
കവിത തോറ്റം പാടുമ്പോൾ

സൂര്യഗായത്രി പിവി
നിന്റെ ഗ്രാമത്തിലേക്ക്
വെയില് നരച്ചു അങ്ങിങ്ങായി കീറിയ കരിമ്പനടിച്ചൊരൂടുവഴിയിലൂടെ
എന്റെ കവിത
വീട്ടിൽ നിന്നുമിറങ്ങിപ്പോകുന്നു.
കവിതയുടെ
ഓർമ തെറ്റിയ തലയിൽ
സൂര്യന്റെ അഗ്നിച്ചുമട്,
മഷിപുരണ്ട കയ്യിൽ
നട്ടുച്ചയുടെ തീപ്പന്തം,
നനഞ്ഞ കണ്ണിൽ
കരിന്തിരി കത്തുമൊരന്തി,
ഒറ്റച്ചിലമ്പിട്ട കാലുകളിൽ
പേരറിയാത്തൊരു തെയ്യം,
വരണ്ട നാവിൽ വരവിളിത്തോറ്റത്തിന്റെ വാക്കനൽ.
എന്റെ കവിതയുടെ നെഞ്ചിലാരോ
കനത്തിലെടുത്തു വെയ്ക്കുന്നു
വെള്ളമൊഴിച്ചിട്ടും
എരിഞ്ഞുകൊണ്ടിരിക്കുന്നൊരടുപ്പ്.
അതിൽ പാതി വെന്തൊരു
കവിതയുടെ വിത്ത്
ചീഞ്ഞു നാറുന്നു.
ഗതികിട്ടാതെ പൊങ്ങി
വീർത്തത് തിളച്ച വെള്ളത്തിൽ നട്ടുച്ചയിലലയുന്നു.
അടുപ്പൂതിക്കഴിയുമ്പോൾ എത്രവഗമാണത് തെയ്യത്തെപ്പോലെ
അരയിൽ സ്വർണനിറമുള്ള തീയുടെ
അരഞ്ഞാണം കെട്ടുന്നത്.
പേരും പെരുമയും കെട്ട വഴിപിഴച്ച പെണ്ണിനെപ്പോലെ കവിതയെന്ന്
ആളുകൾ അപശ്രുതിയുടെ
വായ്ത്താരി പാടിയപ്പോൾ
അവൾ നിശബ്ദമായി
അടുപ്പിലേക്കിറങ്ങിയൊരു
തെയ്യമാകുന്നു.
അടുപ്പാകെ തീയുടെ
പെരുങ്കളിയാട്ടമായി.
പിന്നീട് നിന്റെ ഗ്രാമത്തിലെ
അടുപ്പുകൾ കാവുകളായി.
നിറയെ കവിതകൾ പൂത്ത
തീയെരിഞ്ഞ മഴനിറഞ്ഞ
പച്ചയണിഞ്ഞ ചോപ്പ് ചുറ്റിയൊരു വേനലിൽ മാത്രം പൂക്കുന്ന
തെച്ചിക്കാട്.
വഴിയിറങ്ങിയ വെയിൽ കൊണ്ട്
നമ്മുടെ അതിർത്തിയിൽ വെച്ച്
വരണ്ടു മങ്ങിച്ചുവന്ന
അലക്കുകല്ലിൽ
തലയടിച്ചു പിഞ്ഞിക്കീറുന്ന
കവിതയെക്കണ്ട് പേടിച്ചവരുണ്ടത്രേ.
എണ്ണത്തിലേറെ
പഴങ്കഥകൾ പൂത്തിറങ്ങിയ
കടമ്പുമരത്തിന്റെ ചുവട്ടിലായിരുന്നു കവിത കുടികൊള്ളുന്ന നിന്റെ ഗ്രാമത്തിലെ ക്ഷേത്രം.
ആ പുസ്തകശാലയിൽ
എത്രയെത്ര പരദേവതകൾ…
അരിച്ചു തിന്ന് മടുത്തു
ചിതലുകൾ പാതിയുപേക്ഷിച്ചവ.
വീണ്ടെടുക്കാത്തവ.
എണീറ്റിരിക്കുമ്പോൾ
വീണു പോവുകയും
കിടപ്പിലാവുകയും ചെയ്തവ.
ശ്വാസം മുട്ടി മരിച്ചവയും
സ്വയം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയവയും.
ഞാൻ
എന്നിലെ കവിത വായിച്ചു വായിച്ചു
നിന്റെ ഗ്രാമത്തിലേക്ക്
കരിമ്പനടിച്ചൊരൂടുവഴിയിലൂടെ
പടിഞ്ഞാറേക്കിറങ്ങുന്ന
വെയിലിന്റെ ആത്മാവിനോപ്പം
മരണപ്പെടുന്നു.
മഷി പുരണ്ട
വെറും കൈ മാത്രമായിരുന്നു എനിക്കപ്പോൾ.
പിന്നെ ഓർമ്മ തെറ്റിയ തലയും
നനഞ്ഞ കണ്ണും നിലച്ച കാലുകളും
വരണ്ട നാവും മാത്രം.