
പ്ലാത്ത ഓ പ്ലോമോ*

ടിനോ ഗ്രേസ് തോമസ്
യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിനായി ഉണ്ടാക്കിയിരിക്കുന്നു; അനര്‍ത്ഥദിവസത്തിനായി ദുഷ്ടനെയും കൂടെ. ദുഷ്ടത പ്രവര്‍ത്തിക്കുന്നത് രാജാക്കന്മാര്ക്ക് വെറുപ്പ്; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നു.
സദൃശവാക്യങ്ങള്‍ : 16 : 4,12
You cannot run faster than a bullet
Idi Amin**
ഏകാധിപതികളുടെ മഞ്ഞുകാലവസതിയിലേയ്ക്ക് കാറ്റുപോലെ സ്വപ്നമെത്തി. സ്വപ്നത്തുടര്ച്ചയുടെ കെട്ടുകമ്പിപ്പിടിത്തത്തില്നിന്നും നാലാം തവണയും ഇദി അമിന്‍ ഞെട്ടിണര്ന്നു. ജാലകക്കാഴ്ചയില്‍ നക്ഷത്രങ്ങളും ചന്ദ്രനും ആകാശവും മാറ്റമില്ലാതെ നിലകൊണ്ടു. തൊട്ടുത്തൊട്ടുനിന്ന വാഴയിലകളെ ഓളംതല്ലിച്ച് രണ്ട് ചിറകുകള് പാഞ്ഞുപോയി. മിന്നായം പോലെ കണ്‍മറയാന്‍ കറുത്ത വവ്വാലുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇദി അമിന്‍ തൊണ്ടക്കുഴിയില്വെച്ച് ശബ്ദമലിനീകരണം സംഭവിക്കാന്‍ തുടങ്ങി. പാതിയടഞ്ഞ വാതില്‍ തള്ളിത്തുറന്ന് ഖദീജുമ്മ അകത്തേയ്ക്ക് കയറി.
‘ന്റെ പുള്ളേ ഉമ്മാന്റെ ഒറക്കം കെട്ത്താനായിട്ട് നീയ് ഇത്രപ്പോന്ന സൊപ്നെന്താ കാണണേ’.
‘ഉമ്മ ഒറങ്ങിക്കോ…. എനിക്ക് കൊഴപ്പില്ല’.
‘അല്ലേലും കെട്ടും പേറും കഴിഞ്ഞാ പെണ്ണിന് ബേജാറിന്റെ കാലല്ലേ. അതിപ്പോ എത്ര വേണ്ടാവെച്ചാലും’.
ഖദീജുമ്മയുടെ സങ്കടങ്ങള്‍ പരിദേവനത്തിലേയ്ക്ക് ക്രമപ്പെടുത്തുംമുന്പ്, അവന് അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു.
‘ഉമ്മ പൊയ്ക്കോ…… ഇനി പേടിക്കണ്ടാ… ഞാന്‍ കെടക്കാന്‍ പോക്വാ…’
അവര്‍ വാതില്‍ചാരി തന്റെ മുറിയിലേയ്ക്ക് പോയി കിടക്കാന്‍ തുടങ്ങുമ്പോള്‍ നാസര്‍ കണ്ണുതുറക്കാതെ പറഞ്ഞു.
‘ഓന്റെ കഴപ്പിന്…. നീയേ പോകൂ…. ഇദി അമിനെ പറയിക്കാന്‍…… ഓരോ ജന്മങ്ങള്….’
ഖദീജുമ്മയ്ക്ക് ദേഷ്യം വന്നു. വലതുവശത്തേയ്ക്ക് ചരിഞ്ഞുകിടന്ന് നാസര്‍ കേള്‍ക്കാന്‍ പാകത്തില്‍ പറഞ്ഞു
‘കൊന്നും തിന്നും ജീവിച്ചൊര് വിര്ന്ന് വരണ വീട്ടില്‍, ഇത്തിരിപ്പോന്ന ചെക്കന്മാര് പേടിച്ചെന്നിരിക്കും. അയിന് ഓനെ പറയണ്ട…’
അത് കേള്‍ക്കാത്തമട്ടില്‍ നാസര്‍ ഉറക്കത്തിലേയ്ക്ക് ഉള്‍വലിഞ്ഞു.
