
ബാംഗ്ലൂർ ഡെയ്സ് – 1

പുറത്ത് നല്ല മഴ ഉണ്ട്. നല്ല ഇടിയും മിന്നലും . മിന്നലിൻ്റെ വെളിച്ചം ജനാലയിൽ കൂടി ഉള്ളിലേക്ക് അടിക്കുന്നുണ്ട്. ബെഡിൽ ഒരു പുസ്തകം കിടപ്പുണ്ട്. ഞാൻ വായിക്കാൻ എടുത്ത പുസ്തകം. പകുതി വായിച്ച് അവിടെ വെച്ചിട്ടുണ്ട്. എഴുതാൻ ഒരു ത്വര പെട്ടെന്ന് ആണ് തോന്നിയത്. സമയം ഏകദേശം 2മണി ആയിട്ടുണ്ട്. നല്ല തണുപ്പും. പുറത്തേക്ക് പോയി ഇരിക്കാം എന്ന് വെച്ചാൽ നല്ല പോലെ വെള്ളം ഉണ്ട്. ഈ ബിൽഡിംഗ്ൻ്റെ 3ആം നിലയിൽ ആണ് ഞാൻ താമസിക്കുന്നത്. രണ്ട് ബെഡ്റൂം ഉള്ള ഒരു ചെറിയ ഫ്ലാറ്റ്. ഇപ്പൊൾ ഇതെനിക്ക് വീട് പോലെ തന്നെയാണ്. ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ തുടങ്ങിയിട്ട് വർഷം 1.5 ആയിട്ടുണ്ട്. ഒറ്റയ്ക്ക് നിക്കണം എന്ന് ഉള്ളത് ചെറിയ പ്രായം തൊട്ടുള്ള ആഗ്രഹം ആയിരിന്നു എന്ന് തന്നെ പറയാം. ഒറ്റയ്ക്ക് നിൽക്കാൻ ഇഷ്ടം അല്ലാത്ത പെൺകുട്ടികൾ ഉണ്ടാവില്ലല്ലോ. സ്വന്തം ആയി ഒരു ജോലി ഒക്കെ ചെയ്തു ഒരു ഫ്ലാറ്റ് ഒക്കെ എടുത്ത് കുക്ക് ഒക്കെ ചെയ്തു നമുക്ക് ഇഷ്ടം ഉള്ള പോലെ സ്വാശ്രയ ബോധത്തോടെ നിൽക്കാൻ ഇഷ്ടം അല്ലാത്ത പെൺകുട്ടികൾ ഒക്കെ കുറവായിരിക്കും. എനിക്ക് ഇഷ്ടം ആയിരുന്നു. ഒരു ലോങ്ങ് ടേം ഡ്രീം എന്ന് ഒക്കെ പറയുന്ന പോലെ അത് അങ്ങനെ നടന്നു, നടന്നു കൊണ്ടേ ഇരിക്കുന്നു.

നല്ല തണുപ്പ് ഉണ്ട്. ആരോ എവിടെയോ പാട്ട് വെച്ചിട്ടുണ്ട്. കന്നഡ മെലഡി ആണ്. റൂം ഓണർ താഴെ തന്നെ ഉളളത് കൊണ്ട് എപ്പോളും ഒരു ധൈര്യം ആണ്. അവരും കന്നടിഗ ആണ്. കർണാടക തന്നെ ജനിച്ച് വളർന്ന ആളുകൾ. അങ്കിൾ പറയുന്ന പോലെ പുള്ളീടെ അനുവാദം ഇല്ലാതെ ആരും ഉള്ളിലേക്ക് കടക്കില്ല. കെട്ടിടത്തിൽ സിസി ടിവി ഉള്ളത് കൊണ്ട് പേടിക്കാൻ ഒന്നും തന്നെയില്ല. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ച് അതൊക്കെ ഒരു വലിയ കാര്യം തന്നെയാണ്. സേഫ്റ്റി എപ്പോഴും നോക്കേണ്ടത് ആണല്ലോ.

