
‘കേരളത്തിൽ ഉദാരവാന്മാരായ മുതലാളിമാർ പണി തുടങ്ങിയിട്ട് കുറച്ചായി’

സണ്ണി എം കപികാടുമായി അഭിമുഖം
നെയ്യാറ്റിൻകരയിലും തേൻകുറുശ്ശിയിലും നടന്ന വിഷയങ്ങൾ കേരളം ചർച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ നമ്മൾ സ്ഥിരം കാണുന്ന പ്രയോഗമാണ് “സാംസ്കാരിക കേരളം ഞെട്ടി ” എന്ന് . സാംസ്കാരിക കേരളം ശെരിക്കും ഞെട്ടാറുണ്ടോ?
കേരളത്തിന്റെ ജനജീവിതത്തെ കുറിച്ച് മനസ്സിലാക്കാത്തവർ ചിലപ്പോൾ ഞെട്ടിക്കാണും . കേരളത്തെക്കുറിച്ച് എന്തെങ്കിലും ബോധ്യമുള്ളവർ ശരിക്കും ഞെട്ടേണ്ടതില്ല. നെയ്യാറ്റിൻകരയിലെ ദമ്പതികൾ കൊല്ലപ്പെടുന്നത് കിടപ്പാടം നഷ്ടപെടുന്നതിന്റെ ഭാഗമായാണ്. കിടപ്പാടം നഷ്ടപ്പെടുക എന്നത് കേരളത്തിൽ ദിനംപ്രതി നടക്കുന്ന കാര്യമാണ്. എല്ലാവരും ആത്മാഹുതി ചെയ്യാത്തതുകൊണ്ട് നമ്മൾ അറിയാത്തതാണ്. ടിവി യിൽ വാർത്ത വരുമ്പോൾ മാത്രം കേരളത്തിന്റെ അടിത്തട്ടിനെ കാണുന്ന മാന്യന്മാർ ചിലപ്പോൾ ഞെട്ടിയിട്ടുണ്ടാകും.
“ഇന്ന് ജാതിയുണ്ടോ?” എന്ന നിഷ്കളങ്കമായി ചോദിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. ജാതിയെ അഡ്രസ് ചെയ്യാതെ ആധുനികമാണെന്ന് നടിച്ചുകൊണ്ട് എത്രകാലം നമുക്ക് മുന്നോട്ട് പോകാൻ കഴിയും?
ഈ നിഷ്കളങ്കമായി ചോദിക്കുന്നവർ ജാതിയെ മനസ്സിലാക്കാൻ സ്വന്തം കുടുംബത്തിന്റെ ചരിത്രമൊന്നു നോക്കിയാൽ മതി. കേരളം ചരിത്രമൊന്നും വേണ്ട , സ്വന്തം കുടുംബത്തിൽ നടന്ന വിവാഹങ്ങൾ ആരുമായിട്ട് , സൗഹൃദങ്ങൾ ആരുമായിട്ട്, സാമ്പത്തിക ഇടപാടുകൾ ആരുമായിട്ട് , സ്ഥലം വിൽക്കുമ്പോൾ ആദ്യം പരിഗണിക്കുന്നത് ആരെ, ഇങ്ങനെ തുടങ്ങി ജീവിതത്തിൽ എല്ലായിപ്പോഴും ഇടപെടുന്ന ഒരു strong consciousness, വളരെ ശക്തമായ ഈ അവബോധത്തെയും ജീവിതക്രമത്തേയുമാണ് നിഷ്കളങ്കത നടിച്ച് ഇവർ മറച്ചുവയ്ക്കുന്നത്. നിഷ്കളങ്കത നടിക്കാൻ കാരണം; ജാതിയുണ്ടെന്ന് സമ്മതിച്ചാൽ ഇവർ പ്രതിക്കൂട്ടിലാകും എന്നതാണ്. അതുകൊണ്ട് ജാതിയില്ല എന്ന് സ്വയം ആശ്വസിക്കുന്നവരാണിവർ. സ്വന്തം ജീവിതം പവിത്രമാണെന്ന് സ്വയം