മുറിയിലെ ഇരുട്ടില്‍ കണ്ണുമിഴിച്ച് കിടക്കുമ്പോള്‍ ഇദി അമിന്‍ തന്നോട് ആഴത്തില്‍ വെറുപ്പ് തോന്നി. പകലോ രാത്രിയോയെന്ന വ്യത്യാസമില്ലാതെ താന്‍ ആക്രമിക്കപ്പെടുകയാണ്. ഇദി അമിന്‍ ഒരു ചരിത്രപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മരിച്ചുപോയവരുടെ ഭൂമിയിലേയ്ക്കുള്ള വരവ് വെറുതേയല്ല. പ്രത്യേകിച്ചും ഏകാധിപതികളുടെ മഞ്ഞുകാലവസതിയിലേയ്ക്കുള്ള വരവ്. ആലോചിക്കുന്തോറും അവന് നെഞ്ചെരിപ്പ് കൂടിവന്നു. ഒരിക്കല്‍ക്കൂടി സ്വപ്നത്തില്നിന്നല്ലാതെ അലറാന്‍ തോന്നി. എത്ര ഇറുക്കിയടച്ചാലും തുറക്കപ്പെടുന്ന കണ്ണുകളുമായി രാത്രിയെ അരിച്ചെടുക്കവേ, നുസ്രത്ത് ഫത്തേഹ് അലിഖാന് നാവിന് തുമ്പില്‍ താളമിടാന്‍ തുടങ്ങി. വിരസതയെ ചവിട്ടിയകറ്റാനുള്ള ഏറ്റവും നല്ല ആയുധമാണ് സംഗീതം. അതില്‍ ലയിച്ചിരിക്കേ സ്വപ്നത്തകര്‍ച്ചയുടെ ഗുഹാഭിത്തിക്കുള്ളില്നിന്നും ഉറക്കമതിന്റെ പുരാവൃത്തില് ചിലങ്കകെട്ടി കയറിവന്നു.

പിറ്റേന്ന് പകലില്‍ ദി ലാസ്റ്റ് സമുറായ് എന്ന സിനിമ ലാപ്ടോപ്പില്‍ കണ്ടുകൊണ്ടിരിക്കെ ആരോ തോളില്‍ കൈവെച്ചു. ഞെട്ടിത്തിരിഞ്ഞപ്പോള്‍ ഇദി അമിന്‍ തൊട്ടുമുന്നിലുണ്ട്. അയാളെ കണ്ടതും അവന് കണ്ണുകള്‍ തള്ളി അല്പം പുറകോട്ട് ചാഞ്ഞു. പെട്ടെന്ന് പുഞ്ചിരിയോടെ ഇദി അമിന്‍ കസേരക്കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചു. അടുത്തനിമിഷം ഇറങ്ങിയോടാനുള്ള ചിന്ത അമിന്റെ കരബലത്തിനുള്ളില്‍ ഞെരുങ്ങിത്തീര്ന്നു.
‘നീ എന്തിനാണ് എന്നെ പേടിക്കുന്നത്’
ഒന്നും മിണ്ടാതെയിരിക്കുന്ന അവനെ സൂക്ഷ്മം നോക്കിയിട്ട്, അമിന്‍ പുഞ്ചിരിയോടെ തുടര്‍ന്നു.
‘ഇന്നലെയുള്‍പ്പെടെ നാല് തവണയാണ് നീയെന്നെ സ്വപ്നത്തില്‍നിന്നും പുറത്താക്കിയത്’.
‘നിങ്ങളെ എനിക്കിഷ്ടല്ലാ’
‘എന്നെ നീ ഇഷ്തപ്പെടാതിരിക്കുകയെന്നാല് നീ നിന്നെത്തന്നെ വെറുക്കുന്നു എന്നാണ്. നീയും ഞാനും ഇദി അമിനാണ്. ഇദി അമിന്‍ സ്വയം വെറുക്കാറില്ല. വെറുക്കുന്നവരെ സ്നേഹിക്കാറുമില്ല’.
‘സത്യമായും ഞാന്‍ നിങ്ങളെ വെറുക്കുന്നു. ഇദി അമിന്‍ എന്ന എന്റെ പേരിനേയും. ഈ സങ്കീര്ണ്ണതകളിലെന്നെപ്പെടുത്തിയ ഉപ്പേയേയും’.
പഴയ പ്രതാപത്തില്നിന്നെന്നപോലെ ഇരിപ്പിടത്തില്‍നിന്നും അമിന്‍ ചാടിയെഴുന്നേറ്റു.
