
പ്രസന്നതയുടെ കയ്യക്ഷരം

സുരേഷ് നാരായണൻ | ഡോ. അജയ് നാരായണൻ
ചടുലതാളത്തിൽ മൃദുലസ്വരത്തിൽ മുഖ്യധാരയിലേക്ക് പ്രസന്നതയോടെ കടന്നുവന്ന സുരേഷ് നാരായണൻ എന്ന യുവ സാഹിത്യകാരനുമായുള്ള അഭിമുഖം.
ആദ്യം സുരേഷ് സ്വയം പരിചയപ്പെടുത്തട്ടെ.
“ഞാൻ സുരേഷ് നാരായണൻ. വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി.
ബസേലിയോസ് കോളേജിൽ നിന്ന് കൊമേഴ്സ് ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാനേജ്മെൻറിൽ നിന്ന് എംബിഎ ബിരുദവും സ്വന്തമാക്കി. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ. ജോലിയോടൊപ്പം എഴുത്ത്, ആനുകാലികങ്ങളിലും നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം ഡിസംബറിൽ പുറത്തിറങ്ങി. കൊടുങ്ങല്ലൂർ എൻ വി ഭാസ്കരൻ സ്മാരക കവിത പുരസ്കാര ജേതാവ്.
അജയ് നാരായണൻ – സുരേഷിനെ ഞാൻ ആദ്യം അറിയുന്നത് നാരായണൻ എന്ന വാല് കണ്ടാണ്. സ്വാഭാവികമായും ഒരു ആകാംക്ഷ നാമ്പിട്ടു. കൂടുതൽ അറിഞ്ഞുതുടങ്ങിയപ്പോൾ ആകാംക്ഷ അത്ഭുതമായി, ആദരവായി. കൗതുകം തോന്നും വിധം ഭാഷാസാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് വലതുകാൽ വച്ചു നടന്നെത്തിയ സുരേഷ് ഒരു പ്രചോദനമാണെന്ന് ഞാൻ കരുതുന്നു. സുരേഷ് പിന്നിട്ട വഴികളിൽ നിന്നും നമുക്ക് തുടങ്ങാം.
സുരേഷിലെ എഴുത്തുകാരനെ സ്വയം അറിഞ്ഞതെങ്ങനെയാണ്?
സുരേഷ് നാരായണൻ – 1990 ലെ മഴചാറാൻ തയ്യാറെടുക്കുന്ന ഒരു ജൂണുച്ച. നാലാം ക്ലാസിൽ പഠിക്കുകയായിരുന്ന ഞാൻ സ്റ്റാഫ്റൂമിലേക്ക് വിളിക്കപ്പെട്ടു.
അവിടെ, കെട്ടിവെച്ച ഒരു പൊതിയിൽനിന്നും ഒരു മണം പൊങ്ങി… പുസ്തകമണം. സർ അത് തുറന്നെടുത്ത് എന്നെ കാണിച്ചു.
അൽഭുതം കൊണ്ട് എത്ര മിഴിക്കാൻ പറ്റുമോ അത്രയും ഞാൻ എൻറെ കണ്ണുകൾ മിഴിച്ചു. ഒരു വലിയ കിളിക്കൂട്. അതിൽ അലസമായി ചാഞ്ഞു കിടന്നുറങ്ങുന്ന പെൺകുട്ടി. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന തലക്കെട്ട്.
എട്ടുരൂപ വിലയുള്ള പുസ്തകം! വായനയുടേയും എഴുത്തിനെയും ഏഴുകടലുകൾ കടക്കാനുള്ള ഒരു തുണ (ഴ)യായി മാറി അത്. വീട്ടിൽ പോയി അന്നുവൈകിട്ട് തന്നെ അത് കുത്തിയിരുന്നു വായിച്ചുതീർത്തു.
