മരണം കൈയ്യൊഴിഞ്ഞ ജീവിതം

തോമസ് ചെറിയാന്
ആഴമാര്‍ന്ന കിണറിന്റെ വന്യതേം ഒരുമുഴം കയറിന്റെ കാല്പനികതേം രണ്ടുതുള്ളി വിഷത്തിന്റെ സ്നിഗ്ദ്ധതേം മരണമുഖത്തെ പുണര്ന്നപ്പോഴെല്ലാം, അജ്ഞാതരായ ആരുടേയോ സാമീപ്യം, ലക്ഷ്യങ്ങള്‍ക്ക് വിലങ്ങായി വീണു. അപ്പോഴൊക്കെ ഒടുങ്ങാത്ത പകയോ, കൊടുംനിരാശയോ, പേരറിയാത്ത മറ്റസ്വാസ്ഥ്യങ്ങളോ, ദേഹമാകെ വരിഞ്ഞുമുറുക്കീരുന്നു.
കുട്ടിക്കുകൊടുക്കാന് ഭക്ഷണമില്ലാതെ, ചികിത്സിക്കാന്‍ പണമില്ലാണ്ട്, ജോലിതേടിയുള്ള അലച്ചില്‍ ആദ്യമെത്തിനിന്നത് ഹെല്‍ത്ത് റിസോര്‍ട്ട് സെന്ററിലാ. ഇറുകിയ നിക്കറും മുറിക്കൈയ്യന്‍ ഷര്‍ട്ടും വലിച്ചുകേറ്റി കയറിവരുന്ന വിദേശികളുള്‍പ്പെടെയുള്ള തടിമാടന്മാരെ, എണ്ണയും കഴമ്പുമിട്ട് നീട്ടിത്തിരുമ്മണം. ആയുര്‍വ്വേദ ബോഡി മസ്സാജിങ്ങ്. അവരുടെ കൊഴുപ്പടിഞ്ഞ രോമാവൃതമായ ദേഹമെങ്ങും രക്തയോട്ടം ചടുലമാകുംവരെ, വിരലുകളഞ്ചും ആയുര്‍വ്വേദ ഔഷധങ്ങളാല്‍ തെന്നിയമര്ന്ന് കൂപ്പുകുത്തണം. ശരീരത്തിന്റെ മുന്പിന്ഭാഗങ്ങളുള്പ്പെടെ എല്ലായിടങ്ങളിലും ഈ പ്രക്രിയ നിരന്തരം തുടരണം.
വിരല്സ്പര്ശത്താലും ഔഷധക്കൂട്ടാലും ചൂടേറുന്ന ദേഹങ്ങള്‍ അനിയന്ത്രിത വൈകാരികതയെ സ്വയം തളച്ചിടാന്‍ പാടുപെടുന്നത് കണ്ടിട്ടൊണ്ട്. നീണ്ടുമെല്ലിച്ച വിരല്സഞ്ചാരങ്ങള്ക്കൊപ്പം ഉയര്‍ന്നു താഴുന്ന സ്വന്തംനെഞ്ചിലേക്ക് പലപ്പോഴും വിരുന്നെത്തിയ പൂച്ചക്കണ്ണുകള്‍, ഇടവേളകളില്ലാതെ ഉഴിഞ്ഞതോടേം, നിയന്ത്രണങ്ങള്‍ സ്വയം കെട്ടുപൊട്ടിക്കാന്‍ വെമ്പിയതോടേം, റിസോര്‍ട്ട് സെന്ററിന് വിടയോതി.
'കരീനേ, രോഗമൂര്ച്ഛയില്ക്കഴിയുന്ന മകന് പ്രതിവിധി ഒരോപ്പറേഷന്‍ മാത്രേയുള്ളൂ' വെന്ന്, ഡോക്ടര്‍മാര്‍ പലരും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. മറ്റാരിലും കാണാത്ത അപൂര്‍വ്വയിനം ബ്ലഡ് സ്വയംനല്കി അവന്റെ ഓപ്പറേഷന് വിജയകരമായി നടത്തുമ്പോഴും, നന്നായി ഭക്ഷണം കഴിക്കണന്നും വിശ്രമിക്കണന്നും ഡോക്ടര്‍ പലകുറി ഓര്‍മ്മിപ്പിച്ചു. എന്തെങ്കിലും ജോലിക്കുപോകാതെ പിടിച്ചുനില്പ് അസാദ്ധ്യായി. തുടര്‍ന്ന് ലഭിച്ച എസ്റ്റേറ്റ് ജോലി, പ്രാരാബ്ധങ്ങളുടെ കെട്ടുപാടുകളീന്നു തല്ക്കാലം പടികയറാന്‍ പര്യാപ്തായി.
