
ക്രിസ്തുവിന്റെ ബ്ലഡ് ഗ്രൂപ്പ്

ടിനോ ഗ്രേസ് തോമസ്
വരവ്
സാമാന്യം വേഗത്തില്‍ പോയിക്കൊണ്ടിരുന്ന കാറിനുമുന്നിലേയ്ക്കാണ് അവന് ചാടിയത്. പെട്ടന്നുള്ള അങ്കലാപ്പില്‍ സ്റ്റിയറിങ്ങ് വെട്ടിച്ചപ്പോള്‍ കാര്‍ ഇടതുഭാഗത്തുള്ള മരകൂട്ടങ്ങള്‍ക്ക് അഭിമുഖമായിനിന്നു. ഏതാനും സെക്കന്റുകള്‍ പൊടുന്നനെ രൂപപ്പെട്ട ഹൃദയത്തിന്റെ അമിതവേഗവുമായി ഞാന്‍ തലകുമ്പിട്ടിരുന്നു. കോടയും കാട്ടിലൂടെയുള്ള യാത്രയും പുറത്തിറങ്ങി സംഭവിച്ചതെന്താണെന്ന് അറിയുന്നതില്‍നിന്നും എന്നെ പേടിയോടെ വിലക്കി. വണ്ടി പിന്നോട്ടെടുത്ത് മനസ്സൊന്ന് നിയന്ത്രണവിധേയമാക്കിയപ്പോള്‍ മഞ്ഞിന്റെ കട്ടിപ്രതലങ്ങളെ മുറിച്ച് അവന് വന്നു. സൈഡ് ഗ്ലാസ് താഴ്ത്തി ഇരച്ചുവന്ന ഭയത്തോടെ കണ്ണുനട്ട് നോക്കുമ്പോള്‍ രൂപം അതിന്റെ പൂര്‍ണ്ണവ്യക്തതയോടെ അടുത്തുവന്നു.
”തുറിച്ച് നോക്കണ്ടെടാ….. ജിനേഷാണ്”
നാട്ടില്‍ മരിച്ചവര്‍ക്ക് കാട്ടില്‍, അതും പാതിരാത്രിയിലെന്ത് കാര്യമെന്നോര്ത്തപ്പോള് അവന് തുടര്‍ന്നു.
”നീ ആലോചിക്കുന്നതിനുള്ള ഉത്തരമൊന്നും തരാന്‍ പറ്റില്ല. വണ്ടിയെടുക്ക്, അത്യാവശ്യപ്പെട്ട കാര്യം പറയാനുണ്ട്”
പണ്ടും അത്യാവശ്യമുള്ള കാര്യങ്ങള്‍ പറയാനാണ് ഇവന് വന്നിട്ടുള്ളത്. ഇതുപോലെതന്നെ മനുഷ്യനെ സംഭ്രമത്തിലാഴ്ത്തിക്കൊണ്ട്. യാതൊരു കൂസലുമില്ലാതെ അവന് കാറില്‍ കയറി. വളരെ ഒതുക്കത്തോടെ സീറ്റ്ബെല്‍റ്റിട്ട് യാത്രയ്ക്ക് തയ്യാറായിരിക്കുന്ന ജിനേഷിനോട് ഞാന്‍ ചോദിച്ചു.
”നീ…….. ഇപ്പോ…….. എങ്ങനെ…….”
നടന്നതൊന്നും സുഖകരമല്ലാത്തതിനാല്‍ വാക്കുകളെ കൃത്യമായൊരു വാക്യത്തിലേയ്ക്ക് അടുക്കിവെയ്ക്കാന്‍ എനിക്ക് സാധിച്ചില്ല. ജിനേഷ് പുഞ്ചിരിയോടെ മറുപടി തന്നു.
”നീയൊന്നടങ്ങ് . ചത്തെന്ന് വെച്ച് മനുഷ്യരെ കാണരുതെന്നുണ്ടോ. പ്രേതംതന്നെയാണ്. നിനക്ക് മാത്രേ കാണാന്‍ പറ്റൂ. വന്നത് പരലോകത്തൂന്നാണ്. ഒരു കാര്യം പറയണം പോണം. അതിനല്പം സമയം വേണം”
മറ്റൊന്നും ചോദിക്കാതെ അപ്പോള്‍ കിട്ടിയ ഊര്‍ജ്ജത്തില്‍ ഞാന്‍ വണ്ടിയെടുത്തു.
ചെയ്തുകൊണ്ടിരുന്ന റിസര്‍ച്ച് എങ്ങുമെത്താത്ത നിലയില്‍ ഒരു ലക്ഷ്യവുമില്ലാതെ വണ്ടിയെടുത്തിറങ്ങിയതാണ്. എവിടെയാണ് പോകുന്നതെന്നോ എന്ന് തിരിച്ചുവരുമെന്നോ സ്നേഹികയോടുപോലും പറഞ്ഞിട്ടില്ല. എന്നിട്ടും ഇവനിതെങ്ങനെ കണ്ടെത്തി. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചിലഘട്ടങ്ങളില്‍ എല്ലാ മനുഷ്യരെയും ലക്ഷ്യബോധത്തിലേയ്ക്ക് എത്തിക്കാറുള്ളതുപോലെ ഞാന്‍ താമസസ്ഥലത്തേയ്ക്ക് വണ്ടിവിട്ടു.
