
ചില്ലയില്‍ നിന്നു മേഘത്തിലേക്ക് പടരുന്ന ചിറക്

പി കൃഷ്ണദാസ്
‘It’s possible, in a poem or short story, to write about commonplace things and objects using
commonplace but precise language, and to endow those things-a chair, a window curtain, a fork, a
stone, a woman’s earring-with immense, even startling power.’
(Raymond carver )
കവിതയുടെ ദേശം ഭാഷയാണ്. ഭാഷയുടെ വളവുകളും
തിരിവുകളും കയറ്റവും ഇറക്കവും നിഗൂഢവനങ്ങളും ആഴകയങ്ങളും ഉള്‍പ്പെട്ടതാണ് കവിതയുടെ ദേശം. കവിതയിലൂടെ അനാവൃതമാകുന്ന ദേശവും ഭാഷയെന്ന ദേശവും തമ്മിലുള്ള സംഘര്‍ഷമേഖലയാണ് കവിത. അത് ഭാഷയെന്ന ദേശത്തെയും കവിതയിലൂടെ പ്രതിപാദിക്കുന്ന ഭൂപ്രദേശത്തെയും കവിഞ്ഞു നില്ക്കുന്നു. അര്‍ത്ഥത്തിന്റെ അനന്യമായ ഭൂമികയിലൂടെ നിര്‍ബാധം സഞ്ചരിക്കുന്നു കവിത. പല കാലങ്ങളിലും പല ദേശത്തിലും അത് നിരന്തരം പുതുക്കപ്പെടുന്നു. ദേശാന്തരങ്ങളിലൂടെയും കാലാന്തരങ്ങളിലുടെയും മനുഷ്യാവസ്ഥകളിലൂടെയും ഭാവനയുടെ ദ്വീപുകളിലൂടെയും അവിശ്രമം കടന്നുപോകുമ്പോള്‍ പിന്നിട്ട വഴികളുടെ
മുദ്രകള്‍ കവിതയുടെ അബോധത്തില്‍ ആലേഖനം ചെയ്യപ്പെടുന്നു. അത് സൃഷ്ടിക്കുന്ന അനുഭൂതിയില്‍ ഇന്ദ്രിയാത്മകമായ തൊടലില്‍ ഈ വഴിപ്പാടുകളെല്ലാം ഓര്‍മ്മകള്‍ പോലെ കൂട് കൂട്ടുന്നു. ജിപ്സ പുതുപ്പണത്തിന്റെ കവിതകളില്‍ ഓര്‍മ്മയുടെ കൂടറ്റ് പറകലുണ്ട്. ഓര്‍മ്മ ഒരു വഴി മാത്രമണതില്. ചില്ലയും വൃക്ഷവും വിട്ട് ആകാശത്തിന്റെ അനന്തപഥകളിലേക്ക് ഉടലിനെ വിക്ഷേപിക്കുന്ന പക്ഷിയെന്ന പോലെ, വരുംവരായ്കളെ കുറിച്ച് ആകുലചിത്തമാവാതെ വാക്ക് വിശാലതയിലേക്ക്
എടുത്തെറിയപ്പെടുന്ന അനുഭവം ഈ കവിതകള്‍ നല്കുന്നു.
കവിതയില്‍ ഉടല് ഒരു ദേശമാണ്. ആധികളും വ്യഥകളും ആന്ദവും സ്വപ്നവും ഭ്രാന്തും ഓര്മ്മയുടം ഉദ്വിഗ്നതകളും നിറഞ്ഞ അതിന്റെ ഉള്പ്രതലം മനസ്സുപോലേ സങ്കീര്‍ണ്ണമാണ്. ഭാഷയുടെ കുരുങ്ങിമറിഞ്ഞ ഇന്സ്റ്റലേഷലിനാല് നാം അടയാളപ്പെടുത്തുന്നു. ഭാഷയുടെ ഘടന അബോധത്തിന്റെ ഘടനയാണെന്ന് ലക്കാന്‍ പറയുന്നുണ്ട്.അത്രമേല്‍ സങ്കീര്‍ണ്ണവും ചതികുഴികളുടെ കയങ്ങള്‍ നിറഞ്ഞതുമായ
സംഘര്‍ഷഭരിത മേഖലയാണ് മനം പോലെ ഭാഷ.