ഓർമകളുടെ ഭാരം ഒരുപാട് ഉള്ള അപാർട്മെൻ്റ്. അപാർട്മെൻ്റ് അല്ല വീട് തന്നെ ആണ്. എൻ്റെ ബാംഗ്ലൂരിലെ വീട്. എൻ്റെ വീട്. എവിടൊക്കെ യാത്ര പോയി വന്നാലും അവസാനം നമ്മൾ ചെന്ന് കേറുന്ന സ്ഥലം ആണല്ലോ വീട്. ആ ഒരു സുഖം ഇവിടുത്തെ ബെഡിന് ഉണ്ട്. ഒരിക്കലും ഒറ്റയ്ക്ക് ആക്കാത്തെ പോലെ. കൂടെ ഉള്ളപോലെ. എവിടെ പോയാലും നമ്മൾ വരാൻ വേണ്ടി മാത്രം വെയ്റ്റ് ചെയ്യുന്ന മനുഷ്യരെ പോലെ. നമുക്ക് വേണ്ടി മാത്രം , നമ്മുടെ കഥ കേക്കാൻ വേണ്ടി മാത്രം വെയ്റ്റ് ചെയ്യുന്ന ആൾക്കാരെ പോലെ. ഒരു പ്രത്യേക സുഖം, സന്തോഷം ഒക്കെ.
നാട്ടിൽ ഞാൻ എവിടെ എന്ന് ചോദിച്ചാൽ ഉമ്മ പറയാറുണ്ട് അവള് ബാംഗ്ലൂർ ആണല്ലോ. അവിടെ റൂം ഒക്കെ എടുത്ത് നിക്കുവാണ് എന്ന്. കേക്കുമ്പോ നമ്മൾ ആ നാട് ഒക്കെ വിട്ടു എത്രയോ ദൂരയാണ് എന്ന് തോന്നാറുണ്ട്.
ബാംഗ്ലൂർ ഒരു മയക്കുന്ന സ്ഥലം ആണ് എന്ന് എനിക്ക് തോന്നാറുണ്ട്. നിന്നാൽ പിന്നെ പോവാൻ തോന്നാത്ത സ്ഥലം. ഒരേ നിൽപ്പ് നമ്മൾ അങ്ങനെ തന്നെ നിന്നു പോകും എന്ന് പറയുന്ന പോലെ. എല്ലാ സ്ഥലവും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നുണ്ട്. നിന്നാൽ നിന്ന് പോകും. അവിടേക്ക് അലിഞ്ഞ് പോകും. ഇവിടേക്ക് ഒരു വട്ടം എങ്കിലും വന്നു നോക്കണം എന്ന് ആഗ്രഹിക്കാത്ത മനുഷ്യർ ഇല്ലാ എന്ന് തന്നെ തോന്നുന്നു. എന്നാലും ബാംഗ്ലൂരിനെ കുറ്റം പറയാൻ ഒരുപാട് പേർ ഉണ്ട്. ഈ പാവം സിറ്റി എന്ത് പിഴച്ചു. ഇവിടെ ചെയ്യുന്നത് ഒക്കെ എല്ലാവരും നാട്ടിൽ നിന്നും ചെയ്യുന്നുണ്ട്.
ആരോട് പറയാൻ അല്ലെങ്കിൽ തന്നെ ആരു കേൾക്കാൻ ആണ്.
ഈ മഴയത്ത് ഇതൊക്കെ അല്ലെങ്കിൽ തന്നെ എന്തിനാ അല്ലേ പറയുന്നത്. തണുപ്പ് കൂടി കൂടി വരുന്നു. ഈ സമയത്ത് ഇന്നലെ വരെ ചൂട് ആയിരുന്നു. ഡിസംബറിൽ ഒന്നും രാത്രി പുറത്തേക്ക് ഇറങ്ങാൻ പറ്റാതെ പോലെ തണുപ്പ് ആവും. കുട്ടു പറയുന്ന പോലെ, ജീവിക്കാൻ പറ്റിയ സ്ഥലം ബാംഗ്ലൂർ ആണ്. നല്ല തണുപ്പ് ഉണ്ട് . ഇടക്ക് ചൂട് ഉണ്ട്. മിക്സഡ് ആയിട്ട് ഉള്ള ക്ലൈമറ്റ് ആണ്. നമുക്കു ഇവിടെ തന്നെ ജീവിക്കാം എന്നു. എനിക്കും തോന്നാറുണ്ട്. ജീവിക്കാൻ പറ്റിയത് ഇവിടെ എന്ന്. വൈകുന്നേരങ്ങളിലെ നടത്തം തന്നെ നല്ല സുഖം ആണ്. ആദ്യം ഒക്കെ ഹെഡ്സെറ്റ് ചെവിൽ വെച്ച് പാട്ട് ഒക്കെ കേട്ട് ഇങ്ങനെ നടക്കുമായിരുന്നു. ബനവര