
ഇരുപതാം നൂറ്റാണ്ടിന്റെ എലിമടകളും ഊഷരതയുടെ ദാര്‍ശനിക തലങ്ങളും

തുളസി ദാസ്
ഇരുപതാം നൂറ്റാണ്ടിന്റെ സാഹിത്യ നഭസ്സ് തെളിയിച്ച ഏറ്റവും പ്രദീപ്ത മായ നക്ഷത്രങ്ങളില്‍ ഒന്ന് ടി. എസ്. എലിയറ്റിന്റെ The Wasteland (1922) എന്ന ദീര്‍ഘ കവിതയാണ്. അത് വരേയ്ക്കുമുള്ള കവന രീതികളെ പാടേ തിരസ്കരിച്ചു കൊണ്ടും കവിതയുടെ സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ അമ്പേ തകിടം മറിച്ചു കൊണ്ടും എഴുതപ്പെട്ട ഈ കൃതി അക്കാരണങ്ങള്‍ കൊണ്ടു തന്നെ നിഗൂഢമായ ഒരു സൗന്ദര്യം വഹിക്കുന്നുമുണ്ട്. കാല്പനിക കവന പദ്ധതികളോട് പടവെട്ടിയ എലിയറ്റ്, കവിയുടെ നിര്വൈയക്തികതയുടെ ഉത്പന്നമായാണ് കവിതയെ വിവക്ഷിക്കുന്നത്. ഇതിനാല്‍ തന്നെ ആശയസംവേദനം എന്ന കവിതയുടെ പ്രാഥമിക ലക്ഷ്യത്തെ ഒരല്‍പ്പം പുറകോട്ട് വലിച്ച്, വായനക്കാരന് ദുര്‍ഗ്രാഹ്യമായ ഒരു ആശയ തലം സൃഷ്ടിക്കുന്നുമുണ്ട് ഈ കൃതി.

പ്രസിദ്ധീകരണത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഈ ഇതിഹാസകൃതി. കൃത്യമായി പറഞ്ഞാല്‍ 1922 ഒക്ടോബര്‍ മാസത്തില്‍ ‘ക്രൈറ്റീരിയണിലും'(The Criterion )നവംബറില്‍ ‘ഡയലിലും’ (The Dial)ആയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ലോകത്തിന്റെ, വിശിഷ്യാ യൂറോപ്പിന്റെ, ഭൗതികവും മാനസികവും ആത്മീയവുമായ തലങ്ങളില്‍ ഉല്‍ക്കണ്ഠ യുടെയും വിറങ്ങലിപ്പിന്റെയും വിസ്ഫോടനം തീര്‍ത്തുകൊണ്ടിരുന്ന സമയത്താണ് The Waste Land എഴുതപ്പെടുന്നത്. ആസ്വാദനത്തിന്റെ മന്ത്രമുദ്ധമായ ഭൂമികയിലേക്ക് ഇടുത്തീ പോലെ വീണ് വിറങ്ങലിപ്പും പ്രകമ്പനവും സൃഷ്ടിച്ച്, കവിത- 1922 ന് മുന്‍പും പിന്‍പും- എന്ന രീതിയില്‍ വിഭജിക്കുന്ന കാവ്യാസ്വാദനത്തിന്റെ തന്നെ ഒരു അളവ്കോലായി മാറുകയായിരുന്നു Waste Land.