പരുപരാ വെളുക്കുംമുമ്പേ, എന്നും കൃത്യമായുണര്ന്ന് തിടുക്കത്തോടെ ജോലിക്ക് പോയിത്തുടങ്ങി. ഏറെക്കഴിയും മുന്‍പേ അകാരണമായുണ്ടായ വയറുവേദനയില്‍ വല്ലാതെ വശംകെട്ടു. പ്രാഥമിക ചികിത്സാകേന്ദ്രത്തിലെ മരുന്നുകള്‍ക്കൊന്നും രോഗത്തിന്റെ കേന്ദ്രത്തിലേക്കു നൂണ്ടുകയറാനായില്ല. ദിവസങ്ങള്‍ക്കുശേഷം വിദഗ്ദ്ധ ചികിത്സകളുടെ അതിജീവനമന്ത്രം തേടി, പ്രശസ്ത ഹോസ്പിറ്റലിലേക്ക് റെഫര്‍ ചെയ്യപ്പെട്ടു.
അടിവയറ്റിലെ അബ്നോര്‍മല്‍ ഗ്രോത്ത് എത്രേം വേഗം മുറിച്ചുമാറ്റണമെന്ന സര്‍ജറി വിദഗ്ദ്ധരുടെ അഭിപ്രായത്തെ, നാട്ടുകാരുടെ കാരുണ്യം തുണച്ചു. നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ വിശ്രമംതേടി മടങ്ങിയെത്തിയതും, നിധിപോലെ സൂക്ഷിച്ച മിന്നുമാല വീട്ടാവശ്യങ്ങള്‍ക്കായി വില്‍ക്കേണ്ടി വന്നു. കുറെദിവസത്തെ വിശ്രമശേഷം പിടിച്ചുനില്പ് അസാദ്ധ്യമായിരുന്നതിനാല്‍ പഴയ എസ്റ്റേറ്റ് ജോലിതേടി അവരുടെ സവിധത്തിലെത്തി. അവിടെ പകരമൊരാള്‍ ജോലിക്കു വന്നതോണ്ട് കരീനയുടെ സഹായം ആവശ്യമില്ലെന്നു പറഞ്ഞ് അവര്‍ മടക്കിയയച്ചു. വൈകാതെ ലഭിച്ച മറ്റൊരുജോലിയില് കഴിവിന്റെ തേര്‍തെളിക്കാന്‍ കടുത്ത യജ്ഞത്തിലായി.
മകനെ അടുത്തവീട്ടിലെ ആന്റിയെ ഏല്പിച്ചാരുന്നു ജോലിയുടെ പടക്കോപ്പേന്തിയെ. അതിനെ ആണ്‍കുഞ്ഞായി കനിഞ്ഞേകിയതോണ്ട് കരുണാമയനായ ദൈവത്തിനു സ്തുതിയേകി. മറിച്ചായിരുന്നെങ്കില്‍ എന്താകുമാരുന്നു അവസ്ഥയെന്നോര്ത്തപ്പോ നെഞ്ചാകെ പൊട്ടിക്കീറുന്ന നോവ് പടര്‍ന്നു.
''മമ്മിയിനീം എന്നെയിട്ടേച്ച് ജോലിക്കു പോവ്വോ?''
''അതെന്തേ മോന് അങ്ങനെ ചോദിച്ചെ?''
''ഒറ്റക്കിരുന്നെനിക്ക് മടുത്തു.''
''അതിനല്ലേ മോനേ ആന്റീടടുത്താക്കിയെ. പിന്നെ മമ്മി ജോലിക്കു പോവാണ്ടെങ്ങ്നെയാ നമുക്കു പൈസ കിട്ടുക? അതോണ്ടല്ലേ നെനക്ക് ചോറും പാലും ചോക്ലെറ്റുമൊക്കെ വാങ്ങിത്തരാന്‍ പറ്റൂ...''
അതോടെ അവന് നിശ്ശബ്ദതയുടെ തുരങ്കത്തിലേറി. അവനെയോര്‍ത്ത് കുറച്ചുദിവസം ജോലിക്കു പോവാതായതോടെ ആ ജോലിയും എന്നേക്കുമായി കൈവിട്ടു. അപ്പോഴാ പുതിയ ഷോപ്പിംഗ് മാളില്‍ സെയില്‍സ് ഗേള്‍സിനെ വേണമെന്ന പത്രപ്പരസ്യം കണ്ണില്‍പ്പെട്ടതും പ്രത്യാശയുടെ ട്യൂബ് മിന്നിയതും. ഉടുത്തൊരുങ്ങി കൃത്യസമയത്തുതന്നെ സ്ഥലത്തെത്തി. ശീതീകരിച്ച റിസപ്ഷന്ഹാള് കടന്ന് ലിഫ്റ്റിലെ ഗ്ലാസ് ബട്ടണിലേക്ക് വിരലമര്‍ത്തി. കുതിച്ചുയര്‍ന്ന പേടകംപോലെ ലിഫ്റ്റുയര്‍ന്നു.
