
”മൈലാഞ്ചി അരച്ച് അരച്ച് ബിരിയാണി ബെയ്ച്ച് ബെയ്ച്ച്”
തലശ്ശേരി ബിരിയാണിയും മട്ടൺചാപ്സും’
ഡോ: എൻ. സാജൻ
”തലശ്ശേരി ബിരിയാണിയും മട്ടൺ ചാപ്സും” എന്നത് രണ്ട് സസ്യേതര ഭക്ഷണ വിഭവങ്ങൾ എന്ന നിലയിൽ പഴയകാലങ്ങളിൽ ബോധ-അബോധ മണ്ഡലങ്ങളിലെ രസകാമനകൾ മാത്രമായിരുന്നില്ല. ഒരു വർഷത്തിൽ അപൂർവ്വം അവസരങ്ങളിൽ മാത്രം മാംസാഹരത്തിന് വകയുണ്ടായിരുന്ന തലശ്ശേരിയിലെ സാധാരണ ജനങ്ങൾക്ക് അപൂർവ്വമായ ഇന്ദ്രിയാനുഭവം തന്നെ ഈ രണ്ട് വൈദേശിക ഭക്ഷണ വിഭവങ്ങളിൽ നിന്നുണ്ടായ രൂപകങ്ങൾ പകർന്നു കൊടുത്തിട്ടുണ്ടായിരിക്കും. വാട്ടിയ ഇലയുടെ ഗന്ധവും അതോട് ഇഴുകി ലയിച്ച് ചേർന്നിട്ടുള്ള ബിരിയാണി അരി, പശുവിൻ നെയ്യ്, ഗ്രാമ്പ്, കറുവപ്പട്ട, ഏലക്കായ, പൊതീനയില, മല്ലിയില, വാട്ടിയ ഉള്ളി, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ജാതിപത്രി എന്നിവ തലശ്ശേരി ദം ബിരിയാണിക്ക് രുചിയുടെ സിംഫണി രസങ്ങൾ പകരുന്ന ചേരുവകളാണ്. വിശിഷ്ടമായതും ചിലവേറിയതുമായ ദം ബിരിയാണി എന്ന വിഭവം ഒരിക്കലും തലശ്ശേരിയുടെയോ കേരളത്തിന്റെയോ തനത് ഭക്ഷണ വിഭവമല്ല എന്നതിൽ ആർക്കും രണ്ട് അഭിപ്രായമില്ല. ചേരമൻ പെരുമാളിന്റെ കാലത്ത് ഉണ്ടായിരുന്ന അറബ് മുസ്ലീമുകളുമായുള്ള വാണിജ്യബന്ധങ്ങൾക്കൊണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തലശ്ശേരിയിൽ വിദേശനാടുകളിലെ ഭക്ഷണവിഭവങ്ങൾ എത്തിയിരുന്നതായി മനസ്സിലാക്കാം.
തലശ്ശേരി ഭക്ഷണ സംസ്കാരം വിവിധ സമുദായങ്ങൾ ചേർന്ന് ഉണ്ടായതും ഉണ്ടാക്കിയെടുത്തതുമായ വൈവിധ്യമാർന്ന സാംസ്കാരിക സമന്വയത്തെ ദ്യോതിപ്പിക്കുന്ന രുചികളുടെയും ചേരുവകളുടെയും സങ്കലനമായി വേണം കാണാൻ. ഏതെങ്കിലും ഒരു സമുദായത്തിന്റെ ആധിപത്യം കൊണ്ട് ആയിരുന്നില്ല തലശ്ശേരി രുചികളിലൂടെ രൂപാന്തരപ്പട്ട ഭക്ഷണാസ്വാദനത്തിന്റെ ലാവണ്യശാസ്ത്രം. രാജഭരണത്തിന്റെയും വാണിജ്യസംസ്കാരത്തിന്റെയും രാഷ്ട്രീയ സമ്പദ്വ്യവസ്ഥ എങ്ങിനെയായിരുന്നു എന്ന് പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഇവിടെ രൂപപ്പെട്ട ഭക്ഷണ സംസ്ക്കാരത്തിന്റെ അടരുകൾ. ഇന്ന് തലശ്ശേരിയിൽ ജീവിക്കുന്ന ഏതൊരാളുടെയും സങ്കല്പത്തിലും സങ്കല്പനത്തിലും ഭക്ഷണ സംസ്കാരത്തിലൂടെ നിർമ്മിക്കപ്പെടുന്ന സ്വത്ത്വ ബോധത്തിലും വിഭവങ്ങൾ ജൈവികമായി പ്രവർത്തിക്കുന്നു എന്നത് സംശയഭേദമന്യേ നിലനിൽക്കുന്ന വസ്തുതയാണ്. ഏതൊരാളുടെയും ഭക്ഷണ സംബന്ധിയായ കാമന ”തലശ്ശേരി ബിരിയാണിയിലും” ”മട്ടൺ ചാപ്സിലും” അിരവീൃലറ ആയി തന്നെ കിടക്കുന്നു. ഇവിടെ ജീവിച്ചിരുന്നതും ജീവിക്കുന്നതുമായ ആളുകളുടെ മനോവ്യാപരങ്ങളിലും ദൈനംദിന ജീവിതവ്യവഹാരങ്ങളിലും സാംസ്കാരിക വ്യവഹാരങ്ങളിലും ചരിത്രാഖ്യാനങ്ങളിലും ഇവ രണ്ടും തലശ്ശേരിയുടെ സാമൂഹിക പ്രതീകാത്മക വ്യവസ്ഥയുടെ രണ്ട് അച്ചുതണ്ടുകളായി ഇപ്പോഴും വർത്തിക്കുന്നു.
