട്ടയും ചിക്കന്റെ എല്ലുമൊക്കെ പൂച്ചയ്ക്കിട്ടുകൊടുത്തു. അതിന്റെ മരണ ആര്‍ത്തി കണ്ട് ഞാന്‍ ശരിക്കും പേടിച്ചു.
‘ടോര്‍ച്ച് മര്യാദക്കടിക്കെഡാ..’
നടക്കുന്നതിനിടയില്‍ ഞാന്‍ ജിതിനോട് ചൂടായി. ഉടനെ അവന് മുന്നോട്ട് കേറിനടന്ന് കറക്റ്റായി ടോര്‍ച്ചടിച്ചു. ഞാന്‍ കൈയിലിരിക്കുന്ന പൂച്ചയെ നോക്കി. ഇത്രനേരമായിട്ടും അതിനൊരു കുലുക്കവുമില്ല. പേടിച്ച് ഒന്നു കരയുകയോ കൈയില്‍ നിന്ന് കുതറിപ്പോകാനോ അത് ശ്രമിച്ചില്ല. വയറു നിറഞ്ഞിരിക്കുകയല്ലേ! പിന്നെന്തിന് കരഞ്ഞ് അലമ്പാക്കണം?!
‘ഇനീം കൊറേണ്ടോടാ…?’
സിറിള്‍ കോട്ടുവായിട്ടു കൊണ്ട് ചോദിച്ചു. തളര്‍ന്നെന്ന മട്ടില്‍ റോജിന്റെ തോളില്‍ കൈയിട്ടായി നടത്തം.
‘കുറച്ചുങ്കൂട്യേള്ളൂ… ഇപ്പെത്തും!’
അവനെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു.
ചുറ്റുവട്ടത്തെയാകെ പൊതിഞ്ഞുനിന്ന ഇരുട്ടിന്റെ തൊലിയടര്‍ത്തി ഞങ്ങളുടെ ടോര്‍ച്ചുവെളിച്ചം മുന്നോട്ടേക്ക് ഇളകിപ്പാഞ്ഞു. ഒടുക്കം പൂച്ചയെ കൊണ്ടിടാന്‍ ഉദ്ദേശിച്ച സ്ഥലത്തെത്തിയപ്പോള്‍ പ്ലാനെല്ലാം പൊളിഞ്ഞ് പാളീസായി. സ്ഥലത്തെ അരമതിലില്‍ ഒരാളിരിക്കുന്നു. കണ്ടിട്ട് ഇപ്പോഴൊന്നും പോകുന്ന ലക്ഷണമില്ല. ഇരിക്കുന്നയാളെ ഞങ്ങള്‍ നിന്ന നില്പ്പില് നിരീക്ഷിച്ചു. അയാള്‍ തന്നെത്താന്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പിന്നെ നിര്‍ത്താതെയുള്ള ചിരിയും. അതുകഴിഞ്ഞ് തോട്ടിലിറങ്ങി കൈയും മുഖവും നനച്ചു. ഇടക്കെപ്പോഴോ കണ്ണുകള്‍ ആകാശത്തെ നക്ഷത്രങ്ങളിലേക്ക് ചെന്ന് കൊണ്ടു. ചെറുങ്ങനെ കാറ്റ് വീശുന്നുണ്ടായിരുന്നു. അതയാളെ വീണ്ടും സന്തോഷിപ്പിച്ചു. പെട്ടെന്ന് അയാള്‍ കുറച്ചുറക്കെ കരയാന്‍ തുടങ്ങി. അതുകണ്ട് ഞങ്ങള്‍ അന്തം വീട്ടു. ഇതെന്ത് കഥ!?
‘കണ്ടിട്ട് നല്ല മുന്തിയ ഇനം സൈക്കോയാണെന്ന് തോന്നുന്നു..?’ പറഞ്ഞത് റോജിന്‍.
