
ലോഹിതദാസിൻ്റെ ഓർമ്മകളുമായി വീണ്ടും ഒരു പെരുമഴക്കാലം

ട്രൈബി പുതുവയൽ
പച്ചമനുഷ്യരുടെ ചൂടും ചൂരും വ്യഥകളും നിറഞ്ഞ അനശ്വരങ്ങളായ നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച തിരക്കഥകളുടെ പെരുന്തച്ചൻ എ.കെ. ലോഹിതദാസ് വിട പറഞ്ഞിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാവുന്നു.രണ്ടായിരത്തിയൊൻമ്പത് ജൂൺ ഇരുപത്തിയെട്ടിനായിരുന്നു ജീവിത പെരുവഴിയിൽ ഒറ്റപ്പെട്ടു പോയ തൻ്റെ കഥാപാത്രങ്ങളെ പോലെ പ്രേക്ഷകരേയും പിറക്കാനിരുന്ന നിരവധി കഥാപാത്രങ്ങളേയും തനിച്ചാക്കി ലോഹിതദാസ് മടങ്ങിപ്പോയത്.
പൊള്ളുന്ന ജീവിത പരിസരങ്ങളിൽ നിന്നും താൻ കണ്ടെടുത്ത അനുഭവങ്ങളായിരുന്നു ലോഹിതദാസ് അഭ്രപാളികളിൽ കോറിയിട്ട തിരക്കഥകൾ. തീയറ്ററിൻ്റെ ഇരുട്ടിൽ അത്തരം സിനിമകളിലൂടെ സ്വന്തം ജീവിതത്തിൻ്റെ നൊമ്പരങ്ങളും പകപ്പുകളും കണ്ട മലയാളി നെടുവീർപ്പിടുകയും ആരും കാണാതെ കരയുകയും ചെയ്തു.
“ഏകാന്തമായ ബാല്യ കൗമാരങ്ങൾ, ഒരിറ്റ് സ്നേഹത്തിന് വേണ്ടി ദാഹിച്ച് ഞാനലഞ്ഞ ഊഷരഭൂമികൾ.. എന്നും അനുഭവിക്കാൻ വിധിക്കപ്പെട്ട അവഗണനകൾ, മാറ്റി നിർത്തലുകൾ, പരിഹാസങ്ങൾ, ഇടക്ക് കൂട്ടായി വന്ന വിഷാദരോഗം…” ലോഹിതദാസ് തൻ്റെ ബാല്യകാല അനുഭവങ്ങൾ കുറിച്ചിട്ടതിങ്ങനെയാണ് .
അനുഭവങ്ങളുടെ ഈർച്ചവാളേൽപ്പിച്ച മുറിവുകളുടെ വേദനയാണ് ജീവിതം കടഞ്ഞെടുത്ത കഥകളെഴുതാൻ ലോഹിക്ക് കരുത്തു നൽകിയത്.
ആദ്യ അവസരത്തിനു വേണ്ടി ഏറെ അലയേണ്ടി വന്നു അദ്ദേഹത്തിന് .കെ.ജി ജോർജ്ജിൻ്റെ തിരുവനന്തപുരത്തുള്ള വസതിയിൽ കഥപറയാൻ നടൻ തിലകൻ്റെ ശുപാർശ കത്തുമായി വന്ന് നിരാശയോടെ മടങ്ങി പോകുന്ന ചെറുപ്പക്കാരനായ ലോഹിയുടെ ചിത്രം അന്നവിടെ ഉണ്ടായിരുന്ന എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ തൻ്റെ സിനിമാ ഓർമ്മകളിൽ പങ്കുവെയ്ക്കുന്നുണ്ട്.

ലോഹിതദാസിൻ്റെ ഭാഷയിൽ എന്നും മഴ പെയ്യുന്ന ഒരു നാട്ടിൽ നിന്ന് വന്നതു പോലെ തോന്നിച്ച സിബി മലയിൽ എന്ന ചെറുപ്പക്കാരനുമായി ചേർന്നായിരുന്നു ലോഹിയുടെ അരങ്ങേറ്റം.1987 ൽ മലയാള ചലച്ചിത്രപ്രേക്ഷകർക്ക് ഇന്നും വേദനയുണർത്തുന്ന ‘തനിയാവർത്തനം ‘ എന്ന ചിത്രം സമ്മാനിച്ചു കൊണ്ടാണ് ലോഹി തൻ്റെ വരവറിയിച്ചത്.ശേഷം മലയാളി നെഞ്ച് കനൽ കൂടാക്കി കണ്ട എത്രയോ ചിത്രങ്ങൾ..