പരിഭ്രാന്തി പടര്‍ത്തിയ അപശബ്ദങ്ങള്ക്കൊടുവില് നാലാം നിലയിലെ ഹ്യൂമന്‍ റിസോഴ്സസ് മാനേജരുടെ മുറിതേടിനടന്നു. സെയില്‍സ് ഗേള്‍സിനെ വേണമെന്ന പത്രപ്പരസ്യം കണ്ടെത്തിയതാണെന്നറിയിച്ചമാത്രയില് മാനേജര്‍:
''എന്താ പേര്?''
''കരീന''
''നിങ്ങള്‍ വിവാഹിതയാണോ?'' ചോദ്യത്തിനൊപ്പം നോട്ടവും ഭാവവും ദേഹമാകെച്ചൂഴ്ന്നു.
''അതെ. ഒരു കുട്ടിയുണ്ട്.''
''സോറി; വിവാഹിതരെ ഞങ്ങള്‍ക്കാവശ്യമില്ല. സംസ്ഥാനത്തിനകത്തും പുറത്തും അനേകം ശ്റുംഖലകളുള്ള കമ്പനിയാണിത്. ബിസ്സിനസ് എക്സിക്യൂട്ടീവ്സിനൊപ്പം എപ്പോഴും എവിടേയും സഞ്ചരിക്കണം. ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാത്ത, അവിവാഹിതരായ ചെറുപ്പക്കാരികളെയാ കമ്പനി പ്രതീക്ഷിക്കുന്നെ.''
അയാളുടെ ക്ലീന്‍ ഷേവ് ചെയ്ത മുഖത്തിന്റെ കണ്ണാടിത്തിളക്കത്തില്‍ നെയ്തെടുത്ത സ്വപ്നങ്ങളത്രേം ഉടഞ്ഞു. വന്നതിലും സ്പീഡില്‍ ലിഫ്ടിലേക്കു മടങ്ങി.
അതിവേഗം വീട്ടിലെത്തിയതും മോന് വിശന്നു നിലവിളിക്കാന്‍ തൊടങ്ങി. ഒരുവിധം അവന്റെ വിശപ്പു മാറ്റി അടുത്ത വഴിയെന്തെന്ന ഗഹനമായ ആലോചനയില്‍ തളര്ന്നു് ഇരുന്നു.
മദ്ധ്യാഹ്നമയക്കത്തിനിടക്ക് ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന ഉറപ്പില്‍, കിണറ്റുകരേലെത്തി. താഴെ വഴുക്കലാര്ന്ന പെരുംവളയങ്ങള് അരുമയോടെ മാടി വിളിച്ചോണ്ടിരുന്നു. അതിവശ്യമാര്ന്ന ആവേശത്താല്‍, അനന്തമാര്‍ന്ന ആഴങ്ങളിലേക്കു പെട്ടെന്നങ്ങു കുതിച്ചു. അതുവഴി പോയ ആരോ, കിണറ്റില്‍ ഓളങ്ങളുതിര്ത്ത ശബ്ദംകേട്ട് പാഞ്ഞെത്തി, നാട്ടുകാരെ കൂക്കിവിളിച്ചു. അവരീച്ചചെലരു ഒടനെ കിണറ്റിലെറങ്ങി പെടാപ്പാടിലെന്നെ എടുത്തുയര്‍ത്തി ഹോസ്പിറ്റലിലേക്കു കുതിച്ചു. എമര്‍ജന്‍സി വാര്‍ഡില്‍ പലവട്ടം നെഞ്ചിലൂടെ പാഞ്ഞ ഡോക്ടറുടെ സ്റ്റെതസ്കോപ്പിന് ജീവന്റെ ശേഷിപ്പുകളൊന്നും കണ്ടെത്താനായില്ല. പള്‍സ് പരിശോധനേലും സൂഷ്മനിരീക്ഷണത്തിലും ഫലം നിരാശ.
''ഷീ ഈസ് നോമോര്‍...'