‘ഇപ്പോള്‍ നിന്നോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. നീയൊരു പടുവിഡ്ഢിയും ഭീരുവുമാണ്. തീര്‍ച്ചയായും നീയെന്നെ കേള്‍ക്കേണ്ടിവരും’.
ശക്തിയായി വീശിയ കാറ്റില്‍ പൊടിപടലങ്ങള്മാത്രം ബാക്കിയാക്കി ഇദി അമിന്‍ അപ്രത്യക്ഷനായി. സിനിമ അതിന്റെ ആകാംക്ഷാഘട്ടത്തിലെത്തി. ലാപ്ടോപ് മാറ്റിവെച്ച് അവന് പുറത്തേക്കിറങ്ങി. ആദ്യമായിട്ടെന്നപോലെ വീടിനെ നോക്കി.
മുല്ലപ്പൂവിപ്ലവത്തിന്റെ കാലത്ത് അവന്റെ ഉപ്പ നാസര്‍ ട്യൂണീഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്നു. അന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് അബിദിന് ബെന്‍ അലിയോട് അയാള്‍ക്ക് വലിയ ആരാധനയായിരുന്നു. ചെറുപ്പം മുതലേ ഭൂമിയിലെ എകാധിപതികള്ക്കുവേണ്ടി ഒരു മഞ്ഞുകാലവസതി നിര്‍മ്മിക്കുകയായിരുന്നു നാസറിന്റെ ലക്ഷ്യം. പതിനാല് വര്‍ഷംകൊണ്ട് നിര്‍മ്മിച്ച വീട് അവരുടെ വരവിനായി കാത്തിരുന്നു. ഹിറ്റ്ലര്‍, മുസ്സോളിനി, സദ്ദാം ഹുസൈന്, ഹൊസ്നി മുബാറക്ക്, ഗദ്ദാഫി, ഇദി അമിന്‍, കിം കുടുംബം തുടങ്ങിയവരെല്ലാം വീട്ടുചുമരില്‍ സാമ്രാജ്യം തീര്‍ത്തു. എകാധിപതികളോടുള്ള അയാളുടെ കടുത്ത ആരാധനയാണ് തന്റെ ആണ്മക്കള്ക്ക് ഇദി അമിന്‍ എന്നും സദ്ദാം ഹുസൈന് എന്നും പേരിടാന്‍ കാരണം. തന്റെ പതിമൂന്നാം വയസ്സില്‍ എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍നിന്നും ഹിറ്റ്ലറിന്റെ മരണവിധം വായിച്ചലറിക്കരഞ്ഞതിനുശേഷം അയാള്‍ നെഞ്ചത്തടിച്ച് നിലവിളിച്ചത് ഗദ്ദാഫിക്ക് വെടിയേറ്റപ്പോഴായിരുന്നു. ഒറ്റയാന് ഭരണകൂടങ്ങള്‍ കടപുഴകിത്തുടങ്ങിയപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട കുതിരയെപ്പോലെ നാസര്‍ എവിടെയൊക്കെയോ തീര്‍പ്പുകളില്ലാതെ അലഞ്ഞു. ഒടുവില്‍ സിറിയ കൈവിട്ടുപോയിട്ടില്ലായെന്നതായിരുന്നു അയാളെ കുറച്ചെങ്കിലും ശാന്തനാക്കിയത്.
പുറത്ത് സദ്ദാമും മുംതാസും ചെടികള്‍ നനയ്ക്കുകയാണ്. ഇദി അമിന്‍ തന്റെ സഹോദരിയെ സൂക്ഷിച്ചുനോക്കി. ഏകാധിപതികള്‍ ക്രൂരമായി പ്രണയിക്കുന്നവരാണ്. എത്രവട്ടമാണ് അമിന്‍ പ്രണയിച്ചത്, വിവാഹം കഴിച്ചത്. എത്രയോ പൈങ്കിളി നോവലുകളാണ് ചോരച്ചൂടില്‍ സദ്ദാം പടച്ചുണ്ടാക്കിയത്. ലോകത്തിന്റെ രാസതത്വംതന്നെ പഞ്ഞിയിലൊളിപ്പിച്ച മൊട്ടുസൂചികളാണ്. മുംതാസിന്റെ കൈകളുടെ മനോഹാരിതയിലേക്ക് നോക്കിയപ്പോള്‍ അമിന്‍ പൂവുകളോട് സഹതാപം തോന്നി. ആയിരക്കണക്കിന് കൈപ്പത്തികള്‍ ഒരിക്കല്‍ വീട്ടിലേക്കു മാര്‍ച്ചുചെയ്ത് വരുമെന്നും ഷാജഹാനുള്ള ഉപകാരസ്മരണയായി മുംതാസിനെ ചിത്രവധം നടത്തുമെന്നും അവന് തോന്നി. എങ്ങോട്ട് പോകുന്നുവെന്ന ചോദ്യത്തെ അവഗണിച്ച് അവന് നടക്കാന്‍ തുടങ്ങി.