ബോധ്യപ്പെടുത്താൻ പറയുന്ന കള്ളമാണത് . ഇവരുടെയെല്ലാം കുടുംബങ്ങളിൽ , അത്യപൂർവം ചില പ്രണയവിവാഹം ഒഴിച്ചാൽ നടന്ന വിവാഹങ്ങൾ എല്ലാം സ്വജാതിയിൽ നിന്നാണ്. ഇതത്ര നിഷ്കളങ്കമായ പറച്ചിലുമല്ല. ജാതിയില്ല എന്ന് പറയുന്നതിന് കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. കേരളത്തിലെ സവർണ്ണ ജീവിതത്തെ ആദർശജീവിതമാക്കി നിലനിർത്തലാണ് അതിലൊന്ന്. അതുപോലെ സവർണ്ണാധികാരം ചോദ്യം ചെയ്യപ്പെടാതിരിക്കാനും ജാതിയില്ല എന്ന് പറയേണ്ടതുണ്ട്. എന്തുകൊണ്ട് കോൺഗ്രസ് ആയാലും നായര് , കമ്മ്യൂണിസ്റ്റ് ആയാലും നായര്, ബി ജെ പി ആയാലും നായര് എന്ന ചോദ്യം ഉയരാതിരിക്കാൻ ജാതിയില്ല എന്ന് പറയണം. അതുപോലെ എന്തുകൊണ്ട് ഈഴവർ മാത്രം, എന്തുകൊണ്ട് സിറിയാനികൾ മാത്രം , എന്നീ ചോദ്യങ്ങൾ ഇല്ലാതാക്കാൻ ജാതിയില്ല വിളംബരം ആവശ്യമാണ്.
നെയ്യാറ്റിൻകര വിഷയത്തിൽ ബോബി ചെമ്മണ്ണൂർ ഇടപെടുന്നു എന്നതാണ് പുതിയ വാർത്ത. ദാരിദ്ര്യവും കിടപ്പാടവും മാത്രമാണോ അവരുടെ പ്രശ്നം? ബോബി ചെമ്മണ്ണൂരിനെ പോലെ ഒരു പണക്കാരൻ ഇതിലിടപെടുന്നത് എന്തിനായിരിക്കും?
ബോബി ചെമ്മണ്ണൂർ ഇടപെടുന്നത് അയാളുടെ വ്യക്തിപരമായ കാര്യമായി കാണാൻ കഴിയില്ല. കേരളീയ സമൂഹത്തിൽ ഇത്തരം ഉദാരവാന്മാരായ മുതലാളികൾ പണിതുടങ്ങിയിട്ട് കുറച്ചായി. ഉദാരവാന്മാരായ മുതലാളിമാർക്ക് സാമൂഹിക പ്രശ്നം തീർക്കാൻ കഴിയുമെന്നതാണ് കേരളീയ പൊതുസമൂഹം ഈ അടുത്തകാലത്ത് കണ്ടെത്തിയ വിചിത്രമായ ഉത്തരങ്ങളിൽ ഒന്ന്. അതിന്റെ ഭാഗമാണ് ബോബി ചെമ്മണ്ണൂർ. അല്ലാതെ അത് അയാൾ കണ്ടുപിടിച്ചതല്ല. ഞാൻ പണക്കാരനാണെന്ന് ആളുകൾക്കറിയാം അതുകൊണ്ട് ഇതിലിടപെട്ട് എന്തെങ്കിലും ചെയ്യാം എന്ന് ഇയാൾക്ക് തോന്നുന്നത് വ്യക്തിപരമല്ല. കിഴക്കമ്പലത്ത് ആരംഭിച്ച് വലിയ സ്വീകാര്യത നേടിയ ട്വന്റി ട്വന്റി അടക്കം ഒരു സ്വകാര്യ മുതലാളിയുടെ വികൃതഭാവനയിലുണ്ടാകുന്നതാണ്. പത്തു രൂപയ്ക്ക് അരിയും സാധനങ്ങളും കൊടുത്താൽ സ്വാഭാവികമായി ആളുകൾ വിധേയപ്പെടും. വിധേയപ്പെടുന്നത് കൊണ്ട് ചെയ്യുന്നത് നല്ല കാര്യങ്ങളായിക്കൊള്ളണമെന്നില്ല. ചെയ്യുന്ന