ഒരു രാജാവിന്റെയും കൃഷിക്കാരൻറെയും ബുദ്ധിമാനായ കച്ചവടക്കാരൻറെയും കഥ പറച്ചിലിലൂടെ തുടങ്ങുന്ന പുസ്തകം പതുക്കെ ബാലസംഘം കുട്ടികളിലേക്കും അവരുടെ പ്രിയപ്പെട്ട മാഷിലേക്കും എത്തുന്നു.
ആ പുസ്തകം തുറന്നിട്ട പ്രകാശത്തിൽ ഞാൻ കുളിച്ചു. പിന്നെ ആർത്തിയോടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി. രുചിച്ചു തുടങ്ങി. എഴുത്ത് ഒരു സ്വാഭാവിക പരിണാമം ആയി.
മലയാളം ഉപപാഠപുസ്തക പരീക്ഷയ്ക്കൊക്കെ ഉപന്യാസം തനിയെ എഴുതി.
കഥ എഴുതിയായിരുന്നു ആദ്യ തുടക്കം ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് രാമു എന്ന ഒരു കഥ എഴുതിയത്. പിന്നെ ചുള്ളിക്കാടിൻറെ കവിതകൾ ഒക്കെ വായിച്ച് മനസ്സുമാറി.
അസ്ഥിത്വദുഃഖങ്ങൾ പൂത്ത നാളുകളിൽ രാത്രികളിൽ കവിത എനിക്ക് കടുംചായ ഇട്ടുതന്നു ദാഹമകറ്റി.
കോളേജ് കാലഘട്ടം ആയപ്പോഴേക്കും വായനയുടെ ആഴവും പരപ്പും കൂടി. എം ടി, മുകുന്ദൻ, ആനന്ദ്, രാജലക്ഷ്മി ഇവരൊക്കെ എൻറെ തലച്ചോറിൽ കൊത്തുപണികൾ നടത്തിയിട്ട് ഉണ്ടാവണം. രാസമാറ്റങ്ങൾക്ക് ഉപ്പും മുളകും ഇട്ട് ഉൽപ്രേരകം ആയിട്ടുമുണ്ടാവണം. സ്വാധീനത്തെപറ്റി പറയുകയാണെങ്കിൽ എൻറെ ട്യൂഷൻമാസ്റ്ററാണ് അറിഞ്ഞോ അറിയാതെയോ എന്നെ അക്ഷരങ്ങളുടെ കടൽ കാണിക്കാൻ കൊണ്ടുപോയത്. അദ്ദേഹത്തിൻറെ വീട്ടുലൈബ്രറി ആയിരുന്നു എൻറെ ആദ്യ ലൈബ്രറി.
അനുബന്ധമായി ചോദിക്കട്ടെ. ഇന്ന് ഓൺലൈൻ/അച്ചടി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാണ് താങ്കൾ. എത്തി നിൽക്കുന്നത് വയലിൻ പൂക്കുന്ന മരച്ചോട്ടിൽ. എങ്ങനെകാണുന്നു, സുരേഷ് നാരായണൻറെ എഴുത്തനുഭവങ്ങളെ?
“പഞ്ചേന്ദ്രിയങ്ങൾ പുണ്യേന്ദ്രിയങ്ങൾ എന്ന പേരിൽ ഞാൻ കട്ടിക്കാടച്ചന് സമർപ്പിച്ച ഒരു കുഞ്ഞുകവിത ഉണ്ട്. അത് അവസാനിക്കുന്നത് ഇങ്ങനെയാണ്
“സ്വപ്നത്തിൽനിന്നു തിരിച്ചെത്തിയ എന്നെ
ഒരു ചോദ്യം കാതിരിക്കുന്നുണ്ടായിരുന്നു:
എന്റെ വീട്ടിൽ വന്നപ്പോൾ , നീ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഒരേയൊരു കാര്യം.
ചോദിച്ച ഒരേയൊരു ചോദ്യം, “എവിടെ, ഈ വീട്ടിലെ അലക്കുകല്ല്?”