സാഹിത്യവും സയന്‍സും തമ്മില്‍ താരതമ്യപ്പെടുത്തുന്ന ഒരു
അഭിമുഖസംഭാഷണത്തില്‍ ഇറ്റാലോ കാല്‍വിനോ (Italo Calvino) ഭാഷ സുതാര്യമല്ല എന്നൂ പറയുന്നുണ്ട്. കാല്‍വിനോ പറയുന്നു ” അര്‍ത്ഥത്തെയോ വസ്തുതയെയോ ആശയത്തെയോ സത്യത്തെയോ വിനിമയം ചെയ്യാനുള്ള ഉപകരണമല്ല സാഹിത്യം. ” അവിടെ ഭാഷയുടെ അനന്യതയും ഉണ്മയുമാണ് വിനിമയം ചെയ്യപ്പെടുന്നതും വിനിമയ മാധ്യമവും. ജിപ്സയുടെ കവിതകളില്‍ വേദനയുടെയും ഓര്‍മ്മയുടെയും വിനിമയം ഭാഷയുടെ സ്വഭാവത്തെ തന്നെ നിര്‍ണ്ണയിക്കുന്നു. വിനിമയം ചെയ്യുന്നത് ഇന്ദ്രിയാത്മകമായ അനുഭവമാണ്. അതിനു അനുസൃതമായി ഭാഷരൂപവും പരിണമിക്കുന്നു.
”മരിച്ച പ്രേമത്തിന്റെ
ഒടുക്കത്തെ ഓര്മ്മയിലൊന്നുമല്ല
ജനിച്ചെന്ന് വരുത്തിക്കാനുള്ള
അവരുടെയീ ശ്രമങ്ങള്‍
കാണുമ്പോള്‍ മാത്രം
എനിക്കൊരല്പം
കരച്ചില് തോന്നി പോകുന്നു ”
മരണത്തെയും ഓര്‍മ്മയെയും സംബന്ധിച്ചവയെ വിനിമയം ചെയ്യാനുള്ള ഭാഷ ഒരു പെയിന്റിംഗ് പോലെ അമൂര്‍ത്തതയുടെ പ്രസരണ പ്രതലമാകുന്നു. വേദന
തീവ്രമാകുമ്പോള്‍ അത് വിനിമയം ചെയ്യുന്ന ഭാഷയ്ക്ക് ഇടര്‍ച്ചയും പദക്കൂട്ടിന് ചിതറലും
സംഭവിക്കുന്നു.
”എല്ലാ പ്രണയവും
ആദ്യ പ്രണയമാകും പോലെ
എല്ലാ മരണവും
ആദ്യ മരണമാകും പോലെ ”
പ്രണയവും മരണവും ചേര്‍ന്ന് നില്ക്കുന്ന പദങ്ങളാവുന്നു. അവയ്ക്കിടയില്‍ അകലം കുറയുന്നു. ഒരു നേര്‍രേഖയാല്‍ പരസ്പരം ബന്ധിപ്പിക്കാവുന്ന വാക്ക് വേഗങ്ങളായി അവ മാറുന്നു.ഈ അര്ത്ഥസാധ്യതയെയാണ് കവി പ്രയോജനപ്പെടുത്തുന്നത്. ഭാഷയുടെ വിവിധ വഴികള്‍ ഇവിടെ കാണാം. ഓരോന്നും എന്ന കവിതയിലും പരനായവും മരണവും തമ്മിലുള്ള ഈ സംഗര്‍ഷം കാണാം. റെയ്മണ്ട് കാര്‍വറുടെ ഒരു കവിതയില്‍ രാത്രിയില്‍ കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് പറയുന്നുണ്ട്. സ്വപ്നത്തില്‍ അനാവൃതമാകുന്നത് ഒരു കടല്‍ത്തീരവും അവിടെ നടക്കുന്ന ഒരു ശവസംസ്കാരവുമാണ്. ആദ്യം കണ്ണില്‍ വിരിഞ്ഞ അത്ഭുതം പിന്നീട് ദുഃഖമായി പരിണമിച്ചതിനെക്കുറിച്ച് കവി
പറയുന്നുണ്ട്. പക്ഷെ അരികില്‍ ഇരുന്ന നീ കൈയില്‍ തൊട്ട് പറയുന്നു. ” No , it ‘ s all right. She was very old , and he had loved her all life ”
‘മരിച്ച പ്രേമത്തിന്റെ ഒടുക്കത്തെ ഓര്‍മ്മ’, ‘പ്രണയത്തില്‍ മരിച്ചൊരാളിന്റേതെന്ന പോലെ,’ ‘ഒരു പാട്ടില്‍ മാത്രം മരിച്ചുപോവുന്ന മനുഷ്യരുണ്ടെന്ന് അതുവരേയ്ക്കുമറിയാത്തൊരു കണ്ടക്ടര്‍’ , ‘ഉപേക്ഷിക്കപ്പെട്ട സ്നേഹം’, ഇങ്ങനെ സ്നേഹവും മരണവും വിനിമയം നടത്തുന്ന ഇടങ്ങള്‍ ഈ സമാഹാരത്തിലേറെയാണ്. ഭ്രമാത്മകമായ , ഒരു പെയിന്റിംഗിന്റെ കലുഷമായ പകര്‍പ്പെന്ന് തോന്നിക്കും വിധമുള്ള ദൃശ്യങ്ങളുടെ ആവിഷ്കാരങ്ങള്‍ ഈ വിനിമയത്തെ ശക്തമാക്കുന്നു. ഭാഷ തിരഞ്ഞുപോകുന്നത് അനുഭവങ്ങളെ സാന്ദ്രമായി ആവിഷ്കരിക്കൊന് ഉതകുന്ന
പദച്ചേര്ച്ചകളെയാണ്.
