
ഒരു മഴക്കാലത്ത്

വിനോദ് വിയാര്‍
ചാറ്റല്‍ മഴ.
ജനലിലൂടെയുള്ള നോട്ടത്തില്‍ അങ്ങ് പാടങ്ങള്‍ക്കപ്പുറത്ത് അത് അവസാനിക്കുന്നു. ആകാശത്തുനിന്നും വെളുത്ത നാരുകള്‍ വലിച്ചു കെട്ടിയതുപോലെ, ചെരിഞ്ഞും നിവര്‍ന്നും ഇടവിടാതെ കുണുങ്ങിച്ചിരിച്ചു കൊണ്ട്…
അഞ്ചാം ക്ലാസ്സിലോ ആറിലോ പഠിക്കുമ്പോള്‍ പാടത്തിനപ്പുറത്ത് ആ വേലന്റെ ചോര്‍ന്നൊലിക്കുന്ന കുടിലിന് അടുത്തുവരെ പോയിനോക്കി. ഇല്ല; അതവിടെ അവസാനിക്കുന്നില്ല. പുണരുന്ന മരക്കാടുകള്ക്കറ്റത്തേക്ക് നീണ്ടിരിക്കുന്നു. മരങ്ങള്‍ കൈകോര്‍ക്കുന്ന ഇടവഴികള്‍ കടന്ന് ഉള്ളിലേക്ക് പോയാലും ഇതുതന്നെ അവസ്ഥ. വടക്കേ മലമുകളിലെവിടെയോ അവന് തന്റെ അവസാന രേഖകള്‍ കാണിച്ചു തന്നേക്കാം. കള്ളന്; കബളിപ്പിച്ച് നമ്മെ കൂടുതല്‍ കൂടുതല്‍ അവനിലേക്ക് ചേര്‍ത്തണയ്ക്കുന്നു. ചിലപ്പോള്‍ അവന്റെ കരസ്പര്ശമേറ്റങ്ങനെ നില്ക്കുമ്പോള് ഏതു സ്വര്‍ഗ്ഗവും പകര്ന്നുനല്കാത്ത ആനന്ദമായിരിക്കും മനസ്സുനിറയെ. അമ്മയുടെ നീളന്‍ വടിയുടെ ശകാരത്തേയും ഭയമില്ലാതെ മുട്ടൊപ്പം വെള്ളത്തില്‍ തത്തിക്കളിക്കും, വേലന്റെ മകനുമുണ്ടാകും കൂട്ടിന്.
‘മുരുകാ… ഇങ്ങോട്ട് വാടാ. ആ കുട്ടിയെക്കൂടെ… ‘ ദേഷ്യത്തിലുള്ള വേലന്റെ വിളി ആര്‍ത്തലയ്ക്കുന്ന മഴയിലെവിടെയോ നഷ്ടപ്പെട്ടുപോകും.
മഴ
ചിരിക്കുന്ന മഴ.
ആകാശത്തിന്റെ കണ്ണുനീര് എന്ന് ചിലരുടെ ഭാഷ്യം. അപ്പോള്‍ കരയുന്ന മഴ. തന്നെ കരയിക്കുന്ന മഴ.
അമ്മ തല്ലുമ്പോള്‍ അച്ഛന് തടസ്സം പിടിക്കാറുണ്ട്; കൈ കൊണ്ടും നാവു കൊണ്ടും. ഉറഞ്ഞുതുള്ളുന്ന അമ്മയുടെ കൈയില്‍ കണ്ണുമിഴിച്ചിരിക്കുന്ന വടിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് അച്ചാമ്മ പറയും ‘കൊട് കൊട് നല്ലത് കൊട്. എത്ര പറഞ്ഞാലും കേള്‍ക്കില്ല. മഴയത്താ കളി. ഈ മഴയത്തേ. ‘ പിന്നെയും എന്തൊക്കെയോ പിറുപിറുക്കലുകള്‍. അടി കൊണ്ടു കരയുമ്പോഴും നോട്ടം പറമ്പില്‍, പാടങ്ങള്‍ക്കപ്പുറത്ത്, കൂട്ടുപിണഞ്ഞ മരക്കാടുകളില്‍, വടക്കേ മലമുകളില്‍ വെളുത്ത നാരുകളുടെ അങ്ങേത്തലയ്ക്കലേക്കു നീണ്ടുപോകുന്നു.
മഴയെ താന്‍ ഇഷ്ടപ്പെടുന്നു. എത്ര തല്ലുകിട്ടിയാലും വെറുക്കാന്‍ കഴിയുന്നില്ല. ആവേശത്തോടെ ഇറങ്ങിച്ചെല്ലുന്നു. ആ കൈവിരലുകള്‍ സ്പര്‍ശിക്കാന്‍ അനുവാദം നല്കുന്നു. തണുത്ത മേനിയില്‍ ചുംബിക്കുന്നു. തന്നെ സമര്‍പ്പിക്കുന്നു.
