
ഉടൽ, ഉടുപ്പ്, രാഷ്ട്രീയം
കലഹിച്ചുകൊണ്ടേ ഇരിക്കണം

കുക്കൂ ദേവകി
ബാലുശ്ശേരി സ്കൂളിലെ യൂണിഫോമിൽ വന്ന പരിഷ്ക്കാരത്തിന്റെ ഭാഗമായി ഇപ്പോൾ നടക്കുന്ന ചർച്ചകൾ ചെന്നെത്തുന്നത്, അഥവാ എത്തേണ്ടത് ലിംഗസമത്വം എന്ന പോയിന്റിലേക്കാണ്. വസ്ത്രമെന്തു ധരിക്കണം എന്ന ചർച്ചയാണ് കാണുന്നതെങ്കിലും സ്തീയെപ്പോഴും പുരുഷനുകീഴിൽ “സ്ത്രൈണത”യോടുകൂടി നിലക്കണം എന്നതാണ് ഇതിൽ വളരെ യാഥാസ്ഥിതികമായി ഇടപെടുന്നവരുടെ യഥാർത്ഥ പക്ഷം. എന്നാൽ പ്രത്യക്ഷത്തിൽ ചർച്ച ആവഴിക്ക് കൊണ്ടുപോകാത്തത്, ശക്തമായ തിരിച്ചടിയുണ്ടാകുമെന്നതിനാലാണ്. ലിംഗസമത്വത്തിനെതിരെയുള്ള വിഷം ഒളിച്ചുകടത്താനുള്ള മറയാണ് വസ്ത്രവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലതും.
ഇനി വസ്ത്രം തന്നെയാണ് പ്രശ്നമെങ്കിൽ, “എന്റെ ശരീരം” എന്ന ഭാരവും തലയിൽവച്ചാണ് ഓരോ സ്ത്രീയെയും നിങ്ങൾ ഈ ലോകത്തേക്ക് ഇറക്കിവിടുന്നത്. ആ ഭാരം കാരണമുണ്ടാവുന്ന ഇൻഹിബിഷൻസ് അയാളുടെ മനസികാരോഗ്യത്തെപോലും ബാധിക്കുന്നുണ്ട്. അവരെ സംബന്ധിച്ചെടുത്തോളം ഈ ചർച്ചകൾ സ്വയം നിർണ്ണയാവകാശവുമായി ബന്ധപ്പെട്ടതാണ്. അവിടെയാണ് നിങ്ങൾ സ്ത്രീകളെ മൂത്രമൊഴിപ്പിക്കാൻ ആവേശം കൊള്ളുന്നത്. പെണ്ണുങ്ങൾ മൂത്രം എങ്ങനെ ഒഴിക്കും എന്നു മാത്രമല്ല എവിടെ എപ്പോൾ ഒഴിക്കും എന്നുവരെ നിങ്ങളുടെ കൺസേൺ ആകണമല്ലോ….
ഒരു അനുഭവം പറയാം.
2007 ൽ ഞാനും ഉണ്ണിയും ചിദംബരത്തു നിന്ന് രാത്രിയിൽ തിരുവനന്തപുരത്തേക്കുള്ള
ബസ് കയറി വരുമ്പോൾ, പാതിരാത്രി 12.30 മണി ആയിക്കാണണം തമിഴ്നാടിൻ്റെ ഏതോ കാട്ടുപ്രദേശത്ത് വെച്ച് എനിക്ക് മൂത്രശങ്ക കലശലായി. ഞാൻ ബസ് ഡ്രൈവറോടും
കണ്ടക്ടറോടും വിഷയമവതരിപ്പിച്ചു. അവർ ഒരു പൊടിക്ക് സമ്മതിക്കുന്നില്ല. പെണ്ണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റുന്ന സ്ഥലമല്ല എന്നു പറഞ്ഞ് നിർത്താതെ
വണ്ടി ഓടിച്ചു കൊണ്ടിരുന്നു. ഞാൻ വിട്ടില്ല. ഒരു വാക്ക് തർക്കത്തിൻ്റെ
അവസാനം അവർക്ക് സമ്മതിക്കേണ്ടി വന്നു. ഞാൻ ചാടിയിറങ്ങി. എൻ്റെ വേഷം ജീൻസും ടോപ്പുമായിരുന്നു. പാൻ്റൂരി ഷഡ്ഢിയൂരി റോഡ് സൈഡിൽ ഇരുന്നു. നോക്കിയപ്പോഴുണ്ട് ബസ്സിലുണ്ടായിരുന്ന പത്തോളം പെണ്ണുങ്ങൾ റോഡ് സൈഡിൽ മൂത്രം ഒഴിക്കാൻ നിരന്നിരിക്കുന്നു. ആ പെണ്ണുക്കൾക്കെല്ലാം ശങ്കയുണ്ടായിരുന്നു. പക്ഷെ മടിയും പേടിയും കാരണം
ബസ്സുക്കാരോട് പറഞ്ഞില്ല.
