
വെളുത്തു മെലിഞ്ഞ ദിവ്യ – ഒരു വിന്‍ഡേജ് ലൗ സ്റ്റോറി

വിനോദ് വിയാര്‍
കോളേജിലേക്ക് പോകാനുള്ള ഉത്സാഹം അവളായിരുന്നു. അവളെ കാണാം. സ്വാധീനിച്ചത് എന്താണെന്നു രവിക്ക് വ്യക്തമല്ല. പക്ഷേ ആ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി തന്റെ കണ്ണിനുള്ളിലെവിടെയോ ഒരായിരം പാല്പുഞ്ചിരികളുടെ സൗന്ദര്യം വാരിവിതറി വിഹരിക്കുന്നതായി അവന് തോന്നി. ഒന്നു കണ്ണടച്ചാല്‍ തനിക്കവളെ കാണാം. എപ്പോഴാണ് ഈ വിസ്മയം സംഭവിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം അജ്ഞാതമായിരുന്നു.
ദിവ്യ ബി മേനോന്. അവള്‍ക്കെന്ത് പ്രത്യേകതയാണുള്ളത്? അവളേക്കാള്‍ സൗന്ദര്യവും നിറമുള്ള ചിരിയും ജന്മസ്വത്തായ എത്രയെത്ര പെണ്‍കുട്ടികള്‍ തന്റെ ക്ലാസ്സില്‍ പഠിക്കുന്നു. നേദ്യ, സരള്‍ എസ്സ് ദീപന്, ജൂലി, ആന്‍മി, അതിശയ അങ്ങനെ നീണ്ടുപോകുന്ന ഒരു നിരയില്‍ നിന്നും ദിവ്യ അവര്ക്കതീതയായി, അവരുടെ സൗന്ദര്യത്തിന്റെ നാലിലൊന്നുപോലും അവകാശപ്പെടാനില്ലാത്ത ആ കുട്ടി, അവരെ മാറിമാറി സ്വപ്നം കണ്ടുറങ്ങുന്ന അവനില്‍ ഒരു ദേവതയായി ചേക്കേറി; പഞ്ഞിയുടെ ഭംഗിയുള്ള വെള്ള വസ്ത്രങ്ങളണിഞ്ഞ്. ഇതിന് കാരണക്കാര്‍ ദേവനന്ദനും സായിപ്പ് എന്ന പേരില്‍ കോളേജില്‍ പ്രശസ്തനായ ജിത്തും ആണെന്ന് വേണമെങ്കില്‍ പറയാം.
ഒരിക്കല്‍ ഓര്‍ഗാനിക് കെമിസ്ട്രിയുടെ പീരിയഡ് തകര്‍ക്കുന്നു. നാല്പത്തിയഞ്ച് കഴിഞ്ഞ മാധവി മിസ്സ് ആണ് പ്രഭാഷക. ബോറടിയുടെ പരമാനന്ദം കൊണ്ട് അടഞ്ഞുപോകുന്ന കണ്ണുകള്‍ തുറന്നുവെയ്ക്കാന്‍ ഈര്‍ക്കില്‍ കഷണം കിട്ടുമോ എന്ന് പലരും പരതുന്നത് ആ സമയത്താണ്. മിസ്സ് എന്തൊക്കെയോ ബോര്‍ഡില്‍ എഴുതുന്നുണ്ട്. കാര്‍ബണ്‍ ചുറ്റും രണ്ടും മൂന്നും വരകള്‍ പ്രത്യക്ഷപ്പെടുന്നു. ദ്വിബന്ധനമെന്നോ ത്രിബന്ധനമെന്നോ ചില വാക്കുകള്‍ ഇംഗ്ലീഷ് ഡയലോഗിനൊപ്പം ഇടയ്ക്കിടെ പറന്നുവീഴുന്നു. ഒട്ടും ആസ്വാദ്യകരമല്ലാത്ത ശബ്ദം. കോട്ടുവാ കടിച്ചമര്‍ത്തുന്ന കിറ് എന്ന ഒച്ച അടുത്തിരിക്കുന്ന ജിത്തിന്റേതാണെന്ന് തോന്നി. ഇടയ്ക്കെപ്പോഴോ സൈഡിലേക്ക് നോക്കിയപ്പോള്‍ ദേവനന്ദനും പാതിമയക്കത്തില്‍ വായും തുറന്നിരിക്കുന്നു.
