
അവിശ്വസനീയമായ വിലക്കുറവില്‍

വര്‍ഷ മുരളീധരന്
കവിത
എഴുതാന്‍ മറന്നിരിക്കുന്നു.
പേനയെടുക്കുമ്പോള്‍ കൈകള്‍ വിറക്കുന്നു.
അക്ഷരങ്ങളെന്നെ നോക്കി പല്ലിളിക്കുന്നു.
ശൂന്യമായ പേപ്പറില്‍, ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട കുഞ്ഞെന്നപോലെ ഞാന്‍ തനിച്ചാവുന്നു.
ഞാനെന്റെ പഴയകവിതകള്‍ വില്പനക്ക് വെക്കുന്നു.

ചിരി
മിണ്ടാന്‍ മറന്നിരിക്കുന്നു.
ചുണ്ടുകള്‍ ശബ്ദിക്കാനാവാതെ വിറക്കുന്നു.
വാക്കുകളോ അതിന്റെ ദംഷ്ട്ര കാട്ടി പേടിപ്പിക്കുന്നു.
വേദിയില്‍ പ്രസംഗം മറന്ന കുട്ടിയെപ്പോലെ ഞാനിവിടെ ഒറ്റക്കാവുന്നു.
ഞാനെന്റെ ചിരികളെ വില്പനക്ക് വെക്കുന്നു.
സമയം
നടക്കാന്‍ മറന്നിരിക്കുന്നു.
നടക്കാനിറങ്ങുമ്പോള്‍ കാലുകളിടറുന്നു.
പ്രിയപ്പെട്ട ഇടങ്ങളൊക്കെയും അപരിചിതത്വത്തിന്റെ മുഖംമൂടിയണിയുന്നു.
നീന്തലറിയാത്ത പെണ്‍കുട്ടിയെപ്പോലെ
ഞാനീ കയത്തില്‍ കൈകാലിട്ടടിക്കുന്നു.
ഞാനെന്റെ സമയത്തെ വില്പനക്ക് വെക്കുന്നു.
1 Comment
നല്ല ഭാവിയുള്ള കുട്ടി ♥️