”ഉത്തരമില്ലായ്മ എങ്ങനെയാടോ ലക്ഷ്യത്തിലേയ്ക്ക് നയിക്കുക”
ജിനേഷ് എന്റെ മനസ്സ് കൃത്യമായി വായിക്കുന്നുണ്ട്. പേടിയകന്ന് എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
”കഴുവേറീ….. നിനക്കൊരു മാറ്റവുമില്ല. എല്ലാം പഴയതുപോലെ”
”മരണം ആരെയും മാറ്റുന്നില്ലെടോ”
”ചോദ്യങ്ങള്‍മാത്രം അവശേഷിപ്പിക്കുന്നവരാണ് ആത്മഹത്യചെയ്യുന്നത്. അവര്‍ക്ക് മരണമാണ് ലക്ഷ്യം. സംശയംകൊണ്ടും പേടികൊണ്ടും കൊലനടത്തുന്നവരും അതുതന്നെ. എല്ലാം നഷ്ടപ്പെട്ടവര്‍ ലഹരിക്ക് അടിമപ്പെടുന്നത്, നാടുവിടുന്നത്, തിരികെയെത്തി വിജയിക്കുന്നത്, എല്ലാം ഉത്തരമില്ലായ്മ തീര്‍ക്കുന്ന ലക്ഷ്യബോധമാണ്”
”നീ കൊള്ളാം…. ഞാന്‍ കരുതിയത്….. ഇത്രയും വര്‍ഷങ്ങള്‍കൊണ്ട് താനൊരു പൊട്ടനായിത്തീര്ന്നിരിക്കുമെന്നാണ്”
ഞാന്‍ ചെറുതായിയൊന്നു ചിരിച്ചു.
യൂണിവേഴ്സിറ്റിയില്‍ എം.ഫില്‍ ചെയ്യുന്ന കാലത്താണ് ജിനേഷിനെ പരിചയപ്പെടുന്നത്. അല്പം വിപ്ലവമൊക്കെയുള്ള പുരോഗമനവാദി. അദ്ധ്യാപകരും സുഹൃത്തുക്കളും അരക്കിറുക്കുള്ള ഒരുത്തനായിട്ടാണ് അവനെ കണ്ടത്. ഏഴോ എട്ടോ പത്രങ്ങള്‍ മൂന്ന് ഭാഷകളിലായി വായിക്കും. ചോറിനൊപ്പം മദ്യവും കോഴിക്കറിയും കൂട്ടിക്കുഴച്ചൊരു കോമ്പിനേഷന്‍ ഉണ്ട്. പ്ലേറ്റ് വടിച്ചതിനുശേഷമുള്ള നീണ്ടൊരു ഏമ്പക്കമായിരുന്നു ട്രേഡ് മാര്‍ക്ക്. ആളുകളെ ആശങ്കയുടെയും ഭയത്തിന്റെയും മുള്‍മുനയില്‍നിര്‍ത്തി ഏതുകാര്യവും വലുപ്പച്ചെറുപ്പമില്ലാതെ അവതരിപ്പിക്കുവാന്‍ പ്രത്യേക കഴിവാണ് ജിനേഷിന്. ഇന്ത്യന്‍ ഇക്കോണമിയില്‍ അമര്‍ത്യാസെന്നിനും രഘുറാം രാജനുംശേഷം അറിയപ്പെടാന്‍ പോകുന്ന പേരാണ് ജിനേഷ് വാസുദേവന്‍ എന്ന് ഞങ്ങളുടെ സുഹൃത്ത് ആത്മിക മുഖര്‍ജി പലപ്പോഴും പറയാറുണ്ട്. അവനോ ഞങ്ങളോ അതൊരിക്കലും മുഖവിലയ്ക്ക് എടുത്തിട്ടില്ല. ജിനേഷിന്റെ സ്വഭാവത്തില്‍ പൊതുവായിട്ടുണ്ടായിരുന്നതും എനിക്ക് നിരീക്ഷിക്കുവാന്‍ സാധിച്ചതുമായ വൈചിത്ര്യങ്ങളുമാണ് അക്കാലത്ത് നിരന്തരം എഴുതിക്കൊണ്ടിരുന്ന ഞങ്ങളുടെ മറ്റൊരു സുഹൃത്ത് ആശിഷ് വിദ്യാര്‍ത്ഥിയുടെ കഥകളിലേയ്ക്ക് ഒരു കഥാപാത്രമായി അവനെ പരിഗണിച്ചതിനുപിന്നില്. ജിനേഷിനെക്കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങളും അതിഭാവനകളും ഞാന്‍ ആശിഷുമായി പങ്കുവെച്ചു. ഒന്നാന്തരം ഒരു ഭാഷയില്‍ ചില പൊടിക്കൈകളുംചേര്ത്ത് അവനത് കഥകളാക്കി. അനന്തരം അവന്റെ കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ചില അവാര്‍ഡുകളും തേടിയെത്തി. അങ്ങനെ കിട്ടിയ പൈസയ്ക്ക് കള്ളും കോഴിക്കറിയും വാങ്ങി ജിനേഷിന് കൊടുത്തു.