മിസ്സിനെ നോക്കിപ്പോയാല്‍ ആ നിമിഷം ഉറങ്ങാന്‍ തുടങ്ങും എന്നുള്ളത് വിജയിച്ച ഒരു പരീക്ഷണമാണ്. അതുവീണ്ടും ആവര്‍ത്തിച്ച് ഒരു വിഡ്ഢിയാകാതെ രവി കണ്ണുകള്‍ ഇടതുവശത്തേക്കു പായിച്ചു. രണ്ടാമത്തെ ബെഞ്ചിന് ഇങ്ങേയറ്റത്ത് സരള്‍ എസ്സ് ദീപന്. കൈമുട്ടുകള്‍ രണ്ടും ഡസ്കില്‍ കുത്തി ഒരു പ്രത്യേകരീതിയില്‍ അവളിരിക്കുന്നു. അനുസരണയില്ലാത്ത കണ്ണുകള്‍ മുഖത്ത് മാത്രം നോക്കിയില്ല. അവള്‍ക്കു തൊട്ടടുത്തു തന്നെ നേദ്യ. ആദ്യത്തെ ബെഞ്ചില്‍ മൂന്നാമതായി ജൂലി. അവളുടെ മുഖത്തിന്റെ ഒരു ഭാഗം മാത്രമേ കാണാനാകുന്നുള്ളൂ. ഈ പീരിയഡില്‍ മാത്രം കണ്ണുകള്‍ക്കു വിശ്രമമില്ല. പലര്‍ക്കും കണ്ണുകള്‍ അടയുന്ന ഈ വേളയില്‍ അത്യധികം പ്രകാശത്തോടെ രവിയുടെ കണ്ണുകള്‍ തുറന്നിരിക്കും. ഈശ്വരാ! എത്രയെത്ര സുന്ദര പുഷ്പങ്ങള്‍! ഒരേസമയം എവിടെയൊക്കെയാണ് നോക്കേണ്ടത്!? അസ്വസ്ഥത.
‘ടാ ദിവ്യ നിന്നെ കുറെ നേരമായി ശ്രദ്ധിക്കുന്നുണ്ട്.’ തൊട്ടടുത്തിരുന്ന ദേവനന്ദന്റെ ശബ്ദം കാതില്‍ വന്നുവീണു. അവന് രവിയെ തോണ്ടിവിളിച്ചു. സരളിന്റെ ഉടലില്‍ വച്ചിരുന്ന കണ്ണുകള്‍ ദേവനന്ദന് നല്കുമ്പോള് അവന് വല്ലാത്ത നീരസം തോന്നി. ‘ശല്യം. സ്വസ്ഥമായി ഒന്നു നിരീക്ഷിക്കാനും സമ്മതിക്കില്ല’ എന്ന് അകത്താരോ പറഞ്ഞു.
‘എന്താ?’ രവിക്ക് ആസമയം അവനോട് സംസാരിക്കാന്‍ ഒട്ടും ഇഷ്ടമില്ലായിരുന്നു.
‘ദേ ദിവ്യ കുറെനേരമായി നിന്നെത്തന്നെ നോക്കുന്നു.’ അടക്കിപ്പിടിച്ചാണ് ദേവന് സംസാരിച്ചത്, പ്ലാറ്റ്ഫോമില്‍ കാര്‍ബണിന്റേയും ഹൈഡ്രജന്റേയും ഓക്സിജന്റേയും അവരുടെ കുടുംബങ്ങളുടേയും കടലില്‍ മുങ്ങിത്താഴുന്ന മാധവി മിസ്സ് ശ്രദ്ധിക്കാത്ത രീതിയില്‍.
‘ഏത് ദിവ്യ?’