സമ്പന്നരായ മുസ്ലീം വീടുകളിലെ കല്ല്യാണ തലേന്നിന്റെ മൈലാഞ്ചി ആഘോഷങ്ങളിൽ വധുവിനെ അറയിൽ കൂട്ടുന്നതിന്റെ ഡ്രസ്സ് റിഹേഴ്സൽ നടന്നിരുന്നു. മൈലാഞ്ചി കൊണ്ട് വധുവിന്റെ ഇടതുകൈയ്യിൽ അലങ്കാരച്ചിത്രങ്ങൾ പതിപ്പിച്ച് പൊങ്ങച്ച കുപ്പായങ്ങളും സ്വർണ്ണാഭരണങ്ങളും അണിയിച്ച് കസേരയിൽ ഇരുത്തിയ ശേഷം ചെറുപ്പക്കാരികൾ ചുറ്റും നിന്നും വൃത്തത്തിൽ നടന്നും കൈകൾ കൊട്ടി ഉയർത്തിയും താഴ്ത്തിയും പാടിയ പാട്ടുകളിൽ കേമപ്പെട്ട ഒന്നാണ് ഇവിടെ ഉദ്ദരിക്കുന്നത്.
''മൈലാഞ്ചി അരച്ച് അരച്ച്
ബിരിയാണി ബെയ്ച്ച് ബെയ്ച്ച്
ഖൽബിൽ പൂത്തിരി കണ്ട് കണ്ട്
പ്രിയ മറിയൂനെ ഇതാ ഇതാ ചമയിക്കുന്നേ
ഉപ്പിത്ത സമ്മതം തന്നെങ്കിൽ
പ്രിയ മറിയൂനെ കൊണ്ടിതാ ഞങ്ങൾ പോകുന്നേ
പൊഞ്ചപ്പത്താൽ മൊഞ്ച് മറഞ്ഞ
പ്രിയ മറിയൂനെ കൊണ്ടിതാ പോകുന്നേ''
മൈലാഞ്ചി ബിരിയാണി പാചകം മുസ്ലീം വിവാഹത്തലേന്നത്തെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ്. മൈലാഞ്ചി ബിരിയാണി കഴിക്കാൻ എത്തുന്നത് പട്ടണത്തിലെ പ്രധാന കച്ചവടക്കാരും പ്രമാണിമാരും തറവാട്ടിലെ ഉമ്മമാരും നാത്തൂൻമാരുമായിരുന്നു. എന്നാൽ കല്ല്യാണ ദിവസം ദം ബിരിയാണി തയ്യാറാക്കുന്ന രീതി തന്നെ കുറേ പ്രത്യേകതകളോടെയായിരുന്നു. ചെമ്പ് പാത്രത്തിൽ വെന്ത് പാകമായ നെയ്യ്ച്ചോറിന് മീതെ വേറെ ഒരു ചെമ്പുപാത്രത്തിൽ പാകമായിക്കഴിഞ്ഞ ഇറച്ചിമസാല ചൂടോടെ ചട്ടുകം കൊണ്ടു കോരിയെടുത്ത് പരത്തി ഇട്ടശേഷം ബിരിയാണി ചെമ്പ് വലിയ തളികകൊണ്ട് മൂടി വെക്കുന്നു. തളികയുടെ പുറത്ത് ചിരട്ട കനലോ എരിഞ്ഞുകഴിയാറായ തേങ്ങാമടലോ ഇട്ട് തുണികൊണ്ടോ മൈദക്കൂട്ടുകൊണ്ടോ തളികയുടെ ചുറ്റും അരക്കിട്ടപോലെ ഒട്ടിച്ച് വെക്കുന്നു. മുകളിലെ തളികയുടെ ചൂടും അടിയിൽ അടുപ്പിൽ നിന്നുമുള്ള ചൂടും ചേരുമ്പോൾ നെയ്യ്ച്ചോറിന്റെ മുകളിൽ പരത്തിയിട്ടിട്ടുള്ള ഇറച്ചിമസാലയുടെ രുചിയും സത്തും ചോറിൽ കലർന്ന് പ്രത്യേകമായ സൗരഭ്യം തന്നെ ഉണ്ടായിവരുന്നു. അടിയിലെയും മുകളിലെയും ചൂട് ബിരിയാണി ചെമ്പിൽ തന്നെ തളച്ചിടുന്ന ഈ പ്രക്രിയയാണ് ദം ഇടുക എന്ന് തലശ്ശേരിക്കാർ പറയുന്നത്. കുറേ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ ലയിച്ച് സിംഫണി ഉണ്ടാവുന്ന പോലെയാണ് ദം ഇട്ട ഇറച്ചി മസാലയിലെ രസരുചി വൈവിധ്യങ്ങൾ ബിരിയാണിച്ചോറിൽ ഒത്തുചേരുന്നത്. എന്നാൽ ദം ഇടൽ ചടങ്ങിന് സമാന്തരമായി കുറേ കാര്യങ്ങൾ ക്രമീകരിക്കേണ്ടതായിട്ടുണ്ട്. മൂന്ന് വ്യത്യസ്ത അടുപ്പുകളിൽ മൂന്ന് പാത്രങ്ങളിലായിട്ടാണ് അരി പരിപാകപ്പെടുത്തി എടുക്കുന്നത്. ഒരു ചെമ്പിൽ വെള്ളം തിളപ്പിച്ചശേഷം കഴുകി വൃത്തിയാക്കിയ ഗന്ധകശാല അരി അതിലിട്ട് വേവിച്ചെടുക്കുന്നു. വെള്ളം വറ്റി വരുമ്പോൾ ചോറിൽ ആവശ്യത്തിന് പശുവിൻ നെയ്യ് പകർന്ന് അരി ഒട്ടിപ്പിടിക്കാത്ത വിധം കൂറ്റൻ ചട്ടുകം കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുന്നു. രണ്ടാമത്തെ ചെമ്പിൽ നേർങ്ങനെ മുറിച്ച് വെച്ച വലിയഉള്ളി പശുവിൻ നെയ്യിൽ സ്വർണ്ണനിറത്തിൽ വാട്ടി എടുത്ത ശേഷം അത് മുഴുവനും വെന്ത് വന്ന നെയ്യ്ച്ചോറിൽ ഇട്ട് ഇളക്കി പരുവപ്പെടുത്തേണ്ടതുണ്ട്. അതിനുശേഷമാണ് ബിരിയാണിച്ചോറിൽ കുങ്കുമപ്പൂ, ഉണക്കമുന്തിരി, ഗ്രാമ്പ്, കറുവപ്പട്ട , ഏലക്കായ്, അണ്ടിപ്പരിപ്പ് എന്നിവ നെയ്യിൽ വറുത്ത ശേഷം ചേർക്കുന്നത്. ഒടുവിലായി പനിനീർ തെളിച്ച് ചോറിനെ സൗരഭ്യപൂരിതമാക്കി കുറച്ച് നേരം വെച്ചശേഷം ആദ്യം തയ്യാറാക്കിയ ഇറച്ചി മസാലചോറ് ചേർത്ത് ചെറു ചൈനാപ്ലേറ്റുകളിലാക്കി തട്ടിതലോടി അലങ്കരിച്ച് വാഴയിലയിൽ വിളമ്പുന്നതിനും പ്രത്യേക കരവിരുത് തന്നെ വേണ്ടിയിരിക്കുന്നു. അരിയുടെ ഗുണമേന്മ, പശുവിൻ നെയ്യുടെ അളവ്, ചേരുവകളുടെ ഗുണനിലവാരം, ദം പിടിപ്പിക്കുന്ന രീതി, ഇറച്ചിയുടെയും അരിയുടെയും വേവ്, മസാലയും അരിയുമായുള്ള സൗരഭ്യപൂരിതമായ ഇണങ്ങിച്ചേരൽ മേമ്പൊടിയായി വിതറുന്ന സുഗന്ധദ്രവ്യങ്ങളുടെ അളവ് എന്നിവയെല്ലാമാണ് തലശ്ശേരി ദം ബിരിയാണിയെ ലോകത്ത് മറ്റ് എവിടെ കിട്ടുന്ന ബിരിയാണിയിൽ നിന്നും അനന്യമായതാക്കിതീർക്കുന്നത്.

വാണിജ്യ ഇടപാടുകളും കയറ്റുമതിയും ഇറക്കുമതിയും ഒരുപാട് നടന്നിരുന്ന സ്ഥലമായിരുന്നത് കൊണ്ട് തന്നെ പട്ടണവത്ക്കരണത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾ ആയപ്പോഴേക്കും ദ്രൂതഗതിയിലായി മാറിക്കഴിഞ്ഞിരുന്നു. തലശ്ശേരി കടപ്പുറത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മെയിൻ റോഡ് അന്നത്തെ ബിസിനസ്സ് ഹബ്ബ് തന്നെയായിരുന്നു എന്ന് വേണം കരുതാൻ. റോഡിന്റെ ഇരുവശത്തുമുള്ള കടകളിൽ ചില്ലറ വ്ലിപനക്കാരും മൊത്തവില്പനക്കാരും ഉണ്ടായിരുന്നതിന്റെ ഫലമായി എപ്പോഴും പലതരത്തിലുള്ള വ്യാപര ഇടപാടുകൾക്ക് വേദിയായി. ചക്കരപൊതികൾ, വെത്തില, അടയ്ക്ക, പുകയില, ചുണ്ണാമ്പ്, ഉണക്കമത്സ്യം, അരി, ഗോതമ്പ്, ഭക്ഷ്യധാന്യങ്ങൾ എന്നിവ വാങ്ങാനായി നാട്ടുകാരും ഉൾനാടൻ പ്രദേശങ്ങളിൽ നിന്ന് എത്തിയ തോട്ടം ഉടമകളും പാണ്ടികശാലകളിലെ തൊഴിലാളികളും സാധനങ്ങൾ വാങ്ങുവാനായി എത്തിയപ്പോൾ പട്ടണം ജനനിബിഢമായി.
കാളവണ്ടികളിലായിരുന്നു മിക്കവരും സഞ്ചരിച്ച് പട്ടണത്തിൽ എത്തിയത്. കാളകൾക്കും വണ്ടിക്കാർക്കും കച്ചവടക്കാർക്കും വിശ്രമിക്കാൻ പട്ടണത്തിലെ പലപ്രദേശങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ സഹായകമായി. അവിടെ എല്ലാ ചായക്കടകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉയർന്നുവരികയും ചെയ്തു. സഞ്ചാരികൾ പലയിടങ്ങളിൽ നിന്നും എത്തുമ്പോൾ സാമൂഹിക ചലനാത്മകതയും ഡയസ്പോറിക് സംസ്കാരവും രൂപപ്പെടുക സ്വാഭാവികമാണല്ലോ. ഒരു ദേശത്തോ സംസ്കാരത്തിലോ ഉൾപ്പെട്ട ജനങ്ങൾ പലനാടുകളിലായി പിരിഞ്ഞു പോകുന്ന അവസ്ഥയേയാണല്ലോ ”ഡയസ്പോറ” എന്ന് വിളിക്കുന്നത്. അങ്ങനെയുള്ള ”ഡയസ്പോറ”യാൽ നിർമ്മിതമായ പുതിയ ഭക്ഷണ സംസ്കാരവും തദ്ദേശീയ ആധുനികതയുമാണ് പതിനെട്ടാം നൂറ്റാണ്ട് മുതൽ ക്രമാനുഗതമായി തലശ്ശേരി സംസ്കാരത്തിന്റെ ചാലകശക്തിയായി പ്രവർത്തിച്ചിരുന്നത്. പാഴ്സികൾ, ഗുജറാത്തിലെ ഹിന്ദു-മുസ്ലീം സേട്ടുമാർ, ഗൗഢസാരസ്വത് ബ്രാഹ്മണർ, ഗോവയിലെ കൃസ്ത്യാനികൾ, അറബ് മുസ്ലീങ്ങൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ബ്രീട്ടീഷുകാർ തലശ്ശേരി എന്ന ദേശത്തിന്റെ ഭക്ഷണ സംസ്കാരത്തെ സങ്കരവത്ക്കരിക്കുകയാണ് ചെയ്തത്. തലശ്ശേരിയിലെ ”ഹൈബ്രിഡൈസ്ഡ് ഭക്ഷണ സംസ്കാരം” പല വിഭാഗം ഇന്ത്യക്കാരുടെയും വിദേശീയരുടെയും സംഗമത്തിലൂടെ ഉരുത്തിരിഞ്ഞ് വന്നതുകൊണ്ട് തന്നെ ഇവിടെ ലഭ്യമായിട്ടുള്ള ഭക്ഷണവിഭവങ്ങൾ പല സമുദായങ്ങളുടെ സംഗമത്തിലൂടെ ഉണ്ടായിതീർന്ന രുചിക്കൂട്ടുകൾ തന്നെ. വിദേശികളും ഇന്ത്യയിലെ വിവിധ സമുദായങ്ങളും സംഗമിച്ച സാമൂഹ്യ സാമ്പത്തിക സാംസ്കാരിക ചരിത്രസന്ധിയിൽ പല രീതിയിലുള്ള ഏറ്റുമുട്ടലുകളും സ്വാംശീകരണങ്ങളും ഉണ്ടായിട്ടുണ്ടാവാം. അങ്ങിനെയുള്ള കൊടുക്കൽ വാങ്ങലുകളിൽ നിന്നും ക്രയവിക്രയങ്ങളിൽ നിന്നും ക്രമാനുഗതമായി ബിരിയാണി എന്ന സമ്പുഷ്ടമായ ഭക്ഷണവിഭവം തലശ്ശേരിയിലെ സമ്പന്ന മുസ്ലീം വ്യാപാരികളായ ഗുജറാത്തിലെ കച്ചിൽ നിന്ന് വന്ന മേമൺ, അലായ് സേട്ടുമാരായിരുന്നു ഇവിടെ എത്തിച്ചത്. കച്ച് മേമൺ ആയിരുന്ന അബ്ദുൾ സത്താർ ഇസ്ഹാഖ് സേട്ടുവും അദ്ദേഹത്തിന്റെ പിൻതലമുറക്കാരും താമസിച്ചിരുന്നത് തലശ്ശേരി മെയിൻ റോഡിലെ വാദ്ധ്യാർപീടിക എന്ന് പിന്നീട് അറിയപ്പെട്ടിരുന്ന സ്ഥലത്തെ ”തുളസിയന്റെ മാടം” എന്ന വലിയ മാളിക കെട്ടിടത്തിലായിരുന്നു. സത്താർ സേട്ടു അദ്ദേഹത്തിന്റെ പാചകക്കാരനായ മൂലാമ്പത്ത് അബ്ദുഹാജിയെ ഗുജറാത്തിലെ കച്ചിലേക്ക് അയച്ച് ബിരിയാണി പാചകം ചെയ്യുന്ന രീതി പഠിപ്പിച്ചശേഷം അത് ഇവിടെ നിവേശിപ്പിച്ചു. ഈ സംഭവത്തോടെ ആയിരുന്നു തലശ്ശേരി ഭക്ഷണ സംസ്കാരത്തിലേക്കുള്ള ബിരിയാണിയുടെ ആവിർഭാവം. ”ബിരിയൻ” എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ”ബിരിയാണി” ഉരുത്തിരിഞ്ഞുവരുന്നത്. പശുവിൻ നെയ്യിൽ അരി വറുക്കുന്നതിനാണ് ”ബിരിയൻ” എന്ന വാക്കിന്റെ അർത്ഥം. വറുത്തെടുത്ത അരി വേവിച്ച് ഇറച്ചി മസാലയുടെ കൂടെ ചേർത്ത് ”ദമ്മിൽ” ക്രമീകരിക്കപ്പെട്ട ചൂടിൽ വേവിച്ചെടുക്കുന്ന പാചകക്രമത്തിനാണ് ബിരിയാണി എന്ന് പറയുന്നത്.
വിദേശത്ത് നിന്ന് വന്ന ഗോതമ്പ് വിഭവമാണ് ”അലസ”, മേത്തരം ഗോതമ്പ് തൊലികളഞ്ഞ ശേഷം നുറുക്കിയ ഇറച്ചി ചേർത്ത് പ്രത്യേകതരത്തിൽ വേവിച്ചെടുക്കുന്നതാണ് അലസ എന്ന കല്ല്യാണ വിഭവം. തലശ്ശേരിയിലെ കേയി കുടുംബങ്ങളിൽ അറബി വിവാഹങ്ങൾ ഉണ്ടായതിന്റെ ഫലമായാണ് ”അലിസ” (”അലസ” എന്ന് പൊതുവെ അറിയപ്പെടുന്നു) പ്രചാരത്തിൽ വരുന്നത്. അറബിയിൽ ”അരീസ്” എന്ന് അറിയപ്പെടുന്ന ഈ വിഭവം തലശ്ശേരിയിലെ ആളുകൾ ഇഷ്ടപ്പെടുന്നത് പഞ്ചസാര ചേർത്ത് തിന്നാനാണ്. ബിരിയാണിയും അലിസയും വൈദേശിക ബന്ധത്തിലൂടെ ഉണ്ടായതാണ് എങ്കിൽ തലശ്ശേരിയിലെ തദ്ദേശീയമായ ഭക്ഷണവിഭവമാണ് ” മുട്ടമാല”. മുട്ടയുടെ മഞ്ഞ പിരിച്ചെടുത്ത് അതിൽ പഞ്ചസാര ചേർത്ത് ഇളക്കി നേരിയ സുഷിരമുള്ള ചിരട്ടയിലൂടെ പുറംതള്ളി, തിളയ്ക്കുന്ന പഞ്ചസാരപ്പാവിൽ പാചകം ചെയ്തെടുക്കുന്ന വിഭവമാണ് മുട്ടമാല. ബാക്കിയുള്ള മുട്ടവെളളയിൽ മൈദ ചേർത്ത് ആവിയിൽ വേവിച്ചശേഷം അപ്പമായി വരുന്ന ഭാഗം പുഡ്ഡിങ്ങ് പോലെ മുട്ടമാലയോടൊപ്പം ചേർത്ത് പ്ലേറ്റിൽ അലങ്കരിച്ച് വിളമ്പുന്നു.