റയിൽ വേ സ്റ്റേഷൻ ഇവിടെ അടുത്ത് ആയത് കൊണ്ട് ട്രാക്കിൽ കൂടെ ഒക്കെ കേറി നടക്കുമായിരുന്നു. ഒരുപാട് നടത്തങ്ങൾ. ഇപ്പൊൾ പണ്ടത്തെ കൂട്ട് നടക്കാൻ ആവുന്നില്ല. കാൽ വേദന ആയിട്ടുണ്ട്. ഉമ്മ പറയുന്ന പോലെ ഉള്ള കാടും മേടും ഒക്കെ നടന്നു നടന്നു ഉള്ള കാലു വേദന ആണ്. പക്ഷേ ഞാൻ എന്നാലും നടക്കും. ദിക്ക് ഇല്ലാതെ ദിശ ഇല്ലാതെ ഒരേ നടപ്പ്. കാണുന്ന ഏതെങ്കിലും കടയിൽ കേറി ചായയും മുറുക്കും കഴിക്കേം ചെയ്യാം. എന്നിട്ട് വീണ്ടും നടക്കാം. എപ്പോളും വായിക്കാൻ ഒരു ബുക്ക് കയ്യിൽ എടുത്തിട്ട് ഉണ്ടാവും. അത് കൊണ്ട് നിരത്തിൽ കൂടെ നടക്കുമ്പോ എല്ലാവരും ഇങ്ങനെ നോക്കാറുണ്ട്. പിന്നെ പിന്നെ പരിചയം ആയി, ചിരി ആയി. കാണുമ്പോൾ ഒക്കെ ചിരിക്കുന്ന മനുഷ്യര് ഒരു ഭാഗ്യം ആണെന്ന് ഇടക്ക് തോന്നാറുണ്ട്. ഇവിടെ ഭംഗിയായി ചിരിക്കുന്ന എത്ര പേരെ കണ്ടിട്ടുണ്ട്. അന്നൊന്നും ശരിക്ക് ഭാഷ അറിയാത്ത സമയം ആയിരിന്നു. അറിയുന്നവർ ഒക്കെ മലയാളികൾ ആയിരുന്നത് കൊണ്ട് കന്നഡ സംസാരിക്കേണ്ട അവസ്ഥ വന്നിട്ട് ഇല്ലായിരുന്നു. പിന്നെ പിന്നെ അറിഞ്ഞിരിക്കണം എന്ന് ആയി. മനസിൽ തോന്നി. അറിയുന്നത് പോലെ ഒക്കെ സംസാരിക്കാൻ തുടങ്ങി. അങ്ങനെ ഇപ്പോൾ എൻ്റെ നടത്തവുo കന്നഡയും കേട്ട് കന്നഡ ഹുടുഗി ( കന്നഡ പെൺകുട്ടി) ആണോ എന്ന് ചോദിക്കാൻ തുടങ്ങിട്ടുണ്ട്.ഏതു നാട്ടിൽ പോയാലും അവിടുത്തെ ഭാഷ അറിഞ്ഞിരിക്കുന്നത് മറ്റുള്ളവരെയും നമ്മളെയും തമ്മിൽ അടുപ്പിക്കും എന്ന് ഉള്ളത് സത്യം ആണ്. ഭാഷ അറിയുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു, ഇവിടുത്തെ കടയിലെ ആൻ്റി ഒക്കെ ഒരുപാട് സംസാരിക്കാറുണ്ട്. വൈകിട്ടത്തെ നടത്തത്തിൽ എല്ലാവരെയും കാണാറുണ്ട് ചിരിക്കാറുണ്ട്, സംസാരിക്കാറുണ്ട്. ആദ്യത്തെ ബുക്ക് ഇവിടെ നിന്ന് ആയിരുന്നു എഴുതി തീർത്തത്. മലയാളത്തിൽ മാത്രം ലഭിക്കൂ എന്ന് അറിഞ്ഞപ്പോൾ പലർക്കും വിഷമം ആയി. ദിതി എന്നോട് ഇംഗ്ലീഷ് കൂടെ ഇറക്കി കൂടെ എന്ന് സങ്കടം പറഞ്ഞൂ. തമിഴ്നാട് നിന്നും സുഹൃത്തുക്കൾ വിളിച്ചു, ഞങ്ങൾക് വേണ്ടി മാത്രം ഇംഗ്ലീഷ് ഇറക്കികൂടെ എന്ന് ചോദിച്ചു. ശെരിക്കും ഭാഷക്കും ഒക്കെ എത്രയോ അപ്പുറ്താണ് മനുഷ്യ ബന്ധങ്ങൾ. എത്രയോ വിലപ്പെട്ടതാണ്. അല്ലെങ്കിൽ അവർക്ക് ഇപ്പോഴും