ആയിരത്തിതൊള്ളായിരത്തി എൺമ്പത്തഞ്ചിൽ ‘സിന്ധു ശാന്തമായൊഴുകുന്നു ‘ എന്ന നാടകമാണ് ലോഹിതദാസ് എന്ന എഴുത്തുകാരൻ്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ രചന.ആ വർഷം മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന അവാർഡ് അദ്ധേഹത്തിനായിരുന്നു.അവാർഡ് പ്രഖ്യാപിക്കുന്ന ദിവസം അദ്ദേഹം നടക ട്രൂപ്പിനൊപ്പം ഒരു കടപ്പുറം ഭാഗത്തായിരുന്നു. കടലിനെ നോക്കിയിരിക്കുമ്പോഴാണ് ആ വാർത്ത അറിയുന്നത്.പുലർച്ചെ വരെ ബസ് സ്റ്റാൻഡിൽ പത്രത്തിനായി കാത്തിരുന്നു. വാർത്തയുണ്ട്, അദ്ദേഹത്തിൻ്റെ മാത്രം ഫോട്ടോ വന്നിട്ടില്ല. ആരും മനപൂർവ്വം ചെയതതല്ല. ജീവിതത്തിൽ പലതും തന്നിൽ നിന്നങ്ങനെ മാറി പോയിട്ടുണ്ടെന്ന് അദ്ധേഹം പങ്കു വെക്കുന്നു. അർഹിക്കുന്ന പലതും അദ്ധേഹത്തിന് ലഭിച്ചിട്ടില്ല എന്നതാണ് ഇപ്പോഴും യാഥാർത്ഥ്യം.നിരവധി മികച്ച തിരക്കഥകൾ എഴുതിയിട്ടുണ്ടങ്കിലും തിരക്കഥക്ക് ഒരിക്കൽ മാത്രമേ അദ്ധേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചുള്ളു. പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും ആലുവയിൽ അദ്ദേഹത്തിൻ്റെ സ്മാരകം എങ്ങും എത്തിയിട്ടില്ല എന്നതും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് വേദനയുണ്ടാക്കുന്നു താണ്.
തോപ്പിൽ ഭാസിയായിരുന്നു അദ്ദേഹത്തിൻ്റെ വഴി ചൂണ്ടി പലക.തോപ്പിൽ ഭാസിയുടെഅശ്വമേ ധമായിരുന്നു ലോഹിതദാസ് എപ്പോഴും ഒരു മാതൃക സൃഷ്ടി എന്ന പേരിൽ എടുത്തു പറയുന്ന രചനയും.
ആദ്യ നാടകവും, ആദ്യ തിരക്കഥ തനിയാവർത്തനവും ,ആദ്യം സംവിധാനം ചെയ്ത ഭൂതകണ്ണാടിയും അദ്ധേഹത്തിന് പുരസ്കാരങ്ങൾ നേടികൊടുത്ത വയായിരുന്നു.
എം ടിയും ,പത്മരാജനും, ടി.ദാമോദരനുമെല്ലാം നിറഞ്ഞാടുന്ന സമയത്തായിരുന്നു ലോഹിയുടെ അരങ്ങേറ്റവും.മലയളാ സിനിമ തറവാട്ടു മഹിമയിൽ കുരുങ്ങി അതുവരെ ബഹിഷ്കൃതരെന്ന് കരുതിയിരുന്ന വേട്ടക്കാരനും, വേശ്യയും, മുക്കുവനും, ലോറിക്കാരനും, റൗഡിയും ,ആശാരിയും, മൂശാരിയും വാച്ച് റിപ്പയററുമെല്ലാം വെന്തുരുകുന്ന അവരുടെ ജീവിതവുമായി ലോഹിയുടെ തൂലികയിൽ നിന്നും പിറന്നു വീണപ്പോൾ മലയാളി ഇരുകയ്യും നീട്ടി അവയെല്ലാം ഹൃദയത്തിൽ സ്വീകരിച്ചു.
ഭൂരിപക്ഷംസിനിമകളുടേയും ചിത്രീകരണത്തിനൊപ്പം തന്നെയായിരുന്നു അദ്ധേഹംതിരക്കഥയും പൂർത്തിയാക്കിയിരുന്നത്.ഭരതം സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു പതിനഞ്ചിൽ താഴെ സീനുകളേ പൂർത്തിയായിട്ടുള്ളു. തറവാടുവീടായി ചിത്രീകരിക്കുന്ന വീട്ടിലാണ് ഷൂട്ടിംഗ് .ആ വീട്ടിൽ അടുത്ത രംഗം ഷൂട്ടു ചെയ്യാൻ സിനില്ല. ആർട്ടിസ്റ്റുകളും യൂണിറ്റും വെയ്റ്റിംഗിലാണ് സംവിധായകൻ സിബി മലയിൽ തൻ്റെ സഹായിയായ സുന്ദർദാസിനെ ലോഹി ഇരുന്നെഴുതുന്ന ഹോട്ടലിലേക്ക് വിടുന്നു. സുന്ദർദാസ് കാര്യം പറഞ്ഞു . സീൻ ഓർഡർ എഴുതുന്ന സ്വഭാവം ലോഹിക്കില്ല.എന്നിട്ടും ഇടയിലെ സീനുകൾ ഒന്നും എഴുതാതെ തറവാട്ടിൽ അത്രയും ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന നാൽപ്പത്തി അഞ്ചാമത്തേയോ ആറാമത്തേയോ സീനുകൾ വേഗത്തിലെഴുതി സുന്ദർ ദാസിന് കൊടുത്തയച്ച കാര്യവും – കാത്തിരുന്ന ഷൂട്ടിംഗ് സംഘത്തിനു നേരെ കാറിലിരുന്ന് തന്നെ തിരക്കഥ ഉയർത്തി കാട്ടിയ കാര്യവും സുന്ദർദാസ് ഓർമ്മിക്കുന്നുണ്ട്..
സിനിമയിലെത്തും മുമ്പേ ചാലക്കുടിയിലെ സൗഹൃദവലയങ്ങളിൽ പെട്ടവരായിരുന്നു ലോഹിതദാസും സുന്ദർ ദാസിൻ്റെ ജേഷ്ഠനും സുന്ദർദാസുമെല്ലാം – ഒരുമിച്ച് റോട്ടറി ക്ലബിൽ പ്രവർത്തിച്ച കഥകൾ ശബരിമലക്ക് പോയ കഥകൾ…. സുന്ദർദാസ് സാറിൻ്റെ വീട്ടിൽ ചെല്ലുമ്പോൾ ഒരു ദിവസം മുഴുവൻ പറഞ്ഞാലും തീരില്ലാത്ത അവരുടെ കഥകൾ അദ്ദേഹം പങ്കുവെക്കാറുണ്ട്.
നഗര കാപട്യങ്ങളോട് അകലം പാലിച്ചിരുന്ന ലോഹിക്ക് ഗ്രാമീണ നിഷ്കളങ്കതയോടെയായിരുന്നു എന്നുംതാൽപ്പര്യം. അകലൂരിലെ അമരാവതിയെന്ന പഴയ തറവാട് വീടിൻ്റെ പൂമുഖമായിരുന്നു അദ്ധേഹത്തിൻ്റെ പ്രധാന എഴുത്തിടം. അവിടുത്തെ കോളാമ്പി പൂക്കളോടും കാശിതുമ്പയോടും അണ്ണാറക്കണ്ണനോടും കിളികളോടുമെല്ലാം അദ്ധേഹം കുശലം പറഞ്ഞു..പലക്കാടൻ നാട്ടിടവഴികളിലെ ചെറു ചായക്കടയിൽ ശുദ്ധരായ മനുഷ്യരുടെ ജീവിതകഥകൾ കേൾക്കാൻ അദ്ദേഹം മനസു തുറന്നിട്ടു. അതു കൊണ്ടൊക്കെ തന്നെ സ്നേഹവും പ്രതിസന്ധിയും നിറയുന്ന ജീവിതമുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു അദ്ധേഹത്തിൻ്റെ ചിത്രങ്ങൾ.
