
ശരണ്യയുടെ സൂപ്പർ നടത്തങ്ങൾ

ജിതിൻ കെ സി
മലയാള സിനിമ അതിന്റെ ഓരോ ഘട്ടങ്ങളിലും ചില ഗതിവിഗതികളെ പിന്തുടരാറുണ്ട്. ഒരേ പ്രമേയങ്ങൾ ആവർത്തിക്കപ്പെടാറുള്ളത് അതിനാലാണ്. കുടുംബ സ്നേഹം, വീരനായകത്വം, പൊളിറ്റിക്കൽ ത്രില്ലറുകൾ, ക്യാമ്പസ് പ്രണയം തുടങ്ങിയ പരിമിതവും മധ്യവർഗ കേന്ദ്രീകൃതവുമായ വിഷയങ്ങളാണ് മലയാള സിനിമയെ നിരന്തരം ചലിപ്പിച്ചു കൊണ്ടിരിക്കുന്നത്. മഹാനായ ചിന്താ രവി ഇതിനെ ഇങ്ങനെ നിരീക്ഷിക്കുന്നു: കച്ചവടത്തിൽ മാത്രം കമ്മിറ്റഡായ സിനിമാക്കാരന് മേൽക്കീഴ് നോക്കാതെ എന്തും തിരക്കഥയാക്കാം. യുക്തിയോ ഔചിത്യമോ അതിനു തടസമല്ല. കഥ എന്നത് ജനതയെ കബളിപ്പിക്കാവുനുള്ള ഒരുപാധിയാണ്. സിനിമാക്കാരുടെ ഭാഷയിൽ ചില ‘സബ്ജക്ടുകൾ’.
ചിന്താ രവിയുടെ നിരീക്ഷണത്തിന്റെ ഒരു ക്ലാസിക്കൽ ഉദാഹരണം അഖിൽ സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രമാണ്. തന്റെ പിതാവ് സത്യൻ അന്തിക്കാട് കാലങ്ങളായി തെളിച്ച വഴിയെ തന്നെ തെളിച്ചു പോയ ഒരു ചിത്രമാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമ. പ്രമേയപരമായി അത് അങ്ങനെ നിൽക്കുമ്പോഴും ആഖ്യാനത്തിലെ പുതുമയാൽ സ്വീകരിക്കപ്പെട്ട ചിത്രമായിരുന്നു അത്. ആ ചിത്രം വിജയിക്കപ്പെടാനും സ്വീകരിക്കപ്പെടാനുമുള്ള മുഖ്യ കാരണം കറുത്ത ഇടനാഴികൾ(Dark spots) ഇല്ലാത്ത ഒരു വെളുത്ത മധ്യവർഗ ചിത്രമാണ് ഇത് എന്നതുകൊണ്ടാണ്. ഒരു മധ്യവർഗാനുഭൂതിയുടെ ആസ്വാദന തലങ്ങളെ തൃപ്തിപ്പെടുത്താനായി മുഴുവനായും ‘വെളുപ്പിച്ചെടുത്ത’ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട് എന്നത്. ആ ചിത്രത്തിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളുമെല്ലാം വളരെ ‘Settled’ ആയ തീരെ ‘ Disturbance’ ഉളവാക്കാത്ത പരിസരങ്ങളിലാണ് പ്ലേസ് ചെയ്യപ്പെട്ടിട്ടുള്ളത്. നിങ്ങളുടെ കണ്ണിനും അനുഭൂതിക്കും