
ഭരണവും നീതിപീഠവും ചില റോളർകോസ്റ്റർ പ്രതിഭാസങ്ങളും

വെങ്കിടേഷ് രാമകൃഷ്ണൻ
വലിയ കരിനിഴൽ ഛായ , ഇരുട്ട് പരത്തിയ ഒരു കാലത്തിനു ശേഷം ഇന്ത്യൻ ജുഡീഷ്യറി അതിന്റെ മൂല്യബോധ്യം വീണ്ടെടുക്കുകയാണോ ? നമ്മുടെ നീതിന്യായ വ്യവസ്ഥക്കുള്ളിൽ നിന്ന് ഉണ്ടാവുന്ന അത്തരമൊരു പരിശ്രമത്തിന്റെ പ്രതീകമാവുകയാണോ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ? ഈ ചോദ്യങ്ങൾ ആവർത്തിച്ചുയർത്തുന്ന ചില സംഭവങ്ങൾ സമീപ കാലത്ത് നടക്കുകയുണ്ടായി . അവയിൽ ഏറ്റവും പ്രധാനം 152 വര്ഷം പഴക്കമുള്ള , അക്ഷരാർത്ഥത്തിൽ ബ്രിട്ടീഷ് രാജിന്റെ ഒരു ആചാരശിഷ്ടമായ , രാജ്യദ്രോഹ നിയമം നടപ്പാക്കുന്നത് നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവ് തന്നെയാണ് . ഇന്ത്യൻ പീനൽ കോഡിന്റെ 124 എ വകുപ്പ് പ്രകാരമുള്ള നിയമം പുനഃപരിശോധനയ്ക്ക് വിധേയമാവുകയാണെന്നും അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ നിയമവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും – പുതിയ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതടക്കം – നിറുത്തി വെക്കുമെന്ന് കോടതി ആഗ്രഹിക്കുന്നു , പ്രതീക്ഷിക്കുന്നു എന്നാണ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രസ്താവിച്ചത് . ഒരു ചരിത്ര സംഭവത്തിൽ കുറഞ്ഞൊന്നുമല്ല ഈ ഇടക്കാല ഉത്തരവ്.

ഉത്തരവിന്റെ ഭാഷയിൽ “ ആഗ്രഹിക്കുന്നു , പ്രതീക്ഷിക്കുന്നു “ എന്നൊക്കെയുള്ള “ വിനയാന്വിത പ്രയോഗങ്ങൾ ഉണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഒന്നര നൂറ്റാണ്ടിൽ ഏറെ പഴക്കമുള്ള ദേശദ്രോഹ നിയമത്തിന്റെ അവസാനമായി തന്നെയാണ് ഇതിനെ കാണേണ്ടത് . നിയമ വിദഗ്ദരുടെ ഏകകണ്ഠമായ വ്യാഖ്യാനവും അത് തന്നെയാണ് .
ഈ ഉത്തരവ് ഇറക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് , പ്രധാന മന്ത്രി നരേന്ദ്രമോദി കൂടി പങ്കെടുത്ത ഒരു ചടങ്ങിൽ രമണ ചെയ്ത പ്രസംഗവും ജുഡീഷ്യറിയുടെ ചിരന്തന മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നവയായിരുന്നു . കേന്ദ്ര സർക്കാരും ഒട്ടു മിക്ക സംസ്ഥാന സർക്കാരുകളും കോടതി വിധികൾ യഥാസമയം നടപ്പാക്കുന്നതിൽ വലിയ വീഴ്ച വരുത്തുന്നു എന്നും ഇത് സാധാരണക്കാർക്കും പാവങ്ങൾക്കും സ്വാഭാവിക നീതി നിഷേധിക്കുന്നതിൽ കുറച്ചൊന്നുമല്ല കാരണമാകുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത് . സാധാരണ ഗതിയിൽ ഒരു പൊതുവേദിയിൽ ഇങ്ങനെ തുറന്നടിക്കാൻ ധൈര്യമുള്ള ജഡ്ജിമാരെ കണ്ടു കിട്ടാറില്ല ; പ്രത്യേകിച്ച് ഇന്ത്യാ മഹാരാജ്യത്തിൽ.

