
കമ്പാർട്ട്മെൻറ് കവിതകൾ

സുരേഷ് നാരായണന്
ല്‍-ല്‍-ല്‍-ല്‍-ല്‍
വ്-വ്-വ്-വ്-വ്-
ന്നെ -ന്നെ-ന്നെ-ന്നെ-ന്നെ
ന്നെ-ന്നെ-ന്നെ-ന്നെ-ന്നെ
ന്നെ ചുറ്റിപ്പിടിക്കുമ്പോള്‍ അസാധാരണമാംവിധം നീളം കൂടുന്ന
നിന്റെ വിരലുകള്‍
ന്നെ ചുംബിക്കുമ്പോള്‍ അസാധാരണമാംവിധം തേന്‍ കിനിയുന്ന നിന്റെ ചുണ്ടുകള്‍
ന്നെ കടാക്ഷിക്കുമ്പോള് അസാധാരണമാംവിധം വശ്യമാകുന്ന
നിന്റെ മിഴികള്‍
ന്നെ ഇട്ടു മൂടുമ്പോള്‍
അസാധാരണമാംവിധം ശ്വാസംമുട്ടിക്കുന്ന നിന്റെ വാര്‍മുടി
ന്നെ പാടിയുറക്കുമ്പോള്‍ അസാധാരണമാംവിധം മാര്ദ്ദവപ്പെടുന്ന
നിന്റെ തുടമെത്തകള്

വ്- വ്- വ് -വ് -വ്
ഞാനവളുടെ പ്രേമകഞ്ചുകമൂരിമാറ്റിയ
ഓര്‍മ്മകളുടെ കാ വ്
എന്നെ ശില്പിയാക്കിയ അവളുടെ രാ വ്!
ചിത്രകാരനാക്കിയ അവളുടെ നാ വ്!
തിരശ്ശീലയാല്‍ ഞങ്ങളെ മറച്ച
ആസക്തി തന് വെളുത്തവാ വ് .
തുമ്പി-ശലഭ -ഭ്രമരാദികളുടെ
പരാഗണപ്പരിഗണനയാല്
പൂത്തുലഞ്ഞ പ്രണയത്തേന്മാ വ് !
ല്‍-ല്‍-ല്‍-ല്‍-ല്‍
വിശപ്പു നിര്‍മ്മിച്ചൂ
എന്റെ ഉട ല്‍
നിക്ഷേപിച്ചൂ അതില്‍
ആര്‍ത്തിപൂണ്ടൊരു കുട ല്‍
അതു വിശന്നു കരഞ്ഞപ്പോള്‍
വിഴുങ്ങീ ഞാനൊരു തുട ല്‍.
നിദ്രയെ വേള്‍ക്കുവാന്‍
മേഞ്ഞൂ ഞങ്ങളൊരു കുടി ല്‍.
മാനം കറുത്ത്
കുട പറന്നുപോയൊരു നാള്
അതു സ്വയം പേരു ചൊല്ലി വിളിച്ചൂ,
‘കട ല്‍’.
രൂ രൂ രൂ രൂ രൂ
ഒരു തുള്ളി എനിക്കു തരൂ; ഞാനതു കടലായ് തിരിച്ചു തരാം.
ഒരു സ്പര്‍ശം
എനിക്കു തരൂ;
ആയിരം ഉമ്മകളായ്
ഞാനത് തിരിച്ചു തരാം.
ഒരു വാക്ക് എനിക്കു തരൂ; ഒരു ഘണ്ഡകാവ്യമാക്കി
ഞാനത് തിരിച്ചു തരാം.
ഒരു നോട്ടം എനിക്ക് തരൂ; ഒരു പൂന്തോട്ടമായത്
ഞാന്‍ തിരിച്ചു തരാം.
ഒരു തുഴ എനിക്ക് തരൂ;
ഒരു കപ്പലായ്
ഞാനതു തിരിച്ചു തരാം.
ഒരു തൂവല്‍ എനിക്കു തരൂ; ഒരു വസന്തമായ്
ഞാനതു തിരിച്ചു തരാം.
ഒരു കവിത എനിക്കു തരൂ;
ഹൃദയ ശസ്ത്രക്രിയയാല്‍ ഒരു പുസ്തകാത്മാവ് ഞാനതില്‍ തുന്നിച്ചേര്‍ത്തു തരാം !