മുസ്ലീം ഭക്ഷണ സംസ്കാരം വൈവിധ്യപൂർണമാകാനും പരീക്ഷണോന്മുകമാകാനും പ്രത്യേക കാരണം അവരുടെ സാമൂഹിക പശ്ചാത്തലം തന്നെ. മരുമക്കത്തായ സമ്പ്രദായവും പുതിയാപ്ള സമ്പ്രദായവും വലിയ രീതിയിൽ ഭക്ഷണ സംസ്കാരത്തെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. വിവാഹം കഴിഞ്ഞാൽ വധുവിന്റെ വീട്ടിലെ നിത്യ അതിഥിയായി തീരുന്ന വരനെ തൃപ്തിപ്പെടുത്താൻ എന്നും വിഭവസമൃദ്ധമായ ഭക്ഷണം തീൻമേശയിൽ കണ്ണിനും നാവിനും രുചിപകരുന്ന തരത്തിൽ വിളമ്പുക പതിവാണ്. അപ്പത്തരങ്ങളുണ്ടാക്കി മരുമകനെ തീറ്റുന്ന മാപ്പിളപ്പാട്ട് ഈ സമ്പ്രദായത്തിന്റെ പെർഫോർമേറ്റീവ് ആവിഷ്കരണം തന്നെ.
തലശ്ശേരിയിലെ നോമ്പുതുറ വിഭവസമൃദ്ധമായി വന്നതും ഇവിടെയുള്ള ആളുകളുടെ സമ്പൽസമൃദ്ധിയെ വിളിച്ചോതുന്നു. ഉന്നക്കായ, ഇറച്ചിപണ്ടം നിറച്ച ഇറച്ചിപ്പത്തിരി, പെട്ടിപ്പത്തൽ, ലക്കോട്ടപ്പം, തരിക്കഞ്ഞി, ഏലാഞ്ചി, പുളിവാരൽ, പഴം പൊരിച്ചത്, നെയ്പ്പത്തിരി, നെയ്യപ്പം, മുട്ടസർക്കി എന്നിവയാണ്് പ്രസിദ്ധമായ നോമ്പുതുറ വിഭവങ്ങൾ. വ്രതാനുഷ്ഠാനത്തിന് ശേഷം കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒന്ന് വിവിധതരം കഞ്ഞികളാണ്: റവക്കഞ്ഞി, പരിപ്പ്കഞ്ഞി, ചെറുപയർ കഞ്ഞി, നുറുക്കരി കഞ്ഞി, ജീരകക്കഞ്ഞി. നാലുമണി പലഹാരങ്ങളുടെ കൂട്ടത്തിൽ മുഖ്യമായ ഇനങ്ങളാണ് പഴം നിറച്ചത് അപ്പം വാട്ടിയത് (ബ്രഡ്ഡ്), കൈവീശൽ, കിഴങ്ങ് പൊരിച്ചത് തുടങ്ങിവയവ. വിശേഷദിവസങ്ങളിൽ ഉണ്ടാക്കുന്ന അപ്പത്തരങ്ങൾ കുറേയുണ്ട്: മുസാറ, കലത്തപ്പം, കവാബപ്പം, മുടച്ചിലപ്പം, കിണ്ണത്തപ്പം എന്നിങ്ങനെയാണ് അതിൽ മുഖ്യമായത്.
വീടുകളിൽ നിന്ന് ക്രമാനുഗതമായി ഉണ്ടായ ഭക്ഷണസംസ്കാരം തലശ്ശേരിയുടെ സാമൂഹിക സ്വത്ത്വനിർമ്മിതിക്ക് തന്നെ വഴിതെളിച്ചു. തലശ്ശേരിയിൽ വളരുകയും ജീവിക്കുകയും ആഹാരം കഴിക്കുന്നതിന്റെ ലാവണ്യരസം അനുഭവിക്കുകയും ചെയ്ത ഏതൊരാളുടെയും ബോധ/അബോധ മനസ്സിൽ അന്തർലീനമായി നിലനില്ക്കുന്ന രുചികളും രുചിയിടങ്ങളും ഇവിടത്തെ ഹോട്ടലുകളിൽ നിന്ന് ഉടലെടുത്തതായി അപഗ്രഥിക്കേണ്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ കലകളുടെ കലവറയായ ”പാരീസ്” തലശ്ശേരിയിലെ ആളുകളെ സംബന്ധിച്ചിടത്തോളം രുചികളുടെ, പ്രത്യേകിച്ചും തലശ്ശേരി ബിരിയാണിയുടെയും ”മട്ടൺ ചാപ്സിന്റെയും” കലവറയാണ്. പാരീസിൽ പോയി ചായയും ”കടി”യും കഴിക്കുന്ന അനേകം ആളുകൾ പതിറ്റാണ്ടുകളായി ഇവിടെ ഇപ്പോഴുമുണ്ട്. പാരീസിലെ അന്തരീക്ഷം ഒരു കേയി ബംഗ്ലാവിന്റെതാണ് എന്നത് മാത്രമല്ല അവിടെയുള്ള പടി കയറിയാൽ കാണുന്നത് വിശാലമായ ഹാളുകളാണ്. കിഴക്കുനിന്നും പടിഞ്ഞാറു നിന്നും വരുന്ന ആളുകളെ ഊഷ്മളമായി സ്വീകരിക്കുന്നത് വിശാലമായ ആർച്ചുകളോടെയുള്ള രണ്ട് പ്രവേശനകവാടങ്ങളാണ്. തലശ്ശേരി ബിരിയാണിയും മട്ടൺ ചാപ്സും മേമൺ സേട്ടുവിന്റെയോ കേയിയുടെയോ സ്മരണകൾ ഉണർത്തുന്ന ഇന്റീരിയേഴ്സിൽ പരമ്പരാഗത മരക്കസേരകളിൽ ഇരുന്ന് ഏവർക്കും യഥേഷ്ടം ഭക്ഷിക്കാം. ഓരോ ഹാളും അതിഥികളെ വരവേൽക്കുന്നത് ഓരോ സവിശേഷസൗരഭ്യത്തോടെ തന്നെ. ഓരോ ഹാളിലും നിറഞ്ഞിരിക്കുന്ന സവിശേഷ സൗരഭ്യങ്ങളിൽ ബിരിയാണിയുണ്ട്, മട്ടൺ ചാപ്സ് ഉണ്ട്, മുട്ടമസാലയുണ്ട്, പൊറോട്ടയുണ്ട്, വെള്ളാപ്പമുണ്ട്. പിന്നെ ഓരോ ഓരോ പ്രത്യേക മണിക്കൂറുകളിൽ മാന്ത്രികചെപ്പിൽ നിന്നും പുറപ്പെട്ട് വരുന്നപോലെ നടുത്തളത്തിലെ കണ്ണാടിക്കൂട്ടിൽ എത്തുന്ന പുളിവാരൽ, ഉണ്ടക്കായ്, ഉള്ളിവട, ദോശ-ചമ്മന്തി, സമ്മൂസ, ഇറച്ചിപഫ്സ്, റൊട്ടിപൊരിച്ചത്, ഉപ്പ്മാവ്, ഉന്നക്കായ, പഴം നിറച്ചത്, പഴം പൊരി എന്നിങ്ങനെ പലതും പുതിയാപ്ള തന്റെ ഭാര്യാഗൃഹത്തിൽ ചെന്നാൽ ഉണ്ടാവുന്ന പോലത്തെ പ്രതീതിയും ആതിഥേയത്ത്വവും നിറഞ്ഞ് നിൽക്കുന്നു.
