
നിന്നെ കാണാതാകൽ/ ചെമ്പരത്തിക്കാട്

ടിനോ ഗ്രേസ് തോമസ്
എന്നത്തേയും പോലെ
ഞാൻ ജോലിക്ക് പോകുന്നു.
അതിനുശേഷമെപ്പോഴോ ആയിരിക്കണം
നീ അപ്രത്യക്ഷമായത്.
അങ്ങനെയിരിക്കെ
നിന്നെ കാണാതായെന്ന്
ഞാനാരോട് പരാതിപ്പെടും.
നീയില്ലാത്ത വീട്ടിൽ
നിൻ്റെമാത്രം,
സത്യമായും നിൻ്റേത് മാത്രമായ
മണങ്ങളെടുത്ത്
മറിച്ചുനോക്കുന്നു.
നമുക്ക് ജനിക്കാതെപോയ
കുഞ്ഞുമക്കളുടെ
കൊഞ്ചലുകൾ
മുറിക്കുള്ളിൽ
ഓളം തല്ലുന്നു.
നിനക്കേറ്റം ഇഷ്ടപ്പെട്ട
പാട്ടുകളിലോ
ചെവിയിൽ
അടരിടാത്ത
ശബ്ദങ്ങളിലോ
നീയുണ്ടാവുമെന്നോർത്ത്
അവയെ
കീറിനോക്കുന്നു.
പറമ്പിൽ
നമ്മൾ കൂടൊരുക്കിക്കൊടുത്ത
കാറ്റിൻ കൂട്ടത്തോട്
നിന്നെപ്പറ്റി ചോദിക്കുന്നു.
അവയോ
നീ പാടാറുള്ള
ഇല്ലിക്കവിത
മറുപടിയാക്കുന്നു.
പൊന്നുതമ്പുരാനേയെന്ന് വിളിക്കണമെന്നുണ്ട്,
ഒരുപക്ഷേ
അങ്ങേരുടേതാണ് ചെയ്തിയെങ്കിൽ
തിരിച്ച് തന്നേക്കുമോ.
എൻ്റേതാണെന്ന ഉറപ്പിൽ
നിന്നോടെന്തെല്ലാം ചെയ്തിരിക്കുന്നു.
അതിലെത്ര
കരഞ്ഞും ചിരിച്ചുമിരിക്കുന്നു നീ.
സത്യമായും എൻ്റേതാണെന്ന
ഉറപ്പിലായിരുന്നു.
നീ പോയതിൻശേഷം
ഞാൻ പലതായി പിരിഞ്ഞ്
നമ്മുടെ വീടാകെയലഞ്ഞ്
കൈതമുള്ളുകൾക്കിടയിൽ
കൂണുപോലെ
മുളച്ചുപൊന്തിയ
ചെമ്പരത്തിക്കാടായി.