വിഭൂതിചരിതം

ഷഹീര്‍ പുളിക്കല്‍
നാന്ദി
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരാള്‍ക്കു വേണ്ടി, അയാളുടെ മരിക്കാത്ത ഓര്‍മകള്‍ക്കും അടങ്ങാത്ത പ്രണയത്തിനും ജീവിച്ചു തീര്‍ന്നിട്ടില്ലാത്ത ആത്മാവിനും വേണ്ടി എഴുതാനിരുന്നപ്പോള്‍ ജോഹന്നാസിന്റെ ഹൃദയം പടപടാന്നു മിടിച്ചുതുടങ്ങി.
വീരസിംഹന്‍ രാജാവിന്റെ മന്ത്രിയായിരുന്ന വിദേന്ദ്രനാഥിന് അറിയാവുന്ന മുഴുവന്‍ സംഭവങ്ങളും ഒന്നുപോലും വിടാതെ ജോഹന്നാസിന് കൃത്യമായും വ്യക്തമായും പറഞ്ഞുകൊടുത്തു. വീരസിംഹന്‍ രാജാവിന്റെ പ്രണയിനിയായിരുന്ന കാശ്മീരയെക്കുറിച്ചും വിധുരനെക്കുറിച്ചും കല്ഹണനെക്കുറിച്ചും അവന്റെ പ്രണയത്തെക്കുറിച്ചും വിദേന്ദ്രനാഥ് അയാളോട് വിവരിച്ചു.
പക്ഷേ അവരുടെ പ്രണയത്തെക്കുറിച്ചോ സ്വകാര്യ നിമിഷങ്ങളെക്കുറിച്ചോ പറഞ്ഞില്ല. അത് താന്‍ സ്വയം ഉണ്ടാക്കി എഴുതണമെന്നാണ് നിയുക്തരാജാവ് നരഗുദന് അയാളോട് കല്പിച്ചത്.
പേന പേപ്പറില്‍ വെച്ച് അയാള്‍ എഴുന്നേറ്റ് ജാലകത്തിനരികെ വന്നുനിന്നു. വിഷാദത്തിന്റെ മൗഢ്യം പുതച്ചുനില്‍ക്കുന്ന സൂര്യന്, ലോകത്തിന്റെ ചിത്രകാരന് ആകാശം ക്യാന്‍വാസും മേഘങ്ങള്‍ നിറവുമാക്കി വരച്ച മനോഹര ചിത്രം, സായന്തനത്തിന്റെ ചുരുള്പടര്പ്പുകളില് അകപ്പെട്ട് സ്വന്തം നിറങ്ങളില്‍ സന്ദേഹപ്പെട്ടു നില്ക്കുന്ന പൂക്കളും ചെടികളും.
ആയിരം നാഴികകള്‍ക്കപ്പുറത്തു നിന്ന് പുറപ്പെട്ട യാത്ര വിഭൂതീരാജ്യത്ത് എത്തിനില്ക്കുന്നുവെന്ന് വിശ്വസിക്കാനാവാതെ അയാള്‍ ജനാലയ്ക്കരികില്‍ നിന്നും ടേബിളിനടുത്തേക്ക് നടന്നു.
വിശുദ്ധരും അവിശുദ്ധരുമായ സകല എഴുത്തുകാരേയും കണ്ണടച്ചു ധ്യാനിച്ചുകൊണ്ട് അയാള്‍ പേന കൈയിലെടുത്തു.