അങ്ങനെ ചോദിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും രവി ചോദിച്ചുപോയി. സരള്‍ എന്ന ആലസ്യം ഇതുവരെ വിട്ടകന്നിട്ടില്ല എന്ന സത്യം രവി മനസ്സിലാക്കുകയും ചെയ്തു.
‘ആ വെളുത്തു മെലിഞ്ഞ ദിവ്യ. നമ്മുടെ ബെഞ്ചിന് നേരെയുള്ള ബെഞ്ചില്‍ അങ്ങേയറ്റത്തിരിക്കുന്ന കുട്ടി.’
‘അവളെന്തിനാ എന്നെ നോക്കുന്നത്?’ രവിയുടെ കണ്ണുകള്‍ ബെഞ്ചിന് അങ്ങേയറ്റത്തേക്കു നീണ്ടു.
‘അതവളോട് തന്നെ ചോദിക്ക്.’ ദേവനന്ദന്റെ ഉത്തരത്തിനൊപ്പം കൈകൊണ്ട് മുഖം താങ്ങിയിരിക്കുന്ന ദിവ്യയേയും രവി കണ്ടു. അവള്‍ക്ക് ഒരു പ്രത്യേകതയും തോന്നിയില്ല. എത്രയോ നാളുകളായി കാണുന്നു. ഇത് ഡിഗ്രി തേര്‍ഡ് ഇയറാണ്.
കണ്ണുകള്‍ തിരിച്ചുവരുമ്പോള്‍ ചിരിവിരിഞ്ഞ മുഖവുമായി സൈഡില്‍ ദേവനന്ദനും ഏതോ പ്രണയഗാനം പതിയെ മൂളി ജിത്തും.
‘ഉം എന്താ…’
‘ഉണ്ട. ഇതെത്ര നാളായെടാ തൊടങ്ങിയിട്ട്?’
‘എന്ത്?’ സായിപ്പിന്റെ ചോദ്യം കേട്ട് രവി അന്ധാളിച്ചു.
‘എല്ലാം ഞങ്ങള്‍ക്ക് മനസ്സിലായി മോനേ… ങാ. നടക്കട്ടെ നടക്കട്ടെ… ‘ ദേവനന്ദന് പരിഹാസ്യച്ചിരി പുറത്തേക്കു വലിച്ചു. ചുണ്ടുകള്‍ വലിഞ്ഞു.
‘ദിവ്യ, മണ്ണാങ്കട്ട. മിസ്സ് എത്ര നേരമായി കാര്‍ബണിന്റേയും ഹൈഡ്രജന്റേയും ഓക്സിജന്റെയും കാര്യങ്ങള്‍ പറയുന്നു നിങ്ങളത് കേള്‍ക്കുന്നുണ്ടോ? ആരാ ഈ ദിവ്യ, പുതിയ വല്ല മൂലകവും ആണോ?’ തല്ക്കാലം രണ്ട് വായടപ്പിക്കാന്‍ രവി വായില്‍ വന്നതെന്തൊക്കെയോ പതുക്കെയെങ്കിലും തീക്ഷ്ണമായി പറഞ്ഞു.
‘വാട്ട്സ് ദി മാറ്റര്‍?’ കാര്‍ബണിന്റെ കുഞ്ഞിക്കൈയില്‍ നിന്ന് പിടിവിട്ട് മാധവി മിസ്സ് രവിക്കടുത്തേക്കു വന്നു.’രവീ… എന്താ അവിടെ?’ അവരുടെ കണ്ണടയ്ക്കുള്ളിലെ കണ്ണുകള്‍ ചെറുതാകുന്നു. നല്ല ദേഷ്യത്തില്‍ തന്നെയാണ് മിസ്സ് എന്ന് രവിക്ക് മനസ്സിലായി.
‘ഒന്നുമില്ല മിസ്സ് ‘ രവി എഴുന്നേറ്റുനിന്നു. ‘ഇവരെന്തോ സംശയം എന്നോടു ചോദിച്ചു.’ പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത്. ആ സമയം അടുത്തിരിക്കുന്ന ദേവനന്ദന്റെയും ജിത്തിന്റെയും വിളറിയ മുഖം അവന് കണ്ടില്ല. തറയില്‍ പോയ പേന എടുത്തുനിവരുന്ന സരളിന്റെ മേനിയുടെ കാന്തശക്തിയിലേക്ക് രവിയുടെ കണ്ണുകള്‍ ആകര്‍ഷിക്കപ്പെട്ടു.