മരണം അന്നേ കുറിക്കപ്പെട്ടു. ബന്ധുജന വേലിയേറ്റമോ കൂട്ടക്കരച്ചിലോ കണ്ണീര്പ്രവാഹമോ ഇല്ലാതെ, ഏറ്റെടുക്കാന്‍ അവകാശികളാരുമില്ലാതെ, വൈകുന്നേരത്തോടെ മോര്‍ച്ചറീടെ അതിശൈത്യത്തിലേക്കങ്ങു തള്ളി.
ജോലി കഴിഞ്ഞതും സന്ധ്യമയക്കത്തിന് ജീവനക്കാരെല്ലാം മടങ്ങി. മോര്‍ച്ചറി സൂക്ഷിപ്പുകാരന്റെ ഊഴമെത്തി. ഐസുപാളികളുടെ ആവരണം നീക്കി, പുതിയ ഇരയെ ട്രേയീന്നു പുറത്തിറക്കി. ബോഡിയെപ്പൊതിഞ്ഞ കോടിയും ഉടുതുണിയും വെപ്രാളത്തോടെ നീക്കി. നിമ്നോന്നതങ്ങളിലൂടെ അയാളുടെ വിരലുകളതിവേഗം ശ്രുതിയിട്ടു. മോഹവര്ഷത്താല്, ദീര്ഘനിശ്വാസപ്പെരുപ്പില്, ഉള്ളാകെ ആഘോഷത്തിമിര്‍പ്പിന് കൊടിയേറി.
നീണ്ടുനിന്ന അയാളുടെ തഴുകലിന്റെ തീവ്രതയില്‍, വിരല്‍ സഞ്ചാരങ്ങളുടെ അറയ്ക്കുന്ന ചെടുപ്പില്, ഉറഞ്ഞുതുള്ളിയ വൈകാരികതയില്‍, എന്നിലെ ശൈത്യത്തിന്റെ ശിരോവസ്ത്രം ഷോക്കടിച്ചപോലെ തെറിച്ചു. മീതെ പടര്‍ന്നിറങ്ങിയ ഘനമാര്‍ന്ന ദേഹത്തെ, ശേഷിച്ച ജീവനാല്‍ കഷ്ടിച്ച് കുടഞ്ഞെറിഞ്ഞു.
ബദ്ധപ്പെട്ട് തലയുയര്ത്തുമ്പോ പരിസരദൃശ്യങ്ങള്‍ ഭീതിപടര്‍ത്തി. ഒരു മിന്നായംപോലെ ഉയര്‍ത്തെഴുന്നേറ്റ നെടുനീളന്‍ പ്രേതത്തെക്കണ്ടതും, ഭയപ്പാടോടെ മോര്‍ച്ചറി സൂക്ഷിപ്പുകാരന് കണ്ണുകള്‍ മിഴിച്ച് ഒരു പ്രതിമകണക്കെ നിന്നതും, ഐസില്‍ പുതഞ്ഞ രാസഗന്ധമാര്ന്ന ഉടുതുണി വാരിച്ചുറ്റി ശേഷിച്ച പ്രാണനും കൊണ്ടൊരോട്ടം.
രക്ഷപെടാനുള്ള വാതിലേതെന്നറിയാതെ കുഴഞ്ഞതും ഏന്തിവലിഞ്ഞ്, മോര്‍ച്ചറിയുടെ പ്രവേശനഹാളിന്റെ കുറ്റിനീക്കി രക്ഷപെട്ടതും പെട്ടെന്നാരുന്നു. വീണ്ടും പഴയ ആശുപത്രിഗന്ധങ്ങളുടെ തടവുകാരിയാവാന് വിധിക്കപ്പെട്ടു. മുമ്പ് കിടന്ന ഹാള്‍, ആളുകള്‍, പരിസരം, അന്തരീക്ഷ ഗന്ധം, ഒന്നിനും ഒരു മാറ്റോമില്ല.
ആശുപത്രി വാസത്തിനുശേഷം രണ്ടാംദിനം തളര്‍ച്ചയോടെ വീട്ടിലേക്ക്. മരിച്ചവള്‍ നടന്നുവരുന്നതു കണ്ട് ജനം വഴിയോരത്തു തടിച്ചുകൂടി. എത്ര കണ്ടിട്ടും മതിവരാതെ അവരെല്ലാം അദ്ഭുതക്കാഴ്ച കാണുമ്പോലെ വായും പൊളിച്ചു, പിന്നേം പ്രേതാല്മാവിനെ നോക്കിക്കൊണ്ടിരുന്നു. അമ്മേക്കണ്ടതും മകന് പൊട്ടിക്കരഞ്ഞു. ‘മോനേ’യെന്നു വിളിച്ച് അടുത്തുചെന്നതും ഭയപ്പാടോടെ കൈകള്‍ തട്ടി മാറ്റി, ദുഷ്ടാരൂപിയെക്കണ്ട കുട്ടിയെപ്പോലെ കണ്ണുകള്‍ തുറിച്ചും ശ്വാസം നെലച്ചും നിന്നു.