മുസ്ലീം ഭക്ഷണ വിഭവങ്ങൾക്ക് പേര് കേട്ടതാണ് വാടിക്കലിലെ ചന്ദ്രവിലാസം ഹോട്ടൽ. പഴയ പേലീസ് സ്റ്റേഷന്റെ സമീപമുണ്ടായിരുന്ന കമാലിയ ഹോട്ടൽ, ഹോട്ടൽ പള്ളേരീസ്, നൂർജഹാൻ ഹോട്ടൽ, വെസ്റ്റ് എൻഡ് ഹോട്ടൽ, എമ്പയർ ഹോട്ടൽ, ദർബാർ ഹോട്ടൽ എന്നിവ. പഴയകാല തലശ്ശേരിയിൽ ആയിരത്തി തൊള്ളായിരത്തി നാല്പതുകൾ മുതൽ ജീവിച്ച വ്യക്തികൾ ഓർമ്മിക്കുന്ന ബിരിയാണിയുടെയും മട്ടൺ ചാപ്സിന്റെയും മുസ്ലീം പലഹാരങ്ങളുടെയും രുചി ഓർമ്മകൾ ഈ ഹോട്ടലുകളിൽ നിന്ന് നിർമ്മിക്കപെട്ടിട്ടുള്ളതാണ്. ഓരോ ഹോട്ടലിനും ഓരോരോ പ്രത്യകതകളും ഗന്ധങ്ങളും സവിശേഷ രുചികളും ഉണ്ടായതായി പറയപ്പെടുന്നു. രുചികളും ഗന്ധങ്ങളും ആന്തരികാന്തരീക്ഷവും ഓരോ ഭക്ഷണശാലയുടെയും സ്വത്തത്തെ നിർമ്മിച്ചെടുത്തു. ആ സ്വത്തം തന്നെ തലശ്ശേരി കോസ്മോ പൊളീറ്റൻ ആതിഥേയ സംസ്കാരത്തിലും സന്നിവേശിപ്പിക്കപ്പെട്ടു. പള്ളേരീസ് ഹോട്ടലിൽ ചുവരുകൾ നിറയെ സർക്കസ് ചിത്രങ്ങളായിരുന്നു എന്ന് പ്രസിദ്ധ ചിത്രകലാപണ്ഡിതനായ തലശ്ശേരിയിലെ കെ.കെ. മാരാർ മാഷ് അയവിറക്കുന്നു. എന്നാൽ പട്ടണമദ്ധ്യത്തിൽ നിലനിന്നിരുന്ന സ്റ്റാർ കഫേ രാവിലെ നാല് മണി മുതൽ രാത്രി വൈകി രണ്ട് മണി വരെ ഭക്ഷണം തേടി എത്തുന്ന അതിഥികളെ സ്വീകരിച്ചിരുന്നു.
പാരീസ്, വെസ്റ്റ് എൻഡ്, ദർബാർ, എംപയർ, മെജസ്റ്റിക്, സ്റ്റാർ എന്നീ പേരുകളെക്കുറിച്ച് ഭാഷാശാസ്ത്രത്തിന്റെയും ഡിസ്കോഴ്സ് അനാലിസിസിന്റെയും സങ്കല്പനങ്ങൾ ഉപയോഗിച്ച് വിശദീകരിക്കാൻ കുറേയേറെ കാര്യങ്ങൾ ഉണ്ട്. പരീസിയൻ സംസ്കാരത്തിൽ നിന്നാണ് പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയ കാലഘട്ടത്തിൽ സംവേദനക്ഷമത, യുക്തി, സ്വതന്ത്രചിന്ത, സ്വതന്ത്ര അഭിപ്രായാവിഷ്ക്കരണം എന്നിവ സാമൂഹിക മണ്ഡലങ്ങളിൽ അംഗീകരിക്കപ്പെടുന്നത്. പാരീസും പരീസിയൻ സംസ്കാരവും ആധുനികതയുടെ ഈറ്റില്ലമായി പാശ്ചാത്യർ ഉദ്ഘോഷിക്കുകയും അവിടെയുണ്ടായ സാമൂഹിക സാംസ്കാരിക ഭൗതിക പരിവർത്തനങ്ങളെ ഇംഗ്ലണ്ടും മറ്റ് രാജ്യങ്ങളും സ്വീകരിച്ചാനയിച്ച ശേഷം സ്വന്തം സംസ്കാരത്തിലേക്ക് അവയെ സംശ്ലേഷണം ചെയ്യുകയും ചെയ്തുകൊണ്ട് ആധുനികതയുടെ തുടക്കം കുറിച്ചു. പരീസിയൻ ഭക്ഷണം, വായനാരീതികൾ, നോവൽ സാഹിത്യം വായിച്ച് രസിക്കാനുള്ള ഒഴിവുസമയം (Leisure) അതുപോലെ റെസ്റ്റോറന്റുകൾ, പൊതുചർച്ചകൾ എന്നിവയൊക്കെ ലോകമെമ്പാടും കൊളോണിയൽ ആധുനികതയുടെ ഭാഗമായി പ്രചരിക്കുകയുണ്ടായി. തലശ്ശേരിയിലെ പാരീസ് പോലെ തന്നെ ”വെസ്റ്റ് എൻഡ്” ഹോട്ടലിന്റെയും നാമകരണത്തിൽ കൊളോണിയൽ വ്യവഹാരത്തിന്റെ സ്വാധീനം സുവ്യക്തമാണ്. West End എന്ന സ്ഥലം ലണ്ടന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള പ്രദേശമാണെന്നത് മാത്രമല്ല, ഷോപ്പിങ്ങ് കേന്ദ്രങ്ങളും നാടകാവതരണ തീയേറ്ററുകളും ഹോട്ടലുകളും വർണ്ണക്കാഴ്ചകളും കൊണ്ട് വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്ന പ്രധാന ഉല്ലാസകേന്ദ്രങ്ങളിൽ ഒന്നാണ്.