ഒന്ന്
യുഗങ്ങളായി പിന്തുടര്‍ന്നുപോരുന്ന ശത്രുതയും വൈരാഗ്യവും അവന്റെ മനസ്സിലും ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു. പന്ത്രണ്ടാം വയസ്സില്‍ രാജാവാകാന്‍ വിധിക്കപ്പെട്ടത് തന്റെ ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ നിര്‍ണയിക്കാന്‍ അവന് തുനിഞ്ഞില്ല. അമ്മ പറഞ്ഞ കഥകളിലെ ധീരനായ അച്ഛന്റെ ക്രൗര്യം എന്തുകൊണ്ട് തനിക്കു ലഭിച്ചില്ലാ എന്നാലോചിച്ചുകൊണ്ട് ആകുലപ്പെടുക മാത്രം ചെയ്തു. ബദലേരിയ നദി ശാന്തമായി ഒഴുകുന്നു. മഞ്ഞുകാലം കഴിഞ്ഞതിന്റെ സന്തോഷത്തില്‍ മേലാകെ ചൂടുകായുകയായിരുന്ന കാര്പന്തരിയാ മലനിരകള്‍ക്കു നേരേ മുഖം തിരിച്ചു നിന്നപ്പോള്‍ വരാന്‍ പോകുന്ന കാലത്തെക്കുറിച്ചുള്ള ഉള്‍വിളികള്‍ വീരസിംഹന്റെ മനസ്സില്‍ ഗണത്തിലുള്ള ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചു. സന്ധ്യാനടത്തം കഴിഞ്ഞ് വീരസിംഹന്‍ കൊട്ടാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ അനിയന്മാരായ വിധുരനും കല്‍ഹണനും കൂലംകശമായ എന്തോ ചര്‍ച്ചയിലായിരുന്നു.

”സഹോദരാ, വരുന്ന പതിനാറിന് അച്ഛന് മരിച്ച് ആറുവര്‍ഷം തികയുന്നു.” കല്ഹാണന് പറഞ്ഞു.
‘കാശ്മീരാ രാജാക്കന്മാരാണ് അച്ഛനെ കൊന്നത് നമുക്കവരെ കൊല്ലണം.”
മൂന്നാമനായ കല്ഹണന് തന്റെ കണ്ണുകളില്‍ ദേഷ്യത്തിന്റെ ചുവന്ന കനല്കണങ്ങള് കോരിയിട്ടുകൊണ്ട് പറഞ്ഞു.
”ഒരസ്ത്രമെടുത്ത് ശത്രുവിനു നേരേ എന്നതല്ല യുദ്ധം, അതായിരുന്നു. യുദ്ധമെങ്കില്‍ കാശ്മീരയെ ഞാന്‍ വിഭൂതിയോട് ചേര്‍ത്തുവെച്ചിട്ട് വര്‍ഷം രണ്ടായേനെ”
അവനൊരു നിമിഷം നിര്‍ത്തി ശേഷം തുടര്‍ന്നു.
”പ്രിയ കല്ഹണാ, അച്ഛനെ കൊന്നവരെ കൊല്ലണമെന്ന് എനിക്കുമുണ്ടാഗ്രഹം. പക്ഷേ ഒന്നോര്‍ക്കുക അച്ഛന് കൊല്ലപ്പെട്ടപ്പോഴും വിഭൂതീരാജ്യം തോറ്റില്ല, കാത്തിരിക്കുക.”
ഗൗരവത നിറച്ച വാക്കുകളുടെ കൊട്ട പ്രിയപ്പെട്ട അനിയന്മാരുടെ മുന്നില്‍ ഇറക്കിവെച്ച ശേഷം അവനും വിരേന്ദ്രനാഥും കൊട്ടാരത്തിനകത്തേക്ക് നടന്നുപോയി.
”നരഗുദന് എവിടെ?”
രാജാവ് കൊട്ടാരം പരിപാലകരോട് ഉച്ചത്തില്‍ ചോദിച്ചു. ‘അവിടുന്ന് തോഴിമാരോടൊപ്പം നീരാട്ടിനു പോയിരിക്കുകയാണ്.”