”ഞാനിപ്പോള്‍ കഥയിലാണോ ജീവിതത്തിലാണോ”
ഒരിക്കല്‍ ഞങ്ങളുടെ കള്ളുസദസ്സില്വെച്ച് അവന് ചോദിച്ചു. അതിന് മറുപടി പറഞ്ഞത് ഞാനാണ്.
”നീയൊരു യാഥാര്‍ഥ്യമാണ്… അതുകൊണ്ടുതന്നെ കഥയും.”
കഥയും ജീവിതവുമായി ഞങ്ങള്‍ മുന്നോട്ടുപോയി. പഠനം കഴിഞ്ഞ് ഞാനും ജിനേഷും അതേ സര്‍വ്വകലാശാലയില്‍ ഗവേഷകരായി. ആശിഷും ആത്മികയും സ്വന്തം നാടുകളിലേയ്ക്ക് മടങ്ങി. മിക്കപ്പോഴും എന്റെ സ്രഷ്ടാവിനെ കാണാനെന്ന് പറഞ്ഞ് ജിനേഷ് ആശിഷിനടുത്തേയ്ക്ക് പോകാറുണ്ടായിരുന്നു. ഒന്നു രണ്ട് തവണ കൂടെപോകാനുള്ള എന്റെ തയ്യാറെടുപ്പുകളെ മുഴുവന്‍ അവന് തടഞ്ഞു.
”സ്രഷ്ടാവിനും സൃഷ്ടിക്കും അല്പം സ്വകാര്യത വേണം. ദയവായി അത് തകര്‍ക്കരുത്”
അവന്റെ സ്വതവേയുള്ള ഭ്രാന്ത് മുഴുഭ്രാന്തിന് വഴിമാറിയതോര്ത്ത് ഞാന്‍ സന്തോഷിച്ചു. ഒരു രാത്രി ആത്മികയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്ത എനിക്ക് ആശിഷിന്റെ മരണവാര്‍ത്ത കിട്ടി. സെക്കന്ദരാബാദിലേയ്ക്കുള്ള യാത്രയില്‍ ആശിഷ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ആശിഷിന്റെ മരണശേഷം കുറേക്കാലം ജിനേഷിനെക്കുറിച്ച് വിവരങ്ങളൊന്നുമുണ്ടായില്ല. വളരെക്കാലമായുള്ള മമ്മയുടെ നിര്‍ബന്ധത്തിനുവഴങ്ങി നാട്ടിലെത്തിയ ഒരു പകലില്‍ നഗരമധ്യത്തില്‍വെച്ച് ആപ്രതീക്ഷിതമായി ജിനേഷ് മുന്നില്‍ വന്നു.
”നീയെന്താ ഇവിടെ”
”നിന്നെ കാണാന്‍”
”ഞാനിവിടെയുണ്ടെന്നെങ്ങനെയറിഞ്ഞു”
”അതൊക്കെ അറിഞ്ഞു. പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്”
”എന്താ”
”ബ്രഹ്മാവില്ലാതെ ജീവിക്കുക പ്രയാസമാണ്. എന്തുറപ്പിലാണ് കഥാപാത്രം സ്രഷ്ടാവിന്റെ സ്മരണയില്‍ ജീവിക്കുക. എനിക്ക് സാധിക്കുന്നില്ല. ഞാനൊന്ന് സെക്കന്ദരാബാദിന് പോകുന്നു. അവന് തീര്‍ന്നുപോയ ഇടത്തേയ്ക്ക്. ചിലപ്പോള്‍ നിനക്കും വരേണ്ടിവരും”
കൂടുതലൊന്നും പറയാതെ ജിനേഷ് മടങ്ങി. ചക്കന്‍ തിരണ്ടിയുടെ വാലടിയേറ്റതുപോലെ എന്റെ ശരീരത്തിന് തളര്‍ച്ച ബാധിച്ചു. എന്ത് ഗുലുമാലായിരിക്കും ഉണ്ടാവുകയെന്നോര്‍ത്ത് ആ രാത്രിതന്നെ വീട്ടില്‍നിന്നിറങ്ങി. മൂന്ന് ദിവസത്തിനുശേഷം സെക്കന്ദരാബാദിലെ മനുഷ്യത്തിരക്കേശാത്ത മരക്കൂട്ടങ്ങള്ക്കിടയിലൊന്നില് ജിനേഷിനെ വര്ത്തുളബിംബമായി കണ്ടെത്തി. അവന്റെ മുഖം അസാമാന്യമാം വിധം വിളറിവെളുത്തിരുന്നു. ഇരുകൈപ്പത്തികളിലും രക്തം കട്ടപിടിച്ചുകിടന്നു. രക്തത്തെ തുറന്നുവിട്ടതിനുശേഷം ശ്വാസം നിലപ്പിക്കുന്ന മരണവിദ്യ പരീക്ഷിച്ച മാന്ത്രികനെപ്പോലെ ശക്തിയേറിയ കാറ്റില്‍ ജിനേഷ് ഒന്നിളകി. എനിക്കുമുന്നേ ആത്മിക അവിടെ എത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി ജിനേഷിനെ കൊണ്ടുപോയതിനുശേഷം അവള് അടുത്തുവന്നു.
