
പകര്‍ന്നാട്ടങ്ങളുടെ അരനൂറ്റാണ്ട്

വിപിന്‍ദാസ് ജി
അഭ്രപാളിയില്‍ അഭിനയത്തിന്റെ അരനൂറ്റാണ്ടില്‍ എത്തി നില്ക്കുന്ന മമ്മുട്ടിയെന്ന നടനോട് അരനാഴിക നേരം സംവദിക്കാന്‍ കഴിഞ്ഞാല്‍ മനസ്സിലാവും അഞ്ചുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആദ്യമായി ക്യാമറക്ക് മുന്നില്‍ അഭിനിവേശത്തോടെ നിന്ന ആ പഴയ യുവാവ് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ജരാനരകള്‍ ബാധിക്കാതെ നിത്യയൗവനമാര്‍ന്ന മനസ്സോടെ മുന്നില്‍ നില്‍ക്കുന്നുവെന്ന്. കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചക’ളില്‍ മുഖം കാണിച്ചു തുടങ്ങിയ ജീവിതം (അഭിനയജീവിതം എന്ന വാക്കിനെക്കാള്‍ ഇവിടെ മമ്മുട്ടിയായതിനാല് ജീവിതം എന്ന വാക്കായിരിക്കും അഭികാമ്യം) അതേ ആവേശത്തോടെ തുടരുന്നു.
ഈ നീണ്ട വര്‍ഷങ്ങളിലായി വിവിധഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടും സിനിമയോടുള്ള ആവേശം വര്‍ദ്ധിക്കുന്നതല്ലാതെ തെല്ലും കുറഞ്ഞില്ല എന്നതുകൂടിയാണ് സിനിമയില്‍ ഈ അമ്പത് വര്‍ഷങ്ങള്‍ താണ്ടാന്‍ മമ്മുട്ടിയെ പ്രപ്തനാക്കിയതും. മുഴുനീളവേഷങ്ങളില് മമ്മുട്ടി പ്രത്യക്ഷപ്പെട്ടുതുടങ്ങിയ കാലം. അന്ന് നിത്യഹരിതനായകനായ പ്രേംനസീര്‍ സ്വതസിദ്ധമായ ചിരിയോടെ ചോദിച്ചുവത്രേ-
‘ എനിക്ക് പകരക്കാരനായി വന്നതാണല്ലേ..? ‘
വര്‍ഷങ്ങളോളം മലയാളസിനിമയുടെ നായക മുഖമായിരുന്ന നസീര്‍, മമ്മുട്ടിയോട് ആ ചോദ്യം ഉന്നയിക്കുമ്പോള്‍ സിനിമ-പ്രേക്ഷകര്‍-ഭാഗ്യം ആ നടനെ കൊള്ളുമോ, തള്ളുമോ എന്ന അനിശ്ചിതത്ത്വം നിലനിന്നിരുന്നു. എന്നാല്‍ ഒരു പകരക്കാരനല്ല, അതിനു മുമ്പോ, ശേഷമോ പകരം വയ്ക്കാനില്ലാത്ത, കഥകളി ഭാഷ്യത്തില്‍ പറഞ്ഞാല്‍ ഒരു ആദ്യാവസാനക്കാരനായി ആ നടന് മാറിയിരിക്കുന്നു.

മമ്മുട്ടി താണ്ടിയ ദൂരങ്ങളും വേഷങ്ങളും പുതിയ തലമുറകള്‍ക്ക് കൈ എത്തിച്ചു തൊടാന്‍ ഒരിക്കലും കഴിയില്ല എന്നതാണ് സത്യം. കാരണം കലയും കാലവും വളര്‍ത്തിയ നായകന്റെ കഥ കൂടിയാണ് സിനിമയിലെ അമ്പത് വര്‍ഷത്തെ മമ്മുട്ടിയുടെ ജീവിതം. നായകനും പ്രതിനായകനുമൊക്കെയായി ആ നടന് അനശ്വരമാക്കിയ സിനിമകളെ ഓരോന്നിനെ ചൊല്ലിയും ഓരോ പ്രബന്ധം തന്നെ എഴുതേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെ ലോകത്തിനുമുന്നില്‍ അഭിമാനപുരസരം അവതരിപ്പിച്ച അടൂര്‍ മുതല്‍ മണിരത്നവും ജബ്ബാര്‍ പട്ടേലും ഉള്‍പ്പെടെ പ്രമുഖരായ സംവിധായകരാല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍… പകയും പ്രണയവും പ്രതികാരവും ദുഃഖവുമെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ വെള്ളിത്തിരകളില്‍ എത്തിക്കാനുള്ള വേഷങ്ങള്‍ ആ നടനെ തേടിച്ചെന്നു.
വിധേയനിലെ ഭാസ്കര പട്ടേലരും വാത്സല്യത്തിലെ മേലേടത്ത് രാഘവന് നായരും, മുന്നറിയിപ്പിലെ രാഘവനും അമരത്തിലെ അച്ചൂട്ടിയും കോട്ടയം കുഞ്ഞച്ചനും തനിയാവര്‍ത്തനത്തിലെ നിസഹായനായ ബാലന് മാഷും അങ്ങനെ നീളുന്ന കഥാപാത്രങ്ങളൊക്കെ മമ്മൂട്ടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍, പറയുമ്പോള്‍ ഏതൊരു സിനിമാസ്വാദകരുടെയും മനസ്സില്‍ വരുന്നതാണ്. വേഷപ്പകര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു അത്. ജലജീവി മാടയും ഡാനിയും പുട്ടുറുമീസുമൊക്കെപോലെ നിര്ജീവിതങ്ങളായ കഥാപാത്രങ്ങളില്‍ ജീവചൈതന്യം നിറച്ചതും ആ നടന് ആയിരുന്നു. അടിമുടി നടന് ആയ മനുഷ്യന്. നടന് അല്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്ന നടന്. അങ്ങനെയൊരാള്‍ സിനിമയെന്ന അത്ഭുതത്തിനുള്ളില് അമ്പത് വര്‍ഷങ്ങള്‍ നടന്നുതീര്‍ത്ത ദൂരത്തിലേക്ക് ഒരു സിനിമപ്രേമിയായി തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതാദരങ്ങള്‍ അല്ലാതെ മറ്റെന്തുണ്ട് പകരം നല്കാന്…