‘ഒന്നു പോയേടാ… അവന്റൊരു സൈക്കോ! ഉള്ള സൈക്കോ പടങ്ങളെല്ലാം കണ്ട് കിളി പോയി നില്ക്കുന്ന നിനക്കങ്ങനേ തോന്നൂ…’ എന്ന് സിറിളിന്റെ തിരിച്ചടി.
‘ഇനി നമ്മളെന്തീയും..?’ ജിതിന് അതറിഞ്ഞാല്‍ മതി.
‘അയാള്‍ ഉടനെയൊന്നും പോണ ലക്ഷണമില്ല… മിക്കവാറും നമ്മള് തിരിച്ച് പോണ്ടി വരും!’
ഞാന്‍ അസ്വസ്ഥതയോടെ പറഞ്ഞു.
ഇത്തിരി കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ച് നടന്നു. വീടെത്താറാവുന്നതിന് മുമ്പായി പൂച്ചയെ ആളില്ലാത്ത ഒരു വീടിന്റെ മതിലില്‍ ഉപേക്ഷിച്ചു. ഒന്നു രണ്ട് കള്ളക്കരച്ചില് കരഞ്ഞു. കുറച്ചു ദൂരം ഞങ്ങളുടെ പിന്നാലെ വന്നു. പിന്നെ ഇരുട്ടില്‍ പെട്ട് കാണാതായി.
‘നല്ലൊരു ചാന്‍സായിരുന്നു. അത് മൂഞ്ചി… ഇനിയതിനെ ഇതുപോലെ കൈയ്യീക്കിട്ടുംന്ന് തോന്നുണ്ടോ..?’
ജിതിന് ആകെ നിരാശനായി.
‘ചെലപ്പൊ നാളേം വന്നാലോ..?’
അവനെ സമാധാനിപ്പിക്കാന്‍ ഞാന്‍ വെറുതെ പറഞ്ഞു. അത് വെറുംപറച്ചിലായിരുന്നില്ലെന്ന് പിറ്റേന്ന് രാത്രി തെളിഞ്ഞു.
പൂച്ച രണ്ടാമതും വന്നു. എന്റേതൊഴികെ മറ്റു മൂന്ന് പേരുടെയും കണ്ണ് ബള്‍ബായി. ‘രണ്ടാമത്തെ ചാന്‍സാണ്, ഒരു കാരണവശാലും മിസ്സാക്കാന്‍ പാടില്ലെ’ന്ന ജിതിന്റെ അത്ഭുതവാക്യം എന്നെ ആവേശം കൊള്ളിച്ചു. ഞാന്‍ അവന്റെ നേര്‍ക്കൊരു തംസ് അപ്പ് വിട്ടു. ‘ ഞങ്ങളില്ല… ഇത്തവണ നിങ്ങള്‍ തന്നെ പൊളിച്ചടക്കീട്ട് വാ’ എന്ന് റോജിനും സിറിളും പറഞ്ഞൊഴിഞ്ഞു. അത് കാര്യമാക്കാതെ പൂച്ചയേയും കൊണ്ട് ഞങ്ങള്‍ പുറത്തിറങ്ങി. ഇന്നത്തോടെ ഈ പ്രശ്നത്തിനൊരു അവസാനം കണ്ടിട്ടേ തിരിച്ച് വരൂ എന്ന വാശിയിലാണ് പോക്ക്! സത്യം പറയാല്ലോ, നല്ല പേടിയുണ്ട്. ആ പേടിച്ചു നടത്തത്തിനിടയില്‍ പൂച്ചയുടെ നിര്‍ത്താതെയുള്ള കരച്ചില് കൂടിയായപ്പോള്‍ ഞങ്ങളാകെ അസ്വസ്ഥരായി, പേടി വേറെ ലെവലിലെത്തി.
