
ആ പാട്ടിൽ

വിദ്യ പൂവഞ്ചേരി
നീയില്ലാത്തിടത്തു ഞാനെന്തിനാണെന്ന തോന്നലിൽ നിന്ന് ഒരുപക്ഷെ
ഒരു ഗ്രാമമുണ്ടാകും
ആ ഗ്രാമത്തിൽ,
എപ്പോഴും കുന്നിറങ്ങിക്കയറുന്ന കുട്ടികളുണ്ടാകും
ആ കുട്ടികളിലൊന്നിന് നിന്റെ മുഖമുണ്ടാകും.
ഞാനപ്പോൾ ജനിച്ചിട്ടില്ലാത്ത ആ കുഞ്ഞിനുവേണ്ടി മുല ചുരത്തുന്ന
അമ്മയായിരിക്കും.
പിറവിയുടെ വേദനയിലെന്റെ ഇടുപ്പെല്ലുകൾ അകന്നുവരും.
നിന്റെ കുഞ്ഞ്
നിന്റെ കുഞ്ഞ്
നിന്റെ കുഞ്ഞെന്നു ഞാനവന്റെ
ചോരപറ്റിയ നെറുകയിൽ തലോടും.
അതുമതി.
അകലെയെങ്ങോ കേട്ട
നിന്റെ പാട്ടിനായി
ഉറങ്ങുന്ന ഗ്രാമത്തിന്റെ ജനലിലൂടെ ആശയോടെ കൈനീട്ടിയ എനിക്ക്
ഇതിൽപ്പരം മറ്റെന്തു കിട്ടാനാണ്? !!
എന്റെ രാത്രികൾക്കിപ്പോൾ
ആ പാട്ടിന്റെ മണമാണ്.
കുന്നു കയറിയിറങ്ങുന്ന ഒരു കുഞ്ഞിന്റെ ചിരിയും.