
മുറ്റം നിറയെ ചാമ്പക്കകൾ

വിബിൻ ചാലിയപ്പുറം
മുറ്റത്ത് നടാനുള്ള
ചാമ്പക്കത്തൈയ്യുമായി
വീട്ടിലേക്ക് കയറുമ്പോഴാണ്
താരമോൾ മുറ്റം നിറയെ
പണിക്കാരെ കണ്ടത്.
ഇത് പിന്നിൽ നടാം ,
ഹൈവേ ഇനി മുറ്റം കയറും
എന്ന് പറഞ്ഞച്ഛൻ
മുറ്റത്തെ കുഴി മണ്ണിട്ട് മൂടി.
റോഡ് നിറത്തിലൊരു പാമ്പ്
മേലെ വെള്ള വരയുള്ളത് ,
വലിയവായിൽ
വീട് വിഴുങ്ങുന്ന ചിത്രമന്ന് രാത്രി
താരമോൾ തന്റെ
ചിത്രപ്പുസ്തകത്തിൽ വരച്ചിട്ടു.
ഉറക്കത്തിൽ കണ്ട സ്വപ്നത്തിൽ
പാമ്പിന്റെ വയറിനുള്ളിൽ
പൂത്തുകായ്ച്ച ചാമ്പക്കമരം.
ഹോണടികളാൽ
ഉറക്കം ഞെട്ടുന്ന രാത്രികളിലെല്ലാം
‘ഓട് കുലുങ്ങുന്ന ഈ വീട്
നമുക്ക് വേണ്ടച്ഛാ’ എന്നവൾ
സങ്കടം പറയും.
‘മുറ്റത്തിന്റെ പൈസ കിട്ടിയാൽ
വേറെ നോക്കാ’മെന്നച്ഛൻ
സമാധാനപ്പെടുത്തും.
പോകെപ്പോകെ വീട്
വിറയലറിയാതെയായി
പൊടികളിൽ തുമ്മാതെയായി
ഹോണടികൾ കേൾക്കാതെയായി
മുന്നിലേയ്ക്കൊരു വഴിയുണ്ടെന്നു
മറന്നേ പോയി.
പാഞ്ഞുപോയ
കേസാർടിസിയിൽ നിന്നാരോ
തുപ്പിയ മുറുക്കാൻ ചീളുകൾ
ചുമരിൽ ചോരപ്പാട് തീർത്തു
ചുവന്നു,
പിന്നെ കറുത്തു .
വോട്ടും തേടിവന്ന സ്ഥാനാർത്ഥിക്കാർ
ചുമരിൽ പോസ്റ്റർ പതിച്ചന്ന്
മുൻവാതിൽ സ്ഥിരമായടച്ചു.
വീടിനെ കുളിപ്പിച്ചെടുക്കുന്ന
കനത്ത മഴക്കാലരാത്രികളിലൊന്നിൽ
റോഡ് തെന്നി
വേഗത്തിലൊരു ലോറി
ചുമരും തുളഞ്ഞകത്തേക്കു കയറി.
ചെങ്കല്ല് പാളികൾക്കിടയിൽ നിന്ന്
പുറത്തേക്കെടുത്ത
താരമോളെ കൈയ്യിൽ
മുറുകെപ്പിടിച്ച ചിത്രപ്പുസ്തകം.
അതിന്റെ നടുപ്പേജിൽ
ഒരു വീട്
ചുറ്റിലും പൂക്കൾ
മുറ്റം നടുക്ക് ചെടിയിൽ
നിറയെ ചാമ്പക്കകൾ .
അതാകണം
താരമോളവസാനം കണ്ട
സ്വപ്നം.