”കാര്യമൊന്നുമറിയില്ല. ചിലരൊക്കെ പറയുന്നത് ആശിഷും അവനും തമ്മില്‍ പ്രണയമായിരുന്നെന്നാണ്. മ റ്റൊന്നും……”
ആത്മിക വിങ്ങലോടെ നിര്‍ത്തി. അവര്‍ തമ്മിലങ്ങനൊരു ബന്ധം വിശ്വസിക്കാന്‍ സാധിച്ചില്ല. എന്റെ അറിവിന്റെ പരിധിയില്‍ അങ്ങനൊന്നില്ല. പക്ഷേ, പലപ്പോഴുമുള്ള അവന്റെ, അതും എന്നെ ഒഴിവാക്കിക്കൊണ്ടുള്ള യാത്രകള്‍ എന്തിനായിരുന്നു. ഉത്തരമില്ലാത്ത ചോദ്യം അതിന്റെ ഉപശീര്‍ഷകങ്ങള്‍ തീര്‍ത്തു. പതിയെ ഗവേഷണവും അലച്ചിലുമായി ഞാന്‍ ചുരുങ്ങി.
”ഞാനും ആശിഷും തമ്മിലെന്തുമാകട്ടെ… അതൊന്നുമല്ല പ്രശ്നം”
ഇവന് പിന്നെയും മനസ്സ് വായിക്കുകയാണ്. പ്രേതമാണെന്നുവെച്ച് ഒരുവന്റെ സ്വകാര്യതയില്‍ ഇങ്ങനെ ഇടപെടാമോ. എനിക്ക് വല്ലാണ്ട് ദേഷ്യം വരുന്നുണ്ട്. കാര്‍ താമസിക്കുന്ന ഫ്ലാറ്റിനുമുന്നിലെത്തി.
”വണ്ടി നിര്‍ത്ത്”
ആജ്ഞയുടെ സ്വരത്തില്‍ ജിനേഷ് പറഞ്ഞു. ഞാന്‍ വണ്ടി നിര്‍ത്തി.
”ശ്രദ്ധിച്ച് കേട്ടോ… നിന്റെ പരീക്ഷണം അവസാനഘട്ടത്തിലെത്തിയിരിക്കുന്നു. രണ്ട് ദിവസിത്തിനുള്ളില്‍ അത് പൂര്‍ത്തിയാകും. എനിക്ക് പോകാനുള്ള സമയമായി”
ഇത്രയും പറഞ്ഞ് ജിനേഷ് കാറില്‍നിന്നുമിറങ്ങി. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ഒറ്റപ്പെട്ട യാഥാര്‍ഥ്യത്തിന്റെ ഭാരവുമായി ഞാന്‍ മുറിയിലേയ്ക്ക് കയറി. എത്ര ആലോചിച്ചിട്ടും അവന് പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. എന്റെ ഗവേഷണമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് പാഴായിപ്പോയ ഒന്നാണ്. എന്നേക്കാള്‍ നന്നായി അവനത് ബോധ്യമുള്ളതുമാണ്. ക്രിസ്തുവിന്റെ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതാണ്. യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരും ഗൈഡും സഹപ്രവര്‍ത്തകരും വൃഥാവിലാകുന്ന പരീക്ഷണത്തെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. ഇപ്പോഴാകട്ടെ ഏതാണ്ടൊരു പരിധിവരെ ഞാനത് ഉപേക്ഷിക്കുകയും ചെയ്തു. പിന്നെയെന്തായിരിക്കാം ജിനേഷ് ഉദ്ദേശിച്ചിട്ടുണ്ടാവുക. രാത്രിയുടെ മങ്ങിയ സമയക്രമീകരണത്തില്‍ കാറ്റ് കെട്ടഴിഞ്ഞ് വീശി. ഉറക്കത്തിന്റെ നേര്‍ത്ത ശബ്ദംപോലും മുറികടന്നെത്തിയില്ല.

വിളി
പിറ്റേന്ന് സ്നേഹിക വിളിക്കുമ്പോള്‍ ഞാന്‍ ലാബിലായിരുന്നു. ഒന്നിലും ശ്രദ്ധപതിപ്പിക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് അവളുടെ ഫോണ്‍കോള്‍ വന്നത്.
”എവിടായിരുന്നെടേയ്”
”ചെറിയൊരു യാത്ര”
”എന്ത് യാത്ര…. ഒന്ന് പറഞ്ഞിട്ട് പോയ്ക്കൂടെ…”
ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം അവള് തുടര്‍ന്നു.
