
ആണും ആണും

വിമീഷ് മണിയൂർ
ഒരാണിനെ മറ്റൊരാണ്
സ്നേഹം കൊണ്ട് തൊടുന്നത്
കത്തിത്തീർന്ന നക്ഷത്രത്തിൽ ചെന്ന്
ഒരുത്തൻ
സ്വയം തീ കൊളുത്തി
മരിക്കുമ്പോലിരിക്കും
ആ വെളിച്ചത്തിൽ
ജീവിച്ചിരിക്കാതെ നിവൃത്തിയുണ്ടാവില്ല
എതൊരാണിനും.
നാളിതുവരെ കത്തിക്കൊണ്ടിരുന്നിട്ടും
അകമേ വന്നു നിറയാത്തൊരു ചൂട്
അന്നു മുതൽ
വസന്തത്തിൻ്റെ കൈയ്യക്ഷരമാവും
ഒരാണിനോളം മുറുക്കമില്ല
ഒരു കെട്ടിപ്പിടുത്തത്തിനും
അവൻ്റെ ചുണ്ടിനോളം മുറിഞ്ഞതല്ല
ഒരു ചുംബനവും
ഒരാണിനെ മറ്റൊരാണ്
സനേഹം കൊണ്ട് പൊതിയുന്നത്
കുഴിച്ചുകൊണ്ടിരിക്കെ
കിണറ്റിൽ
മണ്ണിടിഞ്ഞ്
ചാവുമ്പോലിരിക്കും
തിരിച്ചെടുക്കുന്നതിലും എളുപ്പം
ഒരു പിടി മണ്ണു കൂടിയിട്ട്
മൂടിക്കളയുന്നതാവും