രമണ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത് 2021 ഏപ്രിൽ മാസത്തിലാണ് . അവിടെ നിന്ന് ഇങ്ങോട്ടുള്ള 13 മാസങ്ങളിൽ , നിരവധി വിഷയങ്ങളിൽ , കേസുകളിൽ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യവും മൂല്യങ്ങളും സമാനമായ രീതിയിൽ സ്ഥൈര്യത്തോടെ ഉയർത്തി പിടിക്കുന്ന ഒരു ട്രാക്ക് റെക്കോഡ് ആണ് അദ്ദേഹം സൃഷ്ടിച്ചത് . പെഗാസസ് , ട്രിബുണൽ റിഫോംസ് തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങൾ ഇതിന്റെ ചില ഉദാഹരണങ്ങൾ മാത്രം . ഇങ്ങനെയൊരു ട്രാക്ക് റെക്കോർഡ് ജസ്റ്റിസ് രമണ ഉണ്ടാക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഇത് ജുഡീഷ്യറിയുടെ പൊതു സ്വഭാവത്തെ സ്വാധീനിക്കുന്ന ഒരു ധാരയായി മാറുമോ എന്നതാണ് .
ശരിയാണ് , ജസ്റ്റിസ് രമണയുടെ വഴി പിൻതുടരാൻ ജുഡീഷ്യറിയുടെ മറ്റ് തലങ്ങളിൽ ചിലർ തയ്യാറാവുന്നുണ്ട് . ഗുജറാത്തിലെ പ്രതിപക്ഷ എം എൽ എ ആയ ജിഗ്നേഷ് മേവാനിയെ അസം പോലീസ് തുടരെ തുടരെ അറസ്റ്റു ചെയ്തതിനു ശേഷം ബാർപേട്ടയിലെ കീഴ്കോടതി ജഡ്ജ് ഇറക്കിയ ജാമ്യ ഉത്തരവ് ഈ “ രമണാ വഴിയുടെ “ ഒരു ഉദാഹരണമാണ് . മേവാനിയെ ആദ്യം അറസ്റ്റു ചെയ്തത് പ്രധാന മന്ത്രിക്ക് എതിരെ ആക്ഷേപകരമായ ട്വീറ്റ് ചെയ്തു എന്ന് പറഞ്ഞാണ് . ആ കേസിൽ ജാമ്യം കിട്ടിയ ദിവസം തന്നെ ഒരു വനിതാ പോലീസിനെ മാനഭംഗപ്പെടുത്തി എന്ന് പറഞ്ഞു വീണ്ടും അറസ്റ്റു ചെയ്തു . ഈ രണ്ടാമത്തെ കേസിൽ ജാമ്യം നൽകുമ്പോഴാണ് ബാർപേട്ടയിലെ കീഴ്കോടതി ജഡ്ജ് എ ചക്രവർത്തി ഈ മാനഭംഗ കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ പോലീസ് പറഞ്ഞ സാഹചര്യങ്ങൾ വിശ്വാസ യോഗ്യമല്ല എന്നും തുറന്നടിച്ചത്. ഈ പരാമർശങ്ങൾ പിന്നീട് ഗുവാഹത്തി ഹൈകോടതി നീക്കം ചെയ്തുവെങ്കിലും മേവാനിയുടെ ജാമ്യം റദ്ധാക്കിയില്ല.