ബ്രിട്ടീഷ് സാമ്രാജ്യം എന്നാൽ ബ്രിട്ടീഷ് എംപയർ എന്നാണല്ലോ ലോകമെമ്പാടും കൊളോണിയൽ ചരിത്രത്തിൽ അറിയപ്പെട്ടിരുന്നത്. തലശ്ശേരിയുടെ പടിഞ്ഞാറൻ കടൽ തീരത്ത് സൂര്യൻ അസ്തമിക്കാത്ത ഋാുശൃല ഹോട്ടൽ ഇവിടെയുള്ള ആളുകളുടെ രുചി ഓർമ്മയിൽ ഗൃഹാതുരത്ത്വമുണർത്തുന്ന വൈവിധ്യമാർന്ന തലശ്ശേരിയിലെ സാംസ്കാരിക സ്വര ഐക്യത്തിന്റെ മായാത്ത വർണ്ണരാജിയായി നിലനിൽക്കുന്നു. മുഗൾ സാമ്രാജ്യത്തിന്റെ സമ്പൽസമൃദ്ധിയുടെ മാറ്റൊലികൾ ലയിച്ചു ചേർന്നിട്ടുള്ള പേരുകളാണ് ”നൂർജഹാൻ”, ”കമാലിയ”, ”സ്റ്റാർ”, ”ദർബാർ”. ഈ ഹോട്ടലുകൾ എല്ലാം ഇന്ന് തലശ്ശേരി ജനതയുടെ സ്മരണയിൽ മാത്രം കുടികൊള്ളുന്ന രുചിയുടെ കലവറകളും രൂപകങ്ങളുമാണ്. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ഈ ഭക്ഷണശാലകൾ ആധുനിക ഫ്രഞ്ചുവാക്കുകളായ ‘Hotel’, ‘Restaurant’ എന്നിവയെ അവരുടെ മുസ്ലീം പേരുകളുമായി ഇഴചേർത്തപ്പോൾ സങ്കരമായതും കോസ്മോ പൊളീറ്റനായതുമായ ‘Heterotopia’ കൾ എന്ന മൂന്നാം ഇടങ്ങൾ ഉത്ഭവിച്ചുവന്നു എന്നത് തലശ്ശേരിയുടെ തദ്ദേശീയ ആധുനികതയുടെ (Indegenous Modernity) മൂർത്തമായ ചരിത്രസന്ദർഭങ്ങൾ തന്നെ.
ആനന്ദത്തിന്റെ പുസ്തകം എന്ന് അറിയപ്പെടുന്ന മധ്യകാല ഇന്ത്യയിലെ പാചക സപുസ്തകമാണ് ”നിമാത്നാമ”(Nimatnama). ഇന്തോ-പേർഷ്യൻ ഭക്ഷണ സംസ്കാരത്തിന്റെയും പാചകകലയുടെയും പാരമ്പര്യം മനസ്സിലാക്കി തരുന്ന പ്രസ്തുത പുസ്തകം മധ്യപ്രദേശ് സുൽത്താനായ ഗിലാത്ത് ഷാസിയും അദ്ദേഹത്തിന്റെ പിന്തുടർച്ചാവകാശിയുമായ നസീർഷായുടെ ശ്രമഫലമായി ഉണ്ടായ ശേഖരമാണ്. ഭക്ഷണത്തിന്റെയും ഇന്ദ്രിയാനുഭൂതികളുടെയും വ്യവഹാരങ്ങളെ അവതരിപ്പിക്കുന്ന ഈ പുസ്തകം രചിക്കപ്പെട്ടത് പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു. ഇന്ത്യൻ പാചകചരിത്രത്തിന്റെ ദൃശ്യമനോഹരമായ പെയിന്റിങ്ങുകൾ അടങ്ങിയ ഈ പുസ്തകം ഇപ്പോൾ ഉള്ളത് ലണ്ടൻ മ്യൂസിയത്തിലാണ് എന്ന് കേരള ഭക്ഷണചരിത്രം എന്ന പുസ്തകത്തിൽ സുമ ശിവദാസ് രേഖപ്പെടുത്തുന്നു.
