
മുങ്ങാംകുഴി

വിഷ്ണു ലത
അളവറ്റു പെയ്യുന്ന
നില തെറ്റിയ ജൂണ്‍
വിഷാദ ചുഴി പോലെ നീളന്‍ വരാന്തകള്‍
മുപ്പത്തിരണ്ട് ,മുപ്പത്തിരണ്ട്, മുപ്പത്തിരണ്ട്
ടോക്കണ്‍ വിളിയില്‍ നിറഞ്ഞ മിഴിയില്നിന്നിറങ്ങി
സെല്ലിലേക്ക് നടന്നുപോകുന്ന കൂട്ടുകാരന്
നിലവിളി പോലെ അവന്റെ കാലൊച്ചകള്‍
ഭ്രാന്തന്റെ മകനോ മുന കൂര്‍പ്പിച്ച ചോദ്യം
കണ്ണാലുഴിഞ്ഞ കാവല്ക്കാരന്
ഭ്രാന്തന്റെ മകന്
ഭ്രാന്തന്റെ മകന്
കബഡി കളിയുടെ കുമ്മായ വരക്കുള്ളില്‍
അങ്ങാടിയില്‍
ആള്‍ക്കൂട്ടങ്ങളില്‍
ഒരാണ്‍കുട്ടി നോവേറ്റു നില്ക്കുന്നു
ഉടുതുണിയില്ലാതെ അവന്റെയപ്പന്
കലങ്ങിയ കണ്ണിലൂടെ നിലവിളിച്ച് ഓടുന്നു
താളമില്ലാതെ ജൂണ്‍ പെയ്യുന്നു
മുറിഞ്ഞു കത്തുന്ന വെളിച്ചത്തിലേക്ക്
കാവല്‍ക്കാരന്റെ വിരല്‍ നീളുന്നു
‘ഏഴാമത്തെ സെല്ലില്‍ ‘
‘അടുക്കരുത് വയലന്റ് ആണ്’
നെഞ്ചില്‍ ഇളം ചൂടുള്ളൊരപ്പന്
ഒരു സന്ധ്യയിലുമിനി കയറി വരാതെ
അവന്റെ കുട്ടിക്കാലത്തില്‍ നിന്നും പെരുവഴിയിലിറങ്ങി നില്ക്കുന്നു
കുന്നിറങ്ങി മറയുന്നു
ഇരുമ്പഴിക്കുള്ളിലൂടെ
ഒര്‍മ്മ മുറിഞ്ഞൊരു നോട്ടം
വെറുതെ വിരല്‍ നീട്ടുന്നു
പെരുവിരലില്‍ തൂങ്ങിയാദ്യം കുന്നിറങ്ങിയ പോല്‍ മുങ്ങാംകുഴിയിട്ട പോല്‍
നഗരം കണ്ടപോല്‍
വിരലില്‍ തൊട്ടവന്
എന്നെയൊന്ന് കുന്നിറക്കപ്പാ
പുഴ കാണിക്കപ്പാ എന്ന്
മിഴി നിറച്ച് പെരുംനോവിലേക്ക് മുങ്ങാംകുഴിയിടുന്നു
തിരികെയാത്രയില്‍ തീവണ്ടിയില്‍
അപ്പനെന്നു മാത്രം വിതുമ്പി
തനിച്ചൊരു കുഞ്ഞ് കുന്ന് കേറി
ജൂണ്‍ മടങ്ങുമ്പോള്‍ ചൂട്ടകൊത്തി തീര്‍ന്ന കണ്ണുമായി മുങ്ങാംകുഴിയിട്ടവന്‍ അപ്പനില്ലാതെ കുന്നിറങ്ങി