ഇങ്ങനെ അങ്ങിങ്ങായി അമിതാധികാര പ്രവണതകൾക്ക് എതിരായും , സ്വാഭാവിക നീതിയുടെ പക്ഷത്ത് നിന്നുമുള്ള ഇടപെടലുകൾ നടക്കുന്നുണ്ടെങ്കിലും ജുഡീഷ്യറിയുടെ പൊതുധാരയായി ഇത് വളർന്നിട്ടുണ്ട് എന്ന് പറയുക വയ്യ . ജുഡീഷ്യൽ സ്വാതന്ത്ര്യത്തെയും സാമൂഹിക നീതിയെയും മനുഷ്യാവകാശങ്ങളെയും ഉയർത്തി പിടിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥയാണ് ഇന്ത്യൻ ദേശീയ വിമോചന സമരത്തിന്റെ നായകരും , പിന്നീട് നമ്മുടെ ഭരണഘടന രചിച്ചവരും ലക്ഷ്യമാക്കിയത് എന്നതിനാൽ ഈ “കുറവ്” പ്രകടമായ ഒരു നേത്രപീഡയും മനോപീഡയും തന്നെയാണ് .
ഭരണസംവിധാനങ്ങളും നീതിന്യായവ്യവസ്ഥയും തമ്മിലുള്ള ബന്ധത്തിൻറെ സങ്കീർണ്ണതകളെ കുറിച്ചും ഈ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഓരോന്നിനും ഉള്ള വ്യത്യസ്തമായ പരിഗണനകളെയും താൽപര്യങ്ങളെയും പറ്റിയും ആ പരിഗണനകളും താല്പര്യങ്ങളും സൃഷ്ടിക്കാവുന്ന സംഘർഷങ്ങളേയും ഒത്തുതീർപ്പുകളെയും പറ്റിയും കൃത്യമായ ധാരണ ഉണ്ടാക്കാൻ ശ്രമിച്ച ചിന്തകരുടെയും പണ്ഡിതരുടെയും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരുടെയും നിയമജ്ഞരുടെയും ഒരു കൂട്ടായ്മയാണ് ഇന്ത്യൻ ഭരണഘടനക്ക് രൂപം നൽകാൻ ഒത്തു ചേർന്ന കോൺസ്റ്റിട്ടുവെന്റ് അസംബ്ലി യിൽ ഉണ്ടായിരുന്നത്. ഭരണകൂടവും നീതിപീഠവും തമ്മിൽ എത്തരത്തിൽ ഇടപഴകണം , അവയുടെ അധികാര-അവകാശങ്ങളുടെ ആഴവും വ്യാപ്തിയും എന്തായിരിക്കണം എന്നൊക്കെ മാസങ്ങൾ നീണ്ടു നിന്ന സെഷനുകളിൽ ചർച്ച ചെയ്താണ് ഈ സ്ഥാപനങ്ങളെ സംബന്ധിച്ച അനുച്ഛേദങ്ങൾ രൂപവത്കരിച്ചത്. കോടതിയുടെ പരമാധികാരവും ന്യായാധിപന്മാരായി തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ഉണ്ടാവേണ്ട വ്യക്തി ഗുണങ്ങളും മര്യാദകളും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധമാണ് ഭരണഘടന നിർവചിച്ചത്.

പക്ഷെ , ഭരണഘടന ഉണ്ടായതിനു ശേഷമുള്ള 72 വർഷങ്ങളിൽ , ഗാഢമായ , സ്വാതന്ത്ര്യത്തിലും പുരോഗമന വാഞ്ചയിലും ഊന്നിയ ഈ പരികല്പനകളെ അതിലംഘിക്കാനും നീതിന്യായ വ്യവസ്ഥയെ സ്വന്തം ചൊൽപ്പടിക്ക് കീഴിലാക്കാനുമുള്ള ശ്രമങ്ങൾ ഭരണസംവിധാനത്തെ നിയന്ത്രിച്ചവരിൽ നിന്ന് ഇടക്കിടെ ഉണ്ടായിട്ടുണ്ട്. ആവർത്തിച്ചു വന്നു കൊണ്ടിരുന്ന ഈ ഇടപെടലുകളും അതിനോട് നീതിന്യായ വ്യവസ്ഥയുടെ ചില ഘടകങ്ങൾ എങ്കിലും നടത്തിയ ചെറുത്തു നിൽപ്പും ഈ സംവിധാനങ്ങളുടെ ചരിത്രത്തിലൂടെയുള്ള യാത്രയ്ക്ക് പലപ്പോഴും ചാർത്തി നൽകിയത് റോളർകോസ്റ്റർ സമാനമായ ഉയർച്ച-താഴ്ചകളാണ്. സമീപ കാലത്ത് , ഏതാണ്ട് ഒരു പത്ത് വർഷത്തിന്റെ ചരിത്രം എടുത്ത് നോക്കിയാൽ , ഈ യാത്ര കൂടുതൽ കൂടുതലായി താഴോട്ടാണ് പോവുന്നത് എന്നും കാണാൻ കഴിയും .
