
പഴയ ആളല്ല നിങ്ങൾ

വിമീഷ് മണിയൂർ
ആദ്യ കാമുകി മരിച്ചു പോകുംവരെയേ
നിങ്ങൾക്കും ആയുസ്സുള്ളൂ
അതു കഴിഞ്ഞാൽ
പഴയ ആളല്ല നിങ്ങൾ
ശ്വാസം കൊണ്ടു മാത്രം
ഒന്നും നിവൃത്തിച്ചെടുക്കാനാവില്ല പിന്നെ
നടത്തം കൊണ്ടു മാത്രം
ചെന്നെത്താനാവില്ല എവിടെയും
ഇരിത്തം കൊണ്ടു മാത്രം
ഉറയ്ക്കിക്കില്ല ഒരു നിലവും
കിടത്തം കൊണ്ടു മാത്രം
അസ്തമിക്കില്ല ഒരു പകലും
എത്ര അടുത്ത് കിടന്നാലും
നാറി തുടങ്ങുന്നത്
സ്വന്തം ഭാര്യ പോലും
തിരിച്ചറിഞ്ഞെന്നു വരില്ല.
ആദ്യ കാമുകൻ മരിച്ചു പോകും വരെയേ
ആയുസ്സുള്ളൂ
അടുത്ത് കിടന്നുറങ്ങുന്ന
നിങ്ങളുടെ ഭാര്യയ്ക്കും