തന്റെ സ്വന്തങ്ങളിലെല്ലാം അവന് തഴുകിയിറങ്ങുന്നു; ജാള്യതയില്ലാതെ. സ്വരുക്കൂട്ടിയ മോഹങ്ങളിലെല്ലാം തണുത്ത സ്പര്‍ശം.
വര്‍ഷങ്ങള്‍, ഒന്ന്… രണ്ട്… മൂന്ന്… എണ്ണുന്നതിനേക്കാള്‍ വേഗത്തില്‍, തകര്‍ച്ചകളേക്കാള്‍ വേഗത്തില്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോഴും അവനോടുള്ള ആസക്തി; പ്രണയം!? അങ്ങനെ വിളിക്കാമെങ്കില്‍ പഴയ അതേ അളവില്‍ തന്നെ ഒരു കരിങ്കല്ലായി ഉറഞ്ഞുപോയിരിക്കുന്നു. വളരുന്ന ശരീരത്തിനുള്ളില്‍ ഇന്നും ഒരു ആറാം ക്ലാസ്സുകാരിയുടെ വികാരവിചാരങ്ങള്‍ ഭ്രമണം ചെയ്യുന്നു.
അച്ചാമ്മ പറയുന്നു, താനിന്നൊരു മുതിര്‍ന്ന പെണ്ണായെന്ന്. ‘നിനക്കറിയ്വോ, നിന്റെയീ പ്രായത്തില്‍ നിന്റച്ഛന് എന്റെ വയറ്റില്‍ ആറാ മാസം.’ പഴങ്കഥകളുടെ വേരുകള്‍ക്കിടയിലൂടെ, ഞെട്ടറ്റുപോകുന്ന ഓര്‍മ്മകളുടെ വീഥി താണ്ടിച്ചെല്ലുമ്പോള്‍ അച്ചാമ്മയുടെ നാവു ചൊല്ലുന്ന മുത്തുകള്‍. മുതിര്‍ന്ന പെണ്ണ്. ഉമിനീരില്‍ നീന്തിത്തുടിക്കുന്ന നാവ് അറിയാതെ മന്ത്രിച്ചുപോകുന്ന വാക്കുകള്‍. തനിക്കു ഭാരം കൂടുന്നു, ഷീനയ്ക്ക് അതറിയാം. ആ ഭാരം ഏതെങ്കിലും (നല്ലവനായ) ഒരു ആണിന്റെ ചുമലില്‍ വെച്ചൊഴിയാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍. ആദ്യനാളുകളിലെ ആര്‍ഭാടങ്ങള്‍ക്കപ്പുറം, കാന്തികവികാരങ്ങളുടെ അധഃപതനത്തിനു ശേഷം, യാന്ത്രികമായ ജീവിതചര്യകള്‍. തന്റേതായ ഇഷ്ടങ്ങള്‍ ഹോമിക്കപ്പെടുന്നു. അഭിപ്രായങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിക്കിടക്കുന്നു; ആദാമിന്റെ ആപ്പിള്‍ പോലെ.

വീണ്ടും…
ജനാലകള്‍ക്കപ്പുറത്ത് തന്റെ കാമുകന്. ഒന്നു കൈനീട്ടിയാല്‍ അവന് ഈ കൈ പിടിച്ച് ചുംബിച്ചേക്കും. പക്ഷേ എന്തിന്റേയോ അസ്വസ്ഥത പുകയുന്ന മനസ്സ് ജനലിന് അല്പം അകലെ മാറി നില്ക്കാന് തോന്നിപ്പിക്കുന്നു. ഷീനയ്ക്ക് ഓര്‍മ്മയുണ്ട്, അങ്ങനെ മാറി നിന്ന പല അവസരങ്ങളിലും ആ തണുത്ത വിരലുകള്‍ ജനലഴികളിലുരസി തന്റെ കവിളിലേക്കെത്തിയിട്ടുണ്ട്. അധരങ്ങളെ പതിയെ തലോടിയിട്ടുണ്ട്. മഞ്ഞുപാളികള്ക്കിടയിലകപ്പെടും പോലെ അപ്പോള്‍ ശരീരം വല്ലാതെ തുടിച്ചുപോകും.