അലോസരമുണ്ടാക്കാത്ത വിധം നിങ്ങളുടെ(മധ്യവർഗത്തിന്റെ) സന്തോഷങ്ങളെയും ആഗ്രഹങ്ങളെയും തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങളും പരിസരങ്ങളും മാത്രമുള്ള ഒരു ചിത്രമാണിത്. കേരളത്തിന്റെ നാട്ടുമ്പുറങ്ങളെയോ, ഏറ്റവും താഴെത്തട്ടിലെ ജനങ്ങളെയോ, ബഹുഭൂരിപക്ഷം വരുന്ന ഇടത്തരം മധ്യവർഗത്തെ യോ പ്രതിനിധാനം ചെയ്യുന്ന ഒരു ചിത്രമോ പ്രമേയമോ ആയിരുന്നില്ല ആ ചിത്രം. ചെന്നൈ എന്ന മഹാ നഗരത്തിന്റെ വെളുത്ത / സൗകര്യപ്രദമായ പുറങ്ങളിൽ മാത്രം കണ്ടുവരുന്ന മനുഷ്യരുടെ (?) സാമാന്യ സംഘർഷങ്ങളാക്കി അവതരിപ്പിക്കുമ്പോൾ അത് ഉപരിമധ്യവർഗത്തിന്റെ ആസ്വാദനത്തെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ B, C ക്ലാസ് തിയറ്ററുകൾ ഇല്ലാതാവുകയും നാം മൾട്ടിപ്ലക്സ് കേന്ദ്രീകൃത പ്രേക്ഷകസമൂഹമായി മാറിയതിന്റെ ഉപോത്പന്നമാണ് വരനെ ആവശ്യമുണ്ട് പോലുള്ള ഉപരിമധ്യവർഗ സിനിമകൾ.

ഗിരീഷ് എ ഡി തന്റെ ആദ്യ സംവിധാന സംരംഭമായ തണ്ണീർമത്തൻ ദിനങ്ങളിൽ വളരെ സാധാരണമായ ഒരു പ്രമേയത്തെ തന്നെയാണ് അവതരിപ്പിച്ചത്. പക്ഷേ വരനെ ആവശ്യമുണ്ട്, ജോമോന്റെ സുവിശേഷങ്ങൾ പോലുള്ള ‘ പ്ലാസ്റ്റിക് സാധാരണത്ത’ങ്ങളെക്കാൾ സത്യസന്ധമാണ് ഗിരീഷിന്റെ പ്രമേയ -ആഖ്യാന പരിസരങ്ങൾ. തണ്ണീർമത്തൻ ദിനങ്ങളിലെ ഗോതുരുത്ത് സ്കൂളും ക്ലാസ്മുറികളും, അതിന്റെ മുൻപിലെ പഫ്സും ജ്യൂസും കിട്ടുന്ന കാന്റീനും, പോത്തും ചോറും കിട്ടുന്ന പള്ളി പെരുന്നാളും, മീൻ നന്നാക്കുന്ന വീട്ടമ്മയും, ഗ്രിപ്പിടാത്ത ബാറ്റ് കൊണ്ട് ക്രിക്കറ്റ് കളിക്കുന്നവരും തുടങ്ങി തീർത്തും സത്യസന്ധപരവും ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളി മധ്യവർഗത്തെയും അവരുടെ കുടുംബ-സാമൂഹിക സാമ്പത്തിക പരിസരങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരാഖ്യാന പരിസരം തണ്ണീർമത്തൻ ദിനങ്ങളിലുണ്ട്.
