
നവമാധ്യമങ്ങളും സർഗാത്മകതയും

തസ്മിൻ
മാറുന്ന ചിന്താധാരകളും കാഴ്ചപ്പാടുകളും ഒരു വിരൽത്തുമ്പിലേക്ക് ആവാഹിച്ചെടുക്കുകയാണിന്ന് നാം. വായനയും ചിന്തകളും അച്ചടി മാധ്യമങ്ങളെ ആശ്രയിച്ചു നിന്നിടത്തു നിന്നും അതിനെ സാമൂഹ്യവത്ക്കരിക്കുന്ന ബഹുസ്വരതയിലേക്ക് ലോകം കുതിച്ചു കൊണ്ടിരിക്കുന്നു. പ്രഭാതത്തിൽ ചായയ്ക്ക് ഒപ്പം പത്രം എന്ന ടിപ്പിക്കൽ രീതിയിൽ നിന്നും നമ്മൾ എത്രയോ മുന്നോട് പോയിരിക്കുന്നു. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചിത്രമായത് മാറിയത് ഈ അടുത്ത കാലത്താണ്. ഉറങ്ങുന്നതും ഉണരുന്നതും സ്മാർട്ട് ഫോണിലേയ്ക്ക് എന്ന അവസ്ഥ ഇഷ്ടങ്ങൾക്കൊപ്പം അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട് .എന്നാൽ ഇ-വായനയുടെ അനന്തസാധ്യതകൾ അത് മുന്നോട്ട് വയ്ക്കുന്നുണ്ട് എന്ന പ്രത്യക്ഷ ഗുണം പറയാതിരിക്കാനാവില്ല.
സാധാരണ മാധ്യമങ്ങളുടെ ഘടനയിൽ നിന്നു വളരെ മാറിയാണ് സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ സഞ്ചരിക്കുന്നത്. ഇരുത്തം വന്ന ഭാഷ, പല തട്ടിലുള്ള എഡിറ്റിംങ് എന്നിവ സാമ്പ്രദായിക മാധ്യമങ്ങളുടെ രീതിയാണ്. സാമൂഹിക മാധ്യമങ്ങളിൽ അങ്ങനെ ഒരു എഡിറ്റിംങ് ഇല്ല. അവരവരുടെ രുചി ഭേദവും അറിവുമനുസരിച്ച് ഇടപെടുകയാണവിടെ. മാധ്യമ ബഹുസ്വരതയുടെ ശക്തിയും ദൗർബല്യവും ഒരേ സമയം ഇതിലുണ്ട്.
ഫേസ് ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്, യൂടൂബ് എന്നിവ ലോകത്തിലെ തന്നെ പ്രബല മാധ്യമങ്ങളായി മാറിക്കഴിഞ്ഞു. സ്വാതന്ത്ര്യാ വിഷക്കാരം നടത്താനുള്ള സൈബർ ഇടങ്ങളാണിവ. ഭാവിയിൽ ഇതിലും നവീനമായ മാധ്യമങ്ങൾ പ്രത്യക്ഷപ്പെടാം. ഒരൊറ്റ ക്ലിക്കിലൂടെ ലോകത്തെ മുഴുവൻ സംയോജിപ്പിക്കാനും സംസ്കാരവും ഭാഷയും ദേശഭേദമെന്യേ ഉപയോക്താക്കളെ ഒരൊറ്റ കുടക്കീഴിലൊതുക്കാനും നവ മാധ്യമങ്ങൾക്ക് കഴിയുന്നു.