ആവർത്തിച്ച് ചോദിക്കണ്ട കാര്യം ഇല്ലല്ലോ. സുഹൃത്ത് ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോവാൻ എനിക്ക് കഴിവ് ഇല്ലാത്ത ആൾ ആണ് എന്നായിരുന്നു എൻ്റെ വിചാരം. പക്ഷേ അതൊക്കെ മാറ്റി മറിക്കാൻ എത്രയോ പേര് വർഷങ്ങൾ ആയി കൂടെ ഉണ്ട്. പോയവരെ ക്കാളും കൂടെ നിൽക്കുന്ന എത്രയോ അമൂല്യമായ മനുഷ്യർ.എൻ്റെ ആശയങ്ങൾ ഒക്കെ മനസിലാക്കാൻ പറ്റുന്ന അതൊക്കെ അംഗീകരിക്കുന്ന , തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കുന്ന ഒരു പറ്റം മനുഷ്യർ എന്നെ വിടാതെ ഒരുപാട് സ്നേഹത്തോടെ ചേർത്ത് നിർത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് .

ഇവിടെ നിന്നാണ് ജീവിതം ഒന്നും കൂടെ പഠിച്ചത്. ആരും ഇല്ലെങ്കിലും മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്ന് പഠിച്ചു. അതൊരു വല്യ പഠിപ്പ് തന്നെ എന്ന് പറയേണ്ടി ഇരിക്കുന്നു. ശരിക്കും ഒറ്റയ്ക്കുള്ള ജീവിതം ഒരു വലിയ പുസ്തകം പോലെ തന്നെ അറിവ് നിറഞ്ഞതാണ് അത് നമ്മളെ ഒരുപാട് കാര്യങ്ങളിൽ പ്രാപ്തി നേടാൻ സഹായിക്കുന്നുണ്ട് . ചോറ് പോലും ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഇവിടെ വന്നിട്ട് എല്ലാം പഠിച്ചു എന്ന് പറയുന്ന പോലെ , ജീവിതം കുറച്ചും കൂടെ അനായാസം ആയി കൈകാര്യം ചെയ്യാൻ പഠിച്ചു. ആളുകളെ മനസിലാക്കാനും അതിനു അനുസരിച്ച് നിൽക്കാനും പഠിച്ചു. ഇതൊക്കെ കോന്നിയിലെ വീട്ടിൽ എൻ്റെ റൂമിൽ ഉമ്മ ഉണ്ടാക്കി തരുന്ന ഫുഡ് കഴിച്ചു, ബുക്ക് വായിച്ച്, സിനിമ കണ്ട് കിടന്നാൽ കിട്ടില്ല എന്ന ബോധം കുറച്ച് നാള് മുന്നേ തന്നെ വന്നത് നന്നായി. അല്ലെങ്കിൽ അവിടെ തന്നെ ജീവിച്ച് അവിടെ മാത്രം ആയി ജീവിതം അങ്ങനെ മുന്നോട്ട് പോയേനെ.
ഈ ഇടക്ക് ഗോവ പോയ വീഡിയോ കണ്ട എൻ്റെ ഒരു കൂട്ടുകാരി, ഇതൊക്കെ ആണ് ജീവിതം നമുക്ക് ഇതൊന്നും നടക്കുന്നില്ലല്ലോ എന്ന് സങ്കടം പറയുക ഉണ്ടായി. ഇതേ പോലെ എൻ്റെ നാട്ടിൽ ഉള്ള, എന്നെ അറിയുന്ന പലരും നിനക്കു ഇതൊക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ, നമുക്കും ആഗ്രഹം ഉണ്ട് ഒന്നും നടക്കുന്നില്ല എന്ന് കേക്കുമ്പോൾ ഞാൻ ഒക്കെ ജീവിക്കുക ആണ് എന്നൊരു തോന്നൽ വരാറ് ഉണ്ട്. ശെരിക്കും ജീവിക്കുക ആണ്, അറിയുക ആണ്, മനസ്സിലാക്കുക ആണ്,പഠിച്ച് കൊണ്ട് ഇരിക്കുക ആണ്.