
ഫക്ക്

വിമീഷ് മണിയൂർ
രാഹുലിൻ്റെച്ഛമ്മ എങ്ങനെയാ മരിച്ചേന്നറിയോ?
ഇല്ല. അറിയില്ല. എങ്ങനെയാ… അവര്‍ വയസ്സായിട്ടല്ലേ മരിച്ചത്?
വയസ്സായിട്ടു തന്നെ. പക്ഷെ അതൊരു കഥയാ…
ബി. ബാച്ചിലെ രാഹുലിൻ്റെ കാര്യം തന്നെയല്ലേ നീ പറയുന്നത്.
അതെ. അതു തന്നെ. രാഹുൽ സി യുടെ കാര്യം. ഞങ്ങള്‍ ഒരുമിച്ചാ ഏഴ് വരെ പഠിച്ചത്. എട്ടില്‍ അവൻ വേറെ പോയി. പിന്നെ ഇപ്പഴാ ഒരുമിച്ച്.
മായനാടല്ലേ അവൻ താമസിക്കുന്നത്?
അതെ. എൻ്റെ വീടിൻ്റെ അടുത്താ, പണ്ട് ഇടയ്ക്കിടെ ഞാനവൻ്റെ വീട്ടിൽ പോവുമായിരുന്നു. കുറേ കളിക്കും. അവൻ്റെ ഒരോരോ പരീക്ഷണങ്ങൾ ഉണ്ടായിരുന്നു. അതിൻ്റെ ഡിസ്കഷനായിരുന്നു പ്രധാനം.
എനിക്കും തോന്നി. വിശന്നിരിക്കുമ്പഴാ അവൻ്റെ ഒടുക്കത്തെ സംശയം ചോദിക്കല്‍.എങ്ങനെയെങ്കിലും ഓൺലൈൻ ക്ലാസ് തീർന്ന് കിട്ടിയാ മതീന്ന് വിചാരിച്ചിരിക്കുമ്പഴാ ഒരോരുത്തമ്മാരുടെ ചോദ്യങ്ങള്‍.
നീ പറഞ്ഞത് ശരിയാ. അവന് കുറച്ച് ഷൈൻ ചെയ്യല്‍ കൂടുതലാ… അവൻ്റെ വീട്ടില്‍ പണിക്ക് നിന്നിരുന്ന ചേച്ചി കുറച്ചു കാലം ഞങ്ങളുടെ വീട്ടിലും പണിക്ക് നിന്നിട്ടുണ്ട്. അമ്മയ്ക്ക് ഡിസ്ക്കിന് ഒരു പ്രശ്നണ്ടായിരുന്നു. അപ്പഴാ അത്.ഞാനവരുമായ് നല്ല കമ്പനിയാ…. അവർക്ക് മക്കളില്ല. അതിൻ്റെ സങ്കടം പറച്ചിലാ ശരിക്കും ബോറടിപ്പിക്കുന്നത്. ബാക്കിയൊക്കെ ഓക്കെ?
ഒരിക്കലവൻ്റെ അച്ഛൻ കല്യാണം വിളിക്കാൻ ഒരു വൈറ്റ് സ്വിഫ്റ്റില്‍ വീട്ടില്‍ വന്നിരുന്നു. എൻ്റച്ഛൻ്റ കൂടെ കുറെ മുമ്പ് ജോലി ചെയ്തിട്ടുണ്ട് രാഹുലിൻ്റച്ഛൻ.
ആണോ? മൂപ്പര് ഇൻകം ടാക്സ് ഓഫീസിലാ. ഞാൻ രാഹുനിലിൻ്റെ അച്ഛൻ്റെ പ്രസംഗൊക്കെ കേട്ടിട്ടുണ്ട്. അച്ഛൻ പറഞ്ഞതാ; ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ജില്ലാക്കമ്മിറ്റിയിലൊക്കെണ്ട് മൂപ്പര്. ഒരു ദിവസം കൈരളീലെ രാത്രി ചർച്ചയിലുണ്ടായിരുന്നു.
ശരിയാ. അത് ഞാനും കണ്ടിട്ടുണ്ട്. ഞാനത് മാറ്റി കളി വെച്ചു. അച്ഛൻ തിരിച്ച് വന്ന് അത് തന്നെ വച്ചു എന്നെ കുറെ ചീത്ത പറഞ്ഞു. എനിക്കെന്തോ വലിയ രസം തോന്നീല.