കാര്യങ്ങളുടെ ഉദ്ദേശശുദ്ധിയും അത് ജനങ്ങൾക്ക് കൊടുക്കുന്ന ജനാധിപത്യപരമായ അധികാരവും സ്ഥാനവുമാണ് അത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത്. ജനങ്ങളുടെ കാര്യം ഞാൻ ചെയ്യുന്നുണ്ട് നിങ്ങളാരാ ചോദിക്കാൻ എന്ന രീതി സർവ്വാധിപത്യമാണ്. ജനങ്ങളുടെ ആവശ്യങ്ങൾ മുഴുവൻ നിറവേറ്റുന്ന സർവ്വാധിപതിയെ അല്ല ജനങ്ങൾക്കാവശ്യം. മറിച്ച്, ജനങ്ങളുടെ ഇടപെടാനുള്ള ശേഷി അംഗീകരിക്കുന്ന, അത് സാധ്യമാക്കുന്ന, ഒരുപക്ഷെ ഇടയ്ക്ക് വീഴ്ചകളുണ്ടായാൽപോലും ജനങ്ങളുടെ സക്രിയമായ ഇടപെടലുകൾ സാധ്യമാക്കുന്ന ഭരണ സംവിധാനമാണ് വേണ്ടത്, അതിനെയാണ് ജനാധിപത്യമെന്ന വിളിക്കേണ്ടതെന്ന് ജെ. എസ്. മിൽ പറയുന്നു. അദാനിയും അംബാനിയും ചേർന്ന് ഒരു ഓൾ ഇന്ത്യ ട്വന്റി ട്വന്റി പ്രഖ്യാപിച്ചാൽ എന്തായിരിക്കും സ്ഥിതി? മുതലാളിമാർക്കൊരു പ്രത്യേക പദവിയുണ്ടിപ്പോൾ. ബോബി ചെമ്മണ്ണൂർ ആ റോൾ ആണ് എടുക്കുന്നത്. ബോബി ചെമ്മണ്ണൂരിനെപോലുള്ളവർ മനസ്സിലാക്കേണ്ടത്, ആ കുട്ടികൾക്ക് വീട് വച്ചുകൊടുത്തത് കൊണ്ട് തീരുന്ന പ്രശ്നമല്ല ഇത്. കഴിഞ്ഞ എഴുപത് വർഷക്കാലമായി അനാഥരായി തെരുവിൽ കഴിയുന്ന, ഇരുപത്തൊൻപതിനായിരം കോളനികളിൽ ജീവിക്കുന്ന, അയ്യായിരം ആദിവാസി ഊരുകളിൽ ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രശ്നമാണിത്. സ്റ്റേറ്റ് തിരിഞ്ഞു നോക്കാതെ വഷളാക്കിയ പ്രശ്നം. ആ പ്രശ്നം തീർക്കാനുള്ള ജനാധിപത്യ പ്രവർത്തനങ്ങളെയാണ് അയാൾ പിൻതുണക്കേണ്ടത്, അയാളൊരു ജനാധിപത്യ വിശ്വാസിയാണെങ്കിൽ. സർക്കാരാണ് ചെയ്യേണ്ടത്. ബോബിക്ക് ഇതിലെന്ത് കാര്യം?
തേൻകുറുശ്ശിയിലും നെയ്യാറ്റിൻകരയിലും പോലീസ് സ്വീകരിച്ച നിലപാട് വലിയരീതിയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ചില കേസുകളിൽ മാത്രം പോലീസ് എന്തുകൊണ്ട് ഇങ്ങനെ നിലപാടെടുക്കുന്നു? പോലീസിനെ നിയന്ത്രിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിയാത്തത് എന്തുകൊണ്ടാണ് എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമല്ലേ ?
