
കടല്‍ ഫ്രം ആകാശം മല പി.ഒ, പുഴ വഴി

വിബിന് ചാലിയപ്പുറം
1.
പുഴ വറ്റിയാലും
നിന്റെ
വറ്റിപ്പോകുന്ന ഓര്‍മകളിലെ
ആദ്യ പുഴയാവുന്നു
ഞാന്‍ .
ബാക്കിയാവുന്നു വഴി
ഒഴുകിയതിനൊരു തെളിവായി..!
2.
കടലാവുകയെന്നാല്
കടലാവുക എന്നതൊരു യോഗമാണ്.
കരയല്ലാതെ മറ്റൊന്നിനോടും
മിണ്ടാനാവാതെ
മറ്റെവിടേയും ചെന്നിരിക്കാനാവാതെ,
ഒരു നിമിഷത്തിനപ്പുറം
ഒരു വാക്കും മുഴുവനാക്കാനാവാതെ ..!

3.
തോന്നല്‍
ആകാശം തൊടുന്നു കിളി, മേലെ
സന്തോഷത്താല്‍ ചിറകിട്ടടിക്കുന്നു.
ആകാശത്തോളം അടുത്തുവെന്നത്
തോന്നലല്ലേ, തൊട്ടു എന്നതും.
എങ്കിലും, പറക്കാന്‍ കഴിയാത്തിടത്തോളം
ആ തോന്നലുകളത്രയും സുന്ദരം..!
4.
മല ചുവക്കുന്നു, പുഴയും
എന്തേ പുഴ കലങ്ങി. ?
തോണി ചൂണ്ടിയങ്ങകലെ മല,
വാരിയില്‍ മാംസം ചീന്തിയടര്ന്നപോല്
മലര്‍ന്നു കിടക്കുന്നു
പച്ചനിറങ്ങള്ക്കിടയില്
ചെറുചുവപ്പുമായ്..!