ആ അധഃപതനത്തെ പറ്റി , അതുണ്ടാക്കിയ വിചിത്രമായ കുഴമറിച്ചലുകളെ പറ്റി , ഏറ്റവും മൂർത്തമായ വെളിപ്പെടുത്തൽ ലോകത്തോട് വിളിച്ചു പറഞ്ഞത് നിയമകാര്യ വിദഗ്ധരോരാഷ്ട്രീയ ചിന്തകരോ നിരീക്ഷകരോ മാധ്യമ പ്രവർത്തകരോ അല്ല . പരമോന്നതമായ സുപ്രീം കോടതിയിലെ അഭിവന്ദ്യരായ ജഡ്ജിമാർ തന്നെയാണ് നമ്മളോട് അത് പറഞ്ഞത് . 2018 ജനുവരി 12 നു നാല് സുപ്രീം കോടതി ജഡ്ജിമാർ – ജസ്റ്റിസ് ചെലമേശ്വർ , ജസ്റ്റിസ് മദൻ ലോക്കൂർ , ജസ്റ്റിസ് കുരിയൻ ജോസഫ് , ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് – നടത്തിയ പത്രസമ്മേളനവും അതിൽ വെളിവാക്കിയ കോടതിക്ക് അകത്തെ ബാഹ്യശക്തികളുടെ ഇടപെടലും ഒരു ജുഡീഷ്യൽ വിസ്ഫോടനം തന്നെയായിരുന്നു. ജനാധിപത്യത്തിന്റെ അവസാനത്തിലേക്ക് തന്നെ നയിക്കാവുന്ന പ്രവണതകൾ എന്ന് ഈ ജഡ്ജിമാർ വിശേഷിപ്പിച്ച ഈ ബാഹ്യ ഇടപെടലുകൾ പക്ഷെ ഈ വിളിച്ചു പറയലിനു ശേഷവും അവസാനിച്ചില്ല.

ഈ പത്രസമ്മേളനം കഴിഞ്ഞു ഏതാണ്ട് ഒന്നേമുക്കാൽ വര്ഷം പിന്നിട്ടപ്പോൾ സുപ്രീം കോടതിയിൽ നിന്ന് തന്നെ ഉണ്ടായ അയോധ്യ ഭൂമിതർക്ക വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപഹാസ്യ ദുരന്തങ്ങളിൽ ഒന്നായിരുന്നു. വിധിപ്രസ്താവത്തിന്റെ ആധാരമായി പറഞ്ഞ വാദങ്ങളെല്ലാം തലകീഴായി നിറുത്തുന്ന ഒരു അന്തിമ വിധി വന്ന കേസ് ആയിരുന്നു ഇത് . അയോധ്യയിലെ ബാബ്റി മസ്ജിദിൽ 1949 ൽ രാമ- സീത-ലക്ഷ്മണ വിഗ്രഹങ്ങൾ ഒളിച്ചു കടത്തി സ്ഥാപിച്ചത് ക്രിമിനൽ കുറ്റമാണെന്ന് വാദത്തിൽ പറഞ്ഞ കോടതി 1992 ൽ പള്ളി പൊളിച്ചത് നെറി കേട്ട ക്രിമിനൽ ആക്ട് ആണെന്നും പറഞ്ഞു . പക്ഷെ അന്തിമ വിധി ഈ ക്രിമിനൽ കുറ്റങ്ങൾ എല്ലാം ചെയ്തവർക്ക് അനുകൂലം .
