
പ്രയാസങ്ങളുടെ താരതമ്യം

ടി.പി. വിനോദ്
ഗുഹ ഒന്നെങ്കിലുമുള്ളതോ
ഒറ്റ ഗുഹ പോലുമില്ലാത്തതോ ആയ
ഒരു പർവ്വതത്തെ
സങ്കൽപ്പിക്കാൻ
സാധിക്കില്ലേ നിനക്ക്?
എനിക്ക് മനസ്സിലാകും,
ഞാൻ കാണുന്നു,
ഈ ചോദ്യത്തിന് ശേഷമുള്ള
നിന്റെ മനസ്സ്
പർവ്വതത്തിൽ നിന്ന് എടുത്തതോ
അവിടെ കൊണ്ടുവെയ്ക്കാനുള്ളതോ ആയ
ഒരു ഗുഹയും പേറി നടക്കുന്നു.
പക്ഷേ,
അത്രയ്ക്ക് പ്രയാസകരമാണോ
ഈ സങ്കൽപ്പം?
നീ ജീവിച്ചിരിക്കുന്ന കാലത്തെ എന്നെയും
ഞാൻ ജീവിച്ചിരിക്കുന്ന കാലത്തെ നിന്നെയും
നമ്മൾ ജീവിക്കുന്നില്ലേ?