പ്രസിദ്ധീകരിക്കപ്പെട്ടതിന് 100 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും എങ്ങനെയാണ് ഈ കൃതി വായനയുടെ പുതുമേഖലകള്‍ തുറന്നിട്ടുകൊണ്ടിരിക്കുന്നത്? എലിയറ്റിന്റെ സുഹൃത്തും, കവിയും,ആധുനികതയുടെ അഗ്രേസരനുമായ എസ്ര പൗണ്ടിന്റെ നിശിതവും കണിശവുമായ പുനഃപരിശോധനക്ക് വിധേയമായ Waste Land, പൗണ്ടിന്റെ ‘എല്ലാം നവീകരിക്കുക'(Make it new) എന്ന ആഹ്വാനത്തോട് സചേതനമായ പ്രതികരണം നടത്തിയ ഒരു കവിതയാണ്. എലിയറ്റിന്റെ കാവ്യനിരൂപണ സംഹിതയിലെ ആശയങ്ങള്‍ എല്ലാംതന്നെ (ഭാവുകത്വ വിഘടനം/സംയോജനം, ചരിത്രാവബോധം, വസ്തു സംയോജകത്വം, നിര്വൈയക്തികത മുതലായവ )കവിതയുടെ പൊതുഘടനയില്‍ കൃത്യമായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നതായി കാണാം. ആംഗലേയ സാഹിത്യ മണ്ഡലത്തില്‍ ഉടലെടുത്ത കവിതകളില്‍ ഏറ്റവും കൂടുതല്‍ ഇതര ഗ്രന്ഥ പരാമര്‍ശങ്ങള്‍ (allusions)ഉള്ള Waste Land, പുരാതന കാര്‍ഷിക സംസ്കാരങ്ങളില്‍ നിലനിന്നിരുന്ന വിചിത്രമായ ദേവതോപാസനകളെ സമഗ്രമായി പ്രതിപാദിക്കുന്ന സര് ജെയിംസ് ഫ്രേസറുടെ ഗോള്‍ഡന്‍ ബൗഫ് (The Golden Bough), ക്രിസ്ത്യന്‍ പുരാവൃത്തങ്ങളുടെ അടിസ്ഥാന ആഖ്യായികയായ വിശുദ്ധ പാനപാത്രത്തെ (Holy Grave) പറ്റി വിവരിക്കുന്ന ജെസ്സി എല്‍ വെസ്റ്റന്റെ From Ritual to Rmoance എന്നീ കൃതികളോട് കടപ്പെട്ടിരിക്കുന്നതായി കവി തന്നെ സമ്മതിച്ചിട്ടുണ്ട്.എന്നാല്‍ വരികള്‍ക്കിടയിലൂടെ ഉള്ള ഒരു പുനര്‍വായന, സാങ്കേതികത്വത്തിന്റെ നവീനതയോ ഇതിവൃത്തത്തിന്റെ മേന്മയോ മാത്രമല്ല ഈ കവിത പ്രദാനം ചെയ്യുന്ന നൂതനമായ ഭാവുകത്വ തലങ്ങള്‍ക്ക് നിദര്ശമെന്ന് വ്യക്തമാക്കി തരും.

അത് ഇരുപതാം നൂറ്റാണ്ടിന്റെ ദാര്‍ശനിക തലങ്ങളോട് കവിത സ്വയം നടത്തുന്ന സംവാദ ഭൂമികയിലേക്ക് എത്തിനോക്കാന്‍ നമ്മെ ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു.കവിതയുടെ സൂക്ഷ്മ അവലോകനത്തില്‍ ദാര്‍ശനികതയുടെ മൂന്നു സ്ഥല രാശികള്‍ തെളിഞ്ഞു വരുന്നതായി കാണാന്‍ സാധിക്കും :
1)പടിഞ്ഞാറന്‍ ദാര്‍ശനികത,
2) പൗരസ്ത്യ ചിന്ത
3) കവിതയുടെതായ ദാര്‍ശനികത
‘താനൊരു ക്ലാസിസിസ്റ് ആണ് ‘ എന്ന എലിയറ്റിന്റെ പ്രഘോഷണം പ്രാചീന സാഹിത്യത്തിലും തത്വചിന്തയിലും അദ്ദേഹത്തിനുള്ള അഗാധമായ അവഗാഹത്തെ കുറിച്ച് ഒരു അവബോധം സൃഷ്ടിക്കുന്നുണ്ട്.