2019 നവംബറിലെ സുപ്രീംകോടതിയുടെ ഈ വിധിയുടെ അപഹാസ്യതാ ചരിത്രം 2020 സപ്തംബറിലും ഒരു സി ബി ഐ സ്പെഷ്യൽ കോടതി തുടർന്നു . 28 വർഷങ്ങൾക്ക് മുൻപ് , 1992 ഡിസംബർ ആറിന് , സംഘ പരിവാർ കർസേവകർ അന്നത്തെ ഹിന്ദുത്വ ഹൃദയ സാമ്രാട്ടായ ലാൽ കൃഷ്ണ അദ്വാനിയുടെയും അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗിന്റെയും നേതൃത്വത്തിൽ അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്തതു സംബന്ധിച്ച ക്രിമിനൽ കേസിലെ കോടതി വിധി വന്നപ്പോഴായിരുന്നു അത് . ഈ ലേഖകൻ അടക്കം നൂറുക്കണക്കിന് മാധ്യമപ്രവർത്തകരുടെ മുന്നിൽ വെച്ച് സംശയരഹിതാം വണ്ണം പ്രകടമായ ഗൂഡാലോചനയുടെയും സംഘടിത ഗുണ്ടാ ആക്രമണത്തിന്റെയും അകമ്പടിയോടെ നടന്ന ആ ക്രിമിനൽ കുറ്റം ചെയ്തത് അജ്ഞാതരായ ഏതോ സാമൂഹിക വിരുദ്ധർ ആണെന്ന് ഒരു സി ബി ഐ സ്പെഷ്യൽ കോടതി പറഞ്ഞു തള്ളിയ ദിവസത്തിലൂടെയും ഇന്ത്യ അന്ന് കടന്നു പോയി.
ഏതൊരു ജനാധിപത്യത്തിെന്റെയും നെടുംതൂണുകളിൽ ഒന്നാവേണ്ട ജുഡീഷ്യറി എങ്ങനെ സമകാലിക ഇന്ത്യയിൽ ഭൂരിപക്ഷ ആധിപത്യത്തിനും ( majoritarianism) അതിനോടു ചേർന്നു നിൽക്കുന്ന വർഗീയ പക്ഷപാതിത്വത്തിനും വഴിപ്പെട്ടു നിൽക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ച വിധിപ്രസ്താവം ആയിരുന്നു 2020 സപ്തംബർ 30ന്റേത് . 2014 ൽ വ്യക്തമായ ഏകകക്ഷി ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി നയിച്ച ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഉണ്ടായിട്ടുള്ള അപചയത്തിെന്റെ പരമ്പരകളിൽ ജുഡീഷ്യറിയുടെ വീഴ്ച കളും നിരന്തരമായി എണ്ണപ്പെട്ടിരുന്നു . പക്ഷേ 2019 ൽ വർദ്ധിതമായ ഭൂരിപക്ഷത്തോടെ മോദി രണ്ടാമതും അധികാരത്തിലെത്തിയതോടെ ഈ വീഴ്ചകൾക്ക് ആക്കവും വേഗവും കൂടി .
ഈ പശ്ചാത്തലവും രമണയുടെ പ്രവർത്തനത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു . ഒരു സവിശേഷമായ പ്രതീക്ഷയും അത് നൽകുന്നുണ്ട് . പക്ഷെ ഇന്ത്യൻ ജുഡീഷ്യറിയുടെ വിശാല ചരിത്രം റോളർ കോസ്റ്റർ കയറ്റിറക്കങ്ങളുടേതു തന്നെയാണ് . കൂടിയ ഇറക്കങ്ങളും കുറഞ്ഞ കയറ്റങ്ങളും ഉള്ള വിശാല ചരിത്രം.