ഞാൻ തല്ലുകൂടി നേടിയ ആ മൂത്രസ്വാതന്ത്ര്യം അവരുടേതുകൂടിയായിരുന്നു. പലരും, “ആദ്യായിട്ടാ ഇങ്ങനെ” എന്നൊക്കെ പറയുന്നുണ്ടായിരുന്നു…
(അതായത് റോഡ് സൈഡിൽ )
ഞാൻ പറഞ്ഞു വന്നത്.. പെണ്ണുങ്ങളെ മൂത്രം ഒഴിക്കാൻ നിങ്ങൾ പഠിപ്പിക്കേണ്ട.
പാൻ്റൂരി ഇരിക്കാനും പാവാട പൊക്കി ഇരിക്കാനും ഞങ്ങൾക്കറിയാം. മൂത്രം ഒഴിക്കാനിടമുണ്ടായാൽ മതി. നിങ്ങളുടെ പോലെ തന്നെ എപ്പോൾ വേണമെങ്കിലും
ശങ്ക തോന്നുന്നവരാണ് ഞങ്ങളുമെന്ന ബോധമുണ്ടാകുന്നതും നന്നായിരിക്കും.
പിന്നെ ജെൻഡർ ന്യൂട്രൽ അല്ല ജെൻഡർഡൈവേഴ്സ് ആണ് വേണ്ടതെന്ന് പറയുന്നവരോട്..
(യൂണിഫോമിൻ്റെ കാര്യത്തിൽ) തീർച്ചയായും പാന്റ്സും ഷർട്ടിലേക്കും മാറുക എന്നത് ഒരു പ്രശ്നത്തിന്റെയും അവസാനമല്ല. ജൻഡർ ഡൈവേഴ്സിറ്റിയിലേക്ക് തന്നെയാണ് നമ്മൾ എത്തേണ്ടത്. എന്നാൽ ശരീരമൊരു ഭാരമാകുന്ന സമൂഹത്തിൽ ഒരുപാട്പേർ ഒരുമിച്ച് മുന്നോട്ട് ഒരുപടി വച്ചതാണ് ബാലുശ്ശേരി സ്കൂളിൽ കണ്ടതെന്ന് പറയാമെന്നു തോന്നുന്നു. ഇതിനെ പലമയിലേക്കുള്ള ആദ്യപടിയായി കാണണം.
ഞാൻ ഡാൻസ് ചെയ്യുന്നയാളാണ്. പുരുഷന്മാരോടൊപ്പം ഒരുപാട് പെർഫോർമെൻസുകൾ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഡാൻസ് ക്ലാസ്സുകളിൽ ഒരുമിച്ചു ചുവടുകൾവെയ്ക്കുമ്പോൾ വ്യതസ്ത ജെൻഡറുകളിലാണെന്ന് തോന്നുകയില്ല. ഒരേ അടവുകൾ, താളം, ഏകദേശം ഒരുമ തോന്നിപ്പിക്കുന്ന വേഷം, ആഭരണങ്ങൾ അങ്ങനെ
ഡാൻസ് പരിപാടികളിൽ ഞങ്ങൾ ഒരുമയുടെ ഒരിടം
ഉണ്ടാക്കാറുണ്ട്…
സാധാരണ സ്കൂളിൽ ഒരു ഭാഗം ആൺകുട്ടികൾക്ക് മറു ഭാഗം പെൺകുട്ടികൾക്കെന്നുള്ള
വേർതിരിവൊക്കെ നൃത്ത ക്ലാസ്സുകളിൽ കുറവായിരിക്കും. ഈ അനുഭവങ്ങളൊക്കെ എനിക്കുണ്ടാകുന്നത് ചെന്നൈ അഡയാർ കലാക്ഷേത്രയിൽ വെച്ചാണ്. ആൺ-പെൺ ബൈനറികളിൽ പെടാതെ ഞങ്ങളവിടെ നൃത്തം ചെയ്തു. ഫോക്ക് ഡാൻസ് ഒക്കെ ചെയ്യുന്ന സമയത്ത് വളരെ സ്ത്രൈണമെന്ന് സമൂഹം വിലയിരുത്തുന്നതരം വസ്ത്രങ്ങൾ ധരിച്ച് ഞങ്ങൾ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് വേദികളിലും പരിശീലന സ്ഥലങ്ങളിലും സമയം ചിലവഴിച്ചിട്ടുണ്ട്. ജൻഡറിന് അപ്പുറത്തേക്ക് തലച്ചോറ് വലുതാവുമ്പോൾ വൈവിധ്യങ്ങൾ അംഗീകരിക്കപ്പെട്ടേക്കാം. അതുവരെ കലഹിച്ചുകൊണ്ടേയിരിക്കേണ്ടി വരും.