അവന്റെ പാട്ട്, നൃത്തം, സ്പര്‍ശം എല്ലാം എല്ലാം തന്നെ ഒരു ചീത്തക്കുട്ടിയാക്കി മാറ്റുന്നു. എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് വിലക്കപ്പെട്ട വഴിയിലൂടെ നടക്കുന്നതെന്നറിയില്ല. ആയിരം നഗ്നദേഹങ്ങളുടെ അതിശയിപ്പിക്കുന്ന ചലനങ്ങളില്‍ മനസ്സ് കുരുങ്ങിക്കിടക്കുന്നു. തന്റെ മനസ്സിനേയും അപഹരിച്ച് അവനിതാ കൈയെത്തും ദൂരത്ത്… പാട്ടുപാടുന്നു… നൃത്തം വെയ്ക്കുന്നു… ഷീനയ്ക്ക് പുറത്തേക്കു പായാന്‍ തോന്നി, പനിയുടെ നേര്‍ത്ത അസ്വസ്ഥത പോലും വകവെയ്ക്കാതെ. പനിക്കൊപ്പം ദേഹമാസകലം കുരുത്ത് പൊന്തിയിട്ടുണ്ട്.
‘ആ അസത്ത് ദേവകീടെ കണ്ണാ… സുന്ദരിക്കുട്ട്യാ മോളെന്ന് അവളെപ്പഴും പറയും.’ മുഖത്ത് കൂടി പാട് കുരുത്തപ്പോള്‍ അച്ചാമ്മ പറഞ്ഞത് ഷീനയ്ക്ക് ഓര്‍മ്മ വന്നു.
ആണോ!?
ആരുടെയെങ്കിലും കണ്ണുപെടലാണോ?
ആയിക്കൂടെന്നില്ല.
കണ്ണാടിക്കു പിന്നില്‍ അവളുടെ രൂപത്തെത്തന്നെ പ്രസവിച്ച് അതിലേക്കുതന്നെ ഉറ്റുനോക്കി.
ഒറ്റനോട്ടത്തില്‍, സുന്ദരി തന്നെ!
മുടിക്കു ഭംഗിയില്ലേ…
‘ഈ മുടിയിങ്ങനെ കൊണ്ടുനടക്കുന്നതിന് നിന്നെ സമ്മതിക്കണം.’ ശാരിക ഒരിക്കല്‍ പറഞ്ഞു. തോളൊപ്പം മുടിയുടെ സ്വന്തക്കാരിയായ അവള് കാല്‍മടക്ക് വരെ നീളുന്ന മുടിച്ചുരുകള്‍ കണ്ട് അന്ധാളിച്ചു.
പുരികങ്ങള്‍
കണ്ണുകള്‍
മൂക്ക്
ചുണ്ടുകള്‍… ചിരിച്ചുനോക്കി, നിരയൊത്ത വെളുത്ത പല്ലുകള്‍. ചിരിമായുമ്പോള് നുണക്കുഴികള്‍ ഓടിയൊളിക്കുന്നു. പിന്നെ… വടിവൊത്ത ശരീരം!
കണ്ണുപെട്ടു പോകും; ആരും. ഷീന കുലുങ്ങിച്ചിരിച്ചു. അവളോടൊപ്പം അവനും ചിരിക്കുന്നു, കുറച്ചുകൂടി ഉച്ചത്തില്‍. അവന്റെ അച്ഛന് തിളങ്ങുന്ന നീളന്‍ വടിയുമേന്തി പിന്നാലെയെത്തിയിരിക്കുന്നു. ‘ഠ്ടേ’ അവനെ അടിച്ച ശബ്ദം കേട്ടു. അച്ഛന് വാ പൊത്താന്‍ പറഞ്ഞതുകൊണ്ടോ എന്തോ, ശബ്ദം വീണ്ടും പതിയെയായി.
‘ഷീനാ…’ വിളിക്കുന്നതു പോലെ. ‘ഷീനാ… ഷീനാ… ഷീനാ… ഷീനാ… അവളുടെ പേര് നിരയൊത്ത നിറയെ വിളികള്‍. ആ വിളിയില്‍ എന്തോ എന്ന് വിളി കേള്‍ക്കാന്‍ തോന്നി. പതിയെ ജനലഴികള്ക്കകത്തേക്ക് സ്വപ്നങ്ങളുടെ തേരുതെളിച്ച് അവന് വന്നു. താനിപ്പോള്‍ ഒരുപാട് അകലെയാണ്. എത്ര കൈ നീട്ടിയാലും അവനെന്നെ തൊടാന്‍ കഴിയില്ല.
‘വരൂ ഷീനാ…’ നീട്ടിപ്പിടിച്ച വിരലുകളിലേക്ക്, കരവലയത്തിലേക്ക് ഓടിക്കയറാന്‍ തോന്നിയില്ല. വിളി ഉച്ചത്തിലായിട്ടും അവിടെത്തന്നെ നിന്നു; ഞാനും, കണ്ണാടിക്കുള്ളിലെ ഞാനും.