‘എന്താ ദേവനന്ദാ… എന്താ സംശയം?’ മാധവി മിസ്സ് ദേവനന്ദന് നേരെ തിരിഞ്ഞു. ദേവനന്ദന് ഉമിനീരിറക്കി വിമ്മിട്ടപ്പെട്ട് എന്തുപറയണമെന്നറിയാതെ നിന്നു. രവിയുടെ തല പിരിച്ചൊടിക്കാനുള്ള ദേഷ്യം മനസ്സില്‍ കലിതുള്ളുന്നുണ്ടായിരുന്നു.
അന്നാണ് ദിവ്യയെ ആദ്യമായി ശ്രദ്ധിക്കുന്നത്. ദിവ്യയോടൊപ്പമുള്ള
‘ബി മേനോന്’ എന്ന വാല് രവിക്കു തീരെയിഷ്ടമല്ല. സാധാരണയായി എല്ലാവരുടേയും മുഴുവന്‍ പേരും വിളിക്കാനാണ് അവനിഷ്ടം. സരള്‍ എപ്പോഴും പറയാറുണ്ട് ‘രവിയെന്തിയാ എന്നെ സരള്‍ എസ്സ് ദീപാ… എന്നു വിളിക്കുന്നെ, കാള്‍ മീ സരള്‍.’ പക്ഷേ എന്തോ അങ്ങനെ തന്നെയേ നാവില്‍ വഴങ്ങുന്നുള്ളൂ. എന്നാല്‍ ദിവ്യയുടെ കാര്യത്തില്‍ എന്താണീ വൈരുദ്ധ്യം! അറിയില്ല. ദിവ്യ ബി മേനോനെ എന്നുവിളിക്കാന്‍ നാവിനും വിമ്മിഷ്ടം.
പതിയെപ്പതിയെ സരളും നേദ്യയും ജൂലിയും ആന്‍മിയും അതിശയയും അടങ്ങുന്ന സൗന്ദര്യത്തിന്റെ ചൂടുള്ള സ്വപ്നങ്ങള്‍ക്ക് പകരം നിഷ്ക്കളങ്കമായ ചിരിയുമായി അവള് വന്നെത്തി. ശ്രദ്ധിച്ചുതുടങ്ങിയ വേളയില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി തന്റെ ക്ലാസ്സില്‍ തന്നെയുണ്ടായിരുന്ന ഈ സമ്പത്തിനെ നേരത്തെ കണ്ടെത്താതിരുന്നതില്‍ വല്ലാത്ത വിഷമം തോന്നി. പ്രണയം വളമിട്ട് വളര്‍ത്താന്‍ ഈ കൃഷിയില്‍ അഗ്രഗണ്യരായ ദേവനന്ദനും ജിത്തും പ്രയത്നിക്കുന്നു. പന്ത്രണ്ടാമത്തെ പെണ്‍കുട്ടിയേയും പ്രേമിച്ച് ഉപേക്ഷിച്ചുവെന്ന് പറഞ്ഞുനടക്കുന്ന ദേവനന്ദനും ഫിസിക്സ് സെക്കന്റ് ഇയറിലെ മനോഹയേയും അനുക്കുട്ടി എബ്രഹാമിനേയും പരസ്പരം കൂട്ടിമുട്ടാതെ രണ്ടുവഴികളിലാക്കി പ്രേമം ആഘോഷിക്കുന്ന സായിപ്പിനും അറിയാത്ത ടെക്നിക്കുകള്‍ വിരളം. ഇതും അവരുടെ ടെക്നിക്കുകളില്‍ ഒന്നായിരുന്നു എന്നു തോന്നുന്നു. ഒരു ദിവസം ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയതിന്റെ ഭാഗമായി നഷ്ടപ്പെട്ട നോട്ട് പകര്‍ത്താന്‍ ദിവ്യയുടെ ബുക്ക് തന്നെ അവര്‍ വാങ്ങിച്ചു. നന്നായി എഴുതുന്ന എത്രയെത്ര ആണ്‍കുട്ടികള്‍ ഒപ്പമുണ്ട്. സുരേഷിനോട് ചോദിച്ചു കൂടേ… സോഡാഗ്ലാസ്സ് കണ്ണടയ്ക്കുള്ളില്‍ വലിപ്പമുള്ള കണ്ണുകള്‍ തുറന്നുപിടിച്ച് പ്ലാറ്റ്ഫോമില്‍ വീഴുന്നതെല്ലാം നോട്ട്ബുക്കില്‍ കുറിച്ച് ഇടംവലം നോക്കാതെയിരിക്കുന്ന സുരേഷ്, ഒന്നുമൊന്നും നഷ്ടപ്പെടാതെ അവന് കുറിച്ചെടുക്കുന്നുണ്ടാകും.