നടത്തത്തിനിടയില്‍ ചേമ്പിന്തണ്ടുകളുടെ വലിയൊരളവിനെ മെതിച്ചുകൊണ്ട് ഇദി അമിന്‍ വീണ്ടും വന്നു. ഇത്തവണ കൈയ്യില്‍ സുരക്ഷയ്ക്കെന്നപോലെ ഒരു പിസ്റ്റ്ളുണ്ടായിരുന്നു. അവന് ചെറിയ ഭയം തോന്നി. ഇടവഴി തിരിയുന്നിടം വലിയൊരു മൈതാനമാണ്. എല്ലാ വൈകുന്നേരങ്ങളിലും യുവാക്കളും കുട്ടികളും അവിടെ കാല്പന്ത് കളിക്കാറുണ്ട്. തോക്കും മൈതാനവും ഒരുമിച്ച് കണ്ടപ്പോള്‍ താന്‍ നൈല്മാഷനിലോ കംപാലയിലോ നാല് ദശകങ്ങള്ക്കുമുന്പ് നടന്ന കൂട്ടക്കുരുതിക്കുമുന്നില്‍ നില്ക്കുന്നതായി അവന് തോന്നി.
‘ദയവായി നിങ്ങളെന്നെ വിട്ടുപോകൂ……’
നിസ്സഹായതയോടെ അമിന്‍ പറഞ്ഞു.
‘എടാ… ചള്ള് ചെക്കാ എനിക്ക് നിന്നോട് പുച്ഛം തോന്നുന്നു. ഞാന്‍ ജീവിച്ചിരുന്നുവെങ്കില്‍ മെക്കരേറെ യൂണിവേഴ്സിറ്റിയിലെ അനുശോചനയോഗങ്ങളില്‍ ഒന്നുമാത്രമാകുമായിരുന്നു നീ’.
‘പ്രേതമായിരിക്കെത്തന്നെ നിങ്ങളെന്നെ കൊല്ലുകയാണ്’.
‘എല്ലാ ഏകാധിപതികളോടും നിനക്ക് വെറുപ്പാണോ?’
ഒരു നിമിഷം പോലും ആലോചിക്കാതെ അവന് മറുപടി കൊടുത്തു.
‘അതെ’.
‘അപ്പോള്‍ സ്റ്റാലിനും ഫിഡല്‍ കാസ്ട്രോയും എകാധിപതികളല്ലേ? അവരോട് നിനക്കെന്ത് തോന്നുന്നു?’
ഇദി അമിന്‍ ഗതികിട്ടാതലയുന്ന ഇദി അമിനോടുള്ള ഭയം കെട്ടുതുടങ്ങി. അയാള്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
‘ഇഷ്ടം തോന്നുന്നു’
‘എന്തുകൊണ്ട്?’
‘സ്റ്റാലിനില്ലായിരുന്നെങ്കില് ഹിറ്റ്ലര്‍ ദുനിയാവ് മുഴുക്കെ വിഴുങ്ങിയേനെ. കാസ്ട്രോയില്ലായിരുന്നെങ്കില് അമേരിക്കയുടെ ഹുങ്ക് എന്തുമാത്രം കൂടിയേനെ’.