മകന്റെ മാറാവ്യാധി. വീട്ടിലെ സാമ്പത്തിക ഞെരുക്കം. പിടിച്ചു നില്ക്കാന് ഒരു ജോലി ഉണ്ടായേ മതിയാവു. പത്രത്തിലെ പരസ്യംകണ്ട് മോഡല്‍ ഗേള്സിനായുള്ള ഇന്റര്‍വ്യൂവിന് നഗരമധ്യത്തിലെത്തി. പുതിയ ഗ്ലാസ് ടവ്വര്‍ ബില്‍ഡിംഗ്. വൃത്തീം വെടിപ്പുമൊള്ള മുറി. ആകര്‍ഷകമായ ജാലകക്കര്‍ട്ടന്‍. ഭംഗിയുള്ള സോഫാസെറ്റ്. ഇന്റര്‍വ്യൂവിനുള്ള നിരവധിപേര്‍ ഹാളിലെത്തി. സ്വന്തം ഊഴമെത്തിയതോടെ ഉള്ളിലേക്കു നടന്നു. പല മുറികള്‍ പിന്നിട്ടൊടുവില് കൃത്യമായ മുറിയറിയാതെ കുഴഞ്ഞു.
''ഹേയ്, പേടിക്കേണ്ട...' തിരിഞ്ഞു നോക്കുമ്പോ ഒരു ബുള്ഗാം താടിക്കാരന്.
''വല്ലാതെ ക്ഷീണൊണ്ടെങ്കിലും ഐശ്വര്യമൊള്ള മുഖമാ. വടിവാര്‍ന്ന ദേഹം. ടേക് ഇറ്റ് ഈസി.''
അടുത്തുള്ള ഡ്രെസ്സിംഗ് റൂമില്‍പ്പോയി മാറിവരാന്‍ അയാള്‍ പ്രത്യേക ഡ്രസ്സുകള്‍ തന്നു. പുതിയ ഡ്രെസ്സില്‍ മടങ്ങിയെത്തി. ക്യാമറക്കു മുന്നിലെ സീറ്റില്‍ ഇരിക്കാനാവശ്യപ്പെട്ടതും ഭയപ്പാടോടെ ഇരുന്നു. പോസ് ശരിയല്ലെന്നു കണ്ട് റിലാക്സ് ആവാന്‍ ആവശ്യപ്പെട്ടു.
തലയും പിടലിയും അയാള്‍ ഉദ്ദേശിച്ചരീതിയില്‍ നിര്‍ത്തി, ക്യാമറ വെവ്വേറെ ആംഗിളുകളില്‍ പലവട്ടം ക്ലിക് ചെയ്തു. പിന്നെ മാറിലെ വസ്ത്രം അല്പംനീക്കി വശ്യമായ മറ്റൊരാംഗിളിന് ശ്രമിച്ചപ്പോ, പരിഭ്രമം പതിന്മടങ്ങായി. അയാളെ തട്ടിമാറ്റി പുറമേക്കുള്ള വഴിതേടി കുതിച്ചു. കെട്ടിടത്തിനു വെളിയിലെത്തുമ്പോ ശ്വാസം കഴിക്കാനാവാതെ കിതച്ചുപോയി.
എത്രകുളിച്ചാലും അശുദ്ധി പിന്നേം ബാക്കിയെന്ന തോന്നല്‍ ചെറുപ്പം മുതലേ ഒഴിയാബാധയായി. അപ്പോഴെല്ലാം ബാല്യകുതൂഹലങ്ങളില്ക്കരിഞ്ഞ ഒരു അതിഭീകരചിത്രം കൊടുംപുകക്കുള്ളിലെന്നപോലെ തെളിയും.
കെട്ടിടനിര്‍മ്മാണ സൈറ്റിലെ പണിയുംകഴിഞ്ഞ്, മാതാപിതാക്കള്‍ വരുന്നതുംകാത്ത്, വീട്ടിലിരുന്ന അഞ്ചാം ക്ലാസ്സുകാരി. പഴന്തുണികള്‍ കുത്തിനിറച്ചു, ശബ്ദിക്കാനാവാതെ വായ. നിലവിളി കുടുങ്ങിയ, വരണ്ട തൊണ്ട. എല്ലാംനഷ്ടപ്പെട്ട നിരാലംബയുടെ നിസ്സഹായ ഭാവം. ചക്കരക്കയറില്‍ കെട്ടിയിട്ട, തളര്‍ന്നു രക്തംപൊടിഞ്ഞ, കൈകാലുകള്‍. ചോരവാര്‍ന്നൊലിച്ചു, ചീര്‍ത്തു വെറുങ്ങലിച്ച, തുടയിടുക്ക്. കാഴ്ചകണ്ട് ബോധംകെട്ടുവീണ അമ്മ പിന്നീടൊരിക്കലും ഉണര്‍ന്നില്ല.