അയാള്‍ വല്യ പുളളിയാ. ഒമ്പതില്‍ പഠിക്കുമ്പം ഞങ്ങളെ സ്കൂളില്‍ വന്നിരുന്നു. ഓ. വി വിജയൻ അനുസ്മരണത്തിന്. അയാളുടെ അമ്മ ഒ.വി വിജയൻ്റെ സ്റ്റുഡൻ്റായിരുന്നുന്നൊക്കെ അന്ന് പറഞ്ഞു.
ഓ.വി കാർട്ടൂണിസ്റ്റായിരുന്നൂന്നല്ലേ ഗീത ടീച്ചറ് പറഞ്ഞത്?
അതിനൊക്കെ മുന്നയാമ്പോലും. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ കുറച്ച് കാലം ഓ.വി വിജയൻ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു.
അണോ. ഡിഗ്രിക്ക് അവിടെയാ ചേരുന്നേങ്കില് എനിക്കവിടുത്തെ ബാൻ്റില്‍ ചേരണം.ബി സോൺ ലെവലില്‍ അവരാ എപ്പഴും ഫസ്റ്റ് .
കുറച്ച് തള്ളുന്നതാണോന്ന് എനിക്കും സംശയണ്ട്. രാഹുല്‍ പറഞ്ഞ് കേട്ടതാ. അവൻ്റെ അച്ഛമ്മ ഇംഗ്ലീഷ് പറഞ്ഞ് ഓവി വിജയനെപ്പോലും ഞെട്ടിച്ചിട്ടുണ്ട്ന്ന്. ചെറിയൊരു സാധ്യതള്ളത് അവരും കോളേജ് തന്ന്യാ പഠിപ്പിച്ചത് ന്നാ…
എവിടെ…?
പ്രൊവിഡൻസിലാ. എൻ്റെ മൂത്തമ്മയെ അവര്‍ പ്രീഡിഗ്രിക്ക് പഠിപ്പിച്ചിക്ക്. മൂത്തമ്മ അവരെ ക്ലാസിനെക്കുറിച്ച് പറയും. പറഞ്ഞ് തുടങ്ങിയാ പിന്നെ ബെല്ലടിച്ചാലെ ഇംഗ്ലീഷ് നിർത്തൂന്ന്.
പക്ഷെ, നമ്മുടെ പ്ലസ് ടുവിലെടുക്കുന്ന ലിഷ ടീച്ചറത്രയൊന്നും വരണ്ടാവില്ല. നമ്മുടെ ക്ലാസിലെ അനുസ്യൂതില്ലേ…
ആ…
അവൻ ഒരു സംശയം ചോദിക്കാൻ ടീച്ചറെ വിളിച്ചിരുന്നു പോലും. അപ്പഴും ടീച്ചറ് ഇംഗ്ലീഷ് .അതിനിടയില്‍ മക്കളോട് സംസാരിക്കുന്നതും അങ്ങനെ തന്നെ.
പക്ഷെ ടീച്ചറ് എടക്ക് നിന്ന് പോവുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പണ്ടെത്തെ ഇംഗ്ലീഷിൻ്റെ ഒരു കട്ടിയൊന്നും ഇപ്പാർക്കുമില്ലാന്നാ അമ്മച്ചി പറയുന്നത്. അന്നത്തെ പഠിപ്പൊക്കെ പോയീന്ന്. ഇന്നത്തെ എം.എ വരെ പഠിക്കുന്നതിന് സെയിമാ പണ്ടത്തെ എസ്.എസ് എൽ സിന്നാണ് അമ്മച്ചി പറഞ്ഞത്.
അല്ല. രാഹുലിൻ്റെച്ഛമ്മ മരിച്ചതെങ്ങനെയാണെന്ന് നീ പറഞ്ഞില്ലല്ലോ?
അതു മറന്നു. അതാണ് വിറ്റ്. രാഹുലിൻ്റമ്മൂമ്മക്ക് എൺപതിൻ്റെ മേലെ വയസ്സുണ്ടായിരുന്നു. ഫുൾ ടൈമ് കിടപ്പിലായിരുന്നു. വീട്ടിൽ തന്നെ മതീന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഏതാണ്ട് അഞ്ചാറ് മാസം അവര്‍ കിടന്നു. അപ്പൊഴും നല്ല ബോധത്തിലാന്നാ പണിക്കു നിന്ന ചേച്ചി പറയാറ്.