ജെൻ്റർ ഡൈവേഴ്സിറ്റി തന്നെയാണ്
ഏറ്റവും മനോഹരം….
അതിൽ എത്താനായി ന്യൂട്രൽ വഴി
പോയേ മതിയാവൂ…

ജന്റർ ന്യൂട്രൽ എന്ന ഉട്ടോപ്യ

അക്കുമ്മ
ജന്റർ എന്നത് സമൂഹത്തിന്റെ എല്ലാതരം വ്യവഹാരങ്ങളിലും ആഴ്ന്നിറങ്ങിയിട്ടുള്ള വേരാണ്. ഓരോ ദേശത്തിനും സംസ്കാരത്തിനും അനുസൃതമായി അതിന് വ്യത്യസ്തമാനങ്ങൾ ഉണ്ടെങ്കിലും അത്യന്തികമായി ജന്റർ എന്നത് ദ്വന്ത നിർമിതികളിലും, പിതൃമേധാവിതത്തിലും അധിഷ്ഠിതമാണ്. ജന്റർ പ്രകടനം അഥവാ expression എന്നത് ജന്റർ ഐഡന്റിറ്റിയിലും വിശാലമായതും സ്വതന്ത്രമായതുമാണ്. ആൺമയും പെണ്മയും, രണ്ടും ചേർന്ന അവസ്ഥയും, അല്ലാത്ത അവസ്ഥയും എല്ലാം ശരീരങ്ങൾക്കും ജന്റർ ഐഡന്റിറ്റികൾക്കും അപ്പുറമായി ഒരു വ്യക്തിയിൽ ഉണ്ടാകുന്ന സ്വാഭാവിക പ്രകടനങ്ങൾ ആണ്. പക്ഷെ ആൺ ശരീരത്തിലെ പെണ്മയോ പെൺശരീരത്തിലെ ആണ്മയോ ഇന്നും സ്വഭാവികമായി കണക്കാക്കാത്ത ജന്റർ സംസ്കാരത്തിൽ ജന്റർ നിഷ്പക്ഷത എന്ന ആശയം ഇവിടുത്തെ സിസ് ജന്റർ മനുഷ്യർക്ക് മാത്രം താങ്ങാൻ സാധിക്കുന്ന പ്രെവിലേജ് ആയിരിക്കും. അടച്ചിട്ട മുറിക്കുളിലും, സ്വന്തം കണ്ണാടിക്ക് മുൻപിലും മാത്രം അവനവനായി മാറുന്ന അദൃശ്യരായ ധാരാളം മനുഷ്യർ ഈ സമൂഹത്തിൽ ഉണ്ട്. അത്തരം മനുഷ്യരുടെ ജന്ററും, ജന്റർ പ്രകടനങ്ങളും ഒരു മിഥ്യയോ, വിഭ്രാന്തിയോ അല്ല സ്വഭാവികമായതാണ് എന്ന ബോധം ഈ സമൂഹത്തിൽ ഉണ്ടാകാത്തിടത്തോളം ജന്റർ നിഷ്പക്ഷത ഒരു പൊള്ളത്തരം മാത്രമായിരിക്കും. ഇപ്പോൾ നടക്കുന്ന മാറ്റങ്ങൾ ഏറെ സ്വാഗതാർഹമാകുന്നത് എന്തുകൊണ്ടെന്നാൽ, സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ദൈനം ദിന ജീവിതത്തിലെ വസ്ത്രം കൊണ്ടുള്ള പല പരിമിതികളും മറികടക്കുവാനും, അവർക്ക് കൂടുതൽ ആത്മവിശ്വാസവും, സ്വാതന്ത്രയവും നൽകാൻ ഈ മാറ്റങ്ങൾ കൊണ്ട് സാധിക്കും എന്നതാണ്. അതിൽ കവിഞ്ഞു ജന്റർ അസമത്വങ്ങളെ അത് സ്പർശിക്കും എന്ന് തോന്നുന്നില്ല. കാരണം ഈ മാറ്റത്തെ പോലും വിഷലിപ്തമായി കൊണ്ട് ചാരിവയ്ക്കുന്നത് LGBTIQ മനുഷ്യരുടെ ചുമലിൽ ആണ്. സർക്കാർ ജന്റർ ന്യുട്രൽ യൂണിഫോമിലൂടെ കുട്ടികളെ ട്രാൻസ്ജെന്ററും, സ്വവർഗ്ഗ അനുരാഗികളും ആക്കാനുള്ള ശ്രമം ആണെന്നാണ് പറച്ചിൽ.