മണ്ണിൽ കാലൂന്നീ ബന്ധങ്ങളുടെ കണ്ണികളിൽ കുരുക്കപ്പെട്ട സാധാരണക്കാരുടെ പ്രതിനിധികളായിരുന്നു ലോഹിതദാസിൻ്റെ ഓരോ കഥാപാത്രങ്ങളും. സിനിമാ തീയറ്ററുകൾ മാനസികാരോഗ്യ കേന്ദ്രങ്ങളാണന്ന് വിശ്വസിച്ചിരുന്ന ലോഹിയുടെ ചിത്രങ്ങൾ മനുഷ്യന് സ്നേഹം തിരിച്ചറിയാനും അത് തിരിച്ചുപിടിക്കാനുമുള്ള ഷോക്ക് ട്രീററ്മെൻ്റായിരുന്നു .
ആത്മഹത്യക്കൊരുങ്ങിയവരും ,വഴിമുട്ടിയവരും, കുടുംബത്തിൽ നിന്ന് ആട്ടിയിറക്കപ്പെട്ടവരും ,തെറ്റുകാരനും, മനം മാറിയ കൂട്ടികൊടുപ്പുകാരനുമെല്ലാം, ലോഹിയെ അന്വേക്ഷിച്ചു വന്നു. ഒരു പുരോഹിതൻ്റെ മുന്നിലെന്നോണം അവർ അദ്ധേഹത്തിന് മുന്നിൽ ജീവിതം പറഞ്ഞു ,കരഞ്ഞു… അവർക്ക് വേണ്ടത് അദ്ധേഹത്തിൻ്റെ ഉപദേശമായിരുന്നു… ഇനിയും ജീവിക്കേണ്ടുന്നതിൻ്റെ കാരണകളും അതിനുള്ള കരുത്തും ലോഹിതദാസ് വാക്കുകളിലൂടെയും സിനിമകളിലൂടെയും അവർക്ക് പകർന്നു നൽകി. അത്തരത്തിലുള്ള എത്രയെത്ര അനുഭവങ്ങൾ അദ്ധേഹം പങ്കുവെച്ചിരിക്കുന്നു.
മമ്മൂട്ടിക്കും മോഹൻലാലിനും മലയാളി മറക്കാത്ത കരുത്തുറ്റ കഥാപാത്രങ്ങൾ നൽകിയത് ലോഹിയായിരുന്നു. അമരത്തിലെ അച്ചൂട്ടിയും, മൃഗയയിലെ വാറുണ്ണിയും, മഹായാനത്തിലെ ചന്ദ്രുവും, മുക്തിയിലെ ഹരിദാസും, ഭൂതകണ്ണാടിയിലെ വിദ്യാധരനും, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരുമെല്ലാം മാമ്മൂട്ടിയെന്ന നടൻ്റെ മാറ്റ് പുറത്തു കൊണ്ടുവന്ന കഥാപാത്രങ്ങളായിരുന്നു. ലാലിൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ കിരീടത്തിലെ സേതുമാധവൻ, ദശരഥത്തിലെ രാജീവ് മേനോൻ, കമലദളത്തിലെ നന്ദഗോപനും, ഭരതത്തിലെ കല്ലൂർ ഗോപിനാഥനും ധനത്തിലെ ശിവശങ്കരനുമെല്ലാം ലോഹിയുടെ തൂലിക സമ്മാനിച്ചവയാണ്. തിലകൻ,മുരളി, മഞ്ജു വാര്യർ, ദിലീപ്, മനോജ് കെ ജയൻ എന്നിവർക്കെല്ലാം എന്നും ഒർമ്മിക്കുന്ന കഥാപാത്രങ്ങൾ നൽകിയതിൽ പ്രധാനിയാണ് ലോഹിതദാസ്.
ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ , ഇന്ദിരാഗാന്ധി അവാർഡ് ,രാമുകര്യാട്ട് അവാർഡ് ,പത്മരാജൻപുരസ്കാരം, അരവിന്ദൻ പുരസ്ക്കാരം, തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ് , ക്രിട്ടിക്സ് അവാർഡുകൾ എന്നിവയെല്ലാം അദ്ധേഹത്തെ തേടിയെത്തി.