ആ പരിസരങ്ങളുടെ തുടർച്ചയിൽ തന്നെയാണ് സൂപ്പർ ശരണ്യയും വ്യവഹരിക്കുന്നത്. തൃശൂർ എഞ്ചിനീയറിംഗ് കോളേജിലേക്ക് എഞ്ചിനീയറിംഗ് പഠിക്കാനായി പാലക്കാട്ടെ ഒരു സാധാരണ കുടുംബ സാമ്പത്തിക പശ്ചാത്തലത്തിൽ നിന്ന് എത്തുന്ന കുട്ടിയാണ് ശരണ്യ. ശരണ്യയുടെ വഴി നടത്തങ്ങളാണ് സൂപ്പർ ശരണ്യ എന്ന ചിത്രം. ഈ ചിത്രത്തിന്റെ പ്രമേയത്തിലും ആഖ്യാനത്തിലും ശരണ്യയോളം (അനശ്വര രാജൻ) തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് മമിത ബൈജു അവതരിപ്പിച്ച സോന എന്ന കഥാപാത്രത്തിന്. പക്ഷേ ഗിരീഷ് ശരണ്യയിൽ ഫോക്കസ് ചെയ്യുന്നത് ശരണ്യ നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന എന്നാൽ സാഹിത്യ സിനിമാഖ്യാനങ്ങൾ അങ്ങനെ പരിഗണിക്കുമെന്നുറപ്പില്ലാത്ത ഒരു പരിസരത്തെ പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥിയാണ്. ടവൽ ഉപയോഗിച്ച് കുളിക്കാൻ ശീലിച്ച സോനയിൽ നിന്ന് തോർത്തുമുണ്ട് തലയിൽക്കെട്ടി കുളി കഴിഞ്ഞിറങ്ങുന്ന ശരണ്യയിലേക്ക് സാമ്പത്തികമായി ചെറുതല്ലാത്ത അന്തരമുണ്ട്. ഇത്തരം സൂക്ഷ്മനിരീക്ഷണങ്ങളിൽ നിന്നാണ് ശരണ്യയുടെ പ്രതിനിധാനത്തെ സംവിധായകൻ ഊട്ടിയുറപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ പരമപ്രധാനമായ മറ്റൊരു സവിശേഷത ഒരു ക്യാമ്പസ് ചിത്രത്തിൽ നാം കണ്ടു വന്നിരുന്ന പല സ്റ്റീരിയോ ടൈപ്പുകളെയും ഉടയ്ക്കുന്നു എന്നുള്ളതാണ്. ഹിന്ദി-തമിഴ്- തെലുങ്ക്- മലയാള ക്യാമ്പസ് സിനിമകളുടെ ഒരു പൊതു പശ്ചാത്തലം പരിശോധിച്ചാൽ നമുക്ക് മനസിലാവുന്ന ഒരു കാര്യം അവ മുഴുവനായും ആണിടങ്ങളുടെ ആൺ നോട്ടങ്ങളുടെ ആൺപക്ഷ ആഖ്യാനങ്ങളായിരുന്നു എന്നതാണ്. സൂപ്പർ ശരണ്യ അതിനെ അകത്ത് നിന്നു തന്നെ തകർക്കുന്നുണ്ട്. പുരുഷാധിപത്യത്തിന്റെ സർവഭാവങ്ങളെയും പ്രതിനിധീകരിച്ച അർജുൻ റെഡ്ഡി എന്ന ചിത്രത്തിലെ അർജുൻ റെഡ്ഡി എന്ന കഥാപാത്രത്തിനെ സ്പൂഫ് വത്കരിക്കുന്ന ശരത് മേനോൻ എന്ന ഒരു കഥാപാത്രമുണ്ട് സൂപ്പർ ശരണ്യയിൽ. ആ നിർമിതി തന്നെ ഗിരീഷ് ഈ ചിത്രവും ഇതിന്റെ പരിസരമായ ക്യാമ്പസും ആണുങ്ങൾക്കൊപ്പമല്ല, അഥവാ ആണുങ്ങൾക്കൊപ്പമാവുന്നവയൊക്കെയും എത്രമേൽ അരോചകമാണ് എന്ന് അടിവരയിടുന്നതാണ്. ഈ ചിത്രത്തിന്റെ പരിസരം പെൺകുട്ടികളുടേതാണ്. പെൺകുട്ടികളുടെ ഹോസ്റ്റൽ ജീവിതം ഇത്രമേൽ ആപേക്ഷികമായി ഒരു ചിത്രവും പരീക്ഷിച്ചിട്ടില്ല. ആൺകുട്ടികളുടെ കൂത്തരങ്ങിന്റെ പരിസരം എന്നതിനപ്പുറം ഹോസ്റ്റൽ എന്നാൽ അതിന് മറ്റൊരു ജെൻഡർ വകഭേദം കൂടിയുണ്ട് എന്ന് പോലും മലയാള സിനിമ ചിന്തിക്കാത്തിടത്താണ് തന്റെ ആഖ്യാന പരിസരം മുഴുവനായും ലേഡീസ് ഹോസ്റ്റലായി ഗിരീഷ് എ ഡി മാറ്റുന്നത്. ആണുങ്ങൾക്ക് ബൈനോക്കുലർ വച്ച് ഒളിഞ്ഞു നോക്കാനും മതിലെടുത്ത് ചാടാനുമുള്ള ഇടം മാത്രമാണ് ലേഡീസ് ഹോസ്റ്റൽ എന്ന അശ്ലീല പ്രതിനിധാനത്തെയും ഇങ്ങനെ തകർത്തെറിയുന്നുണ്ട് ഗിരീഷ് സൂപ്പർ ശരണ്യയിൽ.