‘അവന്റെ എഴുത്ത് അത്ര രസമില്ല’ അതാണ് അവരുടെ മറുപടി. എന്തിനാണ് രസം, നോട്ടുകിട്ടിയാല് പോരേ എന്ന് രവി ചോദിച്ചില്ല. ഉള്ളിന്റെ ഉള്ളിലെവിടെയോ കുടുക്കുകളറുത്ത് സ്വതന്ത്രമായ ആനന്ദം ആര്‍ത്തുചിരിക്കുന്നു. ഫ്രീ ടൈമിലെപ്പോഴോ നോട്ടെഴുതാനായി ബുക്ക് തുറന്നപ്പോള്‍ ആദ്യപേജില്‍ അവളുടെ മുഖം വിരിഞ്ഞുവന്നു. അതില്‍ കോറിയിട്ടിരുന്ന പദ്യശകലം എത്രപ്രാവശ്യം വായിച്ചു എന്നറിയില്ല.
‘സ്വപ്നം കൊരുത്തൊരു മാല ഞാന്‍
ചിന്തതന്‍ സ്വര്‍ഗ്ഗം വിരിച്ചൊരു വീഥി ഞാന്‍
ആര്‍ദ്രമാം സ്നേഹം കൊതിക്കുന്ന പാര് ഞാന്‍
ആരിലോ സൂക്ഷ്മം ലയിക്കുന്ന രേണു ഞാന്‍…”
ആ പേജിന്റെ ഫോട്ടോസ്റ്റാറ്റെടുത്തു വച്ചു. എന്നും അത് കണികണ്ടാണ് രവി ഉണരുന്നത്. അവളുടെ കൈപ്പട!
നോട്ടെഴുതി തീര്‍ത്ത് ബുക്ക് തിരിച്ചേല്പ്പിക്കുമ്പോള് മന:പൂര്‍വമല്ലാതെ ആ വിരല്‍ത്തുമ്പില്‍ സ്പര്‍ശിക്കാനായത് രവിയെ ഏറെ ആഹ്ലാദിപ്പിച്ചു. പുഞ്ചിരി തൂകി അവള് നടന്നുമറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ ഇഷ്ടമാണ് എന്ന് പറയുന്നതായി രവിക്ക് തോന്നി.

ഇപ്പോള്‍ കാര്‍ബണിന്റെ കഥയുമായെത്തുന്ന മിസ്സിന്റെ ക്ലാസ്സില്‍ രവിയുടെ കണ്ണുകള്‍ ഒരു പെണ്‍കുട്ടിക്ക് മാത്രം സ്വന്തമാണ്. ആ മുഖത്തേക്കു മാത്രം ഉറ്റുനോക്കി, കണ്ണുകള്‍ അനുസരണ പഠിച്ചിരിക്കുന്നു. അവളെ വ്യക്തമായി കാണാന്‍ വേണ്ടി ഒരു ബെഞ്ച് പിന്നോട്ടിറങ്ങിയിരുന്നു. താന്‍ നോക്കാന്‍ വേണ്ടി ദിവ്യ മന:പൂര്‍വം സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ എന്നും രവിക്ക് സംശയം തോന്നി.