വിനീത വിധേയനായി തന്റെ മുന്നില്‍ നിന്ന് കൊട്ടാരം പരിപാലകരോട് വീരസിംഹന്‍ സഹതാപം തോന്നി. എന്തിന്.ദൈവം ഓരോരുത്തര്‍ക്ക് ഓരോന്ന് വിധിച്ചിട്ടുണ്ടാകും, താന്‍ രാജാവാകണമെന്നും അവന് തന്റെ പരിപാലകനാകണമെന്നും ദൈവം കരുതിയിട്ടുണ്ടാകും.
നരഗുദന്റെ പ്രവൃത്തിയില്‍ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവന് തന്റെ മുറിയിലേക്ക് നടന്നു. മെത്തയില്‍ തലചായ്ച്ചു കിടന്നപ്പോള്‍ അമ്മയുടെ നരച്ച ശബ്ദം മനസ്സില്‍ നിന്ന് പുറത്തേക്കു പ്രവഹിച്ചു.
‘കാശ്മീരയിലെ കൊമ്പന് മീശക്കാരനായ രാജാവ്, ദുഷ്ടന്, ചതിയന്‍. അയാളാണ് അച്ഛനെ കൊന്നത്. പതിനേഴാം വയസ്സില്‍ രാജാവായി പട്ടാഭിഷേകം ചെയ്ത് മുപ്പത്തിനാലാം വയസ്സില്‍ ദുഷ്ടന്മാരുടെ ചതിയിലകപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ടി വന്ന പ്രപഞ്ചധീരന് നരസിംഹന് രാജാവ്.”
വിഷം കഴിച്ചു മരിച്ച അമ്മ വിഷാദത്തിലേക്ക് കൂപ്പുകുത്തുന്നതും സങ്കടക്കയത്തില്‍ മുങ്ങിത്താഴുന്നതും കാണാന്‍ തനിക്കു കഴിഞ്ഞില്ലല്ലോ.
അവന് സങ്കടം കൊണ്ട് കണ്ണുകള്‍ തുടച്ച് ഒഴുകിയ കണ്ണീര്‍ത്തുള്ളികളെ മായ്ച്ചുകളഞ്ഞു. ആ നിമിഷം അവനിലെ മൃഗതൃഷ്ണ വര്‍ധിച്ചു. ഉടനേ വാതില്‍ തുറന്ന് മന്ത്രിയോട് രാജഗുരുവിനോട് തന്റെയരികില് വരാന്‍ പറയാന്‍ വേണ്ടി വീരസിംഹന്‍ കല്പിച്ചു. നീണ്ട താടിയും ജടപിടിച്ച മുടിയും കുലുക്കി രാജഗുരു വീരസിംഹന്റെ സന്നിധിയിലെത്തി.
‘ഗുരോ കാശ്മീരയുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് അവരെ ഇതറിയിച്ച് യുദ്ധത്തിന് സന്നദ്ധരായിരിക്കാന്‍ അറിയിച്ചോളൂ.”
രാജഗുരു അമ്പരന്നു.
‘മഹാരാജാ അങ്ങയില്‍ നിന്ന് ഇതിലും പക്വമായ തീരുമാനം പ്രതീക്ഷിക്കുന്നു.”
വീരസിംഹന്റെ മുഖം ചുവന്നു. അവന് തന്റെ പല്ലുകള്‍ ഒന്നുപിടിച്ചമര്ത്തിയ ശേഷം അവയെ മോണകള്‍ക്കിടയില്‍ സ്വാതന്ത്ര്യമായി വിട്ടു.
‘യുദ്ധം അനിവാര്യമാണ് ഗുരു, പറ്റില്ലെങ്കില്‍ പറയൂ രാജഗുരുവാകാന്‍ യോഗ്യതയുള്ള പലരും കൊട്ടാരത്തിനു പുറത്തിരുന്ന് പകല്‍ക്കിനാവുകള്‍ കാണുന്നുണ്ട്.”
‘വേണ്ട പ്രഭോ, അവിടുത്തെ തീരുമാനം പോലെ.”