”തൊലിയടരുമെന്നോ
താഴേക്കുരുളുമെന്നോ
തോന്നിയിട്ടൊന്നുമല്ല
കണ്ണുകളൊരീക്കലും
മുന്തിരിപ്പഴങ്ങളാവറില്ലല്ലോ
പ്രേമിക്കുമ്പോഴല്ലാതെ ”
(മുന്തിരിപ്പഴത്തിന്റെ ഉപമകളില്‍ പെടാത്ത ചിലത് )
മരണവും ജീവിതവും തമ്മിലുള്ള സംഘര്‍ഷം കവിത ചരിത്രത്തിലെ ആവര്‍ത്തിക്കുന്ന പ്രമേയങ്ങളിലൊന്നാണ്. മനുഷ്യഭാവനയെ കുഴക്കിയ ബിന്ദു കൂടിയാണത്. ആവിഷ്കാരത്തിന്റെ സാധ്യതകളെല്ലാം എല്ലാ കാലവും ദേശവും ഈ ജീവിത – മരണ വിനിമയത്തിനായി പ്രയോജനപ്പെടുത്തുന്നു. ശാസ്ത്രത്തിന്റെ ഉത്തരങ്ങള്‍ ഭാവനയുടെ പ്രയാണത്തെ തൃപ്തിപ്പെടുത്തുന്നില്ല. അത് അന്യലോകങ്ങളിലേക്ക് ആവര്‍ത്തിച്ച്
പറക്കുന്നു.ചേക്കേറിയ ചില്ലകള്‍ ഓരോന്നായി വെടിഞ്ഞ് പുതിയ കൊമ്പിലേക്ക് കുതിക്കുന്നു. ഭാഷയും ഈ പ്രയാണത്തില്‍ വളരുന്നുണ്ട്. ഒരോ കാലത്തുമുണ്ടാകുന്ന ആവിഷ്കാരങ്ങള്‍ ഭാഷയിലെ വികാസവും പുതിയ തീരങ്ങളിലേക്കുള്ള സഞ്ചാരം കൂടിയാണ് കാട്ടുന്നത്.
ഭൗതികാനുഭവങ്ങളില് നിന്നാണ് ഓരോ വ്യക്തിയും ഭാഷയെ കണ്ടെടുക്കുന്നത്. സമൂഹത്തില്‍ ഭാഷയിലൂടെ ആര്‍ജ്ജിക്കുന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തിയുടെ പദങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത്. അതിനാല്‍ കവിതയ്ക്ക് വ്യക്തിനിഷ്ടവും സമൂഹനിഷ്ടവുമായ തലങ്ങളുണ്ട്. ഏതൊരു ഭാഷ രൂപത്തിനും ഈ രണ്ട് തലങ്ങളുണ്ടാവും. മനസ്സിന്റെ ഘടനയെ,കാഴ്ച്ച രീതിയെ, ആവിഷകാരങ്ങളെ ഈ ആത്മ – സമൂഹതലങ്ങള് സ്വാധീനിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. ഓരോ പദവും ഈ പ്രക്രിയയിലൂടെ കവിതയില്‍ ചേര്‍ക്കപ്പെടുകയാണ്. ഭാഷയുടെ ഈ ആന്തരസഞ്ചാരത്തിലൂടെയാണ് കവിത ഉണ്മയാര്ജ്ജിക്കുന്നത്. ഉണ്മയുടെ ഭാഷയാലുള്ള സംസ്ഥാപനമാണ് കവിത എന്ന പ്രശസ്തമായ വാക്യത്തിന്റെ ഉള്‍പ്പൊരുളില്‍ ഈ തലങ്ങള്‍ അടങ്ങിയിരിക്കുന്നത്. അനുഭവങ്ങളെ കവിതയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ കവിത മറ്റൊരു ഭാഷയായി പരിണമിക്കുന്നു. ഭാഷയ്ക്കുള്ളില്‍ സാധ്യമാകുന്ന മറ്റൊരു ഭാഷ.ജിപ്സയുടെ കവിതകളില്‍ ‘ഞാനും ‘ അകന്നുപോകുന്ന ‘നീ ‘യും വ്യക്തിയുടെയും സമൂഹത്തിന്റെയും ആവിഷ്കാരങ്ങളാണ്. കൂടുതല്‍ വ്യക്തിസത്തയിലേക്ക്, മാനസികസംഘര്‍ഷങ്ങളിലേക്ക് ഉള്ളൊതുങ്ങുന്ന കവിതയെ ഇവിടെ കാണാം.