അത്രക്കുണ്ട് നമ്മുടെ അടിസ്ഥാന ജന്റർ ബോധം പോലും. അതുകൊണ്ട് LGBT എന്ന് കേട്ടാൽ തീവ്രവാദി എന്ന് മനസിലാകുന്ന ആളുകൾ ഉള്ള നാട്ടിൽ ഒരു ട്രാൻസ്ജെന്റർ വ്യക്തി ആയ എനിക്ക് ജന്റർ ന്യുട്രൽ എന്ന ഉടോപ്യ സ്വപ്നം കാണാൻ ബുദ്ധിമുട്ട് ഉണ്ട്.
ജന്റർ ന്യൂട്രൽ യൂണിഫോമല്ല, ഇത് യൂണിസെക്സ് കുപ്പായങ്ങളാണ്

ആദി
വളരെ മോശം സ്ക്കൂൾ ജീവിതമായിരുന്നു എന്റേത്. ചിഞ്ചുവും വിഷ്ണുവും ഞാനുമൊക്കെ ഞങ്ങളുടെ കുട്ടിക്കാലമെവിടെപ്പോയി എന്ന് ഇടക്ക് സങ്കടപ്പെടാറുണ്ട്.
ഒരു നല്ല ഓർമ്മ പോലും സ്കൂളിനെ പറ്റിയില്ല. മൂത്രമൊഴിക്കാൻ പോലും പുറത്തേക്കിറങ്ങാനാകാതെ,അധ്യാപകരുടെ പഴിയും കേട്ടാണ് വൈകുന്നേരം വരെ ക്ലാസിൽ കഴിച്ചുകൂട്ടാറുള്ളത്. ഇപ്പോഴും ഒരു ക്വിയർ വിദ്യാർത്ഥിയെ ഉൾക്കൊള്ളുന്ന അന്തരീക്ഷമൊന്നും നമ്മുടെ സ്കൂളുകളിലും കോളേജുകളിലുമില്ല.
‘ജെൻഡർ ന്യൂട്രൽ യൂണിഫോം’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറുന്ന ചർച്ചകളും തർക്കങ്ങളും പ്രത്യേകിച്ച് ഗുണപരമായ എന്തെങ്കിലും മാറ്റം സൃഷ്ടിക്കുമെന്ന തോന്നലൊന്നും എനിക്കില്ല. യാഥാസ്ഥിതിക ചിന്തയുള്ള ഒരു പ്രതിപക്ഷവും പുരോഗമന മുഖമുള്ള മറ്റൊരു ചേരിയും തമ്മിലുള്ള ഒരുരസലിന്റെ ഭാഗമായി കുറച്ച് തീയും പൊകയുമൊക്കെ ഉണ്ടായേക്കും. അതും കുറച്ച് ദിവസത്തേക്കുള്ളതാണ്. അത് കഴിഞ്ഞാൽ പിന്നെ ജെൻഡറൊക്കെ പടിക്ക് പുറത്ത് തുടരും. ഈ ചർച്ചയെയും ഇത്തരം ശ്രമങ്ങളേയും അപ്പാടെ റദ്ദ് ചെയ്യുക എന്റെ ഉദ്ദേശ്യമല്ല. ഞാനീ വിഷയത്തിൽ അന്തിമമായ ഒരു തീർപ്പിൽ ഇതുവരെ എത്തിയിട്ടുമില്ല. പാന്റും ഷർട്ടും തീർച്ചയായും ഒരു കംഫർട്ട് വസ്ത്രമാണ്. പക്ഷേ അതിനെ ജെൻഡർ ന്യൂട്രലെന്ന ലേബലിൽ അവതരിപ്പിക്കുന്നതിൽ പന്തികേടുണ്ട്.
