
The Seventh Seal

ജെ വിഷ്ണുനാഥ്
ലോകോത്തര സിനിമകള്‍ പതിവായിക്കാണാറുണ്ട്, അതില്‍ തന്നെ
ആര്‍ട്ട് ഫിലിംസിനോട് പ്രത്യേകിച്ചൊരു താല്പര്യമുണ്ടായതിനു
പിന്നിലും പല മാസ്റ്റേഴ്സിന്റെയും സിനിമകളാണ്.ഹിച്ച്കോക്കും,
ഗോദാര്‍ദും, ബെര്‍ഗ്മാനും, കുറോസോവയും, റേയും, അടൂരും, കെ ജി
ജോര്‍ജ്ജും അങ്ങനെ ആ നിര നീളുന്നു. സ്വാധീനിച്ചയൊരു
സിനിമയെക്കുറിച്ച് പെട്ടെന്ന് എഴുതാന്‍ സാധിക്കാത്തതിന്
കാരണവും അതൊരു നീണ്ട നിരയായതിനാലാണ്.
പക്ഷേ, എപ്പോഴും സിനിമ എന്ന മാസ്മരികലോകത്തെക്കുറിച്ച്
സംസാരിക്കുമ്പോള്‍ എപ്പോഴും കടന്ന് വരുന്ന ഒരു ചിത്രത്തെക്കുറിച്ച്
എഴുതുന്നു.
‘ബുദ്ധിപരമായി അതിശയിപ്പിക്കുന്നതിനപ്പുറം, പ്രക്ഷകനുമായി
സംവദിക്കുന്നതാകണം സിനിമ’
(ഇംഗ്മര് ബര്ഗ്മാന്)
‘ The Seventh Seal ‘
ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ അരമണിക്കൂര്‍ നേരം
മൗനതയുണ്ടായി, അപ്പോള്‍ കാഹളമൂദാന് ഏഴ് ദൂതന്മാര് ഒരുങ്ങി
നിന്നു.
ബെര്‍ഗ്മാന്റെ ‘മാജിക് ലാന്റെണ്‍’ വായിച്ചതിന് ശേഷം,
സിനിമയെക്കുറിച്ചുള്ള ദൃശ്യ-വിസ്മയ സങ്കല്പ്പങ്ങളില് കാര്യമായ
മാറ്റങ്ങളുണ്ടായി. ഒരു ചലച്ചിത്രത്തെ എങ്ങനെ സമീപിക്കണമെന്നുള്ള
ചിന്താഗതിയില്‍ തന്നെ നല്ല മാറ്റമുടലെടുത്തു. കണ്ട, ബെര്ഗ്മാന്
ചിത്രങ്ങളില്‍ ആദ്യത്തേതാണ് ‘ The Seventh Seal ‘. പിന്നീടും പല
ആവര്‍ത്തി ഞാന്‍ ചിത്രം കണ്ടു.

മരണത്തിന്റെയൊരു ആവിഷ്കാരമായി ആദ്യകാഴ്ചയില്‍ ചിത്രം
എനിക്കനുഭവപ്പെട്ടു. ഇരുട്ടിനെപ്പോലും വിഴുങ്ങുന്ന മരണം എന്ന
നൂല്‍പ്പാലത്തിലൂടെയുള്ള ദീര്‍ഘമായ യാത്രയാണ് ചിത്രം.
മരണത്തിന്റെ പ്രതിഫലനം ദൃശ്യത്തൊടൊപ്പം ഓരോ
പശ്ചാത്തലത്തിലും വ്യക്തമാണ്. പിന്നീട്, പ്രകൃതിയെ ബാധിക്കുന്നു,
ഒപ്പം ആകാശം ഇരുളുന്നു, കാര്‍മേഘം ആകാശത്തെ വിഴുങ്ങുന്നു.
കുരിശു യുദ്ധങ്ങള്‍ നീണ്ടകാലം തുടര്‍ന്ന സ്വീഡിഷ് പ്രദേശത്ത് കൂടി
പടയാളിയായ ആന്റോണീയോസ് ബ്ലോക്ക് തിരിച്ചു വരികയാണ്, പ്ലേഗ്
മരണം വിതച്ച് കൊണ്ടിരിക്കുന്ന മദ്ധ്യകാല യൂറോപ്പ്, ആ ചിത്രം Albert
Camus ‘പ്ലേഗ്’ എന്ന തന്റെ പുസ്തകത്തിലും കോറിയിടുന്നുണ്ട്.
തുടരെയുള്ള യാത്രയില്‍ അയാള്‍ വല്ലാതെ പരിഭ്രമിക്കുണ്ട്, ആ
ഭൂമികയില്‍ ഏറെക്കുറെ മാറ്റം പ്രകടമായി
തോന്നിത്തുടങ്ങിയിരിക്കുന്നു. കുറച്ച് നേരമായി ഒരു
നിഴല്പ്പോലെയാരോ പിന്തുടരുന്നതായ ഒരു തോന്നല്‍…
അങ്ങനെ കടല്ത്തീരത്ത്വെച്ച് അയാള്‍ മരണത്തെ കണ്ടുമുട്ടുന്നു.