സോക്രട്ടീസില്‍ നിന്നും ഉറ പൊട്ടുന്ന പടിഞ്ഞാറന്‍ തത്വസംഹിതകളെ കവിതയുടെ ഇഴകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചേക്കാം എങ്കിലും വിസ്തരഭയത്താല്‍ പ്രസ്തുത ഉദ്യമത്തില്‍ നിന്ന് തല്ക്കാലം പിന് വാങ്ങാം.
( Foto. From ritual to romance)

മാത്രവുമല്ല, പാശ്ചാത്യ തത്വചിന്തയുടെ അസ്തിത്വം പൂര്‍വ്വകാല ചിന്തകളോട് ഉള്ള ഉത്തമര്ണ്യമോ ആധമര്ണ്യമോ ആയതിനാല്‍ കവിതയുടെ ഏറ്റവും അടുത്ത സമയസ്ഥലികളുടെ ഒരു ചെറിയ അപഗ്രഥനം ആ ലക്ഷ്യം നിറവേറ്റാന്‍ സഹായകമാവാം. ഇത് നമ്മെ നയിക്കുക ബ്രിട്ടീഷ് ആദര്‍ശ വാദത്തിന്റെ (British Idealism) ഇടനാഴികളില്‍ ആണ്.ബ്രിട്ടീഷ് ഐഡിയലിസം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിലെ പൂര്‍വാര്‍ധത്തിലും പ്രചാരത്തിലിരുന്ന ഒരു ആശയമാണ്. T. H.ഗ്രീന്‍, F. H. ബ്രാഡ്ലി മുതലായവരാണ് ഇതിന്റെ പ്രധാന വക്താക്കള്‍.
ബ്രാഡ്ലിയുടെ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു എലിയറ്റ്ന്റെ അപൂര്‍ണമായ പിഎച്ച്ഡി ഗവേഷണം എന്നത് ഓര്‍ക്കുക. ജര്‍മ്മന്‍ ആശയ വാദത്തിന്റെ -പ്രധാനമായും കാന്റ്, ഹേയ്ഗല് തുടങ്ങിയ പ്രതിഭകളുടെ ആശയങ്ങളുടെ- ചുവടുപിടിച്ചാണ് ബ്രിട്ടീഷ് ആദര്‍ശവാദം നിലനിന്നത്.
സര്‍വ്വതിനേയും ഉള്‍ക്കൊള്ളുന്ന ഒരു പരമ തത്വത്തെ (Absolute) ആണ് ഈ ചിന്ത ആധാരമാക്കുന്നത്.
സ്വത്വവും സാന്മാര്ഗികതയും അടിസ്ഥാനപരമായി സമൂഹത്തില്‍ അധിഷ്ഠിതമാകണമെന്ന് ബ്രാഡ്ലി വാദിച്ചു.
ആത്മനിഷ്ഠ വാദത്തോട്(Individualism)
ഉള്ള ഒരു കലഹമുഖം തുറന്നിടുന്നുമുണ്ട് ബ്രാഡ്ലി. വേസ്റ്റ് ലാന്‍ഡ്ന്റെ പലേ ഏടുകളിലും ആത്മനിഷ്ഠാപരമാകുന്ന ഒരു സമൂഹത്തെ വിമര്‍ശനാത്മകതയോടെ സമീപിക്കുന്ന എലിയറ്റ്നെ കാണാം. കവിതയുടെ ഒന്നാമത്തെ ഭാഗത്തില്‍(Burial of the Dead)ഉള്ള വസന്തം വെറുക്കുന്ന, ശൈത്യം ഇഷ്ടപ്പെടുന്ന, മറവിയുടെ മഞ്ഞുപാളികളെ സ്നേഹിക്കുന്ന ആധുനികമനുഷ്യനെ വരച്ചിടുന്നത് കാണാം. ലണ്ടന്‍ ബ്രിഡ്ജിന് മുകളിലൂടെ പ്രഭാതത്തില്‍ ഒഴുകിവരുന്ന വലിയൊരു ജനക്കൂട്ടത്തെ എലിയട്ട് ചിത്രീകരിക്കുന്നത് നോക്കൂ .
