
പ്രജാപതിയോട് ഒന്ന് രണ്ടു ചോദ്യങ്ങള്‍

സൂര്യഗായത്രി പി.വി.
ഭ്രമാത്മകമായ സ്വര്‍ഗം
നിരന്തരമായി നരകത്തിന്റെ വാതില്ക്കലെത്തിയ
മൂന്നാം ദിവസമാണ്
ഉദ്യോഗാര്‍ഥി ഓണ്‍ലൈനില്‍ പ്രജാപതിയോട്
പ്രത്യയശാസ്ത്രപരമായി
ഏറ്റുമുട്ടുന്നത്.
ഉദ്യോഗാര്‍ഥിയുടെ
ഒന്ന് രണ്ട് ചോദ്യങ്ങള്‍
തത്വചിന്താപരവും
വ്യക്ത്യാധിഷ്ഠിവുമായ
ഒട്ടിയ വയറുകളുടെ വിശപ്പിനെപ്പറ്റിയായിരുന്നു.
ആത്യന്തികമായി വൈകാരികമായ വിശപ്പിന്റെ മൂലസ്ഥാനമെന്തെന്ന്
പ്രത്യയശാസ്ത്രപരമായി ആരാഞ്ഞു.
വയറും തലച്ചോറും തമ്മിലുള്ള ബന്ധമെന്താണ്.?
തൊഴിലും വിശപ്പും തമ്മില്‍
രക്തബന്ധമുണ്ടോ?
എങ്കില്‍ അറിവിനു തൊഴിലുമായി
മുജ്ജന്മ ബന്ധമാണോ ഉള്ളത് ?
എങ്കില്‍, നിങ്ങള്‍ ജനത്തിന്റെ അറിവിനെയും വിശപ്പിനെയും
കുറിച്ചാദ്യം പറയുക.
സാമ്രാജ്യത്തിനെത്ര അതിരുകളുണ്ടെന്ന്,
മാനവികതയിലേക്കുള്ള
പര്യടനത്തിനെത്ര പാതകളുണ്ടെന്ന്,
അതിലെത്ര പ്രജകള്‍
വിശപ്പും തൊഴിലും തമ്മില്‍ ബന്ധമുണ്ടെന്ന ഗവേഷണം നടത്തുന്നുവെന്നും പറയുക.
അറിവില്‍ സമ്പന്നരായ
ദരിദ്രരുടെ ഒഴിഞ്ഞ വയറുകള്‍
രാജ്യത്തിന്റെ ഖജനാവ്
കൊള്ളയടിച്ച രാജാവിന്റെ
ശൂന്യമായ കലവറയാണെന്ന് പ്രജാപതിയുടെ കഷത്തിലല്ലാത്ത
നിലപാടുള്ളൊരു കാലം ചരിത്രമെഴുതി.
ഉദ്യോഗാര്‍ഥിയുടെ ആധുനികമായ വിശപ്പിനു തൊഴിലുമായുള്ള
അവിഹിത ബന്ധത്തെക്കുറിച്ച്
ഏഷണിക്കാരായ ‘ഭ്രാന്തുകള്‍’ ഉന്മത്തമായ കഥകള്‍ മെനയുകയും വായ്ത്താരികള്‍ പാടുകയും ചെയ്യട്ടെ .
പ്രജാപതിയുടെ സമ്പന്ന രാജ്യത്തെ
അജീര്‍ണ്ണം ബാധിച്ച
അടുപ്പെരിയാത്ത വീടുകളില്‍
സ്വര്‍ഗം വിറകുകൊള്ളിയായി.
ചാവുകടലായ കണ്ണുകള്‍ വെട്ടിത്തിളച്ചു.
അത് ഓണ്‍ലൈനില്‍
പുതിയ ലിപി കണ്ട് പിടിച്ചു.
തീയുടെ ഭാഷ പറഞ്ഞു.
കനല്‍ക്കണ്ണുമായി ജ്വലിച്ചു .
അക്ഷരഖനികളില് വിപ്ലവമായി.
കൊടികള്‍ അപസ്വരങ്ങളുടെ കൊടുങ്കാറ്റില്‍ വിശപ്പിന്റെയും തൊഴിലിന്റെയും അറിവിന്റെയും
മീതെ കോടികൾ പുതച്ചു