
കടൽ കൊളുത്ത്

വിനോദ് വിയാർ
വൈകുന്നേരത്ത് കടൽ
വീടുകളിലേക്ക് ചൂണ്ടയിടുമെന്നാണ്
ഞാൻ കരുതുന്നത്.
പിടച്ച് പിടച്ച് മീനുകളെപ്പോലെ മനുഷ്യർ
കടൽക്കരയിൽ വന്നടിയുന്നു
കടൽ വെള്ളത്തിലേക്ക് കാലുകൾ വലിച്ചെറിഞ്ഞ്
തിര നോക്കിയിരിക്കുന്നു.
വൈകുന്നേരത്ത്
കടലാണ് ചൂണ്ടയിടുന്നതെന്ന് ഞാൻ കരുതുന്നു.
കടൽ എല്ലാവരോടും ഒരേ കാര്യം പറയുന്നു
നമ്മൾ പല പല കാര്യങ്ങൾ അഴിച്ചിടുന്നു
കടലിനെ നോക്കി കരയുന്നു
കടലിനെ നോക്കി ചിരിക്കുന്നു
കടലിലേക്ക് കല്ലെറിയുന്നു
കടലിലേക്ക് പേരെഴുതി വിടുന്നു.
കടൽ എല്ലാവരോടും ഒന്നു തന്നെ പറയുന്നു
നമ്മൾ,
കടലിലേക്ക് നടക്കുന്നു
കടലിലേക്ക് മറിയുന്നു
കടലിലേക്ക് തിമിർത്തു പെയ്യുന്നു
കടലിനോട് കളിക്കുന്നു.
ചൂണ്ടക്കൊളുത്തിൽ തന്നെയായിരിക്കും
അപ്പോഴും നമ്മൾ!
എത്ര കണ്ടിട്ടും
എത്രയറിഞ്ഞിട്ടും
എത്രയനുഭവിച്ചിട്ടും
‘പ്രീയപ്പെട്ട കടലേ’ എന്ന് പാടാനാണ് നമുക്കിഷ്ടം.
അടുക്കുന്തോറും മടുക്കാത്തതിന്റെ പേരാണ്
കടൽ!