Unreal city,
Under the brown fog of a winter dawn, a crowd flowed over London Bridge,
So many, I had not thought death had undone so many.
Sigs, short and infrequent were exhaled,
And each man fixed his eyes before his feet. (60-65).
പരസ്പരം സംവേദനക്ഷമത നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ പരിപ്രേക്ഷ്യം ആണ് എലിയട്ട് കോറിയിടുന്നത്.അതുപോലെ രണ്ടാമത്തെ ഭാഗത്തില്‍ പ്രതിപാദിക്കുന്ന ചിത്തഭ്രമക്കാരിയായ സ്ത്രീയുടെ പരാതി ശ്രദ്ധിക്കുക :
ഇന്നെന്റെ ഞരമ്പുകള്‍ ഒക്കെ വരിഞ്ഞു മുറുകും പോലെ.അതേ! എന്റെ അടുത്തു നില്ക്കൂ! എന്റെ അടുത്തു തന്നെ നില്ക്കുക! എന്തെങ്കിലും ഒന്നു പറയൂ! നീ എന്താ എപ്പോഴും മിണ്ടാതിരിക്കുന്നത്? എന്തെങ്കിലുമൊന്നു പറയൂന്നേ! നീ എന്താ ഈ ചിന്തിക്കുന്നത്? എന്താ? എന്താ?
(‘My nerves are bad tonight.. Think’. 111-114).
ഒരുപക്ഷേ ഒന്നാംലോകമഹായുദ്ധകാലത്ത് യുദ്ധമുഖത്തെ ട്രഞ്ച് കളിലെ ഭീതിതമായ അനുഭവങ്ങളില്‍ നിന്ന് കരകയറി വന്ന അവരുടെ പങ്കാളിയുടെ മറുപടി ശ്രദ്ധിക്കുക : ‘ നമ്മള് ഇപ്പോള്‍ ഒരു എലി മടയില്‍ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എലികള്‍ ഈ ശവങ്ങളുടെ എല്ലുകള്‍ പോലും തുരക്കുന്നുണ്ട്!’
യാഥാര്‍ത്ഥ്യത്തെ വസ്തുവിനെയും ചിന്തയുടേയും അനുരൂപമായ ഐക്യം(coherent unity)ആയാണ് ആശയവാദം വീക്ഷിക്കുന്നത്.
ഈ ഐക്യം നഷ്ടപ്പെടുന്നതിന്റെ ദാര്‍ശനികമായ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നവയാണ്.
പ്രാതിഭാസിക വിജ്ഞാനവും വിയോജിപ്പിന്റെ ശബ്ദങ്ങളും
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹേഗലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് എഡ്മന്‍ഡ് ഹസ്സേള്‍ അവതരിപ്പിച്ച ദര്‍ശന പദ്ധതിയാണ് പ്രാതിഭാസിക വിജ്ഞാനം (Phenomenology ).
അന്തര്‍ നിഹിത ജ്ഞാനത്തിലൂടെ (intuition) ഗ്രഹിക്കാന്‍ കഴിയുന്ന ബോധ സത്തയാണ് ഈ ദര്‍ശനത്തിന് കാതല്‍.
പോസിറ്റിവിസം ഉയര്‍ത്തിക്കാട്ടിയ വസ്തുനിഷ്ഠമായ ( objective) രീതികളെ തിരസ്കരിച്ച് വ്യക്തിനിഷ്ഠമായ ബോധം തിരിച്ചറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ബോധപൂര്‍വ്വമായി
(intentional ) രൂപപ്പെടുന്ന ഉണ്മ മാത്രമാണ് സത്യം എന്ന് അദ്ദേഹം വിശ്വസിച്ചു.