കഥയറിഞ്ഞ അപ്പന് റോക്കറ്റ്പോലെ അയല്‍വീട്ടിലേക്കു കുതിച്ചു. അവിടുന്ന് മുങ്ങിയ ആളെക്കിട്ടാത്ത വിഷമത്തില്‍ കൊടുങ്കാറ്റായി വീടാകെ ഉലച്ചു. കണ്ണില്‍ക്കണ്ടതും കൈയ്യില്ത്തടഞ്ഞതും എടുത്തുടച്ചു. നെഞ്ചിലെ നീറ്റല്‍ ശമിക്കാന്‍ ഉച്ചത്തില്‍ മുഴങ്ങിയ അമിട്ട് പോലെ അയല്‍വീടിനു നേരെ ഒരിക്കലും കേട്ടിട്ടില്ലാത്ത കടുകട്ടി അസഭ്യങ്ങള്‍. പൊടുന്നനെ കോരിയെടുത്തു ആശുപത്രിയിലെത്തിച്ചു. രൂക്ഷമരുന്നുകളുടെ ഗന്ധം, മാറാരോഗികളുടെ ഞരക്കം, ആംബുലന്‍സിന്റെ മുഴക്കം, എല്ലാം നിറഞ്ഞ ആശുപത്രിപ്പരിസരവുമായി അന്നേ ഒടുക്കത്തെ ആത്മബന്ധത്തിലാരുന്നു.
ഒളിവില്‍ക്കഴിഞ്ഞ പ്രതിയെ, രണ്ടുനാള്‍ക്കകം നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച്, മുറ്റത്തെ വലിയ മരത്തില്‍ കെട്ടിയിട്ടു. ആദ്യമെല്ലാം എതിര്‍ത്തെങ്കിലും കുട്ടിയെ വിവാഹം കഴിക്കാന്ന് ഒടുവിലയാള്‍ സമ്മതിച്ചു. അതു പീഡനത്തിന്റേം യാതനയുടേം മറ്റൊരു തുറുപ്പുചീട്ടായി. പ്രായപൂര്ത്തിയെത്തുംമുമ്പേ അമ്മയായി. അപ്പോഴേക്കും രോഗം കാര്‍ന്നുതിന്നിരുന്ന അപ്പനും, രംഗത്തുനിന്നും വിടയോതിയിരുന്നു.
തിരകളുടെ സല്ലാപവും കാറ്റിന്റെ ശ്രുതിയും പോലെ, സ്വാഭാവികവും ഹൃദ്യവുമാവുമായിരുന്നു മരണവും. വിധി പരിഹസിച്ചേകിയ ജീവിതത്തിലത് അടിയൊഴുക്കായ് ആര്‍ത്തിരമ്പിയിട്ടും, പലപ്പോഴും പടിയിറങ്ങിയതിലേറേ ഖേദിച്ചു.
കടുത്ത തലകറക്കോം അസഹ്യമായ പുറംവേദനേം അപ്പോഴേക്കും കാര്‍ന്നു തിന്നിരുന്നു. കാരണം തേടി ഹോസ്പ്പിറ്റലിലെത്തീതും ഡോക്ടര്‍ പലവിധ ചെക്കപ്പുകള്ക്കൊപ്പം, എക്സ്റേ പരിശോധനേം നടത്തി. ട്യൂബ് ലൈറ്റിന്റെ പാല്‍വെളിച്ചത്തില്‍ തെളിഞ്ഞുനിന്ന ഫിലിമിലവര് തുറിച്ചു നോക്കി. ചിത്രത്തില്‍ ഒരു കിഡ്നിയുടെ സ്ഥാനം ചാരനിറമാര്‍ന്ന് ശൂന്യായിക്കിടന്നു. അതേപ്പറ്റിയുള്ള ഡോക്ടറുടെ ചോദ്യങ്ങള്‍ക്കിടെ, മാസങ്ങള്‍ക്കുമുമ്പു നടന്ന അബ്ഡമന്‍ ഓപ്പറേഷന് ഓര്മ്മയിലിരമ്പി.
ഓപ്പറേഷന് നടത്തിയ ഹോസ്പിറ്റലിച്ചെന്നു വിവരം തിരക്കിയപ്പോ മാനേജര്‍ കൈമലര്‍ത്തി.