അവന് പറമ്പിലേക്കിറങ്ങിയ നിമിഷത്തിന്റെ അവസാനത്തിലെപ്പോഴോ ഷീന ജനാലയ്ക്കലേക്കു നടന്നു. കണ്ണാടിയിലെ അവള് അവളിലേക്കു വന്നലിഞ്ഞു. അവന് പതിയെ വീട്ടിലേക്കു മടങ്ങുകയാണ്.ജലത്തുള്ളികള്‍ ഇറ്റിറ്റുവീഴുന്നു. അങ്ങ് പറമ്പിലൂടെ പാടങ്ങളിലൂടെ മരക്കാടുകളിലൂടെ മലയ്ക്കപ്പുറത്തേക്ക് പതിയെ പതിയെ പതിയെ വിടവാങ്ങുന്നു.
‘ഷീനാ…’ ആ വിളി നേര്‍ത്തുവരുന്നു. കണ്ണുകള്‍ അറിയാതെ നനയുന്നതെന്തുകൊണ്ടാണെന്ന് അവള്‍ക്ക് വ്യക്തമായില്ല. താനിന്നും ഒരു അഞ്ചാംക്ലാസ്സ് കുട്ടിയായിരുന്നെങ്കില്‍… അവനുമായുള്ള ശൃംഗാരം ആര്‍ക്കും മനസ്സിലാകില്ലായിരുന്നു. ഇന്ന് വളര്ന്നുപോയില്ലേ…! അവന് സ്വയം സമര്പ്പിച്ചുപോയാല്, ആ വിരലുകള്‍ തഴുകിപ്പോയാല് തുളുമ്പി വരുന്ന ശരീരഭാഗങ്ങളെ എങ്ങനെയാണ് ഒളിച്ചുവെയ്ക്കുക. ആളുകളുടെ കൂര്‍ത്ത കണ്മുനകള് എത്രയെത്ര കുത്തുവാക്കുകള്‍ പറയും. ‘എന്നോടു ക്ഷമിക്കൂ.’ അവള് നിശ്ശബ്ദം തേങ്ങി. ഇറങ്ങി വരാനുള്ള ഇഷ്ടം ഉള്ളിലെവിടെയോ തടങ്കലനുഭവിക്കുന്നു. തന്നെ വരിഞ്ഞുമുറുക്കുന്ന കുരുക്കുകള്ക്കകത്ത് ശ്വാസംമുട്ടിപ്പിടയുന്ന സ്നേഹത്തിന്റെ നീലമേഘങ്ങള്‍! അവന് സ്പര്‍ശിച്ചുപോയ ജനാലക്കമ്പികളില്‍ കവിള് ചേര്‍ത്ത് ചുണ്ടമര്‍ത്തി ഷീന എത്രനേരം നിന്നെന്നറിയില്ല. ഒരു കാത്തിരിപ്പിന്റെ തിളക്കം കണ്‍കോണുകളിലെവിടെയോ മിന്നിമാഞ്ഞതു പോലെ തോന്നി.
‘ഷീനാ… ഷീനാ…’ ആ വിളി വീണ്ടും കേട്ടത് രാത്രിയേറെ വൈകിയ നേരത്താണ്. ഉറക്കമെപ്പോഴോ കണ്ണുപൊത്തിയ കൈവിരലുകള്‍ തട്ടിമാറ്റി പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അടഞ്ഞ ജനാലയ്ക്കല്‍ അവന് മുട്ടുന്നു, ഉച്ചത്തില്‍ വിളിക്കുന്നു. ‘എന്തോ… എന്തോ…’ ആയിരം പ്രാവശ്യം മനസ്സുകൊണ്ട് വിളികേട്ട് ഒറ്റക്കുതിപ്പിന് ജനല്പ്പാളികള് തുറന്നു. ആവേശത്തോടെ ആ തണുത്ത കൈകള്‍ അവളുടെ മുഖമേറ്റുവാങ്ങി. കവിളുകള്‍, ചുണ്ടുകള്‍ സ്വന്തമാക്കി. രോമകൂപങ്ങളില്‍ മഞ്ഞ് കിനിയുന്നു.
‘ഷീനാ…’
അവള്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ജനലഴിക്കും അപ്പുറത്തുള്ള അവന്റെ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആരോ പ്രചോദനം നല്കുന്നു.
വാതില്‍പ്പാളികള്‍ മലര്ക്കെത്തുന്നു. ഇരുട്ട് വഴിമാറി. അവള് അവനിലേക്ക് നടന്നിറങ്ങി. പറമ്പിലൂടെ പാടങ്ങളിലൂടെ മരക്കാടുകളിലൂടെ മലഞ്ചെരിവിലൂടെ ചാറ്റല്‍ മഴയുടെ ഹൃദയത്തിലേക്ക് അവളുടെ കാല്പാദങ്ങള് ചലിച്ചു.