തന്റെ നാടിനെ കാര്‍ന്ന് തിന്ന മരണം യോദ്ധാവിനോട് പറയുന്നു…
‘നമുക്ക് പോകാന്‍ സമയമായി…’
മരണസമയം ദീര്‍ഘിപ്പിക്കാനും, ദൈവമുണ്ടോ എന്ന സംശയം
തീര്‍ക്കാനുമായി മരണവുമായൊരു ചതുരംഗക്കളിക്ക് യോദ്ധാവ്
വെല്ലുവിളിക്കുന്നു. വിജയം ഉറപ്പുള്ള മരണം വെല്ലുവിളി
സ്വീകരിക്കുന്നു.ദീര്‍ഘമായ യാത്രയാണു പിന്നീട്. ആദ്യം യോദ്ധാവ്
ചില മുന്നേറ്റങ്ങള്‍ നടത്തുണ്ടെങ്കിലും, പിന്നീട് മരണം പിടിമുറുക്കുന്നു.
ആ യാത്രയില്‍ തന്നെ യോദ്ധാവ് അന്ധവിശ്വാസത്തിന്റെയും,
പകയുടെയും,സഹനത്തിന്റെയും എല്ലാം ദൈര്‍ഘ്യം മനസിലാക്കുന്നു.
തെരുവിലെ കളിക്കാരും ,മോഷ്ടാവായി മാറുന്ന വൈദികനും, പിശാചു
ബാധിച്ചവളെന്നു പറഞ്ഞു തീയിലിട്ടു ചുടാന്‍ പോകുന്ന
പെണ്‍കുട്ടിയും,തെരുവു സര്‍ക്കസ് നടത്തി യാത്ര ചെയ്യുന്ന
കുടുംബവും ഒക്കെ ഈ യാത്രക്കിടയില്‍ കണ്ടുമുട്ടുന്നു.
മുദ്രകളുടെ സമൃദ്ധിയിലാണ് ഈ സിനിമയും സ്രഷ്ടാവും. ചരിത്രം
മായ്ക്കുകയോ മറക്കുകയോ ചെയ്യാത്ത ‘സീലുകള്‍’; കുരുടന്മാര്
ആനയെ തൊട്ടതുപോലെ ചമച്ചാലും തീരാത ഒന്നാണ്. ‘കുഞ്ഞാട്
ഏഴാമത്തെ മുദ്ര പൊട്ടിച്ചപ്പോള്‍ അരമണിക്കൂര്‍ നേരത്തേക്ക്
സ്വര്‍ഗത്തില്‍ നിശബ്ദത വ്യാപിച്ചു…..’ ബൈബിളിലെ വെളിപാടു
പുസ്തകത്തിലെ ഈ വചനം എന്നപോലെ തന്നെ ഏഴാം മുദ്ര മറ്റൊരു
ലോകത്തിന്റെ പ്രതീകമാണ്, മരണം വ്യവഹരിക്കുന്ന
കേട്ടുകേള്വിയ്ക്കപ്പുറമുള്ള ഒരു ലോകത്തിന്റെ പ്രതിധ്വനി.
ബര്‍ഗ്മാന്റെ സൃഷ്ടികളിലെ ആത്മകഥാംശം, അസംതൃപ്തനായ
യുവാവ് സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍
പരിഗണിക്കുന്നു. മധ്യവയസ്സില്‍, അവന് ദൈവത്തെക്കുറിച്ചും
അസ്തിത്വത്തെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ചോദിക്കുന്നു.
വാര്‍ദ്ധക്യത്തില്‍, ഉത്തരങ്ങള്‍ക്കായി അവന് തന്റെ ഓര്‍മ്മകളിലേക്ക്
തിരിയുന്നു.
മരണത്തിന്റെ വ്യവഹാരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നിന്റെ
ലോകത്തും ‘The Seventh Seal’ ഏറെ പ്രസക്തം തന്നെയാണ്. ഇന്നും നാം
ഓരോരുത്തരും മരണവുമായുള്ള ചതുരംഗക്കളിയില്‍
ഏര്‍പ്പെട്ടിരിക്കുകയാണ്, കളിയില്‍ തോല്‍ക്കുന്നവരെ മരണത്തിന്റെ
തേരിലേറ്റി കൊണ്ടുപോവുക തന്നെ ചെയ്യുന്നു. ജീവനുകളെ
കവര്‍ന്നെടുത്ത പ്ലേഗിന് പകരം മറ്റൊരു ഹേതുവാണെന്നുമാത്രം.
1 Comment
Nice❤️