യഥാർത്ഥ ചോദ്യമതുതന്നെയാണ്. ഇതേതെങ്കിലും ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് കൊണ്ട് മാത്രം കാര്യമില്ല. ഈ സിസ്റ്റം തന്നെ പ്രശ്നമാണ്. അതിന് എൽ ഡി എഫ് എന്നോ യു ഡി എഫ് എന്നോ വ്യത്യാസമില്ല. ഒരു കൂട്ടർ തേൻകുറുശ്ശിയെ കുറിച്ചു പറയുമ്പോൾ മറ്റവർ നിങ്ങളുടെ കാലത്ത് കെവിൻ കൊല്ലപ്പെട്ടില്ലേ എന്ന് ചോദിക്കും. ഒരു ധാർമ്മികതയുമില്ലാത്ത വാദങ്ങളാണ് പലപ്പോഴും ഇവർ പരസ്പരം ഉന്നയിക്കുന്നത്. പാർട്ടികൾ സ്ഥാപിച്ച സർവ്വേ കല്ലുകളിൽ തലതല്ലിമരിക്കുന്ന രാഷ്ട്രീയ ധാർമികതയെ നമുക്കുള്ളൂ. നെയ്യാറ്റിൻകരയിൽ പണവും രാഷ്ട്രീയ സ്വാധീനവുമുള്ളത് വസന്തയ്ക്കാണ്. അതുകൊണ്ട് പോലീസ് അവരുടെ ഭാഗത്ത് നിന്നു. വ്യക്തമായ നിയമലംഘനമാണത് ജനുവരി നാലു വരെ അപ്പീലിന് കോടതി സമയം കൊടുത്ത കേസിൽ, അതിനുമുമ്പുതന്നെ ഒരവധിദിവസം പോലീസ് ബലം പ്രയോഗിച്ച് നീതി നടപ്പാക്കാൻ ശ്രമിക്കുന്നത് അധികാര ദുർവിനിയോഗമാണ്, അഴിമതിയാണ്. കോടിക്കണക്കിന് രൂപയൊന്നും വേണ്ട ഒരു അയ്യായിരം രൂപയൊക്കെ കൊടുത്താൽ ഒരു എസ് ഐയൊക്കെ വന്ന് ഇതിനേക്കാൾ ഭീകരമായ പണിയെടുക്കും. തേൻകുറുശ്ശിയിൽ പ്രബലമായവർ ഹരിതയുടെ കുടുംബമാണ്. പോലീസ് അവരുടെ ഭാഗത്തു നിന്നു . ഇത് പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ല. പോലീസിനറിയാം ഒരു സംഭവത്തിൽ ആരുടെ ഭാഗത്ത് നിൽക്കണമെന്ന്. തെരുവിൽ കിടക്കുന്നവനാണ് പ്രതിയെങ്കിൽ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ചോദ്യംപോലും ചോദിക്കാതെ ആദ്യം അടിയാണ് കൊടുക്കുന്നത്. വീട്ടിൽ കിടന്നുറങ്ങുന്നവനോട് ഇങ്ങനെ ചെയ്യില്ല. ഇത് പോലീസിന്റെ മുൻവിധിയാണ്. തെരുവിൽ ജീവിക്കുന്നവർ, ദളിതർ, ആദിവാസികൾ, കറുത്ത ശരീരമുള്ളവർ, മുടിനീട്ടിയവർ, ട്രാൻസ്ജെൻഡേർസ്, രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ, ഇവരെല്ലാം കുറ്റവാളികളാണെന്നാണ് കേരളാ പോലീസ് മനസ്സിലാക്കിയിട്ടുള്ളത്. ജാതിയൊരു മുൻവിധിയാണ്, അനീഷ് കൊല്ലപ്പെടുന്നത് അങ്ങനെയാണ്. ഈ പെൺകുട്ടിയുടെ അമ്മാവൻ നടത്തിയ ഭീഷണികൾ വച്ച് പരാതികൊടുത്താൽ എടുക്കില്ല കേരളാ പോലീസ്. ആ കേസ് അന്വേഷിക്കാൻ വന്ന പോലീസ് അനീഷിന്റെ ബന്ധുക്കളോട് പറഞ്ഞത്, പ്രതി ഇവിടെയൊന്നുമില്ല കോയമ്പത്തൂർ ആണെന്നാണ്. ഡൽഹിയിൽ പോയി പ്രതിയെ പിടിച്ചു കൊണ്ടുവരുന്ന കേരളാ പോലീസ് ആണ് പറയുന്നതെന്നോർക്കണം. അടിമുടി സാമൂഹിക വിരുദ്ധ മനോഭാവമുണ്ട് ഈ സേനയ്ക്ക്. മലയാളി സമൂഹം പരിഷ്കൃതമാകണമെങ്കിൽ, അടിയന്തരമായി പോലീസിനെ പരിഷ്കരിക്കേണ്ടതുണ്ട്.