”ഇന്ന് വൈകിട്ട് ഫ്രീയാണോ. സെന്റര്‍ സ്ക്വയറില്‍ കാണാന്‍ പറ്റുവോ”
”ഞാന്‍ വരാം. എത്ര മണിക്കാ”
”നാല് മണിയാകുമ്പോ പോരെ”
മറ്റൊന്നും പറയാതെ അവള് ഫോണ്‍ കട്ട് ചെയ്തു. പപ്പയും അദ്ദേഹം സഞ്ചരിച്ച എയര്‍ഇന്ത്യാ വിമാനവും കാണാതായ വിവരമറിഞ്ഞ് നാട്ടിലെത്തിയ ദിവസമാണ് സ്നേഹികയെ കാണുന്നത്. പപ്പയുടെ രണ്ടാം ഭാര്യയുടെ ആദ്യബന്ധത്തിലെ കുട്ടിയായിരുന്നവള്‍. ഞാന്‍ കാണുന്നതിനുമുന്പ് വികാസ് എന്നായിരുന്നു അവളുടെ പേര്. പഠനകാലത്തെപ്പോഴോ സ്നേഹികയായി. എന്തായിരുന്നു കാരണമെന്ന് ഒരിക്കലും ചോദിച്ചിട്ടില്ല. പക്ഷേ, ചുരുങ്ങിയ കാലംകൊണ്ട് തിരസ്കരിക്കപ്പെട്ട രണ്ടുപേര്‍ക്കിടയില്‍ സംഭവിക്കാവുന്ന ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ നടന്നു. കാണാതെപോയ പപ്പ പിന്നീട് തിരിച്ചുവന്നില്ല. ഭൂമിയിലെ എല്ലാ അത്യാധുനിക സംവിധാനങ്ങളെയും പറ്റിച്ച് എയര്‍ഇന്ത്യയുടെ വിമാനം നിഗൂഢതയിലേയ്ക്ക് ഒരു നീരാളിയെപ്പോലെ ആഴ്ന്നുപോയി.
കൃത്യം നാല് മണിക്കുതന്നെ ഞാന്‍ സെന്റര്‍ സ്ക്വയറില്‍ എത്തി. നഗരത്തിലെ തിരക്കുള്ള ഷോപ്പിംഗ് മാളായിരുന്നു അത്. പിന്നെയും പതിനഞ്ചുമിനിട്ടിനുശേഷമാണ് സ്നേഹിക വന്നത്. വന്നതേ മുഖത്തൊരു ചുംബനം നല്കി അവള് രണ്ട് കാപ്പി ഓര്‍ഡര്‍ ചെയ്തു.
”എടാ…… ഞാന്‍ നിന്നെ എത്രവട്ടം ട്രൈ ചെയ്തെന്നോ. റേഞ്ചുള്ള എങ്ങോട്ടെങ്കിലും പോയ്ക്കൂടെ നിനക്ക്”
”പെട്ടെന്നങ്ങ്…… തീരുമാനിച്ചതാ…… എന്തെങ്കിലും സീരിയസ്സായി പറയാനുണ്ടായിരുന്നോ”
അവള് അതേയെന്ന് തലയാട്ടി. അപ്പോഴേക്കും കാപ്പി വന്നിരുന്നു. ഒരിറക്ക് കാപ്പി അകത്താക്കിയിട്ട് സ്നേഹിക തുടര്‍ന്നു.
”കുറച്ചുദിവസം മുന്നേ ക്രിസ്തുരാജ് വിളിച്ചിരുന്നു”
”ഏത്…. ആ ക്രിക്കറ്ററോ”
”അതേ… എന്നെ കാണണമെന്ന് പറഞ്ഞു”
”എന്താ… കാര്യം”
”അറിയത്തില്ലാ…. നമുക്കൊന്നിച്ച് പോയാലോ”
”പോകാം… എന്നാണ്”
”നാളെ രാത്രി… ഏതോ റിസോര്‍ട്ടില്‍. അവന് ലൊക്കേഷനയയ്ക്കാന്ന് പറഞ്ഞിട്ടുണ്ട്”
ക്രിസ്തുരാജ് മെന്ഡിയെക്കുറിച്ച് സ്നേഹിക പറഞ്ഞിട്ടുള്ള അറിവേയുള്ളൂ. അവളുടെ ആദ്യത്തെയും അവസാനത്തെയും പ്രണയമായിരുന്നു. ആളൊരു ഫ്രോഡായിരുന്നതിനാല് നല്ലൊരു പണികിട്ടിയെന്നും അങ്ങനെ പിരിഞ്ഞുവെന്നുമറിയാം. കുറേക്കാലം വിദര്‍ഭയുടെ രഞ്ജിക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. കഴിഞ്ഞ ഫൈനലില്‍ സൗരാഷ്ട്രയ്ക്കെതിരെ സെഞ്ച്വറിയടിച്ചത് ടെലിവിഷനില്‍ കണ്ടതുമാണ്. പെട്ടെന്ന് പുറത്തെ ആള്‍ക്കൂട്ടത്തിനിടയില്‍ ജിനേഷിനെ കണ്ടതുപോലെ തോന്നി. അന്നേരം ക്രിസ്തുരാജ് എന്ന പേര് ക്രിസ്തുവിന്റെ ബ്ലഡ് ഗ്രൂപ്പായി ഉള്ളില്‍ ചലിച്ചു. നീണ്ടുനിന്ന നഗരപ്രദക്ഷിണത്തിനുശേഷം ഞങ്ങള്‍ ഫ്ലാറ്റിലേയ്ക്ക് തിരിച്ചുപോന്നു.