സാധാരണക്കാരൻ്റെ കണ്ണിലൂടെ വിവരങ്ങൾ ലോകത്തേക്ക് കാട്ടിക്കൊടുക്കുവാനും വ്യാഖ്യാനിക്കാനും സിറ്റിസൺ ജേർണലിസത്തിൻ്റെ സാധ്യതകൾ ഈ ഇടങ്ങൾ തുറന്നു കാട്ടുന്നു. സർഗാത്മകതയുടെ വേലിയേറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കും ഇവിടെ അനന്ത സാധ്യതകളാണുള്ളത്. ആത്മസംഘർഷങ്ങളും പ്രണയവും വിചാരവും വിദ്വേഷവും എന്നു വേണ്ട വൈകാരിക വൈചാരിക പ്രകാശനത്തിനുള്ള ഇടമായി സോഷ്യൽ മീഡിയ ഇന്ന് മാറ്റിയിരിക്കുന്നു. നമ്മുടെ കൂടെയുള്ള ഒരാളോട് എന്ന പോലെ അങ്ങകലത്തിരിക്കുന്നവരുമായി സംവദിക്കാനും സൗഹൃദത്തിൻ്റെ ഭവതലങ്ങളാവിഷക്കരിക്കാനും ഇവിടെ സാധിക്കുന്നു. അതു കൊണ്ടു തന്നെ പ്രായഭേദമില്ലാതെ സോഷ്യൽ മീഡിയ അഡിക്ഷൻ കുടുകയാണ്.

എന്തെഴുതിയാലും കവിതയാകുന്ന ഇക്കാലത്ത് സോഷ്യൽ മീഡിയയിലൂടെ വളർന്നു വരുന്ന കവികളുടെ എണ്ണം കൂടുതലാണ് എന്ന് നമുക്കറിയാം. കവിതാ സാഹിത്യ രംഗത്തെ പുതിയ രചനാ സങ്കേതങ്ങൾ സൃഷ്ടിക്കാൻ നവ മാധ്യമങ്ങൾ അവസരമൊരുക്കുന്നുണ്ട്.ഒരു അച്ചടി മാസികയിലേക്ക് എഴുതി അയച്ച് മാസങ്ങൾ കാത്തിരുന്ന്, ഒടുക്കം ചില പ്രത്യേക കാരണങ്ങളാൽ ഇത് പ്രസിദ്ധീകരിക്കാൻ സാധ്യമല്ല എന്ന കുറിപ്പടി കയ്യിൽ കിട്ടുമ്പോൾ വിഷണ്ണരായി നിൽക്കുന്നിടത്തു നിന്നും സ്വയം പ്രസാധകരാകുന്ന എഴുത്തുകാരിലേക്ക് വലിയൊരു സാധ്യത തുറന്നിടുന്നുണ്ട് നമ മാധ്യമ രംഗം. എന്തെഴുതിയാലും വായനക്കാരുണ്ടാകും എന്നതും പ്രോത്സാഹനവും വിമർശനവും നേർക്ക് നേരെ നടക്കുന്നു എന്നതും എഴുത്തുകാരെ സംബസിച്ച് വലിയ സാധ്യതയാണ്.ഈ സാധ്യതകളെ ഇന്ന് പല മുഖ്യധാരാ എഴുത്തുകാരും പ്രസാധകരും നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. സാഹിത്യ സാംസ്കാരിക കൂട്ടായ്മകൾ നവ മാധ്യമങ്ങളിലൂടെ തഴച്ചുവളരുന്നുണ്ട്. പിശുക്കില്ലാതെ വിമർശിച്ചും പ്രോത്സാഹിപ്പിച്ചും കൂടെ നിൽക്കുന്ന സൗഹൃദങ്ങൾ തന്നെയാണ് നവ മാധ്യമ സർഗാത്മകതയെ വളർത്തുന്നത് എന്നത് സന്തോഷകരമായ അനുഭവമാണ്.