ഇത് എഴുതി കഴിഞ്ഞപ്പോൾ ദിവ്യമായ ഒരു രതിമൂർച്ഛ എന്നെ വന്നുമൂടി. ആ പ്രവാഹത്തിൽപെട്ട് സ്വയം തളർന്നനിലയിൽ കുറെനേരം ഞാനിരുന്നു.
ഇങ്ങനെയുള്ള മനസ്സിലെ മഴവിൽദർശനങ്ങൾക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്.
ആ അപൂർവ കൂടിക്കാഴ്ച കിട്ടാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്, ‘വാരിധി തന്നിൽ തിരമാലകൾ എന്നപോലെ’ എന്ന് പ്രാർത്ഥിക്കുന്നതും.

സുരേഷിന്റെ എഴുത്തുശൈലിയിൽ കൗതുകം തോന്നുന്ന ഒരുകാര്യം കവിതകളുടെ തലക്കെട്ടുകളാണ്.
ഉദാഹരണം, “ണം, ഒരു തുഴച്ചിൽകാരന്റെ ആത്മകഥ, മ(ര)ണവാട്ടി, എന്റെ സ്നേഹമേ, റാസിയും റൂമിയും” തുടങ്ങി ഏറെയുണ്ട്. തലക്കെട്ടുകൾ തെരഞ്ഞെടുക്കുന്നതിന്റെ രസതന്ത്രം എന്താണ്?
മുരളി തുമ്മാരുകുടിയുടെ പോസ്റ്റുകളെ ആകർഷകമാക്കുന്നത് അഥവാ ആകാംക്ഷ ഉണർത്തുന്നത് അതിൻറെ തലക്കെട്ടുകൾ ആണ്.
നമ്മൾ ഒരു വായനക്കാരൻറെ പക്ഷത്തുനിന്ന് ആലോചിക്കുമ്പോൾ അത് വ്യക്തമാകും”. അമിത വിവര ഭാരത്താൽ വീർപ്പുമുട്ടുകയാണ് ലോകം (information overload). ആറിഞ്ച് സ്ക്രീനിലൂടെ ശീഘ്രം സ്ക്രോൾ ചെയ്തു പോകുമ്പോൾ കണ്ണിലുടക്കണം എങ്കിൽ നല്ല തലക്കെട്ടുകൾ അത്യാവശ്യമാണല്ലോ.
ആ ഒരു ചിന്ത എപ്പോഴും മനസ്സിൽ സൂക്ഷിക്കാറുണ്ട്. കവിത മുഴുവനാക്കി ഫുൾസ്റ്റോപ്പ് ഇട്ടശേഷം തലക്കെട്ട് എന്ന കുപ്പായം കൂടി അണിയിക്കുമ്പോഴേ അത് ആകർഷകം ആവുകയുള്ളൂ എന്നാണ് തോന്നുന്നത്.
ഈ വാദം ശരിയെന്നു വയ്ക്കുക. എന്നിരുന്നാലും ഇതിലൊരു ചതി പതുങ്ങിക്കിടപ്പില്ലേ, വായനക്കാരനെ ആകർഷിക്കുവാനുള്ളൊരു മന്ത്രം ഉരുവിടും പോലെ, manipulative ആവില്ലേ ആകർഷണീയതയ്ക്കു വേണ്ടി കൈകാര്യം ചെയ്യുന്ന വിഷയത്തെ വളച്ചൊടിക്കേണ്ടിവരിക എന്നതിൽ ഒരു ഭീഷണിയില്ലേ?
എസ് ജോസഫ് സാർ (എന്റെ കവിഗുരു) തന്നെയാണ് എന്നോട് പറഞ്ഞത് നമ്മുടെ കവിതയെ പ്രമോട്ട് ചെയ്യേണ്ടത് നമ്മൾ തന്നെയാണ് എന്ന്.
നല്ല തലക്കെട്ട് അതിൻറെ ഒരു പാക്കിങ് അഥവാ കവർ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
പൂമുഖം മനോഹരമല്ലെങ്കിൽ എങ്ങനെയാണ് വീടിനകത്തേക്ക് കയറാൻ തോന്നുക!