”സ്നേഹിക്കുന്നു എന്ന നിലയില്‍
നിങ്ങളുടെ തീവണ്ടികള്‍
എന്നെ കയറ്റിയോടുന്നു
ഞാനതിന്റെയോട്ടത്തിലെ
കൂര്‍ത്ത ഞരക്കങ്ങള്‍
മാത്രം കേള്‍ക്കുന്നു ”
ശബ്ദം,ഗന്ധം, എന്നിവ ചേര്‍ന്ന സ്നേഹത്തിന്റെ ആവിഷ്കാരമാണിത്. വേദനയുടെയും വിയോഗത്തിന്റെയും മണം വമിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് പിറവിയെടുക്കുന്ന വാക്കുകള്‍. വാക്കുകളുടെ ഈ സംയോഗം ഭൗതികാനുഭവങ്ങളില് നിന്ന്,വ്യക്തിസത്ത കണ്ടെടുക്കുന്നതാണ്.അനുഭവങ്ങള്‍ സമാനമായിരിക്കുകയും അത് ആവിഷ്കരിക്കുന്ന ദേശ കാലങ്ങള്‍ വിഭിന്നമായിരിക്കുകയും ചെയ്യുമ്പോള്‍ അനുഭവമെഴുത്തിന്റെ ഭാഷ
മാറുന്നു.കവിത അനുഭവമെഴുത്തല്ല,അനുഭവങ്ങളുടെ സന്നിവേശം ആ
ഭാഷയിലുണ്ടെങ്കിലും.
”പാളങ്ങളുടെ പരാതികള്‍
തലയോടി പൊട്ടുന്ന
ഒച്ചകളായി
വിവര്‍ത്തനം തുടരുന്നു.”
ശബ്ദം ഉടലാകെ വ്യാപിക്കുന്ന അവസ്ഥയാണിത്. ജഡസമാനമായ വസ്തുവില്‍ കവിത ചേതന കണ്ടെത്തുന്നു. ആ വസതുവില്‍ നിന്ന് ഭാഷയെ ഉത്പാദിപ്പിക്കുന്നു. ആ ഭാഷയ്ക്ക് വസ്തുവിന്റെ ഗന്ധവും ഗുണവും ഉണ്ടാകുന്നു. വസ്തു വാക്കിലേക്ക് പ്രവഹിക്കുമ്പോള്‍
വാക്കില്‍ ഉണ്ടാകുന്ന പരിണാമമാണിത്.

ഒരു രചയിതാവിന്റെ രചനയ്ക്കുള്ള സാമാഗ്രികളുടെ ശേഖരണം ഇരുപതുവയസ്സോടെ അവസാനിക്കുമെന്നും അതിനുശേഷമുള്ള എഴുത്തെല്ലാം ഇരുപതുവയസ്സുവരെ ശേഖരിച്ചവയുടെ വിപുലനമോ പകര്ത്തിവെക്കലോ ആവും എന്ന് ഫ്രാങ്ക് ഓ കോര്‍ണറുടെ പ്രസ്താവന തന്റെ കാര്യത്തില്‍ ശരിയല്ല എന്ന് റെയ്മണ്ട് കാര്‍വര്‍ എഴുതുന്നുണ്ട്. കാര്‍വര്‍ തന്റെ മികച്ച സൃഷ്ടികളെല്ലാം ഇരുപതു വയസ്സിനുശേഷമുള്ള ജീവിതപരിസരത്തിന്റെ പ്രേരണയില്‍ രചിച്ചവയാണ്. ഇരുപതുവയസ്സിനുമുന്പുള്ള
വ്യക്തികളെയോ, വസ്തുകളെയോ, സംഭവങ്ങളെയോ വലുതായി താന്‍ ഓര്‍മ്മിക്കുന്നില്ല എന്ന് കാര്‍വര്‍ എഴുതുന്നുണ്ട് എങ്കിലും ചില വസ്തുകള്‍, സംഭാഷണശകലകള്, ഗന്ധങ്ങള്‍, ഭൂഭാഗദൃശ്യങ്ങള്‍, മുഖഭാവങ്ങള്‍ അങ്ങനെ എളുപ്പത്തില്‍ മാഞ്ഞുപോയേക്കാവുന്ന ചിലത് തന്നില്‍ ഇപ്പോഴുമുണ്ടെന്ന് കാര്‍വര്‍ പറയുന്നു. എന്താണ് ഒരു രചയിതാവിന്റെ മൂലധനം ? അയാള്‍ ഇടപെടുന്ന ഓരോ മനുഷ്യരും ജീവിതനിമിഷങ്ങളും വസ്തുകളും സ്ഥലങ്ങളും സകല ഇന്ദ്രിയാനുഭവങ്ങളും എഴുത്തിന്റെ ഭാഗമാണ്. അത് പ്രയോജനപ്പെടുന്ന സ്ഥലമോ സന്ദര്‍ഭമോ കാലങ്ങള്‍ കഴിഞ്ഞാവും. പക്ഷെ ഓര്‍മ്മയുടെ എതൊക്കെയോ കള്ളികളില്‍ അതൊക്കെ സംഭരിക്കപ്പെടുന്നു.