കാണുന്ന ഓരോ വീടും പ്രേതത്തെപ്പോലെ തോന്നിപ്പിച്ചു. ആകെ ധൈര്യം തന്നത് സ്ട്രീറ്റ് ലൈറ്റുകള്‍ മാത്രം! ഒച്ചയോ അനക്കമോ ഇല്ലാതിരുന്ന അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് പട്ടിയുടെ കുര കേറി വന്നു. പൂച്ച പേടിച്ച് കൈയില്‍ നിന്ന് ചാടിപ്പോകാന്‍ നോക്കി. ഞാന്‍ പിടുത്തം ഒന്നുകൂടി മുറുക്കി. അത് തല ചെരിച്ച് കൈയില്‍ കടിക്കാന്‍ ശ്രമിച്ചു. ഞാനുണ്ടോ വിടുന്നു!? എടുത്ത രണ്ട് അടവുകളും പാളിയെന്ന് കണ്ടപ്പോള്‍ അത് അടുത്ത അടവെടുത്തു : ഉറക്കെ കരയല്‍! ങ്യാവ്… ങ്യാവ്… ജീവന് പോകുന്ന പോലെയായിരുന്നു കരച്ചില്. പണി പാളിത്തുടങ്ങിയെന്ന് ഞങ്ങള്‍ക്ക് മനസിലായി. സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഞങ്ങള്‍ നില്ക്കുന്ന ഭാഗത്തെ മൂന്ന് വീടുകളിലും ലൈറ്റ് കത്തി.
‘ഇവരിതെന്ത് തേങ്ങക്കാണ് ഇന്നേരത്ത് ലൈറ്റിട്ടേ..?’ ജിതിന് ടോര്‍ച്ച് കെടുത്തി ചുറ്റിലേക്കും കണ്ണ് വെട്ടിച്ചു. കുറച്ച് ദൂരെ നിന്നുണ്ട് ഒരു ടോര്‍ച്ചുവെളിച്ചം ഞങ്ങളുടെ നേരെ വരുന്നു!
‘ആരോ വരുന്നുണ്ട്… നമുക്ക് നൈസായിട്ടിവിടന്ന് വലിയാം…’ ജിതിന് എന്റെ കൈ വലിച്ചു.
‘ഈ പൂച്ചേനെ എന്തീയും..?’ എന്റെ കൈ വല്ലാതെ കഴക്കുന്നുണ്ടായിരുന്നു.
‘അതിനെ എന്തേലും ചെയ്യാം… നീ വേഗം വന്നേ…’
കരയുന്ന പൂച്ചയേയും കൊണ്ട് നടന്നും ഓടിയും ഞങ്ങള്‍ ഇരുട്ടു നിറഞ്ഞ വേറൊരു സ്ഥലത്തെത്തി. ജിതിന് ടോര്‍ച്ച് ഓണാക്കി ചുറ്റിലേക്കും അടിച്ചു.
‘നമ്മള് വീടെത്താറായിണ്ട്… ഇനി കുറച്ചൂടെ നടന്നാ മതി…’
കിതപ്പിനെ പിടിച്ചു നിര്‍ത്തി അവന് പറഞ്ഞു. അത്രയും നേരം അനക്കാതെ പിടിച്ചിരുന്ന ടോര്‍ച്ചുവെളിച്ചത്തെ അവന് അലക്ഷ്യമായി എങ്ങോട്ടേക്കൊക്കെയോ പായിച്ചു. അങ്ങനെ ചെയ്യുന്നതില്‍ ജിതിന് രസം പിടിച്ചെന്ന് തോന്നുന്നു. ഇരുട്ട് പടര്‍ന്നു പന്തലിച്ച് നില്ക്കുന്നിടത്തേക്കെല്ലാം അപ്പോള്‍ വെളിച്ചം കേറി. ആ വെളിച്ചം കണ്ട് പേടിച്ച പൂച്ച എന്റെ പിടുത്തത്തില്‍നിന്ന് രക്ഷപ്പെട്ട് താഴേക്ക് ചാടി. പിടിക്കാന്‍ നോക്കുമ്പോഴേക്കും അത് ഓടി. ‘ജിതിനേ… വാടാ… പൂച്ച കയ്യീന്ന് പോയ്…’ എന്ന് ഓളിയിട്ട് ഞാന്‍ പിന്നാലെ. ജിതിന് ഓടിവന്ന് എന്നെ പിടിച്ചുനിര്‍ത്തി :
‘എട മോനേ… ഇങ്ങു വന്നേ… പൂച്ച എത്തണ്ടോടത്തെത്തി. ഇപ്പൊ അത് ചെലപ്പോ നമ്മടെ വീടിന്റെ ഉമ്മറത്തിരിക്കണ്ടാവും. നീയിങ്ങോട്ട് നടന്നേ…’
ഞാന്‍ പൂച്ച പോയ വഴിയേ നോക്കി നിന്നു. ജിതിന് എന്നെ പിടിച്ച് വലിച്ചു.