സംഭവിക്കാന്‍ പോകുന്ന യുദ്ധം ഭാവിയില്‍ വിഭൂതീരാജ്യത്തിന് വരുത്തിവയ്ക്കാന് പോകുന്ന നഷ്ടങ്ങളെക്കുറിച്ചോര്ത്ത് രാജഗുരുവിന് സങ്കടം തോന്നി. രാജാവിന്റെ മുന്നില്‍ നിന്നും നടന്നകലുമ്പോള്‍ രക്തം ചിതറിയ ഓര്‍മകള്‍ വലിയ തളികകളിലാക്കി മനസ്സ് അദ്ദേഹത്തിന്റെ മുന്നില്‍ നിവര്‍ത്തിവെച്ചിരുന്നു. എട്ടുവര്‍ഷം മുമ്പ് കാശ്മീരയുമായി നടന്ന അവസാന യുദ്ധം കഴിഞ്ഞ് രണാങ്കളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കണ്ട ചിതറിയ കൈകളും വെട്ടിയിട്ട കബന്ധങ്ങളും ഒരു വിളക്കിന്റെ പ്രകാശം പോല്‍ തെളിഞ്ഞു കണ്ടു. എല്ലാവര്ക്കും വാശിയാണ്. പ്രതികാരം ചെയ്യണം പോലും.
ആകാശത്തിന്റെ ധൂപഹേതുക്കള്ക്കിടയിലേക്ക് ഇരുട്ട് നുഴഞ്ഞുകയറി. ആത്മാവിന്റെ വനാന്തരങ്ങളില്‍ പ്രണയത്തിന്റെ നാഡീസ്വരം പടര്‍ത്തിയ കുയിലിന്റെ രാഗം കൊട്ടാരത്തിനകത്തു നിന്നും വീരസിംഹന്‍ കേട്ടു. ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ അഭൗമികമായ പ്രണയത്തിന്റെ സൗന്ദര്യം ദൂരെ കണ്ടു. രണ്ടു കുരുവികള്‍ ചുണ്ടുകള്‍ ചേര്‍ത്ത് പ്രണയം കൈമാറുന്നു. അവന്റെ സിരകളിലെ രക്തം പ്രണയത്തിനുവേണ്ടി തീക്ഷണമായി കൊതിച്ചു. ഉറങ്ങാന്‍ കിടന്നപ്പോഴും ഇതുവരെ താന്‍ കണ്ടുമുട്ടിയിട്ടില്ലാത്ത തന്റെ പ്രണയത്തെക്കുറിച്ചായിരുന്നു വീരസിംഹന്‍ ചിന്തിച്ചത്. സ്നേഹത്തിന്റെ കശേരുക്കളെ ഭൂമിയുടെ അച്ചുതണ്ടുമായി ബന്ധിപ്പിക്കുന്ന ഒരു നിമിഷം തനിക്ക് നിശ്ചയമായും വന്നുചേരുമെന്ന് പ്രത്യാശിച്ചുകൊണ്ട് അവന് കണ്ണുകള്‍ പൂട്ടി.
യുദ്ധത്തിനുവേണ്ടി മഹാവൈഭ മൈതാനത്തിന്റെ ഒരു ഭാഗത്ത് തമ്പടിച്ചിരിക്കുന്ന വിഭൂതി രാജ്യത്തിന്റെ സൈന്യം അവരുടെ താല്‍ക്കാലിക കുടിലുകള്‍ക്കു പുറകിലൂടെ ഒഴുകുന്ന ചെറിയ അരുവി. രാത്രിയുടെ ശാന്തതയില്‍ ആരുമറിയാതെ വിഭൂതി രാജ്യത്തിന്റെ സൈന്യത്തെ കീഴ്പ്പെടുത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന കാശ്മീരാദേശത്തെ കുതിരപ്പടയാളികള്‍. വിഭൂതി സൈന്യത്തിന്റെ കാവല്‍ ഭടന്മാരുടെ കണ്ണുകളില്‍ കൊള്ളിമീനോളം വലിയ പ്രതിബിംബം സൃഷ്ടിച്ചുകൊണ്ട് കാശ്മീരാദേശത്തിന്റെ പടയാളികള്‍ കുതിരകള്ക്കുമേല് പറന്നുവരുന്നു. കാവല്ഭടന്മാര് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും അപായമണി മുഴക്കുകയും ചെയ്തു.