നമുക്കറിയാം ആർ.രാജശ്രീ എന്ന എഴുത്തുകാരിയെ. കല്യാണിയെന്നും ദാക്ഷായണി എന്നും പേരായ രണ്ടു സ്ത്രീകളുടെ കത പറഞ്ഞ എഴുത്തുകാരി. അവരുടെ സ്മാർട്ട് ഫോണിലെ നോട്ട് പാഡിലെഴുതി ഫേസ് ബുക്കിൽ ഓരോ ദിവസവും ഓരോ അധ്യായമായി പ്രസിദ്ധീകരിച്ച മികച്ച നോവൽ. മാതൃഭൂമി ബുക്സ് അത് പുസ്തക രൂപത്തിൽ ഇറക്കിയിട്ടും അതിൻ്റെ പ്രാധാന്യവും പുതുമയും വറ്റാതെ തന്നെ വായനാലോകം അത് ഏറ്റെടുത്തു. പവിത്രൻ തീക്കുനിയുടെ കവിത”പർദ്ദ ” ആദ്യം പ്രസിദ്ധപ്പെടുത്തിയത് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിലാണ്. വിവാദത്തിനും വിമർശനത്തിനും സോഷ്യൽ മീഡിയയാണ് അവസരമൊരുക്കിയത്. “മീശ “എന്ന എസ്.ഹരീഷിൻ്റെ നേവൽ വിമർശനങ്ങൾക്ക് ആക്കം കൂട്ടിയ ഇടവും സോഷ്യൽ മീഡിയ തന്നെ. കുരീപ്പുഴ ശ്രീകുമാർ തുടങ്ങി നിരവധി പ്രഗത്ഭരായ എഴുത്തുകാർ സോഷ്യൽ മീഡിയയിലൂടെ പുതു എഴുത്തുകാരെ വളർത്തിക്കൊണ്ടുവരുവാനവസരമൊരുക്കുന്നുണ്ട്. നിയതമായ ചിട്ടകൾക്കും താളത്തിനും വൃത്തത്തിനുമപ്പുറത്തേയ്ക്ക് എഴുത്തിനെയും വായനയെയും പ്രകടനങ്ങളെയും ആത്മനിഷ്ഠമായും വസ്തുനിഷ്ഠമായും പ്രകാശിതമാക്കാൻ ഏതൊരാൾക്കും ആശ്രയിക്കാവുന്ന വേദി എന്ന നിലക്ക് നവ മാധ്യമരംഗം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഗുണവും ദോഷവും ഒരു പോലെ നിലനിൽക്കുന്നു എങ്കിലും സ്വയം പ്രകാശനത്തിൻ്റെ ആത്മസംതൃപ്തി നൽകുന്നുണ്ട് സോഷ്യൽ മീഡിയ .വാർപ്പ് മാതൃകകൾക്കപ്പുറം വ്യത്യസ്ത അഭിരുചികളുടെ സർഗാത്മത സമ്മേളനം ഇതിലൂടെ നാം ദിനംപ്രതി അനുനിമിഷം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. എഴുത്തും പറച്ചിലും പാട്ടും അഭിനയവും ചിത്രരചനയും ഫോട്ടോഗ്രാഫിയും പാചകവും എല്ലാം ഒരൊറ്റ ക്ലിക്കിൽ പ്രകാശിപ്പിക്കാനും ലൈക്കുകളിലൂടെ നിലനിർത്താനും പുതുതന്ത്രങ്ങളിലൂടെയും സാങ്കേതിക തികവിലൂടെയും നാം പഠിച്ചു കഴിഞ്ഞു.
പ്രത്യേകിച്ച് കോവിഡ്- 19 മഹാമാരിയുടെ, അതിജീവനത്തിൻ്റെ ഈ നാളുകളിൽ നാം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നതും സാമൂഹിക മാധ്യമങ്ങളാണല്ലോ? അകലത്തിൽ അടുപ്പം സൂക്ഷിക്കുന്ന ഈ കാലത്ത് കാണാമറയത്തിരുന്ന് ഹൃദയത്തിൻ്റെ ഭാഗമാകുന്നവരെ ഞാൻ ഓർക്കുന്നു. സർഗാത്മക സംവേദനങ്ങളിൽ ഇനിയും നവ മാധ്യമങ്ങൾ മുന്നോട്ട് കുതിയ്ക്കും. ഒപ്പം നമ്മളും. പുതു വായനയിലേയ്ക്കും എഴുത്തിലേക്കും കലാപ്രകടനങ്ങളിലേക്കും സംവാദങ്ങളിലേയ്ക്കും സാമൂഹിക പ്രതിബദ്ധതയോടെ നമുക്ക് കടന്നു ചെല്ലാം. തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് കൊണ്ടും നമുക്ക് സ്വയം പ്രകാശിതമാകാം എന്ന ഓർമ്മപ്പെടുത്തലോടെ…