‘ഇമ്മാതിരി പരിപാടിക്ക് ഇനി ഞാനില്ലാ… നമ്മള് രണ്ടാളും വിചാരിച്ചാലൊന്നും ഈ ശല്യം ഒഴിവാക്കാമ്പറ്റില്ലെടാ… സീരിയെസ്ലീ… അത് നമ്മടെ സ്വസ്ഥത കളയാന്‍ ഇനീം വരുംന്ന് ഒറപ്പാ… എനിക്കിപ്പൊ നല്ല പേടീണ്ട്. ഇവിടന്ന് താമസം മാറ്റുന്ന താടാ ഏറ്റും നല്ലത്…’
അവന് പറഞ്ഞതെല്ലാം കേട്ട് മിണ്ടാതെ നടക്കുമ്പോള്‍ ഞാന്‍ മനസിലാക്കി, ചെറിയ ഒരു പൂച്ചയ്ക്ക് വരെ നമ്മളെ പേടിപ്പിച്ച് വട്ടം കറക്കാന്‍ പറ്റും! ഒരു തീരുമാനം എടുക്കാന്‍ കഴിയാത്തതില്‍ ഞാന്‍ അസ്വസ്ഥത കൂട്ടി. ഇത്തിരി പോന്ന പൂച്ചയെ നാടുകടത്താന്‍ പോലും കഴിവില്ലാത്തവന്മാരെന്ന് സിറിളും റോജിനും ഞങ്ങളെ പുച്ഛിക്കുമായിരിക്കും. ഒക്കെക്കൂടി ആലോചിച്ചപ്പോള്‍ എന്റെ അസ്വസ്ഥത വീണ്ടും കൂടി.
‘മുമ്പൊരു സംഭവണ്ടായത് നീയോര്ക്കിണ്ടാ..? ക്ലാസ് കഴിഞ്ഞെത്തി വീടിന്റെ വാതില്‍ തുറന്നപ്പഴുണ്ട് അകത്ത് ആ പൂച്ച! നമ്മളാകെ സ്റ്റക്കായിപ്പോയില്ലേ ആ ടൈമില്‍!? ജനലും വാതിലും സകല പഴുതും അടഞ്ഞിരിക്കുന്ന ഒരു വീടിന്റെ അകത്തേക്ക് അതെങ്ങനെ കേറിയെന്ന് ഒരു പിടുത്തൂം കിട്ടുന്നില്ലല്ലോ ഇപ്പഴും? നീയന്ന് പറഞ്ഞപോലെ അതൊരു പ്രേതത്താന് പൂച്ചയാണെന്നാ എനിക്കിപ്പൊ തോന്നണേ…’
പേടികൊണ്ട് പെട്ടെന്നെന്റെ ഉള്ള് തരിച്ചു. ആ സംഭവം പെട്ടെന്നൊന്നും മറക്കാന്‍ പറ്റാത്തതാണെങ്കിലും ജിതിന് പറയുന്നതിന് മുമ്പു വരെയും അതെന്റെ ഓര്‍മയിലേ ഉണ്ടായിരുന്നില്ല.