ആത്മക്കളി
താമസസ്ഥലത്തുനിന്ന് മൂന്ന് മണിക്കൂര്‍ യാത്രചെയ്യാനുണ്ടായിരുന്നു ക്രിസ്തുരാജ് പറഞ്ഞ റിസോര്‍ട്ടിലേയ്ക്ക്. രാവിലെ മുതല്‍ത്തന്നെ സ്നേഹിക ഉന്മേഷവതിയായിരുന്നു. ചുവപ്പുകളര്‍ ടോപ്പും വെള്ള പാന്റ്സുമാണ് വേഷം. ഈ വേഷത്തില്‍ അവള് സുന്ദരിയാണ്. പഴയ പ്രണയം അതിന്റെ അടഞ്ഞ വാതിലുകള്‍ തുറന്നുകൊടുക്കാന്‍ ഇപ്പോഴുള്ള സൗന്ദര്യം ധാരാളം മതി. പക്ഷേ, അപ്പോള്‍ അയാള്‍ക്ക് ഒരു കുടുംബം ഉണ്ടാകില്ലേ. അവര്‍ എന്തുചെയ്യും. ചിന്തകള്‍ പതിയെ പെരുകിത്തുടങ്ങിയപ്പോള് ജിനേഷിനെ ഓര്‍മ്മവന്നു. മനസ്സിലുള്ളതെല്ലാം വായിച്ചുകൊണ്ട് അവന് പിന്‍സീറ്റില്‍ ഇരിപ്പുണ്ടെങ്കിലോ. ഞാന്‍ പെട്ടെന്ന് പുറകിലേയ്ക്ക് നോക്കി. പ്രേതത്തിന്റെ പൊടിപോലുമില്ല.
”എന്തുപറ്റി…”
സ്നേഹിക ചോദിച്ചു. ഞാന്‍ ഒന്നുമില്ലെന്ന് തലയാട്ടി.
”ക്രിസ്തുരാജിന്റെ ഫാമിലിയെവിടെയാണ്”
”അവര്‍ മുംബൈയിലാണെന്നറിയാം. ഭാര്യയും ഒരു പെണ്‍കുട്ടിയും”
കാടിനോടുചേര്‍ന്ന് വൃത്തിയും ഭംഗിയുമുള്ള ഒരാധുനികനിര്മ്മിതിയായിരുന്നു റിസോര്‍ട്ട്. റിസപ്ഷനില്‍ ചോദിച്ചപ്പോള്‍ ക്രിസ്തുരാജിന്റെ മുറി പറഞ്ഞുതന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്ത് ക്രിസ്തുരാജ് ഇരിപ്പുണ്ട്. ബനിയനും ട്രാക്ക്സ്യൂട്ടുമാണ് വേഷം. വെളുത്ത് ആറടിപ്പൊക്കം തോന്നിക്കുന്ന ഈ മനുഷ്യന് ഞാന്‍ ടെലിവിഷനില്‍ കണ്ടതിനേക്കാള്‍ വ്യത്യസ്തനായ ഒരാളാണെന്ന് സ്നേഹികയോട് അടക്കം പറഞ്ഞു. ഞങ്ങളെ കണ്ടതേ ക്രിസ്തുരാജ് എഴുന്നേറ്റുവന്നു.
”റിസപ്ഷനില്‍നിന്നും വിളിച്ചിരുന്നു”
ഞാന്‍ ചിരിച്ചുകൊണ്ട് അയാള്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്കി.
”അല്പം നേരത്തെയാണ്”
സ്നേഹിക പുഞ്ചിരിയോടെ പറഞ്ഞു.
”നോ പ്രോബ്ലം. ഇവിടെ ഒറ്റയ്ക്കിരുന്ന് ബോറടിച്ചു”
”ഫാമിലിയില്ലേ”
”ഇല്ല…. അവര്‍ മുംബൈയിലാണ്”
സ്നേഹികയെന്നെ പരിചയപ്പെടുത്തി.
”ഇത് റാഫേല്‍ സണ്ണി… എന്റെ ബ്രദറാണ്”
അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
”എനിക്കറിയാം….. തന്റെ പപ്പായുടെ ഫാസ്റ്റ് മാര്യേജിലെ…”
”അതേ”
സ്നേഹിക അത് ശരിവെച്ചു. മുറിയിലെ ടെലിവിഷനില്‍ ഏതോ ക്രിക്കറ്റ് മത്സരം നടക്കുകയാണ്. എന്റെ നോട്ടം ടി.വി യില്‍ പതിയുന്നതുകണ്ട് ക്രിസ്തുരാജ് പറഞ്ഞു.
”മുംബൈയും കര്‍ണ്ണാടകയും തമ്മിലാണ്. മുഷ്താഖ് അലി ട്രോഫി ക്വാട്ടര്‍ ഫൈനല്‍. ഈ സീസണില്‍ ഞാനും ടീമില്‍ ഉണ്ടാവേണ്ടതായിരുന്നു”
ഞാന്‍ സംശയത്തോടെ ചോദിച്ചു.
”പിന്നെന്തുപറ്റി…”
”ഇതൊക്കെ ഒരു കളിയല്ലേ…. അവസാനനിമിഷം ക്ലീന്‍ വെട്ട്…. സൂര്യകുമാര്‍ യാദവ് ടീമിലുള്‍പ്പെട്ടു. നോക്കിയപ്പോ…. അതാ നല്ലത്. ഞാന്‍ വിരമിച്ചാലോ എന്ന് വിചാരിക്കുവായിരുന്നു. ഇതിപ്പോ ആ തീരുമാനം ഉറപ്പിക്കാന്‍ സഹായിച്ചു”
”നീ ശരിക്കും വിരമിക്കുവാണോ”
സ്നേഹിക അമ്പരപ്പോടെയാണ് ചോദിച്ചത്.