ശരണ്യയുടെ തിരഞ്ഞെടുപ്പുകൾ മുഴുവൻ ഒരു വലിയ വിഭാഗത്തിന് അസംബന്ധം എന്ന് തോന്നുന്നവയാണ്. ആ വലിയ വിഭാഗത്തിന്റെ പ്രതിനിധിയാണ് സോന. ചങ്ങാതിയായ സോന ശരണ്യയെ ശരണ്യയുടെ തീരുമാനങ്ങളെ നിരന്തരം സെൻസർ ചെയ്യാൻ ശ്രമിക്കുമ്പോഴും ഗിരീഷ് ശരണ്യക്കും ശരണ്യയുടെ തീരുമാനങ്ങളിലും ചിത്രത്തെ ഉറപ്പിച്ചു നിർത്തുന്നു. ഒരു ഉപരിമധ്യവർഗത്തിന് സ്വീകാര്യമായ പ്രണയ വഴിയല്ല ശരണ്യ തിരഞ്ഞെടുക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ പോലും ഗിരീഷ് പ്രേക്ഷകർക്കും ശരണ്യക്കും മുന്നിൽ ചില ചോയ്സുകൾ വയ്ക്കുന്നുണ്ട്. വിനീത് വിശ്വൻ അവതരിപ്പിച്ച അരുൺ എന്ന അധ്യാപകൻ, ശരത് മേനോൻ എന്ന ക്യാമ്പസ് ഐക്കൺ തുടങ്ങിയവർ. ഇവരെ മുഴുവൻ അവഗണിക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നുണ്ട് സിനിമയും ശരണ്യയും. ശരണ്യയുടെ പ്രണയത്തിലെയടക്കം തിരഞ്ഞെടുപ്പുകളാണ് ശരണ്യയെ വാസ്തവത്തിൽ സൂപ്പർ ശരണ്യയാക്കുന്നത്. ശരണ്യ ഒരുപാട് പെൺകുട്ടികളുടെ പ്രതിനിധിയാണ്.
ആഖ്യാനത്തിലും പ്രമേയത്തിലും അടിസ്ഥാനപരവും സത്യസന്ധവുമായ സമീപനം കാഴ്ചവെക്കുന്നു എന്നതാണ് ഗിരീഷ് എ ഡി യെ പ്രത്യാശയുള്ള സംവിധായകനാക്കുന്നത്. ചെറിയ കഥാപരിസരങ്ങളെ മിഴിവുള്ള ആഖ്യാനങ്ങളാക്കുന്നതും അവയിൽ പരീക്ഷണങ്ങൾ നടത്തുന്നതും ഗിരീഷ് എ ഡി യെ പോലുള്ള സംവിധായകരിൽ പ്രതീക്ഷയർപ്പിക്കാൻ കാരണമാവുന്നു.