
377 വായിക്കുമ്പോൾ

ശ്യാം മേലേടത്ത്
376 കവിതകളേയും
ആരാധിച്ച മുഖങ്ങൾക്ക്,
377 -ാമത്തെ കവിത
വായിച്ചപ്പോഴാണ് കണ്ണിൽ
കരട് പോയതും,
പുരികം ചുളിഞ്ഞതും.
ഫിലാന്ത്രോപിസ്റ്റുകളുടെ
മാനിഫെസ്റ്റോയിൽ പോലും
വിരിയാത്ത പൂക്കളുടെ
വേരുകളിൽ
ഉടലുരഞ്ഞുപൂത്ത
വസന്തത്തിന്റെ വെളിച്ചത്തിൽ
കണ്ണുപ്പൊട്ടി പോയതും
പ്രണയവർണ്ണങ്ങളിൽ
ഒരു മഴവില്ല് വിടർന്നതും,
ദഹിക്കാതെ തികട്ടിവന്ന പുളിയോടെ
വായിച്ചു തഴക്കമില്ലാത്ത
വരികളിൽതന്നെ അവർ ഛർദിച്ചിട്ടു.
സ്വത്വത്തിന്റെ പരിത്യാഗത്തിൽ
വാഴ്ത്തപെട്ടവനാക്കാൻ
വാഗ്ദാനങ്ങളുടെ തുപ്പലുപുരണ്ട
യാചന കടന്നുവന്നെങ്കിലും,
നാളെയുടെ ചുംബനങ്ങൾ ഏറ്റുവാങ്ങുന്ന
തിരുമുറിവാകാനുള്ള കൊതി,
തേടിവരുന്ന ശിശിരത്തിൽ,
ഞങ്ങളനുഷ്ഠിക്കേണ്ട
വനവാസങ്ങളിൽ
മുഖംമൂടികളോട് ചേർന്നു
എന്നോട് യുദ്ധം ചെയ്യാൻ
അവരെ പ്രേരിപ്പിച്ചേക്കാം.
എങ്കിലും 377 -ാമത്തെ
കവിത വായിക്കുമ്പോൾ,
കടിഞ്ഞാണിടാനാവാത്ത പുലരികളിൽ
നിറഞ്ഞുനിൽക്കുന്ന നിറങ്ങളോടുള്ള
പ്രേമത്തിന്റെ ബഹുഭർതൃത്വം തടുക്കാനാവാത്തവിധം പെരുകികൊണ്ടേയിരിക്കും.