ഒരു ദിവസം രാവിലെ വീട്ടിലെ കറൻ്റു പോയി. അവിടെ പണിക്കുണ്ടായിരുന്ന ചേച്ചി ആരോ മരിച്ചിട്ട് നാട്ടിൽ പോയിരുന്ന സമയമാണ്. രാഹുലിൻ്റെ പെങ്ങള് അന്ന് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയാ. ഒന്ന് രണ്ടു മണിക്കൂറ് കഴിഞ്ഞിട്ടും കറൻ്റ് വന്നില്ല. ഉടനെ കെ എസ് ഇ ബി യില്‍ വിളിച്ച് പരാതി പറയുകയും ചെയ്തു. ഇപ്പം വരാന്ന് പറയുകയല്ലാതെ അവിടുന്ന് ആരും തിരിഞ്ഞു നോക്കിയില്ല. അതിനിടയില്‍ ടാങ്കില്‍ ഉണ്ടായിരുന്ന വെള്ളമെല്ലാം തീർന്നിരുന്നു. പൈപ്പ് തുറക്കുമ്പം നിശ്ശബ്ദത മാത്രം പുറത്ത് ചാടി. അരയ്ക്കാനുള്ള തേങ്ങയും വാഷിങ്ങ് മെഷിനിലിട്ടു വെച്ച തുണികളും വേറെ. ഫ്രിഡ്ജ് ഉണങ്ങി വരണ്ടു.
രാഹുലിൻ്റെ അച്ഛൻ ലാപ്ടോപ്പിൽ എന്തോ ഓഫീസിലെ കാര്യം ചെയ്തോണ്ടിരിക്കുകയായിരുന്നു. കുടിക്കാങ്കൂടി ഒരു തുള്ളി വെള്ളല്ലാതെ രാഹുലിൻ്റമ്മച്ചി കലിതുള്ളി നിക്കുമ്പഴാണ് രാഹുലിൻ്റച്ഛമ്മയ്ക്ക് അധികമായത്. രാഹുലിൻ്റച്ഛനും അമ്മച്ചിയും അവനും അവരുടെ അകത്തേക്ക് പോയി. കണ്ണ് തുറന്ന് കിടക്കുകയാണ്. ചെറിയൊരു വലിച്ചിലുണ്ടായിരുന്നു ശ്വാസത്തിന് . അച്ഛമ്മ മെല്ലെ വെ…ള്ളം… വെ… ള്ളം എന്ന് പറഞ്ഞതും അവൻ്റെ അമ്മച്ചി അച്ഛൻ്റെ മുഖത്ത് നോക്കി. പിന്നെ മുറിയുടെ പുറത്തിറങ്ങി പൊരിഞ്ഞ ബഹളമാണ് ?
അതെന്താ?
വീട്ടില്‍ വെള്ളമില്ല അതു തന്നെ. അവർക്ക് കോപ്പറേഷൻ്റെ വെള്ളമാ. അത് കിട്ടുന്ന സമയമല്ല. കിണറുള്ളത് രണ്ടു വീടപ്പുറമാ. ഇറങ്ങിപ്പോയി ആ വീട്ടുകാരോട് ചോദിക്കാൻ രാഹുലിൻ്റെ അമ്മച്ചിക്ക് മടി. വീട്ടിലെ പണിയെല്ലാം എടുത്ത് നടുവൊടിഞ്ഞ് ഒന്ന് നേരെയായി വരുന്നേയുള്ളൂ ,അതുകൊണ്ട് എന്നെക്കൊണ്ടാവൂല എന്നവർ തറപ്പിച്ച് പറഞ്ഞു. അപ്പുറത്തെ വീട്ടില്‍ എങ്ങനെയാ പോയി ചോദിക്കുകയെന്ന് രാഹുലിൻ്റെ അച്ഛന് അതിലേറെ കുറച്ചില്. അതാലോചിക്കുന്തോറും രാഹുലിൻ്റച്ഛന് എന്തോ പോലെ തോന്നി. ഒരു പാത്രവും എടുത്ത് ബുദ്ധഭിക്ഷുവിനെപ്പോലെ. രാഹുലിൻ്റച്ഛനും നടപ്പില്ല എന്ന് തീർത്തു പറഞ്ഞു.
എന്നിട്ടോ?
എന്നിട്ട് അവര്‍ പിന്നെ രാഹുലിൻ്റെ നേർക്കായി. അങ്ങനെയാണല്ലാ. അവസാനം ചവിട്ടിത്താഴ്ത്താൻ എല്ലാ വീട്ടിലും കുട്ടികളല്ലേ കാണൂ. അവിടെയും അതു തന്നെ സംഭവിച്ചു. ഒടുക്കം മനസ്സില്ലാ മനസ്സോടെ തൻ്റെ അന്നത്തെ പുതിയ പരീക്ഷണ ശ്രമങ്ങളിൽ നിന്നെഴുന്നേറ്റ് ശപിച്ചും കൊണ്ട് വെള്ളം ചോദിക്കാൻ രാഹുൽ ഇറങ്ങി. ഏതാണ്ട് പത്ത് മിനിറ്റിൻ്റെയുള്ളിൽ രാഹുൽ മടങ്ങി വന്നു. രാഹുലിൻ്റെ അച്ഛമ്മയ്ക്ക് കൊടുത്തു. അതു കുടിച്ചതും എന്തോ ഒന്ന് പറയാൻ ശ്രമിച്ചതും അവര്‍ മരിച്ചു.
