
കെട്ടുകഥകളുടെ തരുവണ ദേശം

മുഹമ്മദ് പനച്ചിക്കൂൽ
‘ഞാനിവിടെ ഉണ്ടായിരുന്നു….” – യുവാൻ മോവ ഹരാരി സാപ്പിയൻസിലെ വരികളിലൊന്നാണ് ലിറ്റാർട്ട് ബുക്സ് പ്രസിദ്ധീകരിച്ച ‘തരുവണ കഥകളു’ടെ ആമുഖത്തിൽ എഴുത്തുകാരൻ അലി പള്ളിയാർ എഴുതി വെക്കുന്നത്. ഈ കുഞ്ഞു കഥളുടെ ലോകം മുഴുവനും ആ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു. ഇരുപത്തി മൂന്ന് ജീവിതങ്ങളിൽ ചിലതു ചിരിപ്പിക്കും… ചിലതു സങ്കടപ്പെടുത്തും… ചിലതാവട്ടെ മനസ് മരവിപ്പിച്ചു കളയുന്നുണ്ട്.
മലബാറിൽ നിന്നായത് കൊണ്ടാവും, എനിക്ക് കേട്ടും കണ്ടും പരിചയമുള്ള ചിത്രങ്ങളാണ് എല്ലാ കഥകളിലും കാണുന്നത്. പക്ഷെ ,കുറഞ്ഞ വരികളിൽ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് പടം പോലെ, ഒറ്റയടിക്ക് നമ്മളെ തരുവണ ദേശത്തിന്റെ ഉള്ളറകളിലേക്ക് കൊണ്ട് പോവുന്നുണ്ട് അലി പള്ളിയിൽ.

കേട്ട് കഥകളും കെട്ടു കഥകളും ബാങ്ക് മാനേജരായ എഴുത്തുകാരന്റെ ജോലി പരിസരങ്ങളും പുസ്തകത്തിലുടനീളം മാറി മാറി വരുന്നുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും ജാതിയും മതവുമൊക്കെ കയറി വരുമ്പോൾ ജീവിതത്തെ എത്രമേൽ കീഴ്മേൽ മറിക്കപ്പെടുന്നു എന്ന് കഥാകൃത്ത് നിരന്തരം കഥയോട് കലഹിക്കുന്നുണ്ട്. ചില കഥകളുടെ പരിസരം തേടിപ്പോവുമ്പോൾ, ട്വിസ്റ്റ് അറിഞ്ഞാൽ ത്രില്ല് പോകുന്ന സിനിമ പോലെ തോന്നിപ്പോവും. നർമ്മവും ഹാസ്യവും മേമ്പൊടിയിലിട്ട കഥകളിൽ പോലും മനസു നോവിക്കാതെ അവസാനിപ്പിക്കാൻ തോന്നില്ല. പഴയ കാലത്തെ ഓർമ്മകളുടെ കുരുക്കഴിക്കുകയാണ് ജിന്ന് കഥകൾ. മിത്തുകളുടെ ചിത്രങ്ങൾ എല്ലാ ഇടങ്ങളിലും കാണും. എന്നാൽ, അതിനെ യാഥാർഥ്യ വത്കരിക്കപ്പെടുന്ന അല്ലെങ്കിൽ വിശ്വാസത്തിനുമപ്പുറത്ത് സ്ഥിരീകരിക്കപ്പെടുന്ന ഇല്ലാക്കഥകളുടെ ഒരു ‘കെട്ടു’ തന്നെയാണിത്.
ട്രെയിനും ഫ്ലൈറ്റും കടലുമൊന്നുമില്ലാത്ത വായനാടുകാരന്റെ ആവലാതികൾ അങ്ങിങ്ങായി കാണാം. കാടനെന്നും അപരിഷ്കൃതരെന്നും മുദ്ര കുത്തുന്ന മലയാളിയുടെ കപട പുരോഗമന കാഴ്ചപ്പാടുകൾക്ക് മേലെ ആണിയടിക്കുന്നുണ്ട്. വയനാടിന് അടുത്ത കാലത്തു വന്ന ദേശീയ രാഷ്ട്രീയത്തിലെ മാനങ്ങൾ പങ്കു വെക്കുകയാണ് ‘രാഹുൽ ഗാന്ധി’ എന്ന കഥ. പുതിയ കാലത്തെ ആഗോള വ്യാവസായിക വത്കരണത്തിന്റെ ട്രാപ്പുകളിൽ പെട്ടുപോകുന്ന സാധാരണ ജീവിതങ്ങളും ‘ഇൻഷുറൻസ് ഏജന്റ്’, ‘കൺസൾട്ടന്റ്’, ‘സൊസൈറ്റി ലോൺ’ തുടങ്ങിയ കഥകളിൽ അങ്ങിങ്ങായി വന്നു പോവുന്നുണ്ട്.
പഴഞ്ചൊല്ലുകളെ ഓർമ്മിപ്പിക്കുന്നവണ്ണം കുഞ്ഞു കഥകളുമുണ്ട്. കണ്ടാൽ ഒട്ടും ആഴം തോന്നിക്കാത്ത ഇരുണ്ട തടാകങ്ങളാണ് കുഞ്ഞു കഥകൾ മിക്കതും. കാലെടുത്തു വെച്ച് കഴിഞ്ഞാൽ കഥയുടെ കൂടെ ആഴങ്ങളിൽ നീന്തിക്കയറണം. ‘ഉമ്മ’, ‘പദ്ധതി വൃത്താന്തം’, ‘സഞ്ചാരം’ കഥകളിൽ ഒരേ സമയം ആക്ഷേപ ഹാസ്യവും മറു വശത്ത് യാഥാർഥ്യവും ബാലൻസ് ചെയ്തു എഴുതിക്കളയുന്നുണ്ട്. മതത്തിനു മീതെ മനുഷ്വത്വത്തിനെ സൃഷ്ടിക്കാൻ മറന്നു പോയവരുടെയും മത-ജാതി മേധാവിത്വത്തിന്റെയും നേർ ചിത്രങ്ങളാണ് ‘അണ്ഡ കടാഹം’, ‘ഡിസിപ്ലിൻ’, ‘അയിത്തം’, ‘മുച്ചീട്ടു കളിക്കാരന്റെ കൂട്ടുകാരൻ’ എന്നീ കഥകൾ.
‘സാറേ ഒരു പരാതിയുമില്ല. മാത്രമല്ല, വിമലേട്ടത്തി പുറത്തു പോയാ, സ്വന്തം ബെഡിൽ കിടത്തുന്ന ആളാ അദ്ദേഹം’ മലയാളിയുടെ ജാതി നിർമ്മിതികളെ, ‘കോളനി’ വൽക്കരണ പൊതുബോധങ്ങളെ അത്രമേൽ തുറന്നു കാണിക്കുന്നുണ്ട് ‘അയിത്തത്തി’ലെ ഈ വരികൾ.
ഇരുപത്തിമൂന്നു ജീവതങ്ങളും നിങ്ങളെ ചിന്തിപ്പിച്ചെന്നു വരില്ല. പക്ഷെ , ഒന്ന് ഉള്ളിൽ ചിരിക്കാതെ, ഒരു വട്ടം നെടുവീർപ്പിടാതെ, ഒന്ന് വിസ്മയിക്കാതെ, നിങ്ങൾക്കീ പുസ്തകം മടക്കി വെക്കാനാവില്ലെന്ന് തീർച്ച.

(പുസ്തകം ലഭിക്കാനായി വാട്സാപ്പിൽ ബന്ധപ്പെടുക…
https://wa.me/+916238226283 )