
ചൂണ്ട

വിഷ്ണു ലത
കൂർത്ത് കൂർത്ത്
രാത്രി മൂക്കുമ്പോൾ
റാക്ക് നാറ്റം പൊതിഞ്ഞ തെറി വാക്കിന്റെ ഉടുതുണി ഉരിഞ്ഞ് വെക്കുമപ്പൻ
അമ്മയപ്പഴേക്കും അപ്പന്റെ
വക്കപാത്തിലൊഴിഞ്ഞ മീനിന്റെ ചെതുമ്പല്‍
കത്തീലൊരച്ച് തുടങ്ങും
അപ്പന്റെ നാറ്റം അപ്പഴേക്കും നാട് ചുറ്റി
എല്ലാ വീടിന്റെ അടുക്കളെലും
കോലായിലും നെരങ്ങും
അപ്പനമ്മയെ പള്ളെൽ ചവിട്ടി
തേവിടിശ്ശിന്ന് വിളിക്കും
അമ്മയപ്പോ തലയും വാലും ഒത്ത് മുറിച്ച്
മീൻ വെള്ളം തടത്തിലേക്ക് നീട്ടി തേവും
അയൽവക്കത്തെല്ലാം അപ്പഴേ
എരിവും പുളിയും
പുകഞ്ഞ് തുടങ്ങും
വെന്ത് വെന്ത് ഉപ്പ് ഒത്താൽ
ചുടാറ്റാതെ മുള്ളോടെ
അപ്പൻ കഴിക്കും
കുനിഞ്ഞ് നിന്ന് വെണ്ണീറ് ഒരച്ച്
മീൻ ചട്ടി മിനുക്കുമ്പോ
അമ്മയെ കക്ഷത്തിലും
അരയിലും വയറിലും
മീൻ ചെതുമ്പല്‍ തെളങ്ങുന്ന
മീനായി തോന്നും
അപ്പന്റെ വക്കപാത്തിലൊഴിഞ്ഞ
മീനിന്റെ പെടച്ചിലോർക്കും
എണ്ണ തേച്ച് സോപ്പൊരച്ച്
കിണറ്റിലാകെ മുങ്ങി വന്നാലും ക്ലാസിലിരിക്കുമ്പോ അപ്പന്റെ നാറ്റം
ചൂണ്ട പോലയെന്നെ
കൊത്തി കരക്കിടും
മീൻചെതുമ്പല്‍ പൊതിഞ്ഞ മേലോടെ
ഞാൻ ആൾകൂട്ടത്തിലെല്ലാം
കെടന്ന് പെടയും
അപ്പന്റെ വക്കപാത്തിന്റെ
തുമ്പത്തെ മൂലയിൽ
രാത്രി വേവാനുള്ള മീനായി പിടയും ഞാനുമമ്മയും