
രുചിയിടങ്ങൾ

വർഷ മുരളീധരൻ
ശരീരം മുഴുക്കെ
രുചിയിടങ്ങളാണ്.
കയ്ച്ച്, പുളിച്ച്,
മധുരിച്ചെരിഞ്ഞ്
ഉപ്പും കൂട്ടിയഞ്ചെണ്ണം.
നിറങ്ങളില്ലാതെ,
മണങ്ങളില്ലാതെ,
തിരിച്ചറിയാൻ അടയാളങ്ങളില്ലാതെ
ഒറ്റക്കോരോ ഇടങ്ങളാണവ.
എനിക്ക് പുളിച്ചയിടങ്ങൾ
അവനു മധുരമുള്ളതായി.
അവന്റെ മധുരമോ
എന്നെ ഞെരിച്ചെരിച്ചു.
നമുക്കൊന്നിച്ച് മധുവായത്
അവർക്ക് കയ്ച്ചു.
രുചികളെല്ലാം മുടിവെയ്ക്കപെടണം എന്നാണല്ലോ?
തുറന്നിടാൻ പാകത്തിനെന്തുണ്ട്?!
നിങ്ങൾക്ക് രുചികളുണ്ടാവാനേ പാടില്ലെന്നൊരു കൂട്ടർ.
കഷ്ടം!
പാടില്ലെന്ന് മാറ്റിനിർത്തിയ കൂട്ടത്തിലെ തലമൂത്തവളുമതാ പാടില്ലെന്ന് പുലമ്പുന്നു.
നിന്റെ രുചി ‘അവർക്ക് ‘ മാത്രം
എന്നക്കൂട്ടർ വീണ്ടും വാദിക്കുന്നു.
ശരീരം മുഴുക്കെ രുചിയിടങ്ങളാണ്.
നിറമില്ലാത്ത മണമില്ലാത്ത അടയാളങ്ങളില്ലാത്തവയെന്ന് വീണ്ടും ഞാനവർക്ക് മുന്നിൽ വരച്ചിടുന്നു.