നിരുപദ്രവകരമായ നോട്ടത്തിനപ്പുറം ഒന്നും സാധ്യമായിരുന്നില്ല. ദേവനന്ദനും ജിത്തും ദിവ്യയോട് ഫ്രീയായി സംസാരിക്കുന്നതു കാണുമ്പോള്‍ രവിക്ക് അവരോട് വല്ലാത്ത അസൂയ തോന്നും. തനിക്കിത് സാധിക്കുന്നില്ലല്ലോ എന്ന് നിരാശപ്പെടും. പ്രണയം എന്നത് കാമുകന്റെ വായടപ്പിക്കുന്ന അരക്കാണോ എന്നറിയില്ല അവളോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴെല്ലാം പഠിച്ച അക്ഷരങ്ങള്‍ മറന്ന് നിരത്തിയ അരിയില്‍ ഹരിശ്രീ കുറിക്കുന്ന കുട്ടിയായി മാറുന്നു. പ്രണയിനിയോട് സംസാരിക്കാര് പുതിയ ഭാഷ പഠിക്കേണ്ടിയിരിക്കുന്നു എന്ന് രവിക്കു തോന്നി.
ദിവസങ്ങള്‍ വേഗം വേഗം കടന്നുപോയി. അവസാന പരീക്ഷയ്ക്കുള്ള ദിനങ്ങള്‍ എണ്ണപ്പെട്ടിട്ടും അറിയാതെ ആണ്ടുപോയ പ്രണയത്തിന്റെ എഴുത്തുപരീക്ഷയില്‍ എങ്ങനെ ജയിക്കാം എന്നത് ഒരു ചോദ്യചിഹ്നമായി വളര്‍ന്ന് അവനെ കുത്തിനോവിച്ചു.
ഒരു ദിവസം. പരീക്ഷയ്ക്കായി കോളേജ് ക്ലാസ്സുകള്‍ അവസാനിച്ചതിന്റെ അഞ്ചാംനാള്‍. രവി ക്ലാസ്സിലിരുന്ന് സബ്മിറ്റ് ചെയ്യേണ്ട കെമിസ്ട്രിയുടെ റെക്കോര്‍ഡ് ബുക്ക് ധൃതിയില്‍ എഴുതുകയാണ്. ദേവനന്ദന് ഓടിക്കയറി ക്ലാസ്സിലേക്കു വന്നത് അവന് ശ്രദ്ധിച്ചില്ല.
‘ഇതൊക്കെയങ്ങോട്ട് മടക്ക്.’ രവിക്കൊന്നും മനസ്സിലായില്ല. ബയോളജിയിലെ രേഖ പി പി യെ പതിമൂന്നാമതായി കണ്ടെത്തി പ്രണയിച്ചു തുടങ്ങിയ അവന് ഇനി അതും അവസാനിപ്പിച്ചോ! എന്താണ് കാര്യം? എന്തിനാണവന്‍ എഴുതിക്കൊണ്ടിരുന്ന ബുക്ക് മടക്കിച്ചത്.
‘നിന്റെ ദിവ്യ വന്നിട്ടുണ്ട് റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യാന്‍.’ എന്റെ ദിവ്യ കേട്ടപ്പോള്‍ മഞ്ഞ് വാരിയെറിഞ്ഞതു പോലെ അവന് വല്ലാത്ത സുഖമനുഭവപ്പെട്ടു.
‘ജിത്തവളെ ഇപ്പോ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരും.’