വാളും അസ്ത്രങ്ങളും കൈയില്‍ കിട്ടുന്നതിനു മുന്നേ വിഭൂതീസൈന്യത്തിലെ പലരേയും കാശ്മീരയുടെ പോരാളികള്‍ അസ്തപ്രജ്ഞരാക്കി. യുദ്ധം കൊടുമ്പിരികൊള്ളുകയാണ്.
വീരസിംഹന്‍ പെട്ടന്ന് ഞെട്ടിക്കൊണ്ട് എഴുന്നേറ്റു. കണ്ണുകള്‍ക്കുള്ളില്‍ തെളിഞ്ഞത് സത്യമല്ലായെന്നും അത് സ്വപ്നമാണെന്നും തിരിച്ചറിഞ്ഞു. എല്ലാ സ്വപ്നങ്ങളും സത്യമാകുകയോ സംഭവിക്കുകയോ ചെയ്യില്ലെന്നോര്ത്തപ്പോള് അവനൊരല്പം ആശ്വാസം തോന്നി. അടുത്ത പ്രഭാതത്തില്‍ വീരസിംഹന്‍ സേനാനായകന് അധിഭൂപതിയെ വിളിച്ചുവരുത്തി.
‘യുദ്ധത്തിന്റെ തലേന്ന് കാവല്‍ ഭടന്മാരുടെ എണ്ണം നാലുമടങ്ങായി വര്‍ധിപ്പിക്കണം, തോല്ക്കാന് സാധ്യതയുള്ള എല്ലാ പഴുതുകളും അടയ്ക്കണം.”
”പഴുതുകളെല്ലാം അടയ്ക്കാം മഹാരാജാ, കാവല്‍ ഭടന്മാരുടെ എണ്ണം നിലവിലുള്ളതിന്റെ നാലുമടങ്ങു വര്‍ധിപ്പിക്കാം.’
പകലിന്റെ വെളുത്ത പാളികളില്‍ കണ്ണുടക്കി നില്‍ക്കേ വിരസിംഹനെ കാണാന്‍ ഒരു നാടോടിസംഘം വന്നെത്തി. പ്രത്യേക തരത്തില്‍ വേഷം ചെയ്ത, വ്യത്യസ്തമായ ഭാഷയില്‍ സംസാരിച്ചിരുന്ന അവര്‍ രാജാവിന് വിശേഷപ്പെട്ടൊരു സമ്മാനം കൊണ്ടുവന്നിരുന്നു. ചുവന്ന നിറത്തിലുള്ള വിശേഷപ്പെട്ട ഒരു കല്ലായിരുന്നു അത്. വീരസിംഹന്‍ അവര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്കി അവരെ സംതൃപ്തിപ്പെടുത്തി.
അഞ്ഞൂറടി ഉയരമുള്ള വലിയ കൊട്ടാരം. ചെങ്കല്ലും കാര്പന്തരിയാ മലനിരകളുടെ താഴ്വരയില് നിന്നും ശേഖരിച്ച വിശേഷപ്പെട്ട കല്ലുകളും കൊട്ടാര നിര്‍മ്മാണത്തിന്റെ മുഴുനീളെ ഉപയോഗിച്ചിരിക്കുന്നു. നൂറ്റിയിരുപത്തേഴ് മുറികളും പതിനാല് ഇടനാഴികളും ആറു വലിയ സഭകളും കൊട്ടാരത്തിലടങ്ങിയിരിക്കുന്നു.
