കൃഷ്ണന്

സൂര്യ പൊയിലില്‍
ജീവിതത്തില്‍
ഗീതോപദേശികളായ
കൃഷ്ണന്മാരെത്ര പേര്.
യുദ്ധമൊരിടത്തായുധം
മറ്റടത്ത്.
ഒച്ചയൊരിടത്ത്
പിച്ച മറ്റടത്ത്.
വച്ച കാലടിക്കൊക്കാത്ത
കയ്യടി.
കച്ച കാവടിക്കൊക്കുന്ന
മെതിയടി.
പൂച്ച പോല്‍ പതുങ്ങി
ഒച്ച് പോല്‍ വലിഞ്ഞ്
തൂണിലും തൂണിന്റെ മറവിലും…
തുരുമ്പിലും തുരുമ്പിച്ച
കൂട്ടിലും ഒരേ സമയം
നരനായും നരിയായും
ഇര തിരയും.
വേട്ടകള്‍ വേഴ്ച്ചകളാക്കും
കൂട്ടുകള്‍ കൂറുകളാക്കും
അങ്ങനെയങ്ങനെ
കുഴലൂതി മേയ്ക്കും.

ഊതിയൂതി നിന്ന്
ഊക്ക് കൊടുക്കും.
ആധിയാറ്റി നിന്ന്
ആളെയളക്കും.
ചാട്ടയേന്തി നിന്ന്
തേര് തെളിക്കും.
പാട്ട് പാടി നിന്ന്
വേര് പറിക്കും.
ജയിച്ചില്ലേല്‍ അപ്പുറത്ത്
ജയിച്ചാലിപ്പുറത്ത്.

മാറ്റി മാറ്റി ചാര്‍ത്താന്‍
മയില്പ്പീലികളെവിടുന്നെന്ന് ഓര്‍ക്കേണ്ടതായിരുന്നു.
ഉടുത്തുമാറ്റിക്കേറാന്
പുടവ നല്കാത്തവനായിരുന്നെ
ന്നോര്ക്കേണ്ടതായിരുന്നു. ജയിപ്പിക്കാനൊരു കൃഷ്ണന് വേണമെന്നിനിയാര്ക്കും
തോന്നരുത്.
കാരണം അവനൊരുത്തനല്ല.
ഓതിയോതി
ജീവിതത്തെ ഊറ്റി കുടിച്ചവരെത്ര പേര്..
അത്ര പേരത്രേ
കൃഷ്ണന്.