നിലവിൽ ഒരു ബി.എഡ്.വിദ്യാർത്ഥി കൂടെയായതിനാൽ, നമ്മുടെ ക്ലാസ്സ് മുറികൾ ഏറെക്കുറെ പഴയത് തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ക്ലാസ് മുറികളും പാഠ്യ പദ്ധതികളും സ്കൂൾ കെട്ടിടവുമെല്ലാം ജെൻഡഡേർഡാണ്. ‘ജെൻഡർ ന്യൂട്രലെന്ന’ ലേബലിൽ സംഭവിക്കുന്ന ഇത്തരം പ്രതിവിപ്ലവങ്ങളിലൂടെയൊന്നും ക്ലാസ് മുറികളെ ഇൻക്ലൂസീവാക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രയ്ക്ക് പഴഞ്ചൻ ഇടമാണത്. മുടി വളർത്തിയ,കാതു കുത്തിയ,കണ്ണെഴുതിയ ആൺകുട്ടിയെ ഉൾക്കൊള്ളാൻ പറ്റാത്ത അധ്യാപകരെ ഞാൻ ഇപ്പോഴും കാണുന്നുണ്ട്. അവരെന്നെ ഇപ്പോഴും പരസ്യമായി കളിയാക്കുന്നുമുണ്ട്. ഇതിന്റെയെല്ലാം നടുവിൽ കാലും നീട്ടിയിരുന്നാണ് നമ്മളീ ‘ജെൻഡർ ന്യൂട്രൽ’ ചർച്ചയിൽ ഘോര ഘോരം പ്രസംഗിക്കുന്നത്. അത് ഒരു അറുബോറൻ പരിപാടിയാണ്.
അതുപോലെ, ഒരു ക്വിയർ വ്യക്തിയെന്ന നിലയിൽ പാന്റും ഷർട്ടും എന്റെ കംഫർട്ട് വസ്ത്രമേയല്ല. എന്നോട്, എന്റെ ജെൻഡർ ആവിഷ്ക്കാരത്തോട് എപ്രകാരമാണ് ഈ ഇടപെടലുകൾക്ക് നീതി പുലർത്താനൊക്കുകയെന്ന സംശയവും എനിക്കുണ്ട്. തീർച്ചയായും,ഇത് ജെൻഡർ ന്യൂട്രലായ യൂണിഫോമുകളെ പറ്റിയുള്ള ചർച്ചയല്ല; യൂണിസെക്സ് കുപ്പായങ്ങളെ കുറിച്ചുള്ളതാണ്.
സ്വാഗതാർഹം

കുഞ്ഞില മാസ്സിലാമണി
അത്യധികം സ്വാഗതാർഹമായ ഒരു മാറ്റം. ജെൻഡർ ന്യൂട്രൽ ആവുക എന്നത് ഒരു അനുകരണീയമായ കാര്യമാണ് എന്ന് പ്രസ്താവിക്കുന്നു. ജെൻഡർ എന്ന യാഥാർത്ഥ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നു. സമത്വം എന്നുള്ള ആശയം അറിയാതെ തന്നെ കുട്ടികളിൽ കയറിക്കൂടാൻ സഹായിക്കും എന്നും കരുതുന്നു. സ്കൂൾ കാലഘട്ടത്തിൽ എൻ്റെ വസ്ത്രം pants ആയിരുന്നു എന്നുണ്ടെങ്കിൽ കുറച്ച് കൂടി സ്വാതന്ത്ര്യം ഉണ്ടായിരുന്നേനേ എന്ന് വരെ തോന്നുന്നുണ്ട്.