സ്വതസിദ്ധമായ എഴുത്തുരീതി രൂപപ്പെടുത്തിയെടുത്ത സുരേഷിന്റെ കവിതകളെ ഒരൊറ്റവായനയിലൂടെ മാത്രമല്ല ആസ്വദിക്കേണ്ടത്. ഈ കവിതകൾക്കെല്ലാം ഒരു രണ്ടാം വായനയും മറുവായനയും ആവശ്യമാണെന്നും കാണാം. ഈ നിരീക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നു സുരേഷ്?
തീർച്ചയായും ഉത്തമമായ ഒരു സൃഷ്ടി പല അടരുകളിലുള്ള പല കോണുകളിൽ നിന്നുള്ള വായനകളേയും വായനാഖ്യാനങ്ങളെയും ഉദ്ദീപിപ്പിക്കുന്നു. ഇതിഹാസങ്ങളെയൊക്കെ ഉപാസിച്ച് എത്രയോ കൃതികൾ ഉണ്ടാകുന്നു. ആ ഒരു തലത്തിലേക്ക് ഉയരാനാണ് ഓരോ സൃഷ്ടി കർത്താവും ആഗ്രഹിക്കുക. പക്ഷേ ബോധപൂർവം അതിനുവേണ്ടി എഴുതാൻ സാധ്യമല്ലതന്നെ.
വായനയാൽ ഫലഭൂയിഷ്ഠമായ മനസ്സിൻറെ മണ്ണിൽ സംഭവിക്കുന്ന ധ്യാനാത്മകമായ ഉഴുതുമറിക്കൽ പ്രക്രിയയിലൂടെ ജന്മമെടുക്കുന്ന ഒരു സൃഷ്ടിയുടെ സൗഭാഗ്യമാണത്!
ബുദ്ധനെ ചുംബിക്കുമ്പോൾ എന്ന കവിതയിൽ ഞാൻ എഴുതി, “എനിക്ക് എൻറെ നാവികനിൽ പൂർണ്ണവിശ്വാസം ഉണ്ടായിരുന്നു”.
പല ആഖ്യാനസാധ്യതകൾ ഉണ്ടായേക്കാവുന്ന ഒരു കാവ്യഭാഗം ആണിത് എന്ന് ഞാൻ വിശ്വസിക്കുന്നു
സുരേഷിന്റെ വയലിൻ പൂക്കുന്ന മരത്തിലേക്കെത്തിയ വഴി ഇവിടെ പങ്കുവയ്ക്കാമോ?
ജോലിസംബന്ധമായ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി 2013ൽ. ആറു വർഷക്കാലം അവിടെ തുടരേണ്ടിവന്നു. വീട്ടിലേക്കുള്ള യാത്രകൾ മാസത്തിൽ ഒരു തവണ എന്നുചുരുങ്ങി.
പതിയെപ്പതിയെ പുസ്തകങ്ങളോട് വീണ്ടും പ്രണയത്തിലായി. ഒരു കിണർ മണ്ണുമാറ്റി വീണ്ടെടുക്കുന്നത് പോലെയായിരുന്നു അത്.
ആദ്യ മൂന്നുനാലു വർഷങ്ങൾ വായന മാത്രമായിരുന്നു. പിന്നെ അത് സ്വാഭാവികമായി എഴുത്തിലേക്കും വികസിച്ചു. 2019 നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ വീട്ടുസാധനങ്ങളുടെ കൂട്ടത്തിൽ 400-ഓളം കവിതകളും ഉണ്ടായിരുന്നു. അങ്ങനെയാണ് അതൊരു പുസ്തകമാക്കി ഇറക്കുന്ന ആലോചനകൾ തുടങ്ങിയത്.
ആ കവിതകൾ ചുരുക്കി ഈ രൂപത്തിൽ അണിയിച്ചൊരുക്കി.