എഴുത്തിനായി സജ്ജമാകുമ്പോള്‍ അവയോരോന്നും മിഴി തുറക്കുന്നു. ചില
ഓര്‍മ്മിക്കാനായി അല്പം യത്നിക്കേണ്ടി വരുന്നു. ചിലവ അനായാസം കടന്നുവരുന്നു. ഈ വിധം ചിതറിയ ഓര്‍മ്മകളുടെ സഞ്ചയമാണ് ഏതൊരു എഴുത്തും. കണ്ണീനാലും രക്തത്തിനാലും അനാച്ഛാദനം ചെയ്ത തീവ്രതകളുടെ സന്നിധിയാണത്. രചയിതാവിന്റെ
ആത്മബലി. പ്രൊമ്യുതീസിന്റെ ത്യാഗനിര്ഭരതയ്ക്ക് സമാനമായ
വിധികല്പനകളിലൂടെയാണ് രചയിതാവിന്റെ സഞ്ചാരം. അയാള്‍ വെളിച്ചം
മോഷ്ടിക്കുന്നു.കരള്‍ പല തുണ്ടുകളായി കൊത്തിയെരിയാന്‍ കഴുക്കന്‍ മുന്നിലേക്ക് ഉടല് നീട്ടുന്നു. അത്രമേല്‍ നീറുമ്പോഴും കല സമാഗതമാകുന്നു.
ജിപ്സ പുതുപ്പണത്തിന്റെ കവിതകള്‍ അത്യന്തികമായി വേദനയുടെ സാന്ദ്രമായ ആവിഷ്കാരങ്ങളാണ്. ഒരോ കാലത്തും അടക്കി നിര്‍ത്തിയ വേദനയെ രചയിതാവ് ഒരു പ്രവാഹം പോലെ തുറന്നു വിടുന്നു. അതിന്റെ വകഭേദങ്ങള്‍,പല വടിവുകള്‍,വിഭിന്ന മായ പ്രതലങ്ങള്‍ ഭാഷയാല്‍ ഉടല് പൂണ്ടുയരുന്നു. ചില്ലയില്‍ നിന്ന് ചില്ലയിലേക്ക് പറക്കുമ്പോള്‍ അവ ചിറകിനാല്‍ ആകാശത്തെ മുഴുവന്‍ ഉടലിലേക്ക് മാടിയൊതുക്കുന്നു. വ്യസനത്തിന്റെ മഹത്തായ ആവിഷ്കാരങ്ങളിലെല്ലാം സ്നേഹം വലിയ പദമായി
ഉള്‍ച്ചേര്‍ന്നിരിപ്പുണ്ട്. ‘നമുക്കില്ലാത്ത കുഞ്ഞുങ്ങള്‍ വയലിന് വായിക്കുന്ന പുഴക്കരയിലെ വീടും ‘ ഈ വേദനയുടെ സാന്ദ്രതയാണ് പരത്തുന്നത്. അതില്‍ സ്നേഹം ഉടലില്‍ ഉയിരെന്ന പോലെ അടങ്ങിയിട്ടുണ്ട്. കവിത ഭാഷയാലുള്ള ഉണ്മയുടെ സംസ്ഥാപനമാണ് എന്നത് അപ്രകാരം അനേകം ശാഖകളുള്ള പദമാണ്.