
എന്റെ സ്നേഹം സത്യമായിരുന്നു

വിദ്യ പൂവഞ്ചേരി
ഡോക്ടര്‍…
ഞാനിന്ന് ടൗണിലേക്ക് പോകുന്നവഴി ഒരു കാഴ്ച്ച കണ്ടു. എന്നെ സംബന്ധിച്ച് വളരെ വിചിത്രമായ കാഴ്ച്ചയായിരുന്നു അത്.
‘എന്താണെന്ന് പറയൂ…’
ബസ്സിലിരുന്നു മയങ്ങവേ പെട്ടന്ന് കണ്ണുതുറന്നതായിരുന്നു. നോക്കുമ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി നിറയെ പൂത്തുനില്ക്കുന്ന വള്ളിച്ചെടികള്‍…
‘ആഹ!
നല്ല കാഴ്ച്ചയല്ലേ’
ആയിരുന്നു.
പക്ഷെ അതിന്റെ ഭംഗി ഞാന്‍ പ്രതീക്ഷിച്ചതുപോലെ ആനന്ദിപ്പിക്കുന്നതായിരുന്നില്ല. എനിക്കെന്തോ ആ സമയം ഉള്ളിലൂടെ നേരിയ വിറയലാണെന്നുഭവപ്പെട്ടത്.
‘എന്തുകൊണ്ട്?’
ആ പൂവുകള്‍ ഭംഗിയുള്ളവയായിരുന്നു. ഒരു കുലയില്‍ത്തന്നെ അരിയരിയായി കാണപ്പെട്ടുകൊണ്ട് നിറയെ പൂത്തുനില്ക്കുന്ന, ഇളം റോസ് നിറത്തിലുള്ള പൂക്കള്‍. പക്ഷെ ആ വള്ളിച്ചെടികള്‍ വന്യമായി വളര്‍ന്നിരുന്നു.
കുറ്റിച്ചെടികള്‍ക്കും മരങ്ങള്‍ക്കും മുകളിലൂടെ…
ഇലക്ട്രിക് പോസ്റ്റുകള്‍ക്കും സൈന്‍ബോര്‍ഡുകള്‍ക്കും മുകളിലൂടെ…
ഉപയോഗിക്കുന്നതും ഇടിഞ്ഞുപൊളിഞ്ഞതുമായ കെട്ടിടങ്ങള്‍ക്കുമുകളിലൂടെ…
ആ നഗരത്തിനു മുകളിലൂടെ.
എന്റെ ജീവനും തോന്നലുകള്‍ക്കും മുകളിലൂടെ..
മദിപ്പിക്കുന്ന പച്ചനിറത്തിലുള്ള വള്ളിച്ചെടികള്‍ ആ പ്രദേശത്തെയാകെ വിഴുങ്ങിയിരുന്നു.
‘ഹൊ!’
ഡോക്ടര്‍..
അതുവഴി പോകുമ്പോള്‍ ഒരു വള്ളിത്തലപ്പെന്റെ ശരീരത്തിലേക്ക് നിമിഷനേരം കൊണ്ട് പടര്‍ന്നുകയറുന്നതായി തോന്നി. എന്നെ ചുറ്റിവരിയുന്നതുപോലെ.
ശ്വാസം മുട്ടുന്നതുപോലെ…
പെട്ടന്ന് ഞാനൊന്ന് പിടഞ്ഞു.ഓരോ അണുവിലും അസ്വസ്ഥത.
എന്തൊരു കാഴ്ച്ചയായിരുന്നു!

‘ആ കാഴ്ച്ച നിങ്ങളെ അസ്വസ്ഥയാക്കാന്‍ കാരണമെന്തായിരിക്കും?’
ആ വള്ളിച്ചെടികളുടെ ഇലകള്‍ക്കെല്ലാം എന്റെ രൂപമായിരുന്നു. ഞാനയാളെ സ്നേഹിച്ചത്, ചുറ്റിവരിഞ്ഞത്, കീഴടക്കിയത്…
എല്ലാം അങ്ങനെയായിരുന്നെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അയാളുടെ സകലതുകള്ക്കും മുകളിലൂടെ അത്തരത്തില്‍ പടര്‍ന്നു പിടിച്ചൊരു വള്ളിച്ചെടിയായി,
കുലകുലയായി പൂത്ത്
ഗന്ധം പുറപ്പെടുവിച്ച്
നനയുകയും നിറയുകയും ചെയ്ത്
ഉണര്‍ന്നും വാടിയും ഉറങ്ങിയും…
അങ്ങനെയങ്ങനെ…
എന്റെ സ്നേഹമയാള്ക്ക് അസഹ്യമായി തോന്നിയിരിക്കാം. അല്ലേ ഡോക്ടര്‍?
ആ കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും സൈന്‍ ബോര്‍ഡുകള്‍ക്കും ഇലക്ട്രിക് പോസ്റ്റുകള്‍ക്കുമെല്ലാം ശ്വാസം മുട്ടുന്നതുപോലെ അയാള്‍ക്കും ശ്വാസം മുട്ടിയിരിക്കാം. അല്ലേ ഡോക്ടര്‍?
സത്യത്തില്‍ ഒരാള്‍ക്ക് ജീവിക്കാന്‍ അത്രയും സ്നേഹം ആവശ്യമില്ല അല്ലേ?
‘….. ‘
ഡോക്ടര്‍ക്കറിയുമോ മനുഷ്യരെന്തിനാണ് കണ്ടുമുട്ടുന്നതെന്ന്?
അടുക്കുന്നതെന്ന്?
തമ്മില്‍ തമ്മില്‍ സ്നേഹിക്കുന്നതെന്ന്?
ഒടുവിലൊടുവില്‍..
എന്തുകൊണ്ടാവും അവര്‍ക്ക് സ്നേഹം മടുത്തുപോവുന്നതെന്ന്?
‘അറിയില്ല. ചില ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ചില ഉത്തരങ്ങള്‍ക്ക് ചോദ്യങ്ങളും.’
ആ കാഴ്ച്ചയെന്നെ ഇപ്പോഴും അസ്വസ്ഥയാക്കുന്നു ഡോക്ടര്‍…
ഇനിയൊരിക്കല്കൂടി ആ വഴി കടന്നുപോകേണ്ടിവന്നാല്‍ അയാളെ സ്നേഹിച്ചുവെന്ന ആത്മനിന്ദയെന്നെ വല്ലാതെ കീഴ്പ്പെടുത്തും.ഞാനാ സമയത്തെ വല്ലാതെ ഭയപ്പെടുന്നു.