സുരേഷ് എഴുതുമ്പോൾ കവിതയുടെ ആത്മാവിനെ തൊടുംപോലെയോ, സുരേഷിലേക്ക് കവിത ലയിക്കുംപോലെയോ തോന്നും. മറ്റുചിലപ്പോൾ, സുരേഷിന്റെ എഴുത്ത് ഒരു ശലഭം പോലെ, എത്ര ശ്രമിച്ചാലും കൈവെള്ളയിലൊതുങ്ങില്ല.
കവിത സംഭവിക്കുമ്പോഴും, അതിനുശേഷവും സുരേഷിൽ വരുന്ന മാറ്റങ്ങൾ ഒന്ന് വിശദീകരിക്കാമോ?
സുരേഷ് നാരായണൻ – ചില വാക്കുകൾ നമ്മുടെ മനസ്സിലേക്ക് പുഷ്പവൃഷ്ടി പോലെ വരുമ്പോൾ ലോകം കീഴടക്കിയ ഒരു പ്രതീതി ഉണ്ടാകും.
മറുകവിതകൾ എന്ന രീതിയിലാണ് കൂടുതലും ഞാൻ കവിതകൾ എഴുതിയിട്ടുള്ളത്. അതായത്
മറ്റെന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് ഊറിവരുന്ന പ്രചോദനം. ചിലപ്പോൾ അഞ്ചുമിനിറ്റുകൊണ്ട് ഒക്കെ ഒരു കവിതയെഴുതി തീർക്കാറുണ്ട്. ആവിഷ്കാരം വളരെ പ്രധാനപ്പെട്ടതാണല്ലോ.
വ്യംഗ്യം ആയുള്ള ആവിഷ്കാരങ്ങൾ തീർച്ചയായും വെല്ലുവിളിതന്നെ. പക്ഷേ അങ്ങനെ ചെയ്യുമ്പോഴാണ് കവിതയ്ക്ക് ആത്മാവ് ഉണ്ടാവുക. അതിലേക്കുള്ള വഴികളും വാക്കുകളും കണ്ടുപിടിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ചിലപ്പോൾ അത് സ്വാഭാവികമായി വരും. അപ്പോഴാണ് നേരത്തെ പറഞ്ഞ രതിമൂർച്ഛ അനുഭവവേദ്യമാകുന്നത്.
ഔദ്യോഗികജീവിതത്തിന്റെ നൂലാമാലകൾ, കുടുംബജീവിതത്തിലെ ദൈനംദിന തിരക്കുകൾ, ഇതിനിടയിൽ യാത്രകൾ, സ്വപ്നങ്ങൾ പോലെ എഴുത്തുകൾ.
സുരേഷിന്റെ എഴുത്തുകളിൽ കാണുന്ന ശക്തമായ ഒരു സാമൂഹികപ്രതിബദ്ധത ആദരണീയമാണ്.
എങ്ങനെയാണ് ഈ സന്തുലിതാവസ്ഥ ക്രമീകരിക്കുന്നതെന്നു വിശദീകരിക്കുമോ?
സമൂഹത്തിൻറെ കനലുകളിൽ ചവിട്ടിനിന്ന് വാക്കുകൾകൊണ്ട് വെടിയുതിർക്കാൻ ബാധ്യതയുള്ളവനാണ് ഒരു കവി എന്ന് ഞാൻ വിശ്വസിക്കുന്നു.
എൻറെ ‘വിധി- നീതി മുഖാമുഖം’, ‘മൻ കി ബാത്ത്’ എന്ന കവിതകളൊക്കെ ആ ഒരു പാറ്റേൺ പിന്തുടരുന്നവരാണ്.
പൂക്കൾ കൊണ്ടു പൊതിഞ്ഞിട്ടാണെങ്കിലും നമ്മൾ ഒരു തോക്കേന്തിയിരിക്കണം
ദിവസം ഒരു മണിക്കൂറെങ്കിലും വായിക്കണം എന്നുള്ള ഒരു നിഷ്കർഷ സ്വയംവെച്ചിട്ടുണ്ട്.