ബ്രിട്ടീഷുകാരുടെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ വണിക്കുകളുടെയും ആഗമനത്തോടെ ഇവിടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ”ഹെറ്ററോടോപിയ”കളായി (Heterotopia) രൂപപ്പെട്ടു. ഫ്രഞ്ച് തത്ത്വശാസ്ത്രജ്ഞൻ മിഷേൽ ഫൂക്കോ The Order of Things എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുള്ള സങ്കല്പ്പനമാണ് ”ഹെറ്ററോടോപിയ”. സാംസ്കാരികമോ വ്യവാഹരാത്മകമോ സ്ഥാപന സംബന്ധിയായോ ആയ പരിവർത്തനസ്വഭാവമുള്ള മൂന്നാം ഇടങ്ങളെയാണ് ഫൂക്കോ ”ഹെറ്ററോടോപ്പിയ” എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ബാഹ്യ ലോകത്തിലെ ജീവിത ക്രമങ്ങളിൽ നിന്ന് വ്യതിരിക്തത പുലർത്തുന്നതും അതേ സമയം വ്യവസ്ഥാപിതമായതിൽ നിന്ന് വേറിട്ട അനുഭവയാഥാർത്ത്യങ്ങൾ സഫലമാക്കി തീർക്കുന്നതുമായ ടുമരല ആണ് ഹെറ്ററോടോപ്പ്യ. കപ്പലുകൾ, സിമത്തേരികൾ, ബാറുകൾ, പാർക്കുകൾ, പ്രദർശനശാലകൾ എന്നിവ വേറിട്ട അനുഭവങ്ങൾ പകർന്നു കിട്ടാൻ വേണ്ടി നിർമ്മിക്കപ്പെടുന്ന സാമൂഹികയിടങ്ങളാണ്. ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങളുടെ ലോകത്തിൽ സാധ്യമാകാത്ത വൈവിധ്യമാർന്ന അനുഭൂതികളും കാമനകളും സാധ്യമാക്കിയെടുക്കാൻ വേദി ഒരുക്കി കൊടുത്തിരുന്ന രീതിയിലുള്ള ഹെറ്റെറോടോപിക് സ്പേസ് ആയി തന്നെ വേണം ഉത്തരാധുനിക പരിപ്രേക്ഷ്യത്തിൽ ഇവിടെ ഉണ്ടായിരുന്നതും ഇപ്പോൾ നിലനിൽക്കുന്നതുമായ ഭക്ഷണശാലകളെ നോക്കിക്കാണേണ്ടത്. പല നാടുകളിലെ ആളുകൾ ചേർന്നുള്ള സംസ്കാരിക കൊടുക്കൽ വാങ്ങലുകൾ പല ദേശങ്ങൾ സംഗമിച്ചുള്ള രുചിഭേദങ്ങൾ പല സംവേദന ക്ഷമതകൾ ഒത്തുകൂടിയുള്ള സങ്കലനങ്ങൾ എന്നിവയുടെയൊക്കെ വേദിയായിരുന്നു നമ്മുടെ ഭക്ഷണശാലകളായ മൂന്നാം ഇടങ്ങൾ. അങ്ങിനെയാണ് ബ്രിട്ടണിലെ ”ചോപ്പ്ഡ് മീറ്റ്” ഇവിടെ ”മട്ടൺ ചാപ്സ്” ആയതും പേർഷ്യയിലെ ”ഷർബത്ത്” ഇവിടെ സർവ്വത്ത് ആയതും. കാവ, സുലൈമാനി, തരിക്കഞ്ഞി, പാൽവാഴക്ക എന്നിവയൊക്കെ ദാഹം തീർക്കാൻ വേണ്ടി ആയിരുന്നില്ല ഇവിടെ വീടുകളിലും ഹോട്ടലുകളിലും വിളമ്പിയത്. ദാഹം ശമിപ്പിക്കുക എന്ന ജീവശാസ്ത്രപരമായ പ്രക്രിയക്ക് പുറമേ കോസ്മോ പൊളീറ്റനിസത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുക എന്ന വിശിഷ്ട ലക്ഷ്യം കൂടെ അവയ്ക്കുണ്ടായിരുന്നു.
സമകാലീന കാലഘട്ടത്തിൽ തലശ്ശേരിയിൽ മുസ്ലീം ഭക്ഷണത്തിന്റെ സമ്പൽസമൃദ്ധിയും രുചിവൈവിധ്യങ്ങളും നിലനിർത്തി പോരുന്നത് പാരീസ് ഹോട്ടൽ മാത്രമാണ്. മുഹമ്മദ് റഫിയുടെയും തലത് മഹമൂദിന്റെയും മുകേഷിന്റെയും പഴയ ”വിന്റേജ്” പാട്ടുകൾ കേട്ട് കൊണ്ട് സായാഹ്ന രുചികൾ ആസ്വദിക്കാൻ വേണ്ടി ജാതിമത വർണ്ണ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാ പ്രായക്കാരും അവിടെ എത്താറുണ്ട്. നോയമ്പ് കാലത്ത് വൈകുന്നേരങ്ങളിൽ എല്ലാ ജാതിക്കാരും നോയമ്പ് തുറയുടെ ഭാഗാഭാക്കാവാൻ വേണ്ടി പാരീസിലെ ”നോമ്പുതുറ” വിഭവങ്ങൾ ആസ്വദിക്കാൻ എത്തുന്നത് കേവലം വയറ് നിറയ്ക്കാനല്ല. നോയമ്പ് തുറയിലൂടെ എല്ലാവരും ഒരേ പലഹാരങ്ങൾ കഴിക്കുമ്പോൾ അതിലൂടെ പുഷ്ക്കലമാവുന്നത് ഒരു തലശ്ശേരി സാസ്കാരിക കൂട്ടായ്മയും മതേതരത്ത്വവുമാണ്. കാച്ചിയ തരി, ഏലാഞ്ചി, സേമ്യ നെയ്യ്പായസം, കഞ്ഞി, പുട്ടും ഇറച്ചിക്കറിയും ഒക്കെ കഴിക്കുമ്പോൾ ബാഹ്യാന്തരീക്ഷത്തിൽ നിന്ന് വ്യത്യസ്തമായ ഐക്യപ്പെടലിലൂടെ പാരീസ് ഹോട്ടലിൽ ഹെറ്ററോട്ടോപ്യ യാഥാർത്ഥ്യമായി വരികയും ഏവരുടെയും ബോധ/അബോധ മണ്ഡലത്തിൽ രുചികളുടെ സ്നേഹച്ചിത്രങ്ങൾ ആലേഖനം ചെയ്യപ്പെടുകയും ചെയ്യുന്നു.