‘പൊന്നുമോനേ… ആവശ്യല്ലാത്തതോരോന്ന് പറഞ്ഞുണ്ടാക്കി മനുഷ്യനെ പേടിപ്പിക്കാതെ ഇങ്ങ് വന്നേ…’
അടുത്തെവിടെ നിന്നോ ഒരു പൂച്ചയുടെ വൃത്തികെട്ടതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ കരച്ചില് കേട്ടു. ജിതിന്റെ ഇഴഞ്ഞിഴഞ്ഞുള്ള നടത്തം കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. ഒരുവിധത്തില്‍ ഉന്തിത്തള്ളി അവന്റെ നടത്തത്തിന് സ്പീഡ് കൂട്ടി.
‘എടാ… വീട് മാറണംന്ന ചിന്ത പെട്ടെന്ന് ഉണ്ടായതൊന്ന്വല്ല… കഴിഞ്ഞ കുറച്ചൂസായി നമ്മടെ വീടും ആ ഏരിയേ മൊക്കെ ഭയങ്കരൊരു നെഗറ്റീവ് വൈബാ എന്നിലുണ്ടാക്കുന്നേ… ആ പൂച്ചയാ മെയിനായിട്ട് എന്റെ സ്വസ്ഥതയൊക്കെ കളഞ്ഞേ… അന്ന് വീടിനകത്ത് അതിനെ കണ്ടപ്പോഴേ പേടിച്ച് പണ്ടാറടങ്ങീതാ… ഇനീം പേടിച്ചോണ്ടിരിക്കാന് ആവൂല്ല മോനേ…’
സപ്പോര്‍ട്ട് ചെയ്യാന്‍ ആകെയുണ്ടായിരുന്നത് ജിതിന് മാത്രമായിരുന്നു. ദേ ഇപ്പൊ അവനും ചീട്ട് മാറ്റിയിരിക്കുന്നു.
‘ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ നമ്മള് ഭയങ്കരമായി സൂക്ഷിക്കേണ്ടി വരും. അമ്മാതിരി ദേഷ്യ ണ്ടാവും അതിന് നമ്മളോട്… അവസരം ഒത്തുവന്നാ എല്ലാ രീം പഞ്ഞിക്കിടുമെന്നുറപ്പാ… കൊല്ലാനും ചാന്‍സ്ണ്ട്… രണ്ടൂസം മുമ്പ് കണ്ട സ്വപ്നത്തില്‍…
പറയാന്‍ തുടങ്ങലും അവന്റെ മുഖത്തേക്ക് ഞാന്‍ ശക്തിയില്‍ ടോര്‍ച്ചടിച്ചു.
‘നിനക്കെന്തിന്റെ കുത്തിക്കഴപ്പാടാ… അല്ലെങ്കിലേ പേടിച്ച് പണ്ടാറടങ്ങീട്ടാള്ളത്. അതിന്റെടേലാ അവന്റെ ഉണ്ടാക്കിവര്ത്താനം…’
എന്റെയുള്ളില്‍ ദേഷ്യം കട്ട കുത്തി. വീട്ടിലെത്തിയിരുന്നെങ്കില്‍ കുറച്ച് ആശ്വാസം കിട്ടിയേനെ!
‘ഞാനെന്റെ അവസ്ഥ പറഞ്ഞന്നേള്ളൂ… അല്ലാതെ നിന്നെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടീട്ടൊന്ന്വല്ല… ഞാനെന്തായാലും അവന്മാരോടാപ്പം വീട് മാറാന്‍ തീരുമാനിച്ചു. അത് നടന്നില്ലേല്‍ ഈ കോച്ചിങ്ങൊക്കെ മതിയാക്കി നാട്ടില്‍ വല്ല ജോലി നോക്കും..!’