നെയ്യാറ്റിൻകരയിൽ പോലീസ് സ്വീകരിച്ച രീതിയാണ് വിമർശിക്കപ്പെടുന്നത്, ജപ്തി ചെയ്ത് തെരുവിലാക്കപ്പെടുന്നത് വളരെ സ്വാഭാവികമായ ഒന്നായി നമ്മൾ ആന്തരികവത്കരിച്ചു കഴിഞ്ഞു. ഇത്തരം ഇറക്കിവിടലുകളെ എങ്ങനെയാണ് കാണുന്നത്?
ജീവിക്കാൻ മറ്റൊരു ആൾട്ടർനേറ്റീവ്, സ്റ്റേറ്റ് കണ്ടെത്താതെ ഇങ്ങനെ തെരുവിലേക്ക് ഇറക്കിവിടാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. ഭരണത്തഘടനയുടെ 21 ആം ആർട്ടിക്കിൾ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് പറയുന്നു. ജീവിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞാൽ തെരുവിൽ പോയി ജീവിക്കണമെന്നല്ല. ജീവിക്കാനാവശ്യമായ കാര്യങ്ങൾ കണ്ടെത്തി കൊടുക്കാനുള്ള ഉത്തരവാദിത്വം സ്റ്റേറ്റിനുണ്ട്.. അത്തരം ഒരു നിയമം കേരളാ നിയമസഭയിൽ പാസ്സാക്കാൻ നമ്മൾ ആവശ്യപ്പെടേണ്ടതുണ്ട്. പക്ഷേ ആവശ്യപ്പെടില്ല. ഇവിടെ സി പി ഐ എം ഉം ബി ജെ പി യും കോൺഗ്രെസ്സുമല്ലേയുള്ളൂ മനുഷ്യന്മാരില്ലല്ലോ. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറം ചിന്തിക്കാൻ പറ്റാത്ത സമൂഹമായി കേരളം മാറുന്നു.
ഒരു രണ്ടാം ഭൂപരിഷ്കരണം നടത്താൻ ഇന്ന് കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യമുണ്ടോ? ഭൂമിയുടെ പ്രശ്നം എങ്ങനെ പരിഹരിക്കാൻ കഴിയും?
രണ്ടാം ഭൂപരിഷ്കരണം എന്നൊന്നും വിളിച്ചില്ലെങ്കിലും ഭൂമിയുടെ ഒരു പുനർവിതരണമെങ്കിലും നടക്കേണ്ടതുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ അത് ചെയ്യില്ല. ചെയ്യാതിരിക്കുന്നത് അവർക്ക് ആത്മാർത്ഥതയില്ലാത്തതുകൊണ്ടല്ല. അതിനകത്തൊരു രാഷ്ട്രീയമുണ്ട്. കേരളത്തിലെ ഭൂമി ആരാണ് കൈവശം വച്ചിരിക്കുന്നത് എന്ന ചോദ്യമുണ്ട്. ഭൂമിയുടെ വിതരണം 1860 മുതലെങ്കിലും തിരുവിതാങ്കൂറിൽ ആരംഭിച്ചിട്ടുണ്ട്. അതിന് നീണ്ട ചരിത്രമുണ്ട്. ശേഷം 1930 കളിലും ’40 കളിലും വളരെ വലിയ ഒരു ഇന്റെർണൽ മൈഗ്രേഷൻ കേരളത്തിൽ നടക്കുന്നുണ്ട്. മലബാർ, പത്തനംതിട്ട, ഇടുക്കി എന്നീ സ്ഥലങ്ങളിലെ കിഴക്കൻ മേഖലയിലേക്ക് കുടിയേറ്റം നടക്കുന്നു. അവരുടെ കഷ്ടപ്പാടുകൾ കുറച്ചുകാണാനൊന്നും കഴിയില്ല. എന്നാൽ ഈ കുടിയേറ്റത്തിലൂടെ വലിയൊരു ഭാഗം ഭൂമിയിവർ കൈവശപ്പെടുത്തുകയും, സർക്കാരുകൾ ഇതിന് പട്ടയം നൽകുകയും ചെയ്തു. ഈ പട്ടയം കൊടുക്കൽ ഇപ്പോഴും നിർത്തിയിട്ടില്ല. എന്നുപറഞ്ഞാൽ ഇപ്പോഴും കയ്യേറ്റം അവസാനിച്ചിട്ടില്ല എന്നർത്ഥം. ഇപ്പോഴുള്ളവർക്ക് പട്ടയം കൊടുത്ത്, ഇനി മേലിൽ കൃഷിഭൂമിക്ക് പട്ടയം കൊടുക്കുന്നതല്ല എന്ന് സർക്കാർ പറഞ്ഞാലേ ഭൂമി കയ്യേറ്റം നിൽക്കൂ. ഇങ്ങനെ കയ്യേറ്റത്തിലൂടെ വലിയ അളവിൽ ഭൂമി കൈവശവച്ചിരിക്കുന്ന സംഘടിത സമുദായം കേരള രാഷ്ട്രീയത്തിലെ നിർണായക സ്വാധീന ശക്തികളാണ് എന്ന് നമ്മൾ മനസ്സിലാക്കണം. അവർ സമ്മതിക്കില്ല ഭൂമി വിതരണം ചെയ്യാൻ. ഇടുക്കിയിൽ കയറാൻ സമ്മതിക്കില്ല. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് പറഞ്ഞപ്പോൾ നമ്മൾ കണ്ടതാണല്ലോ. ഇവരെ ഇറക്കിവിടാൻ ഗാഡ്ഗിൽ പറഞ്ഞില്ലല്ലോ? പിണറായി വിജയനോ ഉമ്മൻചാണ്ടിയോ തീരുമാനിച്ചാൽ ഇത് വിതരണം ചെയ്യാൻ കഴിയില്ല. ഇവർ സമ്മതിക്കില്ല. അതിന് ഇച്ഛാശക്തിയുള്ള ഗവണ്മെന്റ് വേണം.
ഈ അടുത്ത കാലത്ത് കേരളം ശ്രദ്ധിക്കപ്പെട്ടത് 21 വയസ്സുകാരിയായ പെൺകുട്ടി മേയർ സ്ഥാനം ഏറ്റെടുത്തപ്പോഴാണ്. അത് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടയുടൻ തന്നെയാണ് നെയ്യാറ്റിൻകരയിലെയും തേൻകുറുശ്ശിയിലെയും വിഷയങ്ങൾ സംഭവിക്കുന്നത്. മുന്നോട്ട് തന്നെയാണോ കേരളം നടക്കുന്നത്?
ആ കുട്ടി അഭിനന്ദിക്കപ്പെടേണ്ടതുണ്ട്, ആ കുട്ടി കഴിവ് തെളിയിക്കട്ടെ എന്നും ഞാൻ ആശംസിക്കുന്നു. എന്നാൽ എന്തുകൊണ്ട് നായരിൽനിന്നു തന്നെ ഒരു സ്ത്രീയുണ്ടാകുന്നു? തിരുവന്തപുരത്തു തന്നെ ഇങ്ങനെയൊരു നീക്കം നടക്കുന്നു? ഇതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ഇടതുപക്ഷത്തിന് മുഖ്യപ്രതിപക്ഷം ബി ജെ പി ആയിരിക്കുന്ന ഏക പ്രദേശം തിരുവനന്തപുരമാണ്. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ അവിടെ നായർ വോട്ടുകൾ സമാഹരിക്കുക എന്നത് അവരുടെ ജീവന്മരണ പ്രശ്നമാണ്. അതിനു വേണ്ടി ഉയർത്തികൊണ്ടുവരുന്ന ഐക്കൺ ആണ് ഈ കുട്ടി. 21 വയസ്സുകാരി മേയർ ആയപ്പോൾ വലിയ ആഹ്ളാദമുണ്ടായി. രാജന്റെ മകനും അത്ര തന്നെയേ പ്രായമുള്ളൂ. പറഞ്ഞിട്ട് കാര്യമില്ല.
പിന്നെ 21 വയസ്സുമാത്രമുള്ള ഒരാൾക്ക് ഭരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. അത് ആ കുട്ടി തെളിയിക്കേണ്ടതാണ്. ആ കുട്ടിക്ക് അത് കഴിയുമെന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്.