ഉണ്മയുടെയും അനുഭവങ്ങളുടെ ഏകീകരണത്തെയും പാടെ തിരസ്കരിക്കുന്ന, വിയോജിപ്പിന്റെതായ ഒരു ദാര്‍ശനിക തലം വേസ്റ്റ് ലാന്‍ഡ് ഉയര്‍ത്തിക്കാട്ടുന്നുണ്ട് എന്നതാണ് വാസ്തവം.
മൂന്നാമത്തെ ഭാഗത്തില്‍ ഉണ്മ നഷ്ടപ്പെട്ട നദിയെയും ഉണ്മ നഷ്ടപ്പെട്ട നഗരത്തെയും അതിലെ അന്തേവാസികളെയും എലിയട്ട് പരാമര്‍ശിക്കുന്നു.(typist and young man carbuncular ).
അന്തര്‍ ദര്‍ശനത്തിന്റെ രാഹിത്യം ആണ് ഇരുപതാം നൂറ്റാണ്ടിന്റെ ഊഷരമായ ദാര്‍ശനികത എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. (‘..There is no water’:- line no.357).
പൗരസ്ത്യ ചിന്താധാര വേസ്റ്റ് ലാന്‍ഡ്ല്‍
പ്രകടമായും പ്രധാനമായും ബുദ്ധിസത്തിന്റെയും വേദാന്തങ്ങളുടെയും ചിന്താസരണി കളെ ഉള്‍ക്കൊള്ളുന്നുണ്ട് വേസ്റ്റ് ലാന്‍ഡ്. ഉപനിഷത്തുകളിലെ മായാവാദം മായാ നഗരം ആയും (Unreal City) മായ കാഴ്ചകളുടെ ഭീതിത രൂപങ്ങളായും (bats with baby faces) കൃതിയിലുടനീളം പ്രത്യക്ഷപ്പെടുന്നു. ഹിമവല്‍ സാനുക്കളിലൂടെ ഒഴുകിയെത്തുന്ന ആത്മീയ ഗംഗയും ശാന്തി മന്ത്രമുഖരിതമായ അന്തരീക്ഷവും കവിത പ്രദാനം ചെയ്യുന്നുണ്ടെങ്കിലും ആത്മീയതയുടെ ഹിമാലയം ഇപ്പോഴും ആധുനിക മനുഷ്യന് അന്യമാണ് എന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് എലിയറ്റ്.
ബുദ്ധിസത്തിന്റെ കാതലായ ആഗ്രഹ നിരോധം (restraining of the desires ) എങ്ങനെ പരാജയപ്പെടുന്നു എന്ന് കൃതിയിലുടനീളം ധ്വനിപ്പിക്കുന്നുണ്ട് കവി.
ഊഷരതയുടെ ദാര്‍ശനിക തലങ്ങള്‍
ടി എസ് എലിയറ്റിന്റെ വേസ്റ്റ് ലാന്‍ഡ് എന്ന കവിത ഇരുപതാം നൂറ്റാണ്ടിന്റെ പൂര്വാര്ദ്ധതിനു അന്യമായ ഒരു ദാര്‍ശനിക തലം മുന്നോട്ടുവെക്കുന്നുണ്ട്.
ഭാഷയുടെ അനിശ്ചിതത്വം,(undecidability)
അസ്തിത്വ പ്രശ്നങ്ങള്‍,(existential angst), ബഹുസ്വരത (polyphony /heteroglossia) മുതലായ ആശയങ്ങളുടെ പൂര്‍വ്വരൂപം ഈ കവിതയില്‍ കാണാവുന്നതാണ്. ഒരുപക്ഷേ ദാര്‍ശനികമായ ഈ ഉര്‍വ്വരത ആണ് ഒരു നൂറ്റാണ്ടിന് ഇപ്പുറവും വായനാ ലോകത്ത് വേസ്റ്റ് ലാന്‍ഡ് നെ ഉജ്ജ്വലമായ ഒരു ഭൂമികയായി നിലനിര്‍ത്തുന്നത്.