മരിച്ചുപോയവന്റെ മുഖത്ത് കോപത്തിന്റെ നരിച്ചീറുകള്‍ നിഴല്‍ വീഴ്ത്താന്‍ തുടങ്ങി. കറുത്ത് ബലിഷ്ഠമായ ശരീരം കൂടുതല്‍ കൂടുതല്‍ കറുത്തു. പ്രേതം ജീവിച്ചിരിക്കുന്നവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. അമിന്‍ ശ്വാസം മുട്ടുകയും കണ്ണുകള്‍ മിഴിച്ചുതള്ളുകയും ചെയ്തു. അവന് തന്റെ അപരനെ ആഞ്ഞുതൊഴിച്ചു. അതാകട്ടെ ജലത്തോടുള്ള പടവെട്ടല്പോലെ വ്യര്‍ത്ഥവുമായിരുന്നു. കൈക്കുള്ളില്‍ കുരുങ്ങിനില്‍ക്കുന്ന ഇര ഇപ്പോള്‍ മരിച്ചുപോയേക്കുമെന്ന ഘട്ടത്തില്‍ യുഗാണ്ടയുടെ അമിന്‍ ദാദ തന്റെ കൈകള്‍ സ്വതന്ത്രമാക്കി. ജീവിച്ചിരിക്കുന്ന അമിന്‍ താഴേവീണ് പിടഞ്ഞു. ഒന്നരപതിറ്റാണ്ട് മുന്‍പ് മണ്മറഞ്ഞവന്റെ കനപ്പെട്ട ശബ്ദം പുറത്തേക്കിറങ്ങി.
‘നിനക്ക് എകാധിപതികളെ ശരിക്കറിയില്ല. ഭയമാണ് ഏറ്റവും വലിയ ആയുധം. അത് മുതലെടുക്കുന്നവനാണ് വിജയിക്കുക. നിന്നെ ഞാന്‍ മുതലെടുക്കുന്നപോലെ. നീയൊരു ഫാസിസ്റ്റാണെങ്കില്‍ മൈതാനത്ത് പന്ത് തട്ടുന്ന നിന്റെ ശത്രുക്കളെ വെടിവെച്ചുകൊല്ലാം. ഒരു ചെറ്റയും ചോദ്യം ചെയ്യില്ല. വര്‍ഷങ്ങളായി നീ ഒളിപ്പിച്ച പ്രണയം സ്വന്തം കാല്ക്കീഴില്ക്കിടന്ന് സമ്മതത്തോടെ ജീവനുവേണ്ടി യാചിക്കും. ഏത് വാതിലും താനേ തുറക്കുന്ന മന്ത്രമാണ് ഭയം’
ഇത്രയും പറഞ്ഞ് ഇദി അമിന്‍ വായുവില്‍ മറഞ്ഞു. എത്ര വലിയ വേദനയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ അവന് പൊട്ടിക്കരയുവാന്‍ തോന്നി. എല്ലാ മാര്ട്ടിന് ലൂഥര്മാരും അധികാരത്തോട് പോരടിക്കാറുണ്ടോ? മുഴുവന്‍ നാരായണന്മാരും ഒറ്റ ജാതിക്കും ദൈവത്തിനും വേണ്ടി വാദിക്കുമോ? ഏതെല്ലാം ജെസ്സി ഓവന്സുമാരാണ് വിവേചനത്തിനെതിരെ ഓടി വിജയിച്ചിട്ടുള്ളത്? ഓര്‍ക്കുന്തോറും അമിന്‍ ഉള്ച്ചൊരുക്ക് പെരുകി. എഴുന്നേല്ക്കാന് തുടങ്ങുമ്പോള്‍ കൈയ്യിലെന്തോ തടഞ്ഞു. സന്ധ്യയിലേക്ക് കടക്കുംമുന്‍പുള്ള ഇത്തിരി വെട്ടത്തില്‍ അയാള്‍ കണ്ടു, ഏകാധിപതിയുടെ കൈത്തോക്ക്.

അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും ഇദി അമിനുവേണ്ടി അവന് കാത്തിരുന്നു. പതിവിന് വിപരീതമായി യുഗാണ്ടയുടെ പ്രസിഡന്റായിരുന്നപ്പോള്‍ ധരിച്ചിരുന്ന ഔദ്യോഗിക വേഷത്തിലായിരുന്നു ഇദി അമിന്‍ ദാദയുടെ വരവ്. തോളിലും നെഞ്ചിലും സ്ഥലംതികയാതെ ബഹുമതികള്‍ പുറത്തേയ്ക്കുന്തിനിന്നു. ആ വരവില്‍ കോര്‍ട്ട് മാര്‍ഷലിന് വിധിക്കപ്പെട്ട യുഗാണ്ടയിലെ വിമത പട്ടാളക്കാരനാണ് താനെന്ന് ഭൂമിയിലെ അമിന്‍ തോന്നി. വന്നതേ വലത്തെ കാലുകൊണ്ട് മുന്നിലുള്ള കസേരവലിച്ചിട്ട് പഴയ പ്രസിഡന്റ് അവനഭിമുഖമായിട്ടിരുന്നു.
