രണ്ടു പക്ഷികള്‍

വിദ്യ പൂവഞ്ചേരി
അതിഗാഢമായി പുണരാനാഗ്രഹിച്ച് ഇടം തേടിയ രണ്ടു പക്ഷികള്‍
തുറന്ന ജനലിലൂടെ
അറയിലേക്ക് പറന്നുവന്നു.
അതിലൊരു പക്ഷി നനഞ്ഞിരുന്നു.
ഒട്ടിയ തൂവലുകളില്‍ നിന്നും തുള്ളിതുള്ളിയായി നീരിറ്റുവീഴുന്നു.
ഒരു പക്ഷി മാത്രമെന്തേ നനയാന്‍?
ഒരു പക്ഷി മാത്രമെന്തേ വിറയ്ക്കാന്‍?
അതൊരു പെണ്കിളിയായിരുന്നിരിക്കണം.
ഞാനവര്‍ക്ക് ഒഴിഞ്ഞ ജനല്പ്പടിയിലിത്തിരി ഇടം കൊടുത്തു.
അരിമണികള്‍ മുറിയില്‍ വിതറിയിട്ടു.
ഒരു ചെറിയ പാത്രത്തില്‍ വെള്ളം വെച്ചു.
നനഞ്ഞ പക്ഷി നനയാത്ത പക്ഷിയുടെ അടുത്തേക്ക് ചൂടുപറ്റാനെന്നവണ്ണം ചേര്‍ന്നുനിന്നു.
കൊക്കുരുമ്മി.

ഇടയ്ക്കിടെയവര് പേടിച്ചിട്ടെന്നപോലെ തല ചെരിച്ച് എന്നെ നോക്കി.
കൂടുതല്‍ക്കൂടുതല്‍ മൂലയിലേക്കൊതുങ്ങി.
ഞാനെഴുന്നേറ്റ് പുറത്തേക്കിറങ്ങി.
ഒച്ചയുണ്ടാക്കാതെ
മുറിയുടെ വാതിലടച്ചു.
ഉവ്വ്.
ആ മുറിയിലെ ഭയത്തിന്റെ ചിറകടിയൊച്ചകളിപ്പോള് ഇല്ലാതായിക്കാണണം.
അവരിപ്പോള്‍ ഗാഢമായി പുണര്ന്നിരിക്കണം.
കൊക്കുരുമ്മിയിരിക്കണം.
നനഞ്ഞപക്ഷിയൊന്നു ചിറകുകുടഞ്ഞിരിക്കണം.
പേടിയില്ലാതെ തല ഉയര്‍ത്തിയിരിക്കണം.
തൂവലുകള്‍ മിനുക്കിയിരിക്കണം.
നനയാത്തപക്ഷി അതിനോട്
എന്നും കൂടെയുണ്ടാവുമെന്ന് പറയുന്നുണ്ടായിരിക്കണം.