നാൽപ്പത്തിനാല് ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും പത്തോളം ചിത്രങ്ങൾ ലോഹിതദാസ് സംവിധാനം ചെയ്യുകയും ഏതാനും ചിത്രങ്ങൾക്ക് ഗാനരചന നിർവഹിക്കുകയും ചെയ്ത അനശ്വര പ്രതിഭയായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്.
തൻ്റെ ഒരു കഥ താനല്ലാതെ മറ്റൊരു തിരക്കഥാകൃത്തിനെക്കൊണ്ട് എഴുതിക്കുകയാണെങ്കിൽ ആരെയായിരിക്കും തിരഞ്ഞെടുക്കുക ..?എന്ന ചോദ്യം എം ടി ഒരിക്കൽ നേരിട്ടു. ഒരു സങ്കോചവും കൂടാതെ അദ്ദേഹം പറഞ്ഞു. ലോഹിതദാസ്.പുതിയ കാലത്തെ തിരയെഴുത്തുകാരായ ശ്യാം പുഷ്ക്കരനും, റഫീക്ക് പിഎസും ,വി.സി വിജീഷും, നവീൻ ഭാസ്ക്കറുമെല്ലാം അദ്ധേഹത്തെ മാനസ ഗുരുവായി കാണുന്നവരാണ് .
മഴക്കാലം പല ഓർമ്മകളിലേക്കുമുള്ള മടക്കയാത്രയാണ്. കഴിഞ്ഞ കാലങ്ങളെ തുള്ളിയിററിച്ചുണർത്തുന്ന രാത്രിമഴകൾ.. എൻ്റെ ബാല്യകൗമാരങ്ങളെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ,അക്ഷരങ്ങൾക്ക് ഇത്രമാത്രം ശക്തിയുണ്ടന്നറിയിച്ച ഒരാളായിരുന്നു എ.കെ ലോഹി ദാസ്. എന്നിലെ എഴുതാനുള്ള ആഗ്രഹം ശക്തമാക്കിയത്.അദ്ധേഹത്തിൻ്റെ രചനകളാണന്ന് ഉറപ്പിച്ചു പറയാം..
ചാലക്കുടിയിലാണ് അദ്ദേഹം ജീവിതത്തിൻ്റെ നല്ല പങ്കും കണ്ടെത്തിയതെങ്കിലും ജനിച്ചതും സ്കൂൾവിദ്യാഭ്യാസം നടത്തിയതുമെല്ലാം എൻ്റെ നാടിൻ്റെ അല്പ്പം മാത്രം അകലെയുള്ള ചോറ്റാനിക്കരക്കടുത്തുള്ള കോട്ടയത്തുപാറയിലും കടുംഗമംഗലത്തും മറ്റും ആയിരുന്നു എന്നത് അഭിമാനത്തോടെ ഓർക്കാറുണ്ട്..
വീണ്ടും ആകാശത്ത് കാലവർഷത്തിൻ്റെ കാർമേഘങ്ങൾ നിറയുന്നു.. പടിപ്പുരക്കപ്പുറം പാടത്ത് വീണ്ടും കാഴ്ച്ചയെ മറച്ച് മഴ പെയ്ത് തുടങ്ങുകയാണ്. അമരാവതിയിലെ തെക്കേപറമ്പിലാണ് ലോഹി നിത്യ നിദ്രയിലായിരിക്കുന്നത്. പ്രിയ കഥാകാരൻ്റെ ഓർമ്മകളിൽ തൊടിയിലെ കോളാമ്പി പൂക്കൾ മഴ വീഴ്ച്ചയിൽ തല താഴ്ത്തി.. മരങ്ങൾക്കിടയിലൂടെ കണ്ണീര് പോലെ മഴതുള്ളികൾ അമരാവതിക്ക് മുകളിലേക്ക് പെയ്ത് നിറയുന്നു… ദൂരെ എവിടെയോ കണ്ണീർപൂവിൻ്റെ കവിളിൽ തലോടി എന്ന ഗാനം ഉയരുന്നു.