‘ഇങ്ങോട്ടോ!? ‘
‘അല്ല ഗോകര്‍ണത്തേക്ക്.’ രവിക്ക് വല്ലാത്ത വെപ്രാളം തുടങ്ങിയെന്ന് ദേവനന്ദന് മനസ്സിലായോ എന്തോ…
‘ഒരിക്കല്‍ക്കൂടി അവളെ കണ്ടിരുന്നെങ്കില്‍ എല്ലാം പറയാമായിരുന്നൂന്ന് കരഞ്ഞു പിടിച്ചു നടന്നത് നീയല്ലേ… ഇപ്പോ പറഞ്ഞോണം എല്ലാം കേട്ടല്ലോ…’
രവിക്കൊന്നും പറയാന്‍ വയ്യാതായി. ചൂടുപിടിച്ച ശരീരം വിയര്‍പ്പ് കുഞ്ഞുങ്ങളെ പുറന്തള്ളി രസിച്ചു. കൈയിലിരുന്ന് പേന വിയ്ക്കുന്നുണ്ടോ…
അല്പസമയം കഴിഞ്ഞ് ജിത്തിനൊപ്പം ദേവനന്ദന് വിശേഷിപ്പിച്ച ‘നിന്റെ ദിവ്യ’ അതെ ‘എന്റെ ദിവ്യ’ ക്ലാസ്സിലേക്ക് കയറിവന്നു. ആര്‍ക്കും അനുകരിച്ച് വിജയിക്കാനാകാത്ത നിഷ്ക്കളങ്കമായ പുഞ്ചിരി തൂകി അവള് അടുത്തുവന്നു നിന്നപ്പോള്‍ തനിക്കിതു പോലെ ചിരിക്കാനാവുന്നില്ലല്ലോ എന്ന് രവി ഓര്‍ത്തു.
‘ഞങ്ങളുടെ ഡ്യൂട്ടി കഴിഞ്ഞു. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.’ ജിത്തും ദേവനന്ദനും ക്ലാസ്സ് മുറി വിട്ടകലുമ്പോള്‍ ദിവ്യയോട് സംസാരിക്കാനുള്ള വാചകങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ഉമിനീരിറക്കി നില്‍ക്കുകയായിരുന്നു രവി.
‘എന്താ രവീ എന്താ പറയാനുണ്ടെന്ന് പറഞ്ഞത്?’ മുത്ത് ചിതറുന്നതു പോലെ അവളുടെ ശബ്ദം! ‘ഐ ലൗ യൂ’ എന്ന് വേഗം പറയൂ, അവളുടെ കണ്ണുകളില്‍ നിറയുന്നത് അതാണെന്ന് രവിക്ക് തോന്നി.
‘എന്താ രവീ പറ… എനിക്ക് പോണം.’
രവി പറയാനുള്ള വാക്കുകള്‍ തിരഞ്ഞു. ഇടറിപ്പോയ തൊണ്ടയിലൂടെ വന്നത് പ്രതീക്ഷ വച്ചു വളര്‍ത്താത്ത ഒരു ചോദ്യമായിരുന്നു.
‘നാട്ടില്‍ മഴയൊക്കെയുണ്ടോ?’
പുറത്ത് കത്തിക്കാളുന്ന സൂര്യന്റെ സത്യസന്ധതയെ കണ്ടില്ലെന്ന് നടിച്ച് അത്തരമൊരു ചോദ്യത്തിന് എങ്ങനെ നാവുവഴങ്ങി എന്ന് രവിക്കറിയില്ല. ചോദ്യം കേട്ടതും അവള് പൊട്ടിച്ചിരിച്ചു.
‘ശരിയാ നാട്ടില്‍ ഇതുപോലെ നല്ല മഴയാ…’ ചിരിക്കിടയിലൂടെ പുറത്തെ വെയിലിലേക്ക് ചൂണ്ടി അവള് പറഞ്ഞു.
‘ശരിക്കും നമ്മുടെ ഉള്ളിലാ നിര്‍ത്താതെ മഴ പെയ്യുന്നത്. ആ മഴ ഇനി ഒരുമിച്ചു നനയാം. എന്താ?’
രവിയില്‍ ആഹ്ലാദം ഉരുകിയൊലിച്ചു. വസന്തമവസാനിക്കാത്ത ഒരു പൂന്തോട്ടത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് അവന് തോന്നി. ചിത്രശലഭത്തിന്റേത് പോലെ മനോഹരമായ ചിറകുകള് അവരില്‍ അപ്പോള്‍ മുളയ്ക്കാന്‍ തുടങ്ങി.