‘നിനക്കെന്താ പറ്റീത്..? ഇപ്പൊ പെട്ടെന്ന് ഇങ്ങനൊക്കെ പറയാന്‍…’
ജിതിന് പറഞ്ഞത് കേട്ട് ഞാന്‍ പാതി തണുത്തു. ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായെങ്കിലും അവന് ഇങ്ങനെയൊരു ടോണില്‍ സംസാരിക്കുന്നത് ആദ്യമായിട്ട് കേള്‍ക്കുകയായിരുന്നു. ഞാനാകെയൊന്ന് തരിപ്പായി.

‘മുത്തേ… ഫീലാവാന് വേണ്ടി പറഞ്ഞതല്ല. ഇപ്പോഴത്തെ എന്റെ അവസ്ഥ അങ്ങനാണ്. ജോലി സെറ്റാവാത്തോണ്ട് വീട്ടുകാരുടെ വായിലിരിക്കുന്നതൊക്കെ നീ കേള്‍ക്കാറില്ലേ… സെയിം സീനാണ് എന്റെ വീട്ടിലും. മുമ്പൊക്കെ പല ന്യായങ്ങളും പറഞ്ഞ് രക്ഷപ്പെട്ടു. ഇപ്പൊ അതിനും പറ്റുന്നില്ല. സ്വന്തായിട്ട് എന്തേലൊരു പരിപാടി തൊടങ്ങാനുള്ള മൈന്ഡിലായിരുന്നു ഞാന്‍. തല്ക്കാലം അത് വര്‍ക്കൗട്ടാവില്ല. എങ്ങനേലും ഒരു ജോലി ഒപ്പിക്കണംന്നേ ള്ളൂ ഇപ്പൊ…’
തിരിച്ചെന്ത് റിപ്ലേ കൊടുക്കുമെന്ന് ആലോചിച്ച് ഞാന്‍ ചെറിയ ടെന്‍ഷനിലായി.
‘തല്ക്കാലം നീ ജോലിയൊന്നും നോക്കണ്ട… ഈയൊരു വര്‍ഷംകൂടി നമുക്ക് നല്ല രീതീ ക്ലാസൊക്കെ അറ്റന്റീത് കുത്തിയിരുന്ന് പഠിച്ചുനോക്കാം… കിട്ടാതിരിക്കില്ലെഡാ… അതല്ല ജോലി കിട്ടിയേ പറ്റൂന്നാണെങ്കി നമുക്ക് പാര്‍ട്ട് ടൈം ജോബ് എന്തേലും നോക്കാം…’
പറഞ്ഞ് തീര്‍ത്തതും ഞാനാകെ വിയര്‍ത്ത് കുളിച്ചിരുന്നു. സ്വന്തമായി അഭിപ്രായം പറയാന്‍ പെടുന്ന പാട് ചില്ലറയൊന്നുമല്ല. അതുകൊണ്ട് വിയര്‍ക്കലും അപ്പിയിടാന്‍ മുട്ടലുമൊക്കെ പതിവാണ്.
‘എനിക്കറിയണ്ടത് നീ വീട് മാറാന്‍ റെഡ്യാണോന്നാ..?’ ജിതിന് വിടാന്‍ ഉദ്ദേശ്യമില്ല.
‘കൊര്‍ച്ച് നാളുങ്കൂടി നമുക്കാ വീട്ടീത്തന്നെ നിന്നുനോക്കാഡാ… ആ പൂച്ച ഇനി നമ്മളെ ഉപദ്രവിക്കാനൊന്നും വരില്ലെന്നാ എനിക്ക് തോന്നണേ… വെറുതെ ഓരോന്ന് സങ്കല്പിച്ചൊണ്ടാക്കും.. പ്രേതാണ് തേങ്ങ്യാണന്നൊക്കെപ്പറഞ്ഞ്… ഒരു പുല്ലൂണ്ടാവില്ല…’
ജിതിനെ ഒന്ന് കൂളാക്കണം എന്ന് മാത്രമേയുണ്ടായിരുന്നുള്ളൂ.