ആണോ…. എന്താ അവര്‍ പറഞ്ഞത്?
അതറിയൂല. രാഹുല്‍ ഒരു സംശയം പറയുന്നുണ്ട്.
എന്ത് സംശയം?
അച്ഛമ്മയുടെ നാക്കിന് ചെറിയ കൊഴച്ചിലുണ്ടായിരുന്നു.അതു കൊണ്ട് വ്യക്തമല്ല. രാഹുൽ അത് കേട്ട് ശരിക്കും തരിച്ചു.ഒരു വിറകടന്നു പോയ്. ഒന്നുകൂടി ചെവി കുടഞ്ഞതും അച്ഛൻ അമ്മയെ ഉടനെ നോക്കിയതും അവനോർമ്മയുണ്ട്.
ചടങ്ങൊക്കെ അവരുടെ മുതലക്കുളത്തിനടുത്തുള്ള അവരുടെ തറവാട്ടിലായിരുന്നു. അഞ്ചെട്ടു ദിവസം കൊണ്ടു അതു കഴിഞ്ഞു.
രസം അതല്ല. ഒന്നരാഴ്ച്ച കഴിഞ്ഞ് പണിയെടുക്കുന്ന ചേച്ചി തിരിച്ചു വന്നു. അവരോടാണ് ആ സത്യം അവനാദ്യം പറയുന്നത്.
എന്ത് സത്യം?
ഞാൻ പറഞ്ഞില്ലേ. അന്ന് അവനും എന്തോ തിരക്കിട്ട പണിയിലായിരുന്നു. അച്ഛനും അമ്മച്ചിയും വഴക്ക് തുടങ്ങിയപ്പൊഴേ അതു തൻ്റെ നേർക്ക് വരുമെന്ന് അവനറിയാമായിരുന്നു.അതുകൊണ്ട് ആ നിമിഷം മുതൽ തന്നെ അവൻ വെള്ളത്തേക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നു. ഒടുക്കം വിചാരിച്ചതു പോലെ ആ പണി അവൻ്റെ തലയിലേക്ക് വന്നു വീണു. അവൻ കുറെ പറഞ്ഞു നോക്കി. അച്ഛൻ്റെ ടോണ്‍ മാറിയപ്പം പിന്നെ രക്ഷയില്ലെന്ന് കണ്ട് അവൻ സമ്മതിച്ചു. “അധികമൊന്നും വേണ്ട; ഒരു ക്ലാസ് വെള്ളം മതി” അവൻ്റെ അച്ഛൻ പറഞ്ഞു. ആ നിമിഷം അവനും ചെറിയൊരു സങ്കടം തോന്നി. ഒരു ബുദ്ധിയും. അവൻ നേരെ മിനറൽ കുപ്പിയുമായ് പുറത്തിറങ്ങി. അച്ഛൻ്റെ കാറിൻ്റെ ഫ്രണ്ട് തുറന്ന് വൈപ്പറിനു വേണ്ടി കുറെ മുമ്പ് ഒഴിച്ചു വെച്ചിരുന്ന വെള്ളം വൈപ്പർ വാഷർ ടാങ്കിൽ നിന്നും കുപ്പിയിലേക്ക് ഒരു ചെറിയ കുഴല്‍ വഴി വലിച്ചെടുത്തു. വായിലായ വെള്ളത്തിൻ്റെ പരിചയമില്ലാത്ത ചവർപ്പിൽ അവനോക്കാനം വന്നു. ഏതാണ്ട് ഒന്നര ഗ്ലാസ് വെള്ളം ആയപ്പോൾ അവൻ കാറിൻ്റെ ഫ്രണ്ടടച്ച് അകത്ത് കേറി അച്ഛനു കൊടുത്തു. അച്ഛൻ പതിയെ അമ്മൂമ്മയുടെ ചുണ്ടിലേക്ക് അത് ഉറ്റിച്ചു കൊടുത്തു.
ഫക്ക്… അച്ഛമ്മ ചുണ്ടും ശ്വാസവും മുറുക്കിയടച്ചു.