വീരസിംഹന്‍ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല. പന്ത്രണ്ടാം വയസ്സില്‍ രാജാവായതു മുതല്‍ പതിനെട്ടു വയസ്സാകുന്നതുവരെ അവന് സദാ വിദ്യ അഭ്യസിക്കുകയായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ രാജ്യതന്ത്രവും പതിമൂന്നാം വയസ്സില്‍ യുദ്ധമുറകളും പതിനാലാം വയസ്സില്‍ പുരാതന സാഹിത്യവും അവന് ആഴത്തില്‍ പഠിച്ചു. ബാക്കിയുള്ള മൂന്നു വര്‍ഷങ്ങള്‍ അവന് അമ്പെയ്ത്തിലും കുതിരസവാരിയിലും പ്രാവീണ്യം നേടാന്‍ വേണ്ടി ചിലവഴിച്ചു.
അമ്മയുടെ ഹൃദയപുസ്തകത്തില്‍ വീരസിംഹന്‍ പക്വതയെത്തിയ രാജകുമാരനായിരുന്നു. പക്ഷേ വിധുരനെയും കല്ഹണനെയും നരഗുദനെയും ഓര്‍ത്ത് അവസാന നാളുകളില്‍ അവര്‍ എപ്പോഴും കണ്ണീര് വാര്‍ക്കുമായിരുന്നു.
വിധുരന്‍ യുദ്ധത്തിനുവേണ്ടി സ്വയം തപസ്സു ചെയ്യുകയായിരുന്നു. അമ്പെയ്ത്തില്‍ അവന് വിരസിംഹനേക്കാള് പ്രതിഭാശാലിയായിരുന്നു. ദിവസത്തിലെ പകുതി നേരവും അവന് അമ്പെയ്ത്തിനു വേണ്ടി മാറ്റിവെച്ചു.
കല്ഹണന് നാരീശ്വരിയെ പ്രണയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ നാഭിയിലെ ചുഴികളില്‍ ഇക്കിളി കൂട്ടിയും നനഞ്ഞ കവിളുകളില്‍ ചൂടു പ്രസരിപ്പിച്ചുമിരിക്കേ അവന് പ്രണയത്തിന്റെ അഗാധമായ ലോകങ്ങളിലേക്ക് വഴുതി വീഴും.
ഇരുണ്ട മേഘങ്ങള്‍ ആകാശത്തുനിന്നിറങ്ങി ഭൂമിയിലൂടെ ഒഴുകി നടന്ന ദിനം. അമ്മ പറഞ്ഞു, ”യുദ്ധം ക്രൂരമായ കലയാണ്. ദയയ്ക്കോ കരുണയ്ക്കോ അവിടെ സ്ഥാനമില്ല ശത്രുവിനെ വീഴ്ത്തണം, കീചകന് തന്നെ വാഴ്ത്തണം.
കാശ്മീരയുടെ പ്രതിനിധികളുമായി രാജഗുരു കൂടിക്കാഴ്ച നടത്താന്‍ തീരുമാനമായി. അടുത്ത പ്രഭാതത്തില്‍ തന്നെ രാജഗുരുവും കുറച്ചു ഭടന്മാരുമായി രഥം പുറപ്പെട്ടു.
കൊട്ടാരമുറ്റത്തു വെച്ച് രഥമുരുളാന്‍ തുടങ്ങിയപ്പോള്‍ വീരസിംഹന്‍ ഗുരുവിനെ ഒന്നു നോക്കി. ആ നിമിഷം തനിക്കു നേരേ വന്ന ദൃഷ്ടിയില് രാജാവ് പതിപ്പിച്ചുവച്ച നയതന്ത്രം അദ്ദേഹം സ്വയം മനസ്സിലാക്കിയെടുത്തു.