‘ഇന്ന് രാത്രി നിന്നെ ഞാന്‍ എകാധിപതിയാക്കും’
‘ഇന്ന് രാത്രി നിങ്ങളെ ഞാന്‍ കൊല്ലും’
‘അതിനുള്ള ധൈര്യം നിനക്കില്ല’
ജീവിച്ചിരിക്കുന്ന അമിന്‍ പുഞ്ചിരിച്ചു. ശബ്ദത്തെ സമയാനുസൃതം നിയന്ത്രണ വിധേയമാക്കിക്കൊണ്ട് അയാള്‍ മറുപടി നല്കി.
‘അതിനുള്ള ധൈര്യം എനിക്ക് മാത്രമേയുള്ളൂ. ക്രൂരനായ ഒരു ഭരണാധികാരി ഭൂമിയിലുണ്ടായിക്കൂടാ. ഇദി അമിന്‍, ഇദി അമിനാല് കൊല്ലപ്പെടണം’
പ്രസിഡന്റിന്റെ ഇടനെഞ്ചുനോക്കി അവന് ആഞ്ഞുതൊഴിച്ചു. കസേരയില്‍നിന്നും തെറിച്ചുവീണ അമിന്‍ ദാദ എഴുന്നേല്‍ക്കുംമുന്‍പ് തുരുതുരാ ചവിട്ട് വീണു. മുഖത്തും ചുണ്ടിലും ചോര പടര്‍ന്നു. രക്ഷിക്കാന്‍ ആരുമില്ലാത്ത നിസ്സഹായതയില്‍ എതിരാളിയെ തള്ളിമാറ്റി കഴിഞ്ഞനൂറ്റാണ്ടില് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോഴെന്നപോലെ പ്രാണനും കൊണ്ടോടി. ഇദി അമിന്‍ ഒരു സത്വത്തെയെന്ന കണക്ക് അയാളെ പിന്തുടര്ന്നു. പ്രേതത്തെ മനുഷ്യനിട്ടോടിക്കുന്ന കാഴ്ചയിലേക്ക് പ്രകൃതിയും ജീവജാലങ്ങളും കണ്ണുതുറിച്ചിരിപ്പായി. അസംഖ്യം പ്രാണികളുടെ മൂളക്കവുമായി കറുത്ത വവ്വാലുകളുടെ കൂട്ടത്തിലേക്ക് അമിന്‍ മറഞ്ഞു. തല്‍ക്ഷണം അവയത്രയും ഇദി അമിന്‍ ദാദയായി രൂപമെടുക്കുമെന്ന ഉറപ്പില്‍ ഇദി അമിന്‍ ഉന്നംപിടിച്ചു. കറുത്ത വവ്വാലുകളുടെ കൂട്ടം ചിന്നിച്ചിതറി. ഏകാധിപതികളുടെ മഞ്ഞുകാലവസതിയില്നിന്നും ഒരു നിലവിളി ഉയര്‍ന്നുപൊങ്ങി.
- Plata o Plomo – കുപ്രസിദ്ധ മാഫിയ തലവന്‍ പാബ്ലോ എസ്കോബാറിന്റെ പ്രശസ്ത വാചകം. സ്പാനിഷ് ഭാഷയില്‍ വെള്ളിയും ലെഡും എന്ന് അര്‍ത്ഥം. തന്റെ കള്ളക്കടത്ത് വസ്തുക്കള്‍ പരിശോധിക്കാന്‍ എത്തിയിരുന്ന ഉദ്യോഗസ്ഥരോട് പണം മേടിച്ച് കടത്തിവിടണോ അതോ വെടിയുണ്ടകൊണ്ട് ജീവന് നഷ്ടപ്പെടുത്തണോ എന്ന് ചോദിച്ചിരുന്നു എസ്കോബാര്‍.
** ഇദി അമിന്‍ – യുഗാണ്ടയുടെ ക്രൂരനായ ഏകാധിപതി. 1971 മുതല്‍ 1979 വരെയുള്ള ഭരണകാലത്ത് ആയിരക്കണക്കിന് മനുഷ്യരെ നിഷ്കരുണം കൊന്നൊടുക്കി.