''സോറി, ഹോസ്പിറ്റല്‍ ഞങ്ങള്‍ ഏറ്റെടുത്തിട്ട് ആഴ്ചകളേ ആയിട്ടുള്ളു. നിങ്ങള്‍ പഴയ മാനേജ്മെന്റുമായി സംസാരിക്ക്.''
കുമിഞ്ഞുകൂടിയ അസ്വാസ്ഥ്യപ്പകയില്, കണ്ണുകള്‍ നീറിപ്പുകഞ്ഞു. ദേഹമാകെ തരിച്ചു. വികാരത്തള്ളലില്‍ കരിങ്കല്ച്ചീള്പോലെ വാക്കുകള്‍ വെളിക്കുചാടി:
''അവരെവിടെയാ?''
''ക്ഷമിക്കണം; ഞങ്ങള്‍ക്കറിയില്ല.''
''പച്ചക്കള്ളം. നിങ്ങളവര്‍ക്ക് കൂട്ടുനില്ക്കുവാ.''
''സത്യമായും അറിയില്ല. ഞങ്ങളെ വിശ്വസിക്ക്...'
ആടിയുലഞ്ഞ തോണിപോലെയായ തേങ്ങല്‍ പൊട്ടിക്കരച്ചിലിലെത്തി.
''ദുഷ്ടന്മാര്! ഒരുത്തനും ഗതിപിടിക്കില്ല. ഫ്ഫ്ഫും...'
നിലവിളിക്കും നീട്ടിത്തുപ്പിനുംമീതെ വീണ സെക്യൂരിറ്റിയുടെ ബലിഷ്ഠകരങ്ങള്‍ പെരുവഴിയിലേക്കിറക്കി. ക്ഷീണിച്ച പാദങ്ങള്‍ നീട്ടിനടക്കുമ്പോ വിളറിയ ആകാശംപോലെ ചിന്തകള്‍ നരച്ചു തൂങ്ങി.
രാത്രി മുറീല് വെറുതെ ഇരുന്നപ്പോ, മുകളിലെ ഉത്തരത്തില്‍ കണ്ണുകള്‍ തറഞ്ഞു. പെരുത്തുകയറിയ ആവേശത്തിലതിലേക്കേന്തിവലിഞ്ഞു തൂങ്ങിപ്പിടയവേ, ഗാഢനിദ്രയിലാന്നു കരുതിയ മകന് ഞെട്ടിയൊണര്ന്നു. അവന്റെ അലമുറകേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കതക് തല്ലിത്തുറന്ന് അര്ദ്ധപ്രാണനിലേക്ക് ജീവനൂതി. ഉത്തരത്തീന്ന് തൂങ്ങിപ്പിടഞ്ഞാടിയ എന്റെ ഭാവചേഷ്ടകള്‍ കണ്ട മകനില്‍ മാനസികവിഭ്രാന്തി പെരുകി. എന്നെക്കാണുമ്പോഴെല്ലാം ഭയം ഇരട്ടിച്ചു.
മുറീടെ ഇരുണ്ട കോണിലും കട്ടിലിന് കീഴിലും അവന് ഒളിച്ചു. സന്ധ്യയായാല്‍ പൊട്ടിക്കരയും. മനോരോഗ വിദഗ്ദ്ധനെക്കണ്ടിട്ടും മാറ്റമൊണ്ടായില്ല. എന്നെക്കാണുന്തോറും സ്ഥിതിവഷളാവും. മകന്റെ ചികിത്സാ സഹായത്തിന് പലരോടും കെഞ്ചി. പ്രശ്നം വികാരിയച്ചനു മുന്നിലും അവതരിപ്പിച്ചു. ഒടുവില്‍ പാരിഷ് കമ്മറ്റി യോഗംകൂടി. അവര്‍ മകന്റെ ചികിത്സകള്‍ ഏറ്റെടുക്കാന്നു സമ്മതിച്ചു.
അതിനോടകം നഗരത്തില്‍ ഓഫീസ് അസിസ്റ്റന്റായി കിട്ടിയ ജോലിയില്‍ കൊറേക്കാലം പിടിച്ചു നിക്കാന്‍ പറ്റിയത് വല്യ ഭാഗ്യായി. നിനച്ചിരിക്കാത്ത ഒരു ദെവസം ആ ജോലീം നഷ്ടായി. പിന്നേം കൊറേക്കാലം തൊഴില്‍ തേടിയലഞ്ഞു. പ്രതീക്ഷകളത്രേം കനലായി. തലകറക്കോം പുറംവേദനേം കൂടി. ദുരിതത്തോണി മറുകരകാണാതുഴറി.