നമ്മൾ ഒരു കർഷകനാണ്. ദിവസം ഒരുമണിക്കൂറെങ്കിലും നമ്മൾ നമ്മുടെ നിലം ഉഴുതുമറിക്കേണ്ടതുണ്ട്. ഒരു ധ്യാനാത്മകമായ അവസ്ഥയിൽ ഇതെല്ലാം ചെയ്യുമ്പോൾ സമ്മർദ്ദം അനുഭവപ്പെടുകയില്ല.
എഴുത്തുരീതിയിൽ സ്വതസിദ്ധമായ ശൈലി സ്വീകരിച്ചു മുഖ്യധാരയിലേക്ക് ചാടിക്കയറിയ എഴുത്തുകാരൻ, മാധ്യമങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്യുന്നുവല്ലോ.
യുവസാഹിത്യകാരന്മാർക്കുവേണ്ടി ഒരു സൂചന തരാമോ, എന്താണ് വിജയത്തിലേക്കുള്ള രസതന്ത്രം?
എഴുത്തിൻറെ ജനാധിപത്യവൽക്കരണം സംഭവിച്ചുകഴിഞ്ഞ കാലമാണ്. നമ്മുടെ കയ്യിൽ കൂടുതൽ ടൂൾസ് ഉണ്ട്. അത് വളരെ ഔചിത്യത്തോടെയും കൗശലത്തോടെയും ഉപയോഗിക്കേണ്ടതുണ്ട്. പുതിയ പരീക്ഷണങ്ങൾ നടത്താൻ പ്രചോദിതനായിരിക്കുക.
(ഉദാഹരണത്തിന് വിപിൻ ചാലിയപ്പുറത്തിൻറെ പൂപ്പൽ എന്ന പുസ്തകം).
ഫോളോഅപ്പുകൾ ഒരു മുഖ്യഘടകമാണ്. നമ്മൾ ഒരു മുഖ്യധാരാ -സമാന്തര-ഓൺലൈൻ മാധ്യമത്തിന് ഒരു സൃഷ്ടി അയച്ചു കഴിഞ്ഞാൽ ആഴ്ചകൾ ഇടവിട്ട് അത് ഫോളോഅപ്പ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ ഒഴുക്കിൽപ്പെട്ട ഇലപോലെ അത് സഞ്ചരിച്ച് കടലിൽപോയി ചേരും.
പിന്നെ ദിവസം ഒരു മണിക്കൂറെങ്കിലും വായിക്കുക (നിലം ഉഴുക!).
അജയ് നാരായണൻ – എന്റെ ചോദ്യങ്ങൾക്ക് വ്യക്തമായും ക്ഷമയോടെയും മറുപടി പറഞ്ഞ സുരേഷിന് എഴുത്തുവഴിയിൽ ഇനിയും വിജയങ്ങൾ ഉണ്ടാകട്ടെ. ആശംസകൾ.
നമുക്കിനി സുരേഷിന്റെ ഒരു കവിത വായിക്കാം.
മൊഞ്ചേരി
കല്യാണം കഴിഞ്ഞ് പുയ്യാപ്ലേടെ
വീട്ടിലേക്കോള് വന്നു കയറ്മ്പോ രാത്രിയായിരുന്ന്.
“എന്താങ്ങടെ നാടിൻറെ പേര്?”
കതകടച്ചുകുറ്റീട്മ്പോ ഓള് ചോയ്ച്ച്.
“മഞ്ചേരി.”
“മ്മക്കതൊന്ന് ശരിയാക്കാൻണ്ട്
നാളെയാവട്ടെ”
ഗൂഢമായൊരു ചിരിയോടവള് പറഞ്ഞ്.
പിറ്റേന്ന് രാവിലെ
കുളിച്ചൊരുങ്ങി,
കസവുകുപ്പായോമിട്ട്,
നാട്ടുവയീക്കൂടി
ഒറ്റ നടത്തം വെച്ചുകൊടുത്തു, ഓള്!
അന്നുമൊതല് ആ നാട്
‘മൊഞ്ചേരീ’ന്നറിയപ്പെട്ട് !