”ഉം…… പ്രായം മുപ്പത്തിയാറായി. ഇനി കളിച്ചിട്ടെന്തിനാ…. എന്തായാലും ഉയര്‍ച്ചയൊന്നും ഉണ്ടാവില്ല…”
”എന്നാലും ഇത്ര പെട്ടെന്ന്”
”അതൊക്കെ തോന്നലാ…. ഇംഗ്ലണ്ടിലും ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലുമുള്ള കളിക്കാര്‍ ഇന്റര്‍നാഷണല്‍ കരിയര്‍തന്നെ മുപ്പത്-മുപ്പത്തിരണ്ട് വയസ്സില്‍ മതിയാക്കും. നമ്മള്മാത്രേ ഇങ്ങനെ കടിച്ചുതൂങ്ങാറുള്ളൂ”
കുറച്ചുനേരം റിസോര്ട്ടിലിരുന്നശേഷം ഞങ്ങള്‍ പുറത്തേയ്ക്കിറങ്ങി. കാട്ടിനുള്ളില്‍ രാത്രി ചെലവഴിക്കാമെന്ന് ക്രിസ്തുരാജാണ് പറഞ്ഞത്. മരക്കഷണങ്ങള്‍ കൂട്ടിയിട്ട് തീ കത്തിച്ചപ്പോള്‍ മഞ്ഞിന്റെ കാഠിന്യം തെളിഞ്ഞു. ജാക്ക് ഡാനിയേല്‍സ് മൂന്ന് ഗ്ലാസിലൊഴിച്ച് ക്രിസ്തുരാജ് ഞങ്ങള്‍ക്ക് തന്നു. തുടര്‍ന്ന് സ്നേഹികയെ നോക്കി
”നിനക്കിപ്പോഴും എന്നോട് വെറുപ്പുണ്ടോ”
”അത് ജീവിതാവസാനംവരെയും തുടരും”
മദ്യം ഒരിറക്ക് കുടിച്ചശേഷം സ്നേഹിക എന്നോടായി തുടര്‍ന്നു.
”വികാസ് എങ്ങനെയാണ് സ്നേഹികയായതെന്നറിയാമോ റാഫേല്‍ നിനക്ക്”
ഞാന്‍ ഇല്ലെന്ന് ആംഗ്യം കാട്ടി. സ്നേഹിക ക്രിസ്തുരാജിനനുനേരെ വിരല്‍ചൂണ്ടിക്കൊണ്ട് പറഞ്ഞു.
”ഈ കഴുവേറിമോന്‍ കാരണമാണ്. ഇവനോടും ഇവന്റെ ക്രിക്കറ്റിനോടും എനിക്ക് പ്രേമമായിരുന്നു. അത് തുറന്നുപറഞ്ഞപ്പോള്‍ പെണ്ണായി വരാന്‍ പറഞ്ഞു. കാര്യം വീട്ടില്‍ അറിയിച്ചപ്പോള്‍ മമ്മ അതിന് സമ്മതിച്ചില്ല. പപ്പയായിരുന്നു ആശ്രയം. പാവത്തിന് എന്നെ അത്ര ഇഷ്ടായിരുന്നു. പപ്പയുടെ നിര്‍ബന്ധത്തിന് മമ്മ വഴങ്ങി. മൂന്ന് വര്‍ഷമാണ് നാല് ഓപ്പറേഷന് ഈ ശരീരം വഴങ്ങിയത്. രൂപത്തിലും ശബ്ദത്തിലും പെണ്ണായി. വികാസ് സ്നേഹികയായി. ഉടുത്തൊരുങ്ങി ഇവന് മേയാന്‍ നിന്നുകൊടുത്തു. കല്യാണത്തിന് ഒരുങ്ങാന്‍ പറഞ്ഞുപോയവന്‍ വേറൊരുത്തിയെ കെട്ടി. നശിച്ചുപോകുമായിരുന്ന ജീവിതം പപ്പയാണ് തിരികെ തന്നത്. കാണാതാവുമുമ്പുള്ള ദിവസം എയര്‍പോര്‍ട്ടില്‍വെച്ച് അദ്ദേഹം പറഞ്ഞത് ഞാനില്ലായെങ്കിലും റാഫേല്‍ നീയുണ്ടാകും എന്റെ കൂടെയെന്നാണ്”
സ്നേഹിക ഗ്ലാസ്സിലെ മദ്യം മുഴുവനാക്കി.
”എല്ലാ…. തെറ്റുകള്‍ക്കും ഒരിക്കല്‍ തലകുമ്പിട്ടിരുന്ന് കാലത്തോട് മാപ്പിരക്കേണ്ടിവരും സ്നേഹികാ…”
ക്രിസ്തുരാജ് വിറയാര്‍ന്ന ശബ്ദത്തോടെ പറഞ്ഞു.
”നിനക്കറിയോ എന്റെ മകള്‍ വിമക, പത്തുവയസ്സേയുള്ളൂ, ഒരാഴ്ച മുന്‍പ് അവള് മരിച്ചു. കൊന്നതാണ്. സ്കൂള്‍വിട്ട് വരുന്നവഴി ആരൊക്കെയോചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. ബ്രൂട്ടല്‍ റേപ്പായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞത്. കൊന്നശേഷം ദാദറിലെ തെരുവിലുപേക്ഷിക്കുവായിരുന്നു.”
ഇത് പറയുമ്പോള്‍ ക്രിസ്തുരാജിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ഉള്‍ക്കിടിലത്തോടെ സ്നേഹികയെ നോക്കി. അവള് നിര്‍വികാരതയോടെ അയാളെത്തന്നെ ഉറ്റുനോക്കുകയാണ്. പെട്ടെന്ന് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് അവള് ക്രിസ്തുരാജിന്റെ അടുത്തേയ്ക്ക് ചെന്നു. അവളുടെ നിറഞ്ഞ മാറിലേയ്ക്ക് കുറ്റബോധംകൊണ്ടും ഓര്‍മ്മകള്‍കൊണ്ടും ക്ഷീണിച്ചുപോയ അയാളുടെ മുഖത്തെ ചേര്‍ത്തുവെച്ചു. അത്രയും സൂക്ഷ്മതയോടെ അവന്റെ തലയില്‍ പതിയെ തലോടി. നിഷ്കളങ്കമായ പുഞ്ചിരിയോടെ നെറ്റിയില്‍ ചുംബിച്ചു. എന്നിട്ട് നീണ്ടുകട്ടിയുള്ള മുടിക്കെട്ടില്‍നിന്നും ചെറിയൊരു കത്തിപുറത്തെടുത്തു. രാത്രിയുടെ കവചങ്ങളെ മുറിച്ച് ഒരു കൊള്ളിയാനെപ്പോലെ അതൊന്ന് തിളങ്ങി. ചേര്‍ത്തു പിടിച്ച അയാളുടെ തലനേരെയാക്കി പ്രപഞ്ചത്തിലെ ആദ്യത്തെ ചുംബനത്തിലെന്നവിധം ആയുധംകൊണ്ട് കഴുത്തില്‍ സാവധാനം വരഞ്ഞു. തെരിചിറങ്ങിയ രക്തത്തിനൊപ്പം ഒരു പിടച്ചിലോടെ ക്രിസ്തുരാജ് നിലത്തുവീണു. അവിശ്വസനീയമായ കാഴ്ചകളുടെ തിരവെട്ടലില് അമ്പരന്നുനിന്ന എന്നെ നോക്കി അവള് അലര്‍ച്ചയോടെ പറഞ്ഞു:
”ഈ ഭൂമിയിലെ യാതൊന്നിനെയും ഈ ചെറ്റയ്ക്ക് സംരക്ഷിക്കാന്‍ പറ്റില്ല. ചത്ത് തീരട്ടെ നാറി…”
പൊടുന്നനെ മഞ്ഞുവീഴ്ചയുടെ ഭാരം കൂടി. പരസ്പരം കാണാനാകാത്തവിധം മഞ്ഞ് ഞങ്ങളെ മറച്ചു. ഞാന്‍ സ്നേഹികയെയും ക്രിസ്തുരാജിനെയും മാറി മാറി വിളിച്ചു. ആരും മറുപടി തന്നില്ല. ഭയംകൊണ്ട് വിറച്ചു നില്ക്കുമ്പോള് കാലിലൊരു പിടിവീണു. നിലത്ത് ക്രിസ്തുരാജ് ചോരയില്‍ കുളിച്ചുകിടക്കുന്നു. അയാളുടെ ഉടല് താങ്ങിപ്പിടിക്കുമ്പോള് ജീവന്റെ അവസാനത്തെ ഇലയനക്കം അടര്‍ന്നുവീഴുന്നത് ശക്തിയേറിയ ഇരച്ചിലോടെ അറിഞ്ഞു. കൈകളില്‍ പതിഞ്ഞ ചുടുരക്തം ഞാന്‍ മണത്തുനോക്കി. എന്റെ അറിവിന്റെ പരിമിതിയിലേയ്ക്ക് ക്രിസ്തുവിന്റെ ചോരയുടെ മണം കുത്തിയിറങ്ങി. പറ്റാവുന്നത്ര ഉച്ചത്തില്‍ ഞാന്‍ സ്നേഹികയെ വിളിച്ചു. തൊട്ടുമുന്‍പ് ഒരു പിടച്ചിലോടെ അവസാനിച്ച ക്രിസ്തുരാജിന്റെ ശരീരം ഭൂത കാലം ഏറ്റെടുക്കുന്ന പ്രക്രിയയിലേയ്ക്ക് ഞാനൊന്ന് കണ്ണടച്ചു. തളര്‍ന്നുപോയ ശരീരം വലിച്ചെടുത്ത് മഞ്ഞിനെ വകഞ്ഞുമാറ്റിയോടുമ്പോള് ക്രിസ്തുവിന്റെ ബ്ലഡ് ഗ്രൂപ്പ് ഒരു ചോദ്യചിഹ്നംപോലെ പുറകേയോടി. കോടനിറഞ്ഞ വഴികളിലെവിടെയെങ്കിലും പ്രധാനപ്പെട്ട ഒരു കാര്യവുമായി ജിനേഷ് കാത്തുനില്ക്കുന്നുണ്ടാവും.