മരണം എക്കാലവും കൈയ്യൊഴിഞ്ഞ ജീവിതത്തോട്, അറ്റകൈക്ക് ഒരിക്കല്‍ക്കൂടി വിടചൊല്ലാന്‍, വെളിച്ചത്തിലാകൃഷ്ടയായ ശലഭംകണക്കെ നിശ്ചയിച്ചു. മുന്നേ കരുതിയ ചെറുകുപ്പി കൈയ്യിലെടുത്ത് അതിന്റെ ഇരുളിമയിലേക്ക് ആര്‍ത്തിയോടെ നോക്കി. ഗ്ലാസ്സില്‍ കരുതിയ പാനീയത്തിലിറ്റി, ആത്മഹര്ഷത്തോടെ തൊണ്ടയിലേക്ക്. ബോധക്ഷയങ്ങള്ക്കൊടുവില് കണ്‍തുറന്നപ്പോ, പഴയ ആശുപത്രിക്കിടക്കയില്‍. ചുറ്റിനും കൂടിയ, അതിനോടകം പരിചയത്തിലായിരുന്ന, പഴയ നേഴ്സുമാര്‍ ഇടംകണ്ണോടെ, വര്‍ധിച്ച സഹതാപത്തോടെന്നെ നോക്കി.
രോഗിയായ കുട്ടിയുടെ അമ്മയാവാന്‍ വിധിച്ച്, ജീവിതമാകെ ഇരുള് നിറച്ച്, പിന്നീടെന്നോ കണ്ടുമുട്ടിയ ഒരുവളുമായി ഒളിച്ചോടിയവനെ മന:പൂര്‍വ്വം മറക്കാനെന്നും കൊതിച്ചു. അതേ കുലത്തിലെ മീശപോലും മുളക്കാത്ത കുരുത്തംകെട്ട ഇളയവന്, തീക്ഷ്ണമായ നോട്ടവുമായി ഒരു ദിവസം അരികിലെത്തി. അവന്റെ മൊബൈല്‍ എനിക്കുനേരെ നീണ്ടു. അതില്‍ അര്‍ദ്ധനഗ്നയായ സ്വന്തം കളര്‍ച്ചിത്രം. മോഡല്‍ ഗേള്സിനായുള്ള നഗരത്തിലെ വാക്ക് -ഇന്‍ – ഇന്റര്‍വ്യൂ ഓര്‍മ്മയില്‍ കിനിഞ്ഞു. അവിടെ ഡ്രസ്സിംഗ് റൂമില്‍ ഒളിപ്പിച്ച ക്യാമറ പകര്‍ത്തിയതാവണം.
''ഫ്ഫൂം... വൃത്തികെട്ട നായ്ക്കള്‍. ഇറങ്ങിപ്പോടാ അസത്തേ... അതോ ഞാനിനി നാട്ടുകാരേ മുഴുക്കെ വിളിക്കണോ?''
ചോദ്യത്തിലേക്കവന്റെ അടങ്ങാത്ത തൃഷ്ണകള്‍ നീണ്ടു. അവനിലെ തിരകളുയര്ന്ന കടലൊന്നാകെ നേരില്‍ക്കണ്ടു. ഒട്ടും കൂസലില്ലാതെ അവന് അല്പംകൂടി അടുത്തെത്തി കടന്നുപിടിച്ച വേളയില്‍ തിണ്ണയില്ക്കിടന്ന വെട്ടുകത്തിയിലേക്കെന്റെ വിരലമര്‍ന്നു. പ്രതികാരാഗ്നി രാസായുധംപോല് വര്‍ഷിച്ചു. അവന്റെ ദേഹത്തുകൂടി ചുടുരക്തമൊഴുകി. അകമ്പടിയായി അപശബ്ദങ്ങളും നിലവിളികളും. ഞെരിഞ്ഞുടഞ്ഞ സ്വന്തം അഭിശപ്തമാര്ന്ന ബാല്യകാലനിമിഷങ്ങളുമായി അതിന് സമാനതകളേറെയൊണ്ടാരുന്നു.
ശേഷിച്ചജീവിതം ഇനി ഒരിക്കലും പെടുമരണത്തിനു് വിട്ടുകൊടുക്കില്ലെന്നും, ആരേയും എന്തിനേയും സധൈര്യം നേരിടുമെന്നുമുള്ള ശക്തമായ തീരുമാനത്തിലേക്ക്, മനസ്സിന്റെ സര്വ്വതന്ത്രികളും വര്‍ദ്ധിച്ച ഉത്സാഹത്തോടെ, അതിവേഗം നീട്ടി.