‘പറയണതൊക്കെ ചെല്പ്പൊ റെഡ്യാവും… പക്ഷേ ആ പൂച്ച നമ്മളോട് എങ്ങന്യൊക്ക്യാ പെരുമാറ്യേ ന്ന് നീയും കണ്ടതല്ലേ.!? അറിഞ്ഞോണ്ട് കുഴീച്ചാടാന് ഞാല്ലാ… ഇവിടെ വെച്ച് നീ പോസിറ്റീവായൊരു തീരുമാനെടുക്ക്. അങ്ങനാണേല്‍ അടുത്ത മാസം എല്ലാര്ക്കും കൂടി വീട് മാറാം…’
‘നീയിപ്പൊ നടക്ക്… ഞാന്‍ പറയാം…’
ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് ഞാന്‍ മുന്നോട്ടേക്ക് ചലിച്ചു. അപ്പോള്‍ വീട് എന്നെ അതിഭീകരമായി നൊസ്സടിപ്പിച്ചു. വീടെത്തിയാല്‍ ഒരു പൊടിക്കെങ്കിലും സ്വസ്ഥത കിട്ടിയേനെയെന്ന് തോന്നിക്കൊണ്ടിരുന്നു.
‘വീടെത്താറായോടാ..?’ എനിക്ക് വെപ്രാളം. ജിതിന് പക്ഷേ ഞാന്‍ ചോദിച്ചത് കേട്ടില്ലെന്ന് തോന്നുന്നു. അവന് വേറെന്തോ ആലോചിച്ചുകൊണ്ട് നടക്കുകയായിരുന്നു. വീട്ടിലെത്തിയാലുടന്‍ നല്ലൊരു ഉറക്കം ഉറങ്ങണമെന്നും അത് പിറ്റേന്ന് ഉച്ച വരെ നീളണമെന്നും ഞാനാഗ്രഹിച്ചു. പുറത്ത് നടക്കുന്നതൊന്നും അറിയാതെ ചത്തുറക്കം! എന്ത് സ്വസ്ഥതയായിരിക്കും അപ്പോള്‍!? അതൊക്കെ വിചാരിച്ച് നടക്കുമ്പോഴാണ് പിന്നില്‍ നിന്നും കേട്ട പൂച്ചയുടെ ശബ്ദം എന്നെ ഞെട്ടിവിറപ്പിച്ചത്. പറ്റാവുന്നത്രയും വേഗത്തില്‍ ഞാന്‍ ഓടിത്തുടങ്ങി. ജിതിന്റെ ഉറക്കെയുള്ള വിളി കേള്‍ക്കാനാവുന്നുണ്ട്. പക്ഷേ ഞാന്‍ നിര്‍ത്താതെ ഓടുകയാണ്. ഇടക്കൊരു വട്ടം കരച്ചില് വന്നു. എവിടെയെങ്കിലും ഒളിച്ചു നിന്ന് കരയണമെന്ന് തോന്നി. കഴിഞ്ഞില്ല. ഞാന്‍ ഓടുകയായിരുന്നു. ഓടിയോടി ഏതോ ഒരു വെളിച്ചപ്രദേശത്ത് എത്തി. ഒട്ടും പരിചയമില്ലാത്തിടം! ദൂരെനിന്ന് ഇരുട്ട് പറ്റിയ ശരീരവുമായി ജിതിന് ഓടി വരുന്നുണ്ട്; പൂച്ചയെപ്പോലെ.
‘വീടെത്താറായോ..?’ ഞാന്‍ ചോദിച്ചു.
‘ഇത്തിരി കൂടിയുണ്ട്.’ ഞാന്‍ പറഞ്ഞു.
പേടി പോയി സമാധാനം വന്നു. അതുകഴിഞ്ഞ് സന്തോഷവും. അതിന്റെ പെരുപ്പത്തില്‍ ഞാന്‍ നാല് കാലില്‍ ഓടാന്‍ തുടങ